അസ്സീസിയിലെ ക്ലാര

ക്രൈസ്തവ വിശുദ്ധ

അസീസിയിലെ വിശുദ്ധ ക്ലാര

അസ്സീസിയിലെ ക്ലാര
അസ്സീയിൽ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കായിലുള്ള സിമോൺ മാർട്ടിനിയുടെ ചുവർചിത്രത്തിൽ (1312-20) വിശുദ്ധ ക്ലാര
ജനനം(1194-07-16)ജൂലൈ 16, 1194
അസ്സീസി
മരണംഓഗസ്റ്റ് 11, 1253(1253-08-11) (പ്രായം 59)
അസ്സീസി
നാമകരണംസെപ്തംബർ 26, 1255, റോം by അലക്സാണ്ടർ നാലാമൻ മാർപ്പാപ്പ

ഒരു ഇറ്റാലിയൻ പുണ്യവതിയും ഫ്രാൻസിസ് പുണ്യവാളന്റെ ആദ്യാനുയായികളിൽ ഒരുവളുമാണ് അസ്സീസിയിലെ ക്ലാര (ജനനം 1194 ജൂലൈ 16; മരണം 1253 ആഗസ്റ്റ് 11). ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ സ്ത്രീകൾക്കായി "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്ന സന്യാസിനീസമൂഹം സ്ഥാപിച്ച അവർ അതിന്റെ നിയമാവലി എഴുതുകയും ചെയ്തു. ഒരു സ്ത്രീ എഴുതിയ ആദ്യത്തെ സന്യാസനിയമാവലി ആയിരുന്നു അത്. ക്ലാരയുടെ മരണശേഷം, അവർ സ്ഥപിച്ച സന്യാസിനീസമൂഹം അവരുടെ ബഹുമാനാർത്ഥം "വിശുദ്ധ ക്ലാരയുടെ സഭ" എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. ഇപ്പോൾ ആ സമൂഹം "പാവപ്പെട്ട ക്ലാരമാർ" (Poor Clares) എന്ന പേരിലും അറിയപ്പെടുന്നു.[1]

പശ്ചാത്തലം

തിരുത്തുക

സാസോ റൂസ്സോയിലെ പ്രഭു ഫവേറിനോ സിഫിയുടേയും അദ്ദേഹത്തിന്റെ പത്നി ഓർട്ടോലാനായുടേയും മകളായി ഇറ്റലിയിലെ അസ്സീസിയിലാണ് ക്ലാര ജനിച്ചത്. ഏറെ മതതീക്ഷ്ണത കാട്ടിയിരുന്ന അമ്മ ഓർട്ടോലാന റോം, സ്പെയിനിലെ സാന്തിയാഗോ ഡി കംപോസ്റ്റെല്ലാ, യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട 'വിശുദ്ധനാട്' എന്നിവിടങ്ങളിലേക്ക് തീർത്ഥാടനം നടത്തിയിരുന്നു. ജീവിതാവസാനത്തോടടുത്ത് അവരും, ഇളയമകൾ ആഗ്നസിനു പുറമേ, ക്ലാരയുടെ സന്യാസസഭയിൽ ചേർന്നു.

കുട്ടിക്കാലം മുതൽ ക്ലാരയ്ക്ക് പ്രാർത്ഥിക്കാൻ ഇഷ്ടമായിരുന്നു. മകൾക്ക് 12 വയസ്സായപ്പോൾ ധനസ്ഥിതിയുള്ള ഒരു യുവാവിനെ വിവാഹം കഴിച്ചുകാണാൻ മാതാപിതാക്കന്മാർ ആഗ്രഹിച്ചെങ്കിലും 18 വയസ്സുവരെ വിവാഹം നീട്ടിവക്കാൻ ക്ലാര തീരുമാനിച്ചു. എന്നാൽ പതിനെട്ടാം വയസ്സിൽ കേട്ട ഫ്രാൻസിസിന്റെ പ്രഭാഷണം അവളുടെ ജീവിതഗതി മാറ്റി. ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവളാണ് അവളെന്ന് ഫ്രാൻസിസ് പറഞ്ഞു. 1211-ലെ ഓശാന ഞായറാഴ്ച, മറ്റുള്ളവർ കുരുത്തോല വാങ്ങാൻ പള്ളിയിൽ പോയപ്പോൾ വീട്ടിൽ തങ്ങിയ ക്ലാര, ആ രാത്രി, ഫ്രാൻസിസിനെ പിന്തുടരാനായി വീടുവിട്ടു പോയി.[2]

സന്യാസം

തിരുത്തുക

ഫ്രാൻസിസ് അവളെ മുടി മുറിച്ചു കളഞ്ഞ് കറുത്ത കുപ്പായവും ശിരോവസ്ത്രവും ധരിപ്പിച്ചു. ബാസ്റ്റിയക്കടുത്തുള്ള ബെനഡിക്ടൻ സന്യാസിനീഭവനം തൽക്കാലത്തേക്ക് അവൾക്ക് പാർപ്പിടമായി. അതിനിടെ ഇളയസഹോദരി ആഗ്നസ്സും ക്ലാരക്കൊപ്പമെത്തിയിരുന്നു. അവരെ അവിടന്ന് കൊണ്ടുപോകാനും വിവാഹം കഴിപ്പിക്കാനും പിതാവ് ആവർത്തിച്ചു നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല.[3] ഫ്രാൻസിസ് മുൻകൈയ്യെടുത്ത് പുതുക്കിപ്പണിത സാൻ ദാമിയാനോ പള്ളിക്കടുത്തേക്ക് വൈകാതെ അവർ താമസം മാറ്റി. വേറെ സന്യാസാർത്ഥികളും സാൻ ദാമിയാനോയിൽ അവരോടൊപ്പം ചേർന്നു. തീവ്രമായ തപശ്ചര്യകൾക്ക് അവരുടെ സങ്കേതം പേരെടുത്തു.

"പാവപ്പെട്ട സ്ത്രീകൾ" എന്ന പേരിലാണ് ആദ്യം അവർ അറിയപ്പെട്ടിരുന്നത്. കാലക്രമേണ സാൻ ദാമിയാനോ, ഒരു പുതിയ സന്യാസിനീസമൂഹത്തിന്റെ ആസ്ഥാനമായി വളർന്നു. എന്നാൽ അവിടെ രൂപം കൊണ്ടത് പുതിയ സമൂഹം ആയിരുന്നില്ലെന്നും, പിന്നീട് ഗ്രിഗോരിയോസ് ഒൻപതാമൻ എന്ന പേരിൽ മാർപ്പാപ്പ ആയിത്തീർന്ന ഹുഗോളീനോ വനിതകൾക്കായി മുന്നേ സ്ഥാപിച്ചിരുന്ന ഒരു സമൂഹത്തിൽ, അതിനകം പരക്കെ മതിപ്പുനേടിയിരുന്ന ക്ലാരയുടെ സമൂഹത്തെ ഉൾപ്പെടുത്തുകയായിരുന്നു എന്നും ചില പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കാലക്രമേണ ഈ സമൂഹത്തിന്റെ മുഖ്യസങ്കേതമായി സാൻ ദാമിയാനോ മാറി. അതിന്റെ സർവസമ്മതിയുള്ള അധിപയായി ക്ലാരയും അംഗീകരിക്കപ്പെട്ടു. 1263-ഓടെ, ക്ലാര മരിച്ച് പത്തു വർഷത്തിനകം, അതിന് "ക്ലാരയുടെ സമൂഹം" എന്നു പേരായി.

അക്കാലത്ത്, ചുറ്റിസഞ്ചരിച്ചുള്ള ജീവിതം സന്യാസിനികൾക്ക് സങ്കല്പിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ, വേദപ്രചാരത്തിനായി നാടെങ്ങും സഞ്ചരിച്ചിരുന്ന ഫ്രാൻസിസ്കൻ സഹോദന്മാരിൽ നിന്നു ഭിന്നമായി, പ്രാർത്ഥനയും അദ്ധ്വാനവുമായി ആശ്രമത്തിൽ ഒതുങ്ങിയുള്ള ജീവിതമാണ് ക്ലാരയുടെ സമൂഹം തെരഞ്ഞെടുത്തത്. രോഗികളെ ശുശ്രൂഷിക്കുകയും അഗതികളെ സഹായിക്കുകയും ചെയ്തു.[4]

നേതൃത്വം

തിരുത്തുക
 
ക്ലാരയും മറ്റു സന്യാസിനികളും, അസ്സീസിയിൽ സാൻ ദാമിയാനോ പള്ളിയിലെ ചിത്രം

ചെറിയൊരു കാലത്തേക്ക് പാവപ്പെട്ട സ്ത്രീകളുടെ സമൂഹത്തെ ഫ്രാൻസിസ് നേരിട്ടു നയിച്ചു. പിന്നെ 1215-ൽ, 22 വയസ്സുള്ളപ്പോൾ ക്ലാര സമൂഹാധിപയുടെ (Abbess) ചുമതല കയ്യേറ്റു. മരിക്കുന്നതുവരെയുള്ള ഏകദേശം നാലു പതിറ്റാണ്ടുകാലം അവർ ആ പദവിയിൽ തുടർന്നു.[5] സമൂഹാധിപയെന്ന നിലയിൽ അവർക്ക് പുരോഹിതന്മാരുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരുന്ന ആശ്രമാധിപകളേക്കാൾ (Prioress) ആധികാരവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഫ്രാൻസിസ് നിഷ്കർഷിച്ച കർശനനിയമങ്ങളുടെ സ്ഥാനത്ത്, പരക്കെ പ്രചാരത്തിലിരുന്ന ബെനഡിക്ടൻ സന്യാസനിയമങ്ങൾ തന്റെ സമൂഹത്തിന്മേൽ അടിച്ചേല്പിക്കാൻ അധികാരികൾ നടത്തിയ ശ്രമത്തെ ക്ലാര വിജയകരമായി ചെറുത്തു. വിശുദ്ധിയിലും ജീവിതനിഷ്ടയിലും ഫ്രാൻസിസിനെ അനുകരിക്കാൻ ശ്രമിച്ചതുമൂലം ക്ലാരക്ക് "മറ്റൊരു ഫ്രാൻസിസ്" എന്ന പേരുപോലും കിട്ടി. സ്വന്തം ആത്മീയപിതാവായി കണക്കാക്കിയ അദ്ദേഹത്തെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ക്ലാരക്കു കഴിഞ്ഞു. ജീവിതാവസാനത്തോടടുത്തുണ്ടായ രോഗസന്ധികളിൽ അവൾ അദ്ദേഹത്തെ ശുശ്രൂഷിച്ചു.

ഫ്രാൻസിസിന്റെ മരണശേഷം ക്ലാര തന്റെ സമൂഹത്തിന്റെ വളർച്ചയുടെ മേൽനോട്ടം തുടർന്നു. യൂറോപ്പിന്റെ വിവിധഭാഗങ്ങളിലുള്ള സമൂഹാധിപകളുമായി അവർ കത്തുകളിലൂടെ സമ്പർക്കം പുലർത്തി. "സാമൂഹികമായ ദാരിദ്ര്യം" (Corporate Poverty) എന്ന ഫ്രാൻസിസ്കൻ ആദർശത്തെ മയപ്പെടുത്തുംവിധമുള്ള നിയമങ്ങൾ നടപ്പാക്കാനുള്ള സഭാനേതൃത്വത്തിന്റെ ശ്രമങ്ങളെ അവൾ എതിർത്തു. ദീർഘകാലം അലട്ടിയ രോഗങ്ങളും മറ്റും ഇതിന് പ്രതിബന്ധമായില്ല. യേശുവിനെ അനുകരിച്ചുള്ള "ആഹ്ലാദകരമായ ദാരിദ്ര്യത്തിന്റെ" (Joyous Poverty) ദൈവശാസ്ത്രമാണ്, തന്റെ സന്യാസിനീസമൂഹത്തിനു വേണ്ടി ക്ലാര എഴുതിയ നിയമാവലിയിലും, ബോഹേമിയയിലെ രാജാവിന്റെ മകളായിരുന്ന പ്രേഗിലെ ആഗ്നസ് എന്ന സന്യാസിനിക്ക്[2] എഴുതിയ നാലു കത്തുകളിലും പ്രകടമാകുന്നത്.

1253 ആഗസ്റ്റ് 9-ന് ഇന്നസന്റ് നാലാമൻ മാർപ്പാപ്പ, തന്റെ സമൂഹത്തിനായി ക്ലാര എഴുതിയുണ്ടാക്കിയ നിയമാവലി ഔപചാരികമായി അംഗീകരിച്ചു. രണ്ടുദിവസത്തിനു ശേഷം ആഗസ്റ്റ് 11-ആം തിയതി 59-ആമത്തെ വയസ്സിൽ ക്ലാര മരിച്ചു. മരണവുമായി ബന്ധപ്പെട്ട രംഗങ്ങളുടെ ഹൃദയസ്പർശിയായ വിവരണം അലക്സാണ്ടർ നാലാമൻ മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം സമകാലീനനായ സെലാനോയിലെ തോമസ് രചിച്ചതായി പറയപ്പെടുന്ന ക്ലാരയുടെ ജീവചരിത്രത്തിൽ കാണാം. മാർപ്പാപ്പാ പരിവാരസമേതം ദേഹസംസ്കാരത്തിന് സാൻ ദാമിയാനോയിൽ എത്തിയിരുന്നു.[6]

മരണാനന്തരം

തിരുത്തുക
 
അസ്സീസിയിലെ വിശുദ്ധ ക്ലാരയുടെ ഭദ്രാസനപ്പള്ളി

ക്ലാരയുടെ അന്ത്യവിശ്രമസ്ഥാനമായി നിശ്ചയിക്കപ്പെട്ട ദേവാലയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതു വരെ ഭൗതികാവശിഷ്ടം അസീസിയിലെ സാൻ ഗിയോർഗിയോ ചാപ്പലിൽ സംരക്ഷിക്കപ്പെട്ടു. 1255 ആഗസ്റ്റ് 15-ന് അലക്സാണ്ടർ നാലാമൻ മാർപ്പാപ്പ അസ്സീസിയിലെ ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധക്ലാരയുടെ ഭദ്രാസനപ്പള്ളിയുടെ പണി 1260-ൽ പൂർത്തിയായി. ആ വർഷം ഒക്ടോബർ 3-ആം തിയതി ഭൗതികാവശിഷ്ടം ആ ദേവാലയത്തിൽ അൾത്താർക്കു കീഴെ സംസ്കരിച്ചു. ക്ലാരയുടെ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ, 1263-ൽ അർബൻ നാലാമൻ മാർപ്പാപ്പ പാവപ്പെട്ട സ്ത്രീകളുടെ സമൂഹത്തെ "വിശുദ്ധ ക്ലാരയുടെ സമൂഹം" എന്നു പുനർനാമകരണം ചെയ്തു.

600 വർഷത്തിനു ശേഷം 1872-ൽ അവരുടെ ശരീരം വിശുദ്ധ ക്ലാരയുടെ ഭദ്രാസനപ്പള്ളിയിൽ പുതുതായി നിർമ്മിച്ച അൾത്താരയിലെക്കു മാറ്റി. അത് ഇപ്പോഴും അവിടെ തുടരുന്നു.

ക്ലാരയും ഫ്രാൻസിസും

തിരുത്തുക
 
ക്ലാരയും ഫ്രാൻസിസും

ഫ്രാൻസിസ് പുണ്യവാളന്റെ ജീവിതത്തെ സംബന്ധിച്ച് എന്നപോലെ ക്ലാരയെ സംബന്ധിച്ചും ഒട്ടേറെ കഥകളും കൗതുകങ്ങളും പിൽക്കാലങ്ങളിൽ പ്രചരിച്ചു.[4] കുടുംബ-വിവാഹബന്ധങ്ങൾക്കു പുറത്ത് സ്ത്രീ-പുരുഷസൗഹൃദം സാമാന്യമായി വിലക്കപ്പെട്ടിരുന്ന കാലത്ത്[1], ഫ്രാൻസിസും ക്ലാരയും നിലനിർത്തിയ ഉദാത്തമായ സൗഹൃദം ഏറെ ശ്രദ്ധിക്കപ്പെട്ടു. "വിശുദ്ധ ഫ്രാൻസിസിന്റെ ചെറുപുഷ്പങ്ങൾ" (Little Flowers of Saint Francis) എന്ന പേരിൽ പിൽക്കാലത്തു സമാഹരിക്കപ്പെട്ട സഞ്ചയത്തിലെ പല കഥകളിലും ക്ലാര പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫ്രാൻസിസിനൊപ്പൊം ഒരിക്കലെങ്കിലും ആഹാരം കഴിക്കാൻ ക്ലാര ആഗ്രഹിച്ചിരുന്നെന്നും ആദ്യം അതിനു വിസമ്മതിച്ച ഫ്രാൻസിസ് ശിഷ്യന്മാരുടെ സ്നേഹപൂർവമായ നിർബ്ബന്ധത്തിനു വഴങ്ങി ഒടുവിൽ സമ്മതിച്ചെന്നുമാണ് ഒരു കഥ. മാലാഖമാരുടെ രാജ്ഞിയായ മാതാവിന്റെ (Mary of the Angels) പള്ളിക്കു സമീപമിരുന്ന് അവരും മറ്റു സന്യാസികളും ആത്മീയസല്ലാപത്തിനൊപ്പം ഭക്ഷണം പങ്കിട്ടപ്പോൾ, പള്ളിക്കും സമീപ്രദേശങ്ങൾക്കും തീപിടിച്ചിരിക്കുന്നതായി നാട്ടുകാർക്ക് കാണപ്പെട്ടത്രെ. തീ കെടുത്താൻ ഓടിയെത്തിയ നാട്ടുകാർ, തീയായി അകലെ കാണപ്പെട്ടത് ദൈവസ്നേഹത്താൽ പ്രചോദിക്കപ്പെട്ട ആ ആത്മാക്കളുടെ സ്നേഹജ്വാലായിരുന്നെന്നു മനസ്സിലായപ്പോൾ മടങ്ങിപ്പോയത്രെ.[7]

ഒരിക്കൽ സാൻ ദാമിയാനോ സന്ദർക്കാനെത്തിയ മാർപ്പാപ്പയുടെ ആശീർവാദത്തിനായി ക്ലാര കുറേ അപ്പം മേശയിൽ എടുത്തുവച്ചെന്നും, അവൾ തന്നെ അതിനെ ആശീർവദിച്ചാൽ മതിയെന്നു മാർപ്പാപ്പ ശഠിച്ചെന്നുമാണ് മറ്റൊരു കഥ. വിനീതയായ ക്ലാര ആദ്യം മാർപ്പാപ്പയുടെ നിർദ്ദേശം പിന്തുടരാൻ മടിച്ചെങ്കിലും ഒടുവിൽ അനുസരണവൃതത്തിന്റെ പേരിൽ അദ്ദേഹം ഉത്തരവിട്ടതോടെ ക്ലാര അപ്പക്കൂട്ടത്തെ കുരിശടയാളത്തിൽ ആശീർവദിച്ചു. അപ്പോൾ അത്ഭുതകരമായി ഓരോ അപ്പത്തിലും കുരിശടയാളം പതിഞ്ഞെന്നാണ് കഥ.[8]

പിൽക്കാലം

തിരുത്തുക

1958-ൽ 12-ആം പീയൂസ് മാർപ്പാപ്പാ ആസ്സീസിയിലെ ക്ലാരയെ ടെലിവിഷന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥയായി പ്രഖ്യാപിച്ചു. രോഗം മൂലം അവശയായിരിക്കെ കുർബ്ബാനയിൽ പങ്കെടുക്കാൻ സാധിക്കാതെ വരുമ്പോൾ, സമീപത്തുള്ള പള്ളിയിൽ അർപ്പിക്കപ്പെട്ടിരുന്ന കുർബ്ബാന സ്വന്തം മുറിയുടെ ഭിത്തിയിൽ കാണുവാനും കേൾക്കുവാനും അവർക്കു കഴിഞ്ഞിരുന്നു എന്ന കഥയാണ് ഈ പ്രഖ്യാപനത്തിനു പിന്നിലുള്ളത്.[9][10] അമേരിക്കയിലെ പ്രസിദ്ധ കത്തോലിക്കാ ടെലിവിഷൻ ചാനലായ "ദൈവവചന ടെലിവിഷൻ ശൃംഖല" (Eternal Word Television Network - EWTN), ക്ലാരയുടെ സന്യാസസമൂഹത്തിൽ പെട്ട മദർ എയ്ഞ്ചലിക്ക സ്ഥാപിച്ചതാണ്.

കത്തോലിക്കാസഭയുടെ പഞ്ചാംഗത്തിൽ ക്ലാരയുടെ തിരുനാളായി നിശ്ചയിച്ചിരുന്നത് മരണദിനമായ ആഗസ്റ്റ് 11-നു പകരം 12 ആയിരുന്നു. ആഗസ്റ്റ് 11 മൂന്നാം നൂറ്റാണ്ടിലെ വിശുദ്ധരായ തിബുർതിയസിനും സൂസന്നക്കുമായി നീക്കിവച്ചിരുന്നതാണ് ഇതിനു കാരണം. 1969-ലെ പഞ്ചാംഗപരിഷ്കരണം തിബുർതിയസിനേയും സൂസന്നയേയും നിക്കം ചെയ്തതിനാൽ ക്ലാരയുടെ തിരുനാൽ ആഗസ്റ്റ് 11-ലേക്കു മാറ്റാനായി. അവരുടെ അസ്ഥികൾ അസ്സീസിയിൽ പ്രദർശിക്കപ്പെടുന്നു.

  1. 1.0 1.1 "Francis and Clare", Michael Robson, Zondervan Handbook to the History of Christianity (പുറം 194)
  2. 2.0 2.1 ബെനഡിക്ട് 16-ആമൻ മാർപ്പാപ്പ, 2010 സെപ്തംബർ 15-ലെ പൊതുദർശനവേളയിൽ അസ്സീസിയിലെ ക്ലാരയെക്കുറിച്ചു നടത്തിയ പ്രഭാഷണം
  3. "ST. CLARE OF ASSISI, Catholic News Agency". Archived from the original on 2013-10-13. Retrieved 2014-01-11.
  4. 4.0 4.1 വിൽ ഡുറാന്റ്, "വിശ്വാസത്തിന്റെ യുഗം" സംസ്കാരത്തിന്റെ കഥ (നാലാം ഭാഗം - പുറങ്ങൾ 805-6)
  5. SAINT CLARE, VIRGIN, FOUNDRESS OF THE POOR CLARES 1193-1253,Eternal Word Television Network
  6. അസ്സീസിയിലെ ക്ലാര, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  7. The Little Flowers of St. Francis, tr. by W. Heywood, [1906, at sacred-texts.com(അദ്ധ്യായം XV)]
  8. Little flowers of Saint Francis (അദ്ധ്യായം XXXIII)
  9. ഡയർമെയ്ഡ് മക്കല്ലക്ക്, "ക്രിസ്റ്റ്യാനിറ്റി, ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" (പുറം 952)
  10. Clare(1194-1253), Brockhampton Reference Dictionary of Saints (പുറം 51)
"https://ml.wikipedia.org/w/index.php?title=അസ്സീസിയിലെ_ക്ലാര&oldid=3912828" എന്ന താളിൽനിന്ന് ശേഖരിച്ചത്