അലെപ്പോ കോഡക്സ്
എബ്രായബൈബിളിന്റെ മദ്ധ്യയുഗങ്ങളിൽ നിന്നുള്ള ഒരു കൈയെഴുത്തുപുസ്തകമാണ് അലെപ്പോ കോഡക്സ്. പൊതുവർഷം പത്താം നൂറ്റാണ്ടിലാണ് അത് എഴുതപ്പെട്ടത്.[1] എബ്രായബൈബിളിനെ തലമുറകളിലൂടെ സംശുദ്ധി കാത്ത് നിലനിർത്തിയ മസോറാ പാരമ്പര്യത്തിലെ എറ്റവും ആധികാരികമാതൃകയായി മിക്കവാറും പണ്ഡിതന്മാർ അതിനെ കരുതുന്നു.[2] സിറിയിലെ അലെപ്പോ നഗരത്തിലെ സിനഗോഗിൽ ആറു നൂറ്റാണ്ടോളം കാലം സൂക്ഷിക്കപ്പെട്ടിരുന്നതു കൊണ്ടാണ് ഇതിന് അലെപ്പോ കോഡക്സ് എന്ന പേരുണ്ടായത്. 1947-ൽ സിനഗോഗ് തീവയ്ക്കപ്പെട്ടതിനെ തുടർന്ന് നഷ്ടമായെന്നു കരുതപ്പെട്ടിരുന്ന അത് 1958-ൽ കണ്ടുകിട്ടി. എങ്കിലും അതിന്റെ തോറ ഖണ്ഡം ഉൾപ്പെടെ 40 ശതമാനത്തോളം പുറങ്ങൾ അപ്പോൾ നഷ്ടമായിരുന്നു.
ചരിത്രം
തിരുത്തുകപൊതുവർഷം 920-നടുത്ത് ഉത്തര ഇസ്രായേലിൽ തിബേരിയസിൽ മസോറട്ട് പാരമ്പര്യത്തിൽ പെട്ട വേദപഠനകേന്ദ്രങ്ങളിലൊന്നിൽ എഴുതപ്പെട്ട അതിനെ, ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം യെരുശലേമിലെ കരാരീയ യഹൂദസമൂഹം വിലയ്ക്കു വാങ്ങി.[3] ഒന്നാം കുരിശുയുദ്ധത്തിൽ യെരുശലേമിലെ സിനഗോഗ് കൊള്ളയടിക്കപ്പെട്ടപ്പോൾ ഈജിപ്തിൽ കെയ്റോയിലെ യഹൂദർ വലിയ തുക മോചനദ്രവ്യമായി നൽകി വീണ്ടെടുത്ത് അതിനെ അവിടത്തെ റബ്ബാനിയ സിനഗോഗിൽ സൂക്ഷിച്ചു.[1] അവിടെ അതുമായി പരിചയപ്പെട്ട വിഖ്യാതയഹൂദ മനീഷി മൈമോനിഡിസ്, എല്ലാ യഹൂദപണ്ഡിതന്മാരും വിശ്വസനീയമായി കരുതുന്ന പാഠമെന്ന് അതിനെ വിശേഷിപ്പിച്ചു. 1375-ൽ അലെപ്പോ കോഡക്സ് കെയ്റോയിലെത്തിച്ചത് മൈമോനിഡിസിന്റെ അനന്തരാവകാശികൾ ആണെന്നു പറയപ്പെടുന്നു.[1] തുടർന്ന് കോഡക്സ് അഞ്ചു നൂറ്റാണ്ടുകാലം സിറിയയിൽ ആയിരുന്നു.
നഷ്ടം, വീണ്ടുകിട്ടൽ
തിരുത്തുക1947-ൽ, ഇസ്രായേൽ രാഷ്ട്രത്തിന്റെ സ്ഥാപനത്തെ പ്രതിക്ഷേധിച്ച പ്രക്ഷോപകാരികൾ അലെപ്പോ സിനഗോഗിനു തീവച്ചതിനെ തുടർന്ന്[1] കാണാതായ കോഡക്സ് പിന്നെ പ്രത്യക്ഷപ്പെട്ടത്, മുറാദ് ഫഹാം എന്ന സിറിയാക്കാരൻ യഹൂദൻ 1958-ൽ ഇസ്രായേലിലേയ്ക്ക് ഒളിച്ചുകടത്തിയപ്പോഴാണ്. ഫഹാം ഇസ്രായേലിൽ എത്തിച്ച കോഡക്സിൽ പല ഭാഗങ്ങളും നഷ്ടപ്പെട്ടിരുന്നതായി കണ്ടു. ആകെ ഉണ്ടായിരുന്ന 487 പുറങ്ങളിൽ 294 എണ്ണം മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു. തോറ ഖണ്ഡത്തിൽ അവസാനത്തെ രണ്ടു പുറം മാത്രം അവശേഷിച്ചിരുന്നു. ഇസ്രായേൽ മ്യൂസിയത്തിലെ പുസ്തകശ്രീകോവിലിലാണ് (Shrine of the Book) അലെപ്പോ കോഡക്സ് ഇപ്പോൾ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.
നഷ്ടഖണ്ഡങ്ങൾ
തിരുത്തുകഅലെപ്പോ കോഡക്സിന്റെ നഷ്ടപ്പെട്ട ഖണ്ഡങ്ങൾ വലിയ വിവാദത്തിനു വിഷയമായിട്ടുണ്ട്. 1947-ലെ യഹൂദവിരുദ്ധലഹളയിൽ സിനഗോഗ് തീവയ്ക്കപ്പെട്ടപ്പോൾ അവ കത്തിനശിച്ചതാണെന്ന് അലെപ്പോയിലെ യഹൂദർ അവകാശപ്പെടുന്നു. എങ്കിലും കോഡക്സിൽ കണ്ട പാടുകൾ കുമിൾബാധയുടെ ഫലമാണെന്നും തീ കോഡക്സിനെ സ്പർശിച്ചു എന്നു കരുതാൻ ന്യായമില്ലെന്നും ആണ് പണ്ഡിതന്മാരുടെ വിശകലനത്തിൽ വെളിവായത്. യഹൂദസമൂഹത്തിൽ തന്നെ ചിലർ കോഡക്സിന്റെ പുറങ്ങൾ ചീന്തിയെടുത്തു ഒളിച്ചു സൂക്ഷിക്കുന്നു എന്ന് ആരോപണമുണ്ട്. 1982-ലും 2007-ലും, നഷ്ടപ്പെട്ട താളുകളിൽ ഓരോന്ന് പ്രത്യക്ഷപ്പെട്ടു എന്നത്, മറ്റു താളുകളും നിവലിലുണ്ടാകാം എന്ന വാദത്തെ ബലപ്പെടുത്തുന്നു. അവ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു.[4]
ആധികാരികത
തിരുത്തുകഇരുപതാം നൂറ്റാണ്ടിലെ വീണ്ടുകിട്ടലിനു ശേഷം അലെപ്പോ കോഡക്സ് പരിശോധിച്ച പണ്ഡിതന്മാർ, മദ്ധ്യകാലയഹൂദതയിലെ മഹാമനീഷിയായ മൈമോനിഡിസ് പരിശോധിക്കുകയും പ്രശംസിക്കുകയും ചെയ്ത രചന എന്ന അതിനെക്കുറിച്ചുള്ള അവകാശവാദം ഉറപ്പിച്ചു. തോറ ഖണ്ഡത്തിന്റെ നിലവിലുള്ള പുറങ്ങളുടെ പരിശോധന അതിന്റെ ആധികാരികത തെളിയിച്ചു. പുരാതതനകാലത്ത് വ്യത്യസ്തസാഹചര്യങ്ങളിൽ ചിതറിക്കിടന്നിരുന്ന യഹൂദസമൂഹങ്ങളിലെ റബൈമാർ അതിലെ പാഠത്തെ ആശ്രയിച്ചു നൽകിയ തീരുമാനങ്ങളുടെ നിലവിലുള്ള രേഖകളും ആധുനികകാലത്തെ പഠനങ്ങളും അതിനു കല്പിക്കപ്പെട്ടിരുന്ന മാന്യതയ്ക്കും അതിന്റെ സൂക്ഷ്മതയ്ക്കും തെളിവായിരിക്കുന്നു. മസോറട്ടിക് പാഠത്തിലെ 27 ലക്ഷത്തോളം വരുന്ന വർണ്ണ-മാത്രാസൂചകങ്ങളുടെ[5] ഏറ്റവും കൃത്യതയുള്ള പകർപ്പാണത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Fragment of ancient parchment given to Jewish scholars". Archived from the original on 2009-07-07. Retrieved 2012-06-09.
- ↑ M. H. Goshen-Gottstein, "The Aleppo Codex and the Rise of the Massoretic Bible Text" The Biblical Archaeologist 42.3 (Summer 1979), pp. 145-163.
- ↑ M. Nehmad, Keter Aram Tzova, Aleppo 1933; Fragment of ancient parchment given to Jewish scholars Archived 2009-07-07 at the Wayback Machine.
- ↑ "Ben-Zvi Institute calls for return of Aleppo Codex fragments" Archived 2009-07-10 at the Wayback Machine., Haaretz, December 3, 2007.
- ↑ this chart as part of the Westminster Leningrad Codex ഈ ലിങ്കിലെ കണക്കുകളെ ആശ്രയിച്ച്.