അലി-ഖ്വോലി ഖാൻ ഖജർ
അലി-ഖ്വോലി ഖാൻ ഖജർ (c. 1756-1824) മുഹമ്മദ് ഹസൻ ഖാൻ ഖജറിന്റെ (മരണം. 1759) മകനും ഇറാനിലെ ഖജർ രാജവംശത്തിന്റെ സ്ഥാപകനായിരുന്ന ആഘ മുഹമ്മദ് ഖാൻ ഖ്വജറിന്റെ (r. 1789-1797) അർദ്ധസഹോദരനുമായിരുന്നു. ആഘ മുഹമ്മദ് ഖാന്റെ പൂർണ്ണ സഹോദരന്മാരിൽ നിന്ന് വ്യത്യസ്തമായി, അലി-ഖ്വോലി ഖാൻ തുടക്കം മുതൽ വിശ്വസ്തതയോടെ അദ്ദേഹത്തെ സേവിക്കുകയും ഏകദേശം ഇരുപത് വർഷക്കാലത്തോളം (ഹ്രസ്വമായ ഇടവേളകളോടെ) ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിനായി പോരാടുന്ന ആഘ മുഹമ്മദ് ഖാനെ പിന്തുണക്കുകയും ചെയ്തു. 1797-ൽ ആഘ മുഹമ്മദ് ഖാന്റെ കൊലപാതകത്തെത്തുടർന്ന്, തന്റെ സഹോദരന്റെ ശരിയായ പിൻഗാമിയായി സിംഹാസനത്തിലേറുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അലി-ഖ്വോലി ഖാനെ അന്ധനാക്കി നാടുകടത്തിയ അദ്ദേഹത്തിന്റെ അനന്തരവൻ ബാബ ഖാൻ, ഫത്-അലി ഷാ ഖജാർ (ആർ. 1797-1834) എന്ന പേരിൽ സ്വയം സിംഹാസനാരൂഢനാകുകയും ചെയ്തു.
ജീവിതരേഖ
തിരുത്തുകഅലി-ഖ്വോലി ഖാൻ ഖജർ ജനിച്ചത് c. 1756-ൽ[1] അസ്തറാബാദിൽ (ഇന്നത്തെ ഗോർഗൻ)[2] ആയിരുന്നു. പിൽക്കാല അന്തപ്പുര ചരിത്രകാരൻ മുഹമ്മദ്-താഖി "ലെസൻ ഓൾ-മോൾക്ക്" സെപെഹ്ർ പറയുന്നതനുസരിച്ച് പ്രകാരം, മുഹമ്മദ് ഹസൻ ഖാന്റെ ഒമ്പതാമത്തെയും അവസാനത്തെയും പുത്രനായിരുന്ന അദ്ദേഹത്തിൻറെ മാതാവ് ഖജർ ഇതര വംശജയായിരുന്നു.[1] പിതാവായ മുഹമ്മദ് ഹസൻ ഖാന്റെ പരാജയത്തിനും മരണത്തിനും ശേഷം 1759-ൽ അലി-ഖ്വോലി ഖാനെ സന്ദ് രാജവംശത്തിലെ കരീം ഖാന്റെ തടവുകാരനായി ഖസ്‌വിനിലേക്ക് കൊണ്ടുവന്നു.[2] പിന്നീട് സന്ദ് തലസ്ഥാനമായ ഷിറാസിലേക്ക് മാറ്റിയ അലി-കോലി ഖാൻ, അവിടെ അദ്ദേഹത്തിൻറെ സഹോദരന്മാരോടൊപ്പം സന്ദ് ഭരണാധികാരികളുടെ കർശന നിരീക്ഷണത്തിലാണ് വളർന്നത്. 1779-ൽ കരീം ഖാന്റെ മരണത്തെത്തുടർന്ന്, ആശയക്കുഴപ്പം പൊട്ടിപ്പുറപ്പെടുകയും, ഇത് അലി-കോലി ഖാനെ തന്റെ മൂത്ത സഹോദരൻ ആഘ മുഹമ്മദ് ഖാനോടൊപ്പം അസ്തറാബാദിലേക്ക് പോകാൻ പ്രാപ്തനാക്കുകയും ചെയ്തു. ഈ സംഭവത്തോടെ അലി-ഖ്വോലി ഖാന്റെ മൂത്ത സഹോദരന്റെ കീഴിൽ ഏകദേശം ഇരുപത് വർഷത്തോളം നീണ്ട സേവനത്തിന് (ഹ്രസ്വമായ ഇടവേളകളോടെ) തുടക്കം കുറിക്കുന്നതിനും ഇറാനിൽ പൂർണ്ണ നിയന്ത്രണം കൈവരിക്കാനുള്ള ആഘ മുഹമ്മദ് ഖാന്റെ ശ്രമങ്ങളിൽ പങ്കാളിയാകുന്നതിനും സാധിച്ചു.[2] ആഘ മുഹമ്മദ് ഖാന്റെ പൂർണ്ണ സഹോദരന്മാരിൽ നിന്ന് വ്യത്യസ്തമായി, അലി-ഖ്വോലി ഖാൻ തുടക്കം മുതൽക്കുതന്നെ അദ്ദേഹത്തിന്റെ ഒരു അചഞ്ചലനായ സഹപ്രവർത്തകനായിരുന്നു.[1]
തന്റെ ജ്യേഷ്ഠന്മാരുടെ സൈനിക ശക്തിയുമായി അപൂർവ്വമായി തുല്യത പുലർത്തിയ അലി-കോലി ഖാന് ഖജാർ ഗോത്രത്തിൽ ഒരു സ്വതന്ത്ര സ്ഥാനം നേടാൻ ഒരിക്കലും കഴിഞ്ഞില്ല. ആധുനിക ചരിത്രകാരനായ അബ്ബാസ് അമാനത്ത് വിശദീകരിക്കുന്നതുപോലെ, അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ ചില സ്ത്രൈണ സ്വഭാവങ്ങളെയോ ക്രൂരതയുടെ അഭാവത്തെയോ പരാമർശിച്ചേക്കാവുന്ന "പൗരുഷമില്ലാത്ത യജമാനൻ" എന്നർത്ഥമുള്ള അപകീർത്തികരമായ ഒരു പദമാണ് ആഘ മുഹമ്മദ് ഖാൻ അദ്ദേഹത്തിന് നൽകിയ വിളിപ്പേരായ ആഘാ ബാജി എന്നത്. എന്നിരുന്നാലും, 1779-1782 കാലഘട്ടത്തിൽ, അധികാരത്തെച്ചൊല്ലി തന്റെ സഹോദരങ്ങളുമായുള്ള ആദ്യകാല സംഘട്ടനങ്ങളിൽ അലി-കോലി ഖാന്റെ പൂർണ്ണ പിന്തുണ ആഘാ മുഹമ്മദ് ഖാനെ സഹായിച്ചിരുന്നു.[2][3]
സൈനിക നടപടികൾ
തിരുത്തുക1781-ൽ, അലി-ഖ്വോലി ഖാനും ആഘാ മുഹമ്മദ് ഖാനും വടക്കൻ ഖൊറാസാനിലെ കുർദിഷ്, അറബ് ഗോത്രത്തലവൻമാരെ ചരിത്രപ്രധാനമായ കുമിസിലെ സെമ്‌നാൻ പട്ടണത്തിൽ നിന്ന് പുറത്താക്കുന്നതിൽ വിജയിച്ചു. ഈ പ്രദേശം കീഴടക്കാനുള്ള അദ്ദേഹത്തിന്റെ സഹായത്തിൻറെ പേരിൽ, അലി-കോലി ഖാന് പിന്നീട് സെംനാനിൽ കുത്തകാധികാരവും (സോയൂർഗൽ) ലഭിച്ചു.[2][4] തുടർന്ന്, ടെഹ്‌റാനടുത്തുള്ള ഖ്വാർ, വരാമിൻ പട്ടണങ്ങളെ കീഴടക്കി അവ ആഘ മുഹമ്മദ് ഖാന്റെ നിയന്ത്രണത്തിലാക്കുന്നതിൽ അലി-ഖ്വോലി ഖാൻ നിർണായക പങ്ക് വഹിച്ചു. ഖ്വജർ ഗോത്രത്തിലെ എതിരാളികളായ ദേവേലു വംശത്തിന്റെ ഇരിപ്പിടമായിരുന്ന ഈ പ്രദേശവും ഒപ്പം അവരുടെ വിശ്വസ്തതയും പിന്തുണയും അക്കാലത്ത് ഗോത്ര ഐക്യത്തിന് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം, 1795-ൽ അടുത്തുള്ള ടെഹ്‌റാൻ തന്റെ തലസ്ഥാനമായി നിശ്ചയിക്കാനുള്ള ആഘ മുഹമ്മദ് ഖാന്റെ തീരുമാനത്തെ ഈ ഘടകം സ്വാധീനിച്ചിരിക്കാവുന്നതാണ്.[2]
പിന്തുടർച്ചാവാദവും തകർച്ചയും
തിരുത്തുക1797-ൽ, കോക്കസസിലെ ആഘ മുഹമ്മദ് ഖാന്റെ അവസാന സൈനികപര്യടനത്തിനിടെ, അലി-ഖ്വോലി ഖാനോട് എറിവാനെ പിടിക്കാൻ ഉത്തരവിട്ടു. ഈ സമയത്ത്, അലി-ഖ്വോലി ഖാൻ നാടുകടത്തപ്പെടുകയോ ശാരീരിക വൈകല്യം സംഭവിക്കുകയോചെയ്യാത്ത ആഘ മുഹമ്മദ് ഖാന്റെ ജീവിച്ചിരിക്കുന്ന ഏക സഹോദരനായി മാറിയിരുന്നു. 1797 ജൂണിൽ ഷൂഷയിൽവച്ച് നടന്ന ആഘാ മുഹമ്മദ് ഖാന്റെ കൊലപാതകത്തെയും തുടർന്നുള്ള പ്രക്ഷുബ്ധതയെയും തുടർന്ന്, അലി-ഖ്വോലി ഖാൻ തന്റെ ജ്യേഷ്ഠന്റെ ശരിയായ പിൻഗാമിയായി സ്വയം പ്രഖ്യാപിക്കാനുറച്ചു. അക്കാലത്ത് ഇറാനിലൂടെ യാത്ര ചെയ്തിരുന്ന ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ഗില്ലൂം അന്റോയിൻ ഒലിവിയർ പറയുന്നതനുസരിച്ച്, അലി-ഖ്വോലി ഖാൻ ആദ്യം ഷാ (രാജാവ്) ആയി സ്വയം പ്രഖ്യാപിച്ചത് മാസന്ദരനിൽ ആയിരുന്നു. എന്നിരുന്നാലും, മറ്റ് സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്, പുതുതായി സ്ഥാപിച്ച തലസ്ഥാനം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ അലി- ഖ്വോലി ഖാൻ എറിവാൻ വിട്ട് ഖോയ്, തബ്രിസ്, മറാഗെ വഴി ടെഹ്‌റാനിലേക്ക് മാർച്ച് ചെയ്തുവെന്നാണ്. 1795 മുതൽ നഗരത്തിന്റെ ഗേറ്റുകൾ അതിന്റെ ഗവർണർ (ബെഗ്ലാർബെഗ്) മിർസ മുഹമ്മദ് ഖാൻ ദേവേലു അടച്ചിരുന്നതിനാൽ അലി-ഖ്വോലി ഖാൻ ടെഹ്‌റാനിൽ നിന്ന് ഏകദേശം അമ്പത് കിലോമീറ്റർ പടിഞ്ഞാറുള്ള അലിഷാഹ് (ഇപ്പോഴത്തെ ഷഹ്രിയാർ നഗരം) എന്ന ഗ്രാമത്തിൽ താവളമടിക്കാൻ നിർബന്ധിതനായി. ബലപ്രയോഗത്തിലൂടെ ടെഹ്‌റാൻ ആക്രമിക്കാൻ കൂടുതൽ സൈനികരെ റിക്രൂട്ട് ചെയ്യാനായിരുന്നു അദ്ദേഹം ഗ്രാമത്തിലെ താമസത്തിലൂടെ ശ്രമിച്ചത്.
എന്നിരുന്നാലും, അതേ സമയതന്നെ, അദ്ദേഹത്തിന്റെ ഇളയ അനന്തരവൻ ബാബാ ഖാൻ, ഫത്ത്-അലി ഷാ (r. 1797-1834) എന്ന പേരിൽ ഖജർ രാജവംശത്തിലെ രണ്ടാമത്തെ ഷാ ആയി സ്വയം പ്രഖ്യാപിച്ചുകൊണ്ട് മിർസ മുഹമ്മദ് ഖാന്റെ സമ്മതത്തോടെ ടെഹ്‌റാൻ നഗരത്തിൽ പ്രവേശിച്ചു. ഹാജി ഇബ്രാഹിം ഷിറാസിയുടെ ഉപദേശപ്രകാരം, പിന്തുടർച്ചാവകാശം ചർച്ച ചെയ്യാനെന്ന വ്യാജേന അലി-കോലി ഖാനെ ടെഹ്രാനിനലെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്നതിനായി ബാബ ഖാൻ തന്റെ സഹോദരൻ ഹൊസൈൻ-കോലി ഖാൻ രണ്ടാമനെ അയച്ചു. അലി-കോലി ഖാൻ എത്തിയസയം സായുധരായ തൻറെ പരിചാരകരോടൊപ്പം കൊട്ടാരത്തിൽ പ്രവേശിക്കുന്നത് നിരസിക്കപ്പെട്ടു. ബാബ ഖാനെ വണങ്ങാൻ നിർബന്ധിതനായ അലി-ഖ്വോലി ഖാൻ സ്വയം ശപിച്ചുകൊണ്ട് അപ്രകാരം ചെയ്യുകയും ഒരു മുറിയിലേക്ക് കൊണ്ടുപോകപ്പെട്ട അദ്ദേഹം അവിടെവച്ച് അന്ധനാക്കപ്പെടുകയു ചെയ്തു. പിന്നീട് മസന്ദരനിലെ ബാർഫോറഷിലേക്ക് (ഇപ്പോഴത്തെ ബാബോൾ) അയയ്ക്കപ്പെട്ട അലി-ഖ്വോലി ഖാൻ 1824-ൽ മരിക്കുന്നതുവരെ അവിടെത്തന്നെ തുടർന്നു.[2][1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Ebrahimnejad 2007.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 Amanat 1985, pp. 874–875.
- ↑ Heyat 2000, p. 190.
- ↑ Hambly 1991, p. 115.