അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തിരുത്തണി

തമിഴ്നാട്ടിലെ സുബ്രഹ്മണ്യക്ഷേത്രം

തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തിരുത്തണി കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യ ക്ഷേത്രമാണ് അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തിരുത്തണി. വർഷത്തിലെ 365 ദിവസത്തെ സൂചിപ്പിക്കുന്ന 365 പടികളാണ് ഈ കുന്നിലുള്ളത്. ഈ ക്ഷേത്രം മുരുകന്റെ ആറ് വാസസ്ഥലങ്ങളായ ആറുപടൈവീടുകളിൽ ഒന്നാണ്. പഴനി മുരുകൻ ക്ഷേത്രം, സ്വാമിമല മുരുകൻ ക്ഷേത്രം, തിരുചെന്തൂർ മുരുകൻ ക്ഷേത്രം, തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം, പഴമുതിർച്ചോലൈ മുരുകൻ ക്ഷേത്രം എന്നിവയാണ് മറ്റ് അഞ്ച് ക്ഷേത്രങ്ങൾ. തിരുത്തണി ചെന്നൈയിൽ നിന്ന് 87 കിലോമീറ്റർ (54 മൈ) അകലെയാണ്. നേരത്തെ തിരുത്തണിയെ തിരുവരകം എന്നാണ് വിളിച്ചിരുന്നത്. ശൂരസംഹാര (അസുരനെ വധിച്ചത്) ശേഷം കോപം ശമിച്ചതിനാൽ ഇവിടെ സ്കന്ദ ഷഷ്ഠി ഉത്സവം (ശൂരസംഹാരം) നടത്തുന്നില്ല. പടിഞ്ഞാറുള്ള വള്ളിമലയിൽ വെച്ച് വള്ളിയെ വിവാഹം ചെയ്ത് സുബ്രഹ്മണ്യസ്വാമി സ്വാമി, മലകളിൽ ഏറ്റവും ശ്രേഷ്ഠമായ ഇവിടേക്കു വന്നു എന്നാണ് വിശ്വാസം.[1]

Arulmigu Subramaniya Swamy Temple
அருள்மிகு சுப்பிரமணிய சுவாமி திருக்கோயில்
അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തിരുത്തണി is located in Tamil Nadu
അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തിരുത്തണി
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
സ്ഥലംTiruthani
നിർദ്ദേശാങ്കം13°10′18.6″N 79°36′13.57″E / 13.171833°N 79.6037694°E / 13.171833; 79.6037694
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിMurugan
സംസ്ഥാനംTamil Nadu
രാജ്യംIndia
വാസ്തുവിദ്യാ തരംDravidian architecture

ചരിത്രം

തിരുത്തുക

ഈ ക്ഷേത്രത്തിന്റെ ഉത്ഭവം പുരാതന കാലത്താണ്. സംഘ കാലഘട്ടത്തിൽ നക്കീരർ രചിച്ച തിരുമുരുഗാട്രുപടൈ യിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. വിജയനഗര ഭരണാധികാരികളും പ്രാദേശിക ഭരണ കർത്താക്കളും സമീന്ദാറുകളും ക്ഷേത്രത്തെ പിന്തുണച്ചിട്ടുണ്ട്. മുരുകന്റെ യഥാർത്ഥ വാഹനം മയിലല്ല ഐരാവതം എന്ന ആനയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിലും, തിരുത്തണി മുരുകൻ ക്ഷേത്രത്തിലും ആനയെ വാഹനമാക്കിയ മുരുക രൂപം കാണാം. 

 

ഐതീഹ്യം

തിരുത്തുക

ദേവന്മാരുടെ അധിപനായ ഇന്ദ്രൻ തന്റെ മകളായ ദേവയാനിയെ സ്കന്ദന് വിവാഹം ചെയ്തു നൽകിയെന്നും, സ്ത്രീധനമായി അദ്ദേഹത്തിൻ്റെ ഐരാവതം എന്ന ആനയെ നൽകിയെന്നുമാണ് ഐതിഹ്യം. ഐരാവതം പോയപ്പോൾ ഇന്ദ്രന്റെ ഐശ്വര്യം ക്ഷയിച്ചുപോയി. സുബ്രഹ്മണ്യൻ ഐരാവതത്തെ തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും ഇന്ദ്രൻ ഐരാവതത്തെ തിരികെ സ്വീകരിക്കാൻ വിസമ്മതിക്കുകയും ഐരാവതം ദേവലോകത്തിൻ്റെ ദിശയെ അഭിമുഖീകരിക്കണമെന്ന് ആവശ്യം അറിയിക്കുകയും ചെയ്തു. ഈ ഐതീഹ്യപ്രകാരം ക്ഷേത്രത്തിലെ ആനയുടെ വിഗ്രഹം കിഴക്ക് അഭിമുഖമായാണുള്ളത്.

മകളുടെ സ്ത്രീധനമായി ഇന്ദ്രൻ ഒരു ചന്ദനക്കല്ല് സമ്മാനിച്ചുവെന്നാണ് മറ്റൊരു ഐതിഹ്യം. ഈ കല്ല് ഉരച്ച് നിർമ്മിച്ച, ഔഷധ ഗുണമുണ്ടെന്ന് വിശ്വസിക്കുന്ന ചന്ദനം സുബ്രഹ്മണ്യ വിഗ്രഹത്തിൽ പൂശുന്നു. താരകസുരൻ എന്ന അസുരൻ എറിഞ്ഞ ചക്രം സ്കന്ദൻ്റെ നെഞ്ചിൽ പതിച്ചുവെന്നും ഐതിഹ്യമുണ്ട്, അതിനാൽ ഈ ക്ഷേത്രത്തിലെ സുബ്രഹ്മണ്യ വിഗ്രഹത്തിൻ്റെ നെഞ്ചിൽ ഒരു ദ്വാരമുണ്ട്. സ്കന്ദൻ ചക്രം വിഷ്ണുവിന് സമ്മാനിച്ചതായും ഐതിഹ്യം. അഗസ്ത്യ മുനിയ്ക്ക് സ്കന്ദൻ തമിഴിനെക്കുറിച്ചുള്ള അറിവ് നൽകിയിട്ടുണ്ടെന്നും ഐതീഹ്യമുണ്ട്, അതിനാൽ ഈ ആരാധനാലയത്തിൽ അദ്ദേഹം വീരമൂർത്തി, ജ്ഞാനമൂർത്തി, ആചാര്യമൂർത്തി എന്നീ നിലകളിൽ കണക്കാക്കപ്പെടുന്നു.

രാവണനെ വധിച്ച ശേഷം രാമൻ രാമേശ്വരത്ത് ശിവനെ ആരാധിക്കുകയും, പിന്നീട് സുബ്രഹ്മണ്യനെ ആരാധിച്ച് തികഞ്ഞ മനഃസമാധാനം കണ്ടെത്താനായി തിരുത്തണിയിലെത്തിയതായും ഐതീഹ്യമുണ്ട്. ദ്വാപരയുഗത്തിൽ, തെക്കോട്ടുള്ള തീർത്ഥാടന യാത്രയിൽ അർജ്ജുനൻ ഇവിടെ ആരാധന നടത്തിയതായി വിശ്വസിക്കുന്നു. വിഷ്ണുവിൽ നിന്നും ശൂരപദ്മന്റെ സഹോദരൻ താരകാസുരൻ തട്ടിയെടുത്ത പവിത്രമായ ശംഖും ചക്രവും തിരികെ നൽകുന്നത് സുബ്രഹ്മണ്യനാണ്. ശിവനെ കാണാൻ കൈലാസത്തിലേക്ക് പോകവെ, പ്രണവ മന്ത്രത്തിന്റെ ('ഓം' മന്ത്രം) അർഥം സുബ്രഹ്മണ്യനോട് വിശദീകരിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ സുബ്രഹ്മണ്യനാൽ തടവിലാക്കപ്പെട്ട ബ്രഹ്മാവ് സുബ്രഹ്മണ്യനെ ആരാധിച്ച് സൃഷ്ടിക്കുള്ള അവകാശം തിരികെ നേടിയത് ഇവിടെവെച്ചാണ് എന്നും ഐതീഹ്യമുണ്ട്.

പാലാഴി മഥനത്തിൽ ദേവന്മാരും അസുരന്മാരും ചേർന്ന് അമൃത് കടഞ്ഞെടുക്കുമ്പോൾ നാഗ രാജാവ് വാസുകിയുടെ ശരീരത്തിലുണ്ടായ മുറിവുകൾ താണിഗൈയിൽ ആരാധന നടത്തിയപ്പോൾ ഭേദമായി എന്നും ഐതീഹ്യമുണ്ട്.

വാസ്തുവിദ്യ

തിരുത്തുക

പരിപൂർണ്ണാചലം (തനികാചലം) എന്ന കുന്നിലാണ് ക്ഷേത്രമുള്ളത്. 365 പടികളും അഞ്ച് നിരകളുള്ള ഗോപുരവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ജലാശയങ്ങളുണ്ട്. ക്ഷേത്രത്തിൽ മുരുകൻ, വള്ളി, ദേവയാനി എന്നിവരുടെ കോവിലുകൾ ഉണ്ട്.[2]

സാധാരണയായി രാവിലെ 5:45 മുതൽ രാത്രി 9:00 മണി വരെ ക്ഷേത്രം തുറന്നിരിക്കും.

ഉത്സവങ്ങൾ

തിരുത്തുക

ഈ ആരാധനാലയത്തിലേക്ക് ധാരാളം ഭക്തരെ ആകർഷിക്കുന്ന പ്രതിമാസ കൃത്തികൈക്ക് പുറമേ, ആദി കൃത്തികൈ, ഡിസംബർ 31ന് ഉള്ള പുതുവൽസര ആഘോഷം എന്നിവയാണ് രണ്ട് വാർഷിക ഉത്സവങ്ങൾ. ആദി മാസത്തിലെ ഉത്സവം, മാസി മാസത്തിലെ ബ്രഹ്മോത്സവം (ഈ സമയത്ത് വള്ളിയുമായുള്ള കല്യാണം എട്ടാം ദിവസം ആഘോഷിക്കുന്നു), ഐപ്പസി മാസത്തിലെ സ്കന്ദഷഷ്ടി എന്നിവയാണ് മറ്റ് ആഘോഷങ്ങൾ.

  1. Madhuraj, R. L. Harilal, Photos:. "ആറുപടൈ വീടുകൾ". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-06-24. Retrieved 2021-06-23.{{cite news}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  2. V., Meena (1974). Temples in South India (1st ed.). Kanniyakumari: Harikumar Arts. p. 48.

കുറിപ്പുകൾ

തിരുത്തുക
  • Zvelebil, Kamil V. (1991). Tamil traditions on Subramanya - Murugan (1st ed.). Chennai, India: Institute of Asian Studies.
  • "Sri Subramaniaswami temple". Dinamalar. Retrieved 2013-03-17.

പുറം കണ്ണികൾ

തിരുത്തുക