അരിയോപജിറ്റിക്ക
അനാവശ്യനിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മുദ്രണസ്വാതന്ത്ര്യത്തെ പിന്തുണച്ച് ഇംഗ്ലീഷ് സാഹിത്യകാരനായ ജോൺ മിൽട്ടൺ 1644-ൽ എഴുതിയ പ്രബന്ധമാണ് അരിയോപജിറ്റിക്ക (Areopagitica). അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റേയും പത്രസ്വാതന്ത്ര്യത്തിന്റെയും താത്ത്വിക നീതീകരണം എന്ന നിലയിൽ എക്കാലത്തേയും ഏറ്റവും പ്രസിദ്ധവും ശക്തവുമായ രചനയായി ഇതു കണക്കാക്കപ്പെടുന്നു. പ്രസിദ്ധീകരണരംഗത്തെ ലൈസൻസ് സംവിധാനത്തിന്റേയും സെൻസർഷിപ്പിന്റെയും നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനെതിരെയി പാർലമെന്റിനോടുള്ള അഭ്യർത്ഥനയായാണ് മിൽട്ടൺ ഈ പ്രബന്ധം രചിച്ചത്.[1]മിൽട്ടന്റെ ഗദ്യരചനകളിൽ ഏറ്റവും ഉദാത്തമായതെന്ന് ഈ പ്രബന്ധം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2]
പശ്ചാത്തലം
തിരുത്തുകഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധം മൂർദ്ധന്യത്തിലെത്തി നിൽക്കെ, 1644 നവംബർ 23-നാണ് അരിയോപജിറ്റിക്ക വെളിച്ചം കണ്ടത്. ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ ഏഥൻസിലെ പ്രഭാഷകൻ ഐസോക്രറ്റീസ് രചിച്ച ഒരു പ്രഭാഷണത്തിന്റെ പേരിലാണ് ഈ പ്രബന്ധം അറിയപ്പെടുന്നത്. അഥൻസിൽ പുരാതനകാലത്ത് നിലവിലിരുന്നതായി കരുതപ്പെട്ടിരുന്ന ഒരു നീതിനിർവഹണ സമിതിയുടെ ഇരിപ്പിടമായി പറയപ്പെട്ട കുന്നിന്റെ പേരായിരുന്നു "അരിയോപാഗസ്".[൧] ആ സമിതി പുനഃസ്ഥാപിക്കാൻ ഐസോക്രറ്റീസ് ആഗ്രഹിച്ചിരുന്നു. ഐസോക്രറ്റിസിനെപ്പോലെ മിൽട്ടണും താൻ രചിച്ച പ്രഭാഷണം സ്വയം നിർവഹിച്ചില്ല. പകരം, അതിൽ താൻ വിമർശിച്ച സെൻസർഷിപ്പ് നിയമത്തെ ധിക്കരിച്ച് അതിനെ ലിഖിതരൂപത്തിൽ വിതരണം ചെയ്യുകയാണ് മിൽട്ടൺ ചെയ്തത്.
ആഭ്യന്തരയുദ്ധത്തിൽ പാർലമെന്റ് പക്ഷത്തെ ശക്തമായി പിന്തുണച്ചിരുന്ന മിൽട്ടൺ, 1643-ൽ പർലമെന്റ് അംഗീകരിച്ച ലൈസൻസിങ്ങ് ഉത്തരവിനെ എതിർത്തു. പുരാതന ഗ്രീസിലേയോ റോമിലേയോ സമൂഹങ്ങളിൽ അത്തരം ഒരു വ്യവസ്ഥ നടപ്പിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വാദിച്ചു. പ്രബന്ധത്തിൽ മിൽട്ടൺ തന്റെ വാദങ്ങളുടെ സമർത്ഥനത്തിനായി ബൈബിളിൽ നിന്നും ഇതര പൗരാണികരചനകളിൽ നിന്നുമുള്ള ഉദ്ധരണികൾ സമൃദ്ധമായി ഉപയോഗിച്ചു. വിവാഹമോചനത്തെ പിന്തുണച്ച് അദ്ദേഹം രചിച്ച ഒട്ടേറെ ലേഖനങ്ങൾ സെൻസർ ചെയ്യപ്പെട്ടത് ഈ വിഷയത്തിൽ മിൽട്ടണുള്ള താത്പര്യം വർദ്ധിപ്പിച്ചു.
ഉള്ളടക്കം
തിരുത്തുകഅരിയോപജിറ്റിക്കയിൽ മിൽട്ടൻ, സംവാദരചനകളിൽ സാധാരണമായ ആക്ഷേപ-ശകാര ശൈലികൾ ഒഴിവാക്കി, ഭാഷയിലും ആശയത്തിലും ഉദാത്തമായ തലത്തെ പിന്തുടർന്നു. ജ്ഞാനത്തിന്റെ ധാർമ്മികവും ഭൗതികവുമായ മേഖലകളിലെ കണ്ടെത്തലുകളെ തടഞ്ഞും വെട്ടിമുറിച്ചും, എല്ലാത്തരം അറിവിനേയും നിരുത്സാഹപ്പെടുത്താൻ സാധ്യതയുള്ള പുതിയ സെൻസർഷിപ്പ് ഉത്തരവ് പുനഃപരിശോധിക്കാൻ പാർലമെന്റിനോട് സബഹുമാനം ആവശ്യപ്പെടുകയാണ് ഇതിൽ അദ്ദേഹം ചെയ്തത്. പുസ്തകത്തെ ഇല്ലാതാക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ ഒട്ടും കുറഞ്ഞ കൃത്യമല്ലെന്നു മിൽട്ടൻ വാദിച്ചു. മനുഷ്യനെ കൊല്ലുന്നവൻ, ദൈവസാദൃശ്യമുള്ള ഒരു വിവേകസൃഷ്ടിയെ ഇല്ലാതാക്കുമ്പോൾ പുസ്തകത്തെ നശിപ്പിക്കുന്നവൻ, ദൈവസാദൃശ്യത്തിന്റെ കണ്ണായ വിശേഷബുദ്ധിയെ തന്നെ കൊല്ലുന്നുവെന്ന് അദ്ദേഹം കരുതി. നല്ല പുസ്തകത്തെ ഒരു നായകചേതനയുടെ ജീവരക്തം (the life-blood of a master spirit) എന്ന് അദ്ദേഹം വിശേഷിപ്പിച്ചു; ജീവിതത്തിനപ്പുറമുള്ള ജീവനു വേണ്ടി അത് ബോധപൂർവം സ്വരുക്കൂട്ടി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.[3]
"അരിയോപജിറ്റിക്ക"-യിൽ മിൽട്ടൺ മുദ്രണമേഖലയിലെ തോന്നിയവാസത്തെ പിന്തുണക്കുകയല്ല ചെയ്തതെന്നതും ശ്രദ്ധേയമാണ്. മുദ്രണരംഗത്ത് നിരീശ്വരവാദത്തിനും, സ്വഭാവഹത്യയേയും, അശ്ലീലതയ്ക്കും വിലക്കുകൾ ഏർപ്പെടുത്തുന്നതിനെ അദ്ദേഹം പിന്തുണച്ചു. കത്തോലിക്കാ ആശയങ്ങൾക്കുള്ള വിലക്കുകളേയും അദ്ദേഹം പിന്തുണച്ചു. കത്തോലിക്കാമതം രാഷ്ട്രവിരുദ്ധവും സ്വയം സഹിഷ്ണുതയില്ലാത്തതും ആണെന്നായിരുന്നു ഇതിന് അദ്ദേഹം പറഞ്ഞ ന്യായം.[2] "ലൈസൻസിങ്ങ് ഉത്തരവ്" നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന അവസ്ഥയുടെ പുനഃസ്ഥാപനമാണ് അഭിലഷണീയമായി അദ്ദേഹം കരുതിയത്. പഴയ ആ നിയമം അനുസരിച്ച്, അച്ചടിക്കപ്പെടുന്ന ഓരോ പുസ്തകത്തിലും അച്ചടിക്കാരന്റേയോ, കഴിയുമെങ്കിൽ രചയിതാവിന്റെ തന്നെയോ പേരുണ്ടായിരിക്കണമായിരുന്നു. ദൈവദൂഷണപരമോ പരദൂഷണപരമോ ആയ രചനകളെ പ്രസിദ്ധീകരണത്തിനു ശേഷമാണെങ്കിലും കണ്ടെത്തി നശിപ്പിക്കുക സാദ്ധ്യമാക്കുന്ന സ്ഥിതി ആയിരുന്നു അതെന്ന് മിൽട്ടൺ കരുതി.
ഉദ്ധരണികൾ
തിരുത്തുക- പുസ്തകങ്ങൾ വെറും ജഡവസ്തുക്കളല്ല; അവയ്ക്കു ജന്മം നൽകിയ ആത്മാവിലെ ഉയിരിന്റെ വല്ലഭത്വം അവയിലുണ്ട്; എന്നല്ല, അവയെ ജനിപ്പിച്ച ബുദ്ധിയുടെ ശക്തിയുടേയും സത്തയുടേയും അതിശുദ്ധരൂപത്തെ ചെറുകുപ്പിയിലെന്നപോലെ അവ സംവഹിക്കുന്നു.
- പുസ്തകത്തെ ഇല്ലാതാക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ ഒട്ടും കുറഞ്ഞ കൃത്യമല്ല. മനുഷ്യനെ കൊല്ലുന്നവൻ, ദൈവസാദൃശ്യമുള്ള ഒരു വിവേകസൃഷ്ടിയെ ഇല്ലാതാക്കുന്നു; പുസ്തകത്തെ നശിപ്പിക്കുന്നവനാകട്ടെ, ദൈവസാദൃശ്യത്തിന്റെ കണ്ണായ വിശേഷബുദ്ധിയെ തന്നെ കൊല്ലുന്നു.
- നല്ല പുസ്തകം ഒരു നായകചേതനയുടെ ജീവരക്തമാണ്; ജീവിതത്തിനപ്പുറമുള്ള ജീവനു വേണ്ടി അത് ബോധപൂർവം സ്വരുക്കൂട്ടി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.
- സിദ്ധാന്തബഹുലതയുടെ സമസ്തവാതങ്ങൾക്കുമൊപ്പം സത്യം കൂടി പോർക്കളത്തിൽ തുറന്നു വിടപ്പെട്ടിരിക്കുമ്പോൾ, ലൈസൻസുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന നാം അവളുടെ ശക്തിയിൽ സംശയം പ്രകടിപ്പിക്കുകയെന്ന തെറ്റു ചെയ്യുന്നു. സത്യത്തെ നുണയുമായി മല്ലടിക്കാൻ അനുവദിക്കുകയാണ് നമുക്കു ചെയ്യാവുന്നത്; സ്വതന്ത്രമായ തുറന്ന ഏറ്റുമുട്ടലിൽ സത്യം എന്നാണ് നുണയോടു തോറ്റിരിക്കുന്നത്?
- എതിരാളിയെ കുതിച്ചു ചാടി നേരിടുന്നതിനു പകരം പോരാട്ടത്തിൽ നിന്ന് ഒളിച്ചോടി സന്യാസിക്കാൻ പോകുന്ന നന്മയെ പുകഴ്ത്താൻ എനിക്കാവില്ല; നിത്യജീവന്റെ പുഷ്പഹാരത്തിനു വേണ്ടിയുള്ള ഒട്ടത്തിന്റെ വഴി, പൊടിയും ഉഷ്ണവും ഇല്ലാത്തതല്ല.
- സത്യം ഒരിക്കൽ അവളുടെ ദിവ്യനാഥനോടൊപ്പം ലോകത്തിലേക്കു വരുക തന്നെ ചെയ്തു. അപ്പോൾ അവൾ രൂപവതിയും നയനഹാരിയും ആയിരുന്നു: എന്നാൽ അവന്റെ ആരോഹണത്തിനും, ശിഷ്യന്മാരുടെ നിത്യനിദ്രയ്ക്കും ശേഷം പിറന്ന വഞ്ചകന്മാരുടെ വർഗ്ഗം......അവളുടെ കമനീയഗാത്രത്തെ സഹസ്രശകലങ്ങളായി ചീന്തി നാലു ദിക്കുകളിലും ചിതറിച്ചു. അക്കാലം മുതൽ സത്യത്തിന്റെ ദുഖിതരായ സ്നേഹിതർ, ഛിന്നമാക്കപ്പെട്ട അവളുടെ ശരീരത്തിന്റെ അംഗങ്ങൾ തേടി നടന്നു കിട്ടാവുന്നവ സ്വരുക്കൂട്ടി. അവ മുഴുവൻ ഇനിയും കണ്ടുകിട്ടിയിട്ടില്ല....അവളുടെ നാഥന്റെ രണ്ടാം വരവിനു മുൻപ് അവയെല്ലാം കണ്ടുകിട്ടാനും പോകുന്നില്ല[...]
- മറ്റെല്ലാ സ്വാതന്ത്ര്യത്തിനും ഉപരി സ്വതന്ത്രമായി മനഃസാക്ഷിയനുസരിച്ച് അറിയാനും, ഉരിയാടാനും, വാദിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്കു തരുക.[3]
അനന്തരഫലം
തിരുത്തുകഅരിയോപജിറ്റിക്കയിലൂടെ മിൽട്ടൺ നടത്തിയ അഭ്യർത്ഥനയ്ക്ക് പാർലമെന്റ് ചെവികൊടുത്തതേയില്ല. തുടർന്നു വന്ന വർഷങ്ങളിൽ, അനുമതിച്ചീട്ടില്ലാതെയുള്ള പ്രസിദ്ധീകരണത്തിനെതിരെ 1947, 1949, 1953 വർഷങ്ങളിൽ കൂടുതൽ കർക്കശമായ നിയമങ്ങൾ കൊണ്ടു വരുകയാണ് പാർലമെന്റ് ചെയ്തത്. "അരിയൊപഗറ്റിക്കാ"-യ്ക്ക് അനുമതി വാങ്ങാതിരുന്നതിന്റെ പേരിൽ മിൽട്ടനെതിരെ പരാതി ഉയർന്നപ്പോൾ അതു പരിശോധിക്കാനായി പ്രഭുസഭ രണ്ടു ന്യായാധിപന്മാരെ നിയോഗിച്ചു. അവരുടെ അന്വേഷണത്തിന്റെ ഫലം എന്തായിരുന്നു എന്നു വ്യക്തമല്ല. ഏതായാലും മിൽട്ടണ് ഉപദ്രവമൊന്നും ഉണ്ടായില്ല.[2]
കുറിപ്പുകൾ
തിരുത്തുക൧ ^ ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ നടപടിപ്പുസ്തകം, ആഥൻസിലെ ഈ നീതിപീഠത്തെ പൗലോസ് അപ്പസ്തോലന്റെ ദാർശനികമാനങ്ങളുള്ള ഒരു സുവിശേഷപ്രസംഗത്തിന്റെ വേദിയായി സങ്കല്പിക്കുന്നു.[4]
അവലംബം
തിരുത്തുക- ↑ William J Long, English Literature, Its History and Significance for the Life of English Speaking World(പുറം 213)
- ↑ 2.0 2.1 2.2 വിൽ, & ഏരിയൽ ഡുരാന്റുമാർ, ലൂയി 14-ആമന്റെ യുഗം, സംസ്കാരത്തിന്റെ കഥ എട്ടാം ഭാഗം(പുറങ്ങൾ 224-26)
- ↑ 3.0 3.1 ഫുൽബുക്സ്.കോം, അരിയോപജിറ്റിക്ക-യുടെ സമ്പൂർണ്ണ ഓൺലൈൻ പാഠം
- ↑ അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 17: 19-34