അരിയുണ്ട
കേരളീയമായ ഒരു മധുരപലഹാരമാണ് അരിയുണ്ട. അവലോസുണ്ട എന്നു പേരിലും ഇതറിയപ്പെടുന്നു. അരികൊണ്ടുണ്ടാക്കുന്നതിനാലും ഉണ്ടയുടെ രൂപം ഉള്ളതിനാലുമാണ് ഇതിന് ഈ പേരു ലഭിച്ചത്.
നിർമ്മാണം
തിരുത്തുകഅരി, ശർക്കര, ചിരകിയ തേങ്ങ എന്നിവയാണ് ഇതിന്റെ ചേരുവകൾ. പച്ചരി വെള്ളത്തിൽ കുതിർത്തുവാരിവച്ച് തോർന്നശേഷം ഇടിച്ചുപൊടിക്കണം. ആ പൊടി മുഴുത്ത തരിയുള്ളതായിരിക്കണം. അനന്തരം വിളഞ്ഞ തേങ്ങ ചിരകിയെടുത്ത് അരിപ്പൊടിയിൽ ചേർത്തിളക്കണം. പിന്നീട് ഉരുളിയിൽ അടുപ്പത്തുവച്ച് ഇളക്കി വറക്കണം. പാകത്തിനു പൊടി മൂത്തുകഴിഞ്ഞാൽ അതു വാങ്ങിവച്ച് തണുപ്പിക്കണം. പിന്നീട് ശർക്കര പാവുകാച്ചിയെടുത്ത് മേല്പറഞ്ഞ പൊടി അതിലിട്ട് ഇളക്കണം. ചൂടാറുന്നതിനു മുൻപ് ഉണ്ടകളാക്കി ഉരുട്ടണം. പാവ് ഇളംപാകമാണെങ്കിൽ അരിയുണ്ടകൾ കടുപ്പും കുറഞ്ഞതും മൂത്തപാകമാണെങ്കിൽ കടുപ്പംകൂടിയതുമായിരിക്കും. കടുപ്പംകൂടിയത് വളരെക്കാലം കേടുകൂടാതെയിരിക്കും. ശർക്കരയോടൊപ്പം ജീരകം, ചുക്കുപൊടി, ചെറുനാരങ്ങാനീര് എന്നിവയേതെങ്കിലും ചേർത്ത് രുചി വർധിപ്പിക്കാറുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അരിയുണ്ട എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |