അമർത്ത്യത
മരണമില്ലായ്മ എന്നർഥമുള്ള ഈ പദം സാധാരണയായി മനുഷ്യാത്മാവിന്റെ അനശ്വരതയെ സൂചിപ്പിക്കാൻ ഉപയോഗിച്ചുവരുന്നു. പ്രപഞ്ചത്തിലെ ഭൌതികവസ്തുക്കളെല്ലാം കുറെനാൾ നിലനിന്നശേഷം നശിച്ചുപോകുന്നു; എന്നാൽ നശ്വരങ്ങളായ ഈ പ്രപഞ്ചവസ്തുക്കൾക്കപ്പുറം അനശ്വരവും അഭൌമവും ആയ ഏതോ ഒന്നുണ്ടെന്ന് പ്രാകൃതകാലം മുതൽ മനുഷ്യൻ വിശ്വസിച്ചുപോന്നു. മതത്തിലും തത്ത്വദർശനത്തിലും സാധാരണ കൈകാര്യം ചെയ്യപ്പെടുന്ന ഒരു സംപ്രത്യയമാണ് അമർത്ത്യത.
മതവിശ്വാസങ്ങളിൽ
തിരുത്തുകആത്മാവ് അനശ്വരമാണെന്നും മരണാനന്തരം ഭൌതികശരീരത്തിൽനിന്ന് വേർപെട്ട് സ്വർഗത്തിലോ നരകത്തിലോ ഈശ്വരസന്നിധിയിലോ സ്ഥിതി ചെയ്യുമെന്നും മിക്കവാറും എല്ലാ മതങ്ങളും വിശ്വസിക്കുന്നു. പ്രാകൃത ജപ്പാൻജനത ആത്മാവിന്റെ അനശ്വരതയിൽ വിശ്വസിച്ചിരുന്നു. ഈജിപ്റ്റുകാർ, മരണാനന്തര യാത്രയിൽ ആത്മാവിനുവേണ്ടി വിപുലമായ ഒരുക്കങ്ങൾ ചെയ്യാറുണ്ട്. ശരീരത്തിൽ നിന്ന് വേർപെട്ട ഒരു സത്തയെപ്പറ്റി പുരാതന യഹൂദമതം വിഭാവനം ചെയ്തിരുന്നില്ല. മരണാനന്തരം മനുഷ്യാത്മാവ് ഭൂമിയിൽ ചുറ്റിക്കറങ്ങുന്നു എന്ന വിശ്വാസമാണ് പ്രാകൃതമതത്തിൽ ഉണ്ടായിരുന്നത്.
ഭൂമിയിലെ ജീവിതവും മരണാനന്തരജീവിതവുമായി ധാർമികബന്ധം ഉള്ളതായി പുരാതനകാലത്ത് വിശ്വസിച്ചിരുന്നില്ല എന്ന് നരവംശശാസ്ത്രജ്ഞനായ ഇ.ബി. ടൈലർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഭൂമിയിലെ പ്രവർത്തനഫലം മരണാനന്തരം അനുഭവപ്പെടുമെന്ന ഒരു സിദ്ധാന്തം പിന്നീടുണ്ടായി. ഭാരതീയ ദർശനത്തിൽ ഈ വിശ്വാസം നിലനില്ക്കുന്നു. ഈ വിശ്വാസം മധ്യയുഗത്തിലെ മിക്ക ക്രൈസ്തവർക്കും ഉണ്ടായിരുന്നു. നീതിമാൻമാർക്ക് ശാശ്വതമായ സ്വർഗീയ സൌഭാഗ്യവും പാപികൾക്ക് നിത്യനരകവും ലഭിക്കും എന്ന് യേശുക്രിസ്തു പഠിപ്പിച്ചു. ശാരീരികമായ ഉയിർത്തെഴുന്നേല്പിലുള്ള വിശ്വാസം ക്രിസ്തുവിന് തൊട്ടുമുൻപുള്ള ശതകങ്ങളിലാണ് ആരംഭിച്ചത്.
ഹിന്ദുമതത്തിന്റെ പുനർജന്മസിദ്ധാന്തം ആവിഷ്കൃതമായത് തിൻമ എന്ന പ്രശ്നത്തിന് ഒരു പരിഹാരം നേടുന്നതിലുള്ള ശ്രമത്തിലാണ്. ഓരോ ജൻമവും മുജ്ജൻമത്തിലെ കർമഫലമനുസരിച്ചായിരിക്കും എന്ന് ഹിന്ദുക്കൾ വിശ്വസിച്ചു. ആത്മസാക്ഷാത്കാരം വഴി മുക്തിനേടുന്നതുവരെ ഓരോ ആത്മാവും കർമചക്രത്തിൽ ബന്ധിക്കപ്പെട്ടുകിടക്കും. ഒരു മനുഷ്യൻ കീറിപ്പഴകിയ വസ്ത്രങ്ങളുപേക്ഷിച്ച് പുതിയ വസ്ത്രം ധരിക്കുന്നതുപോലെ, ആത്മാവ് ജീർണശരീരം വെടിഞ്ഞ് പുതിയ ശരീരത്തെ പ്രാപിക്കുന്നുവെന്ന് ഭഗവദ്ഗീതയിൽ പറയുന്നു. അർജുനനെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നതിന് ശ്രീകൃഷ്ണൻ ഉപയോഗിച്ച യുക്തി ആത്മാവിന്റെ അനശ്വരതയാണ്. യുദ്ധംകൊണ്ട് ശരീരത്തിനുമാത്രമേ നാശം സംഭവിക്കുകയുള്ളുവെന്നും ആത്മാവിന് നാശമില്ലെന്നും ശ്രീകൃഷ്ണൻ അർജുനനെ ഉദ്ബോധിപ്പിച്ചു. ജനനം മുതൽ ഒരു വ്യക്തിക്ക് പല വ്യത്യാസങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. മരണത്തിനുശേഷം പഴയ ശരീരത്തെ ഉപേക്ഷിച്ച് പുതിയ ശരീരത്തെ പ്രാപിക്കുന്നതും ഈ വ്യത്യാസത്തിനു തുല്യമാണ്.
തത്ത്വദർശനങ്ങളിൽ
തിരുത്തുകപൌരസ്ത്യപാശ്ചാത്യ ദർശനങ്ങളിൽ അനശ്വരതയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഭൌതികശരീരം നശിക്കുന്നുണ്ടെങ്കിലും ആത്മാവിന് നാശമില്ലെന്ന സിദ്ധാന്തത്തിൽ പല ദാർശനികരും വിശ്വസിക്കുന്നു. ഭാരതീയദർശനത്തിൽ ചാർവാക ദർശനശാഖയൊഴിച്ച് മറ്റെല്ലാ തത്ത്വമീമാംസാശാഖകളും ആത്മാവിന്റെ അമരത്വത്തെപ്പറ്റി പറയുന്നുണ്ട്. ബൌദ്ധദർശനം ആത്മാവിനെ നിഷേധിക്കുന്നുണ്ടെങ്കിലും മരണാനന്തര ജീവിതത്തിലും പുനർജൻമത്തിലും നിർവാണത്തിലും അത് വിശ്വസിക്കുന്നുണ്ട്. പാശ്ചാത്യദർശനത്തിൽ അമർത്ത്യതാസിദ്ധാന്തം പ്ലേറ്റോയുടെ ദർശനത്തിൽ കാണാം. ശരീരത്തിൽ അശരീരിയായ ആത്മാവുണ്ടെന്ന് പ്ളേറ്റോ വിശ്വസിച്ചു. ശരീരം നശിക്കുന്നതുവരെ ആത്മാവ് അതുമായി ബന്ധപ്പെട്ടിരിക്കും. ആത്മാവ് അശരീരിയാണെങ്കിലും അതിന് സ്വതന്ത്രമായി നിലനില്ക്കുവാൻകഴിവില്ല. അരിസ്റ്റോട്ടലിന്റെ അഭിപ്രായത്തിൽ യുക്തി അനശ്വരമാണ്. വ്യക്തികളുടെ അനശ്വരതയിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. കാരണം, ശരീരമില്ലാതെ ആത്മാവിന് നിലനില്പില്ലെന്ന് അദ്ദേഹം വാദിച്ചു. വ്യക്തികളുടെ മരണാനന്തര നിലനില്പിലും അനശ്വരതയിലും എപ്പിക്യൂറിയൻ ദാർശനികരും പെരിപാറ്ററ്റിക്കുകളും (peripatetics) സ്റ്റോയിക്കുകളും വിശ്വസിച്ചിരുന്നില്ല. യുക്തിയിൽ അധിഷ്ഠിതമായ പ്രപഞ്ചം അനശ്വരമാണെന്ന് സ്റ്റോയിക്കുകൾ വിശ്വസിച്ചു. സദാചാരത്തിന്റെ അടിസ്ഥാനത്തിൽ അമർത്ത്യതയെ സാധൂകരിക്കാൻ ശ്രമിച്ച ദാർശനികരിലൊരാളാണ് ഇമ്മാനുവൽ കാന്റ്. ആത്മാവിനെ നശിപ്പിക്കുക സാധ്യമല്ലെന്നും സത്ത ആത്മീയമായതുകൊണ്ട് നാശത്തിന് അതീതമാണെന്നും അദ്ദേഹം വാദിച്ചു.
ജോർജ് വില്യം ഫ്രഡറിക്ക് ഹെഗലിന്റെ അഭിപ്രായത്തിൽ ആത്മാവ് അനശ്വരമാണ്. എന്നാൽ വ്യക്തികളുടെ ആത്മാവിന്റെ നിലനില്പിനെപ്പറ്റി ഇദ്ദേഹം പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. വ്യക്തികളുടെ ആത്മാവ് അനശ്വരമാണെന്ന് സിസറൊ, വിശുദ്ധ അഗുസ്തിനോസ് എന്നിവർ വിശ്വസിച്ചിരുന്നു.
ആത്മാവ് അനശ്വരമാണെന്ന് ഇസ്ളാമിക ദാർശനികനായ അവിസെന്ന വിശ്വസിച്ചിരുന്നു. മറ്റൊരു ദാർശനികനായ അവറോസ് അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തോടു യോജിച്ചു. പരമസത്ത ഈശ്വരനാണെന്നും ഈശ്വരൻ അനശ്വരനാണെന്നും ആയിരുന്നു സ്പിനോസയുടെ വാദം. വ്യക്തികളുടെ അനശ്വരതയിൽ അദ്ദേഹവും വിശ്വസിച്ചിരുന്നില്ല. ആത്മീയ മോണാഡുകൾ (Spiritual monads) അടങ്ങിയതാണ് സത്ത എന്നും നിയതമോണാഡായ മനുഷ്യൻ ഈശ്വരന്റെ സൃഷ്ടിയായതുകൊണ്ട് ഈശ്വരന് അവനെ നശിപ്പിക്കാമെന്നും ലൈബ്നിറ്റ്സ് വാദിച്ചു.
ഭൌതികസിദ്ധാന്തം
തിരുത്തുകഎല്ലാം ഭൗതികവസ്തുക്കളാൽ നിർമിതമായതാണെന്ന ധാരണയിൽ ആത്മാവിന്റെ അനശ്വരതാസിദ്ധാന്തത്തെ ചില ചിന്തകർ എതിർത്തു. 20-ം ശതകത്തിലെ ഭൗതികവാദികൾ ഇക്കൂട്ടത്തിൽപെട്ടവരാണ്. ശരീരത്തിൽനിന്ന് വിഭിന്നമാണ് ആത്മാവ്; എങ്കിലും അവ രണ്ടും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ശരീരമില്ലാതെ ആത്മാവിന്റെ നിലനില്പ് സങ്കല്പിക്കുക സാധ്യമല്ല. ഭാരതീയ ദർശനത്തിൽ ഇതിനു പരിഹാരം കാണുന്നത് പുനർജൻമസിദ്ധാന്തത്തിലാണ്. പാശ്ചാത്യ ചിന്തകരിൽ പലരും പുനർജന്മത്തിൽ വിശ്വസിച്ചിരുന്നില്ല. ഭൗതിക സിദ്ധാന്തത്തിന്റെ സ്വാധീനത പാശ്ചാത്യ ദർശനത്തിൽ ഉണ്ടായതുകൊണ്ട് അമർത്ത്യതയിലുള്ള വിശ്വാസം കുറഞ്ഞു. ശരീരം പോലെതന്നെ ആത്മാവും അണുക്കൾകൊണ്ടുണ്ടാക്കപ്പെട്ടതാണെന്ന് എപ്പിക്യൂറിയൻ ദാർശനികർ വാദിച്ചു. ശരീരം നശിക്കുമ്പോൾ ആത്മാവിന്റെ അണുക്കളും നശിക്കുന്നു എന്ന സിദ്ധാന്തത്തെ ആധുനിക ഭൗതികവാദികൾ വികസിപ്പിച്ചു.
മതാനുയായികളും ദാർശനികരും അമർത്ത്യതയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും മരണാനന്തരം ആത്മാവ് നിലനില്ക്കുന്നുണ്ടെന്നും അത് അനശ്വരമാണെന്നും തെളിയിക്കപ്പെട്ടിട്ടില്ല.
അതീതമനഃശാസ്ത്രത്തിൽ
തിരുത്തുക1882-ൽ ലണ്ടനിൽ സ്ഥാപിതമായ സൈക്കിക്കൽ റിസർച്ച് സൊസൈറ്റി മനുഷ്യാത്മാവിന്റെ അത്ഭുതപ്രവർത്തനങ്ങളെക്കുറിച്ചും മറ്റും വളരെയധികം പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അതീതമനഃശാസ്ത്രം (Para-Psychology) എന്നൊരു ശാസ്ത്രശാഖതന്നെ രൂപംകൊണ്ടു . മരിച്ചവരുടെ ആത്മാക്കൾ വളരെ വർഷങ്ങൾ നിലനില്ക്കുമെന്ന സിദ്ധാന്തത്തെ ഇവർ പരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുന്നു. മനുഷ്യനിൽ മനസ്സെന്നോ ആത്മാവെന്നോ ഒന്നുണ്ടെന്നും അത് ശരീരസീമകൾക്കപ്പുറമാണെന്നും അതീത മനഃശാസ്ത്രം പ്രസ്താവിക്കുന്നു. പൂർവജന്മസ്മരണകൾ ചിലർക്കുണ്ടാകുന്നതായി കേൾക്കാറുണ്ട്. ഇതിനെപ്പറ്റി ഇന്ത്യയിലും യൂറോപ്പിലും ഗവേഷണങ്ങൾ നടത്തിവരുന്നു.
സുഷുപ്തി, സ്വപ്നം തുടങ്ങിയ പ്രതിഭാസങ്ങളെ പ്രാകൃത മനുഷ്യൻ തെറ്റായി വ്യാഖ്യാനിച്ചതിന്റെ ഫലമാണ് ആത്മാവിന്റെ അനശ്വരതയെപ്പറ്റിയുള്ള വിശ്വാസത്തിനു കാരണം എന്നും ചിലർ വാദിക്കുന്നു. വിവിധ മതങ്ങളും ദർശനശാഖകളും ആധുനികശാസ്ത്രവും ഗൌരവപൂർവം പഠനവിഷയമാക്കിയിരിക്കുന്ന അമർത്ത്യതയെപ്പറ്റി നവീനാശയങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമർത്ത്യത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |