ഈജിപ്റ്റിലെ ഫറോ ആയിരുന്ന അഖ്നാതെൻ ബി.സി. 1375-70-ൽ ഉത്തര ഈജിപ്തിൽ നൈൽ നദിയുടെ കിഴക്കേ കരയിൽ പുതുതായി സ്ഥാപിച്ച തലസ്ഥാനനഗരത്തിൽ നിന്നും 19-ം ശതകത്തിന്റെ അന്ത്യത്തിൽ കണ്ടെടുക്കപ്പെട്ട ശില്പങ്ങളെ അമർണാശില്പങ്ങൾ എന്നു പറയുന്നു.

അമർണായിലെ രാജകുമാരി അമർണാശില്പം

ഭൂഗർഭസ്ഥമായ പുരാവസ്തുക്കളുടെ സാന്നിധ്യത്തെ കുറിക്കുന്ന നിരവധി കുന്നുകൾ ഉള്ള ഈ പ്രദേശം ഇന്ന് ടെൽ-എൽ-അമർണാ എന്നാണ് അറിയപ്പെടുന്നത്. തൽ എന്ന പദം കുന്നുപോലുള്ള ഭൂപ്രകൃതിയെ സൂചിപ്പിക്കുന്നു. 1887-ൽ ആ പ്രദേശത്ത് കുഴി തോണ്ടിക്കൊണ്ടിരുന്ന ഒരു കർഷകസ്ത്രീ യാദൃച്ഛികമായി ഒരു ശിലാഫലകം കണ്ടെത്തി. അക്കേദിയൻ ചിത്രാക്ഷര സമ്പ്രദായത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ആ ഫലകമാണ് അമർണായിലെ കുന്നുകൾക്കുള്ളിൽ അടങ്ങിയിരുന്ന ചരിത്രാവശിഷ്ടങ്ങളെ കുറിച്ചുള്ള സൂചന ലോകത്തിന് നല്കിയത്. 1891-92-ൽ സർ ഫ്ളിൻഡേഴ്സ് പെത്രെ (Sir Finders Petrie) ആണ് ആ പ്രദേശം തെളിച്ചെടുത്ത് ഗവേഷണവിധേയമാക്കിയത്. തുടർന്ന് ബ്രിട്ടിഷ്-ജർമൻ പുരാവസ്തുഗവേഷകരും അവിടെ ഭൂഖനനം ചെയ്ത്, നഷ്ടപ്പെട്ടുപോയ ആ തലസ്ഥാനനഗരിയുടെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുക്കുകയുണ്ടായി. നൈൽനദീതീരത്ത് ഏതാണ്ട് എട്ട് കിലോമീറ്ററോളം ഭൂഖനനം നടത്തി അവർ അമർണാനഗരത്തിന്റെ പൂർവരൂപം കണ്ടെത്തിയിട്ടുണ്ട്.

അമർണാലിഖിതങ്ങൾ

സൂര്യദേവന് സമർപ്പിച്ചിട്ടുള്ള ദേവാലയം, രാജവീഥികൾ, കൊട്ടാരങ്ങൾ, ഉദ്യാനങ്ങൾ എന്നിവയുടെ സ്ഥാന നിർണയനം ചെയ്യുവാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. വെയിലിൽ ചുട്ടെടുത്ത ഇഷ്ടികകൊണ്ടാണ് കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. രാജകീയമന്ദിരങ്ങളുടെ ഭിത്തികളും തറകളും തട്ടുകളും വർണോജ്ജ്വലങ്ങളും യഥാതഥ ശൈലിയിൽ രചിതങ്ങളുമായ നിരവധി ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കപ്പെടുന്നതായി അനുമാനിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രത്യേക ശൈലിയിലുള്ള പ്രതിമകളുടെ അവശിഷ്ടങ്ങളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ അമർണാ നഗര സ്ഥാപനത്തിൽ അഖ്നാതെന് പ്രേരണയും പ്രോത്സാഹനവും നല്കിയിരുന്ന അദ്ദേഹത്തിന്റെ ഭാര്യ നെഫർറ്റെറ്റിയുടെ ഒരു പൂർവകായ ശിലാപ്രതിമയും ഉൾപ്പെടുന്നു. ഇവിടെനിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള 350 ഫലകങ്ങളിൽ ചിത്രാക്ഷരലിപിയിലുള്ള ആലേഖ്യങ്ങളാണുള്ളത്. ഇവയ്ക്ക് പൊതുവേ അമർണാലിഖിതങ്ങൾ എന്നു പറയുന്നു. ഇവയിൽനിന്നും ബി.സി. 1400-നും 1360-നും ഇടയ്ക്കുള്ള കാലഘട്ടത്തിലെ, പലസ്തീൻ സിറിയ പ്രദേശങ്ങളെ സംബന്ധിച്ച, പല പ്രധാന വിവിരങ്ങളും അറിയാൻ കഴിഞ്ഞിട്ടുണ്ട്. അമൻഹോട്ടപ് III, അഖ്നാതെൻ എന്നീ ഫറോമാരും അവരുടെ ഏഷ്യൻ അധിനിവേശ മേഖലയിലെ ഗവർണർമാരും തമ്മിൽ നടത്തപ്പെട്ടിട്ടുള്ള കത്തിടപാടുകളും ഇക്കൂട്ടത്തിൽപെടുന്നു. അതുപോലതന്നെ ആ കാലഘട്ടത്തിലെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ പല വസ്തുതകളും ഈ ലിഖിതങ്ങളിൽനിന്ന് ലഭ്യമായിട്ടുണ്ട്. ചുരുക്കത്തിൽ ഈ ശിലാഫലകങ്ങൾ ബി.സി. 14-ം ശതകത്തിന്റെ ആദ്യദശകങ്ങളിൽ മധ്യപൌരസ്ത്യദേശത്ത് നിലനിന്നിരുന്ന ജനജീവിതത്തിന്റെ സംക്ഷിപ്തമെങ്കിലും സമഗ്രമായ ഒരു രൂപരേഖ പ്രകാശിപ്പിക്കുന്നു. ആ കാലഘട്ടത്തേയും അന്നവിടെ നിലനിന്നിരുന്ന കലാപ്രസ്ഥാനത്തേയും മറ്റ് സാംസ്കാരിക നേട്ടങ്ങളേയും സൂചിപ്പിക്കുവാൻ ഇന്ന് അമർണാ എന്ന സംജ്ഞ ഉപയോഗിക്കാറുണ്ട്. അമർണാശൈലി എന്നൊരു പ്രയോഗംതന്നെ കലാസാംസ്കാരികരംഗത്ത് നടപ്പായിട്ടുണ്ട്.[1][2][3]

  1. http://www.heptune.com/art.html
  2. http://www.ancientegyptonline.co.uk/amarnaart.html
  3. http://katherinestange.com/egypt/gallery.htm
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമർണാശില്പങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമർണാശില്പങ്ങൾ&oldid=2311310" എന്ന താളിൽനിന്ന് ശേഖരിച്ചത്