അമരങ്കാവ് വനദുർഗ്ഗാക്ഷേത്രം
തൊടുപുഴ നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു കാവാണ് അമരങ്കാവ് വനദുർഗ്ഗാ ദേവീക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കാവ് മൂന്നേക്കറിലായി വ്യാപിച്ചുകിടക്കുന്നു. പശ്ചിമഘട്ടത്തിലെ തനത് സസ്യങ്ങളാലും വൃക്ഷങ്ങളാലും കാവ് സമ്പന്നമാണ്. തമ്പകം, ഈട്ടി, പാല, മരോട്ടി, മടയ്ക്ക, ജാതി, ആഞ്ഞിലി തുടങ്ങി ധാരാളം മരങ്ങൾ ഇവിടെ കാണാം. മരങ്ങളെ ചുറ്റിപിടിച്ചുകിടക്കുന്ന വള്ളികളും ചെറിയ ചെടികളും കൂടിയാകുമ്പോൾ ഒരു വനത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ അമരങ്കാവിനാകുന്നു. പാറച്ചാത്തൻ (ഒരു തരം പറക്കും അണ്ണാൻ), മരപ്പട്ടി, വെരുക് തുടങ്ങിയ ജീവികളെ കാവിൽ കണ്ടിട്ടുണ്ട്. ഒരു കാലം വരെ കുരങ്ങന്മാരും ഇവിടെ ഉണ്ടായിരുന്നു. കിന്നരിപ്പരുന്ത്, തേൻകൊതിച്ചിപ്പരുന്ത്, നീലത്തത്ത, ചിന്നത്തത്ത, ഓമനപ്രാവ് തുടങ്ങി ധാരാളം പക്ഷികളെയും രേഖപ്പെടുത്തിയിട്ടുണ്ട്.[1]