അഭേദാനന്ദ സ്വാമികൾ
ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനും സ്വാമി വിവേകാനന്ദന്റെ ആത്മീയ സോദരനും ആയിരുന്ന പ്രശസ്തനായ ആധ്യാത്മിക നേതാവായിരുന്നു അഭേദാനന്ദ സ്വാമികൾ. 1866 ഒക്ടോബർ 2-ന് രാസിക്ലാൽ ചന്ദ്രയുടെയും നയൻതാരയുടെയും പുത്രനായി ജനിച്ചു. ജന്മസ്ഥലമായ കൽക്കട്ടയിൽതന്നെ സർവകലാശാലാ വിദ്യാഭ്യാസം നടത്തി. 1886-ൽ ഇദ്ദേഹം സന്ന്യാസം സ്വീകരിച്ചു. വേദാന്തത്തെക്കുറിച്ച് പ്രസംഗിക്കുന്നതിന് 1896-ൽ ലണ്ടൻ സന്ദർശിച്ചു. 1897-ൽ ഇദ്ദേഹം ന്യൂയോർക്കിൽ ഒരു വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. ഇംഗ്ലണ്ട്, യു.എസ്., കാനഡ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രസംഗപരമ്പരകൾ നടത്തിയിട്ടുണ്ട്. 1921-ൽ കൽക്കത്തയിൽ മടങ്ങിയെത്തിയശേഷം രാമകൃഷ്ണവേദാന്തസൊസൈറ്റി സ്ഥാപിച്ചു. മരണം വരെ ഇതിന്റെ പ്രസിഡന്റുപദം ഇദ്ദേഹം അലങ്കരിച്ചിരുന്നു. കൂടാതെ ഡാർജീലിങ്ങിലും സാൽക്കിയിലും ഉള്ള രാമകൃഷ്ണവേദാന്താശ്രമങ്ങളുടെ പ്രസിഡന്റും ആയിരുന്നു ഇദ്ദേഹം. മുസഫർ പൂരിലെ രാമകൃഷ്ണവിവേകാനന്ദാശ്രമത്തിന്റെ പ്രസിഡന്റു പദവും ഇദ്ദേഹത്തിനായിരുന്നു. ബേലൂർ മഠം, രാമകൃഷ്ണാമിഷൻ എന്നിവയുടെ ട്രസ്റ്റി എന്ന നിലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അഭേദാനന്ദ സ്വാമികൾ | |
---|---|
ഗുരു | രാമകൃഷ്ണപരമഹംസൻ |
തത്വസംഹിത | വേദാന്തം |
പുനർജന്മം, യോഗിയാകുന്നതെങ്ങിനെ?, മനുഷ്യന്റെ ദൈവികപാരമ്പര്യം തുടങ്ങി നിരവധി കൃതികളും ബംഗാളിയിലും ഇംഗ്ളീഷിലും വളരെയേറെ ലഘുലേഖകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രാമകൃഷ്ണവേദാന്തസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധപ്പെടുത്തുന്ന വിശ്വവാണി (Biswa-bani) എന്ന സചിത്രബംഗാളിമാസികയുടെ സ്ഥാപകനും പത്രാധിപരും അഭേദാനന്ദസ്വാമികളായിരുന്നു. 1939 സെപ്റ്റംബർ 8-ന് സ്വാമികൾ സമാധിയടഞ്ഞു.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഭേദാനന്ദ സ്വാമികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |