അബ്ദുൾ റസൂൽ സയ്യഫ്
1980-കളിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് സൈന്യത്തിനെതിരെ പോരാടിയ ഒരു യാഥാസ്ഥിതിക ഇസ്ലാമിക പ്രതിരോധകക്ഷിയായ ഇത്തിഹാദ്-ഇ ഇസ്ലാമി ബരായെ അസാദി-യി അഫ്ഗാനിസ്താന്റെ (ഇസ്ലാമിക് യൂണിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ) നേതാവാണ് അബ്ദുൾ റസൂൽ സയ്യഫ്. (ഉസ്താദ് അബുൾ റാബി റസൂൽ സയ്യഫ് [3], അറബി: عبد رب الرسول سیاف, ജനനം: 1946, പാഗ്മാൻ താഴ്വര).
ഉസ്താദ് അബ്ദുൾ റബി റസൂൽ സയ്യഫ് | |
---|---|
ജനനം 1946 (വയസ്സ് 78–79) | |
അബ്ദുൾ റസൂൽ സയ്യഫ് (ഇടത്), തന്റെ ഒരു പ്രധാന സൈന്യാധിപനായ അബ്ദുള്ളയോടൊപ്പം. അഫ്ഗാനിസ്താനിലെ പാക്ത്യ പ്രവിശ്യയിലെ ജാജിയിൽ നിന്നും 1984-ൽ എടുത്ത ചിത്രം | |
അപരനാമം | അബ്ദുൾ റസൂൽ സയ്യഫ്[1] അബ്ദിറബ് റസൂൽ സയ്യഫ് അബ്ദുൾ റബ് റസൂൽ സയ്യഫ് അബ്ദുൾ റബ്ബ് അൽ റസൂൽ സയ്യഫ് |
ജനനസ്ഥലം | പാഗ്മാൻ[2], അഫ്ഗാനിസ്താൻ |
പദവി | സേനാനായകൻ |
അഫ്ഗാനിസ്താനിലെ പോരാട്ടം അറബ് ലോകത്തേക്കെത്തിക്കാനും, അറബിനാടുകളിൽ നിന്നും മുജാഹിദീനുകളെ അഫ്ഗാനിസ്താനിലെത്തിക്കുന്നതിലുമുള്ള പ്രവർത്തനങ്ങളിൽ അബ്ദുൾ റസൂൽ സയ്യഫ് മുഖ്യപങ്കുവഹിച്ചു. സൗദി-ഈജിപ്‌ഷ്യൻ-അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് 1996-ൽ സുഡാനിൽ നിന്നും പലായനം ചെയ്യേണ്ടിവന്ന ഒസാമ ബിൻ ലാദനെ അഫ്ഗാനിസ്താനിലേക്ക് ആദ്യമായി സ്വാഗതം ചെയ്യത് അബ്ദുൾ റസൂൽ സയ്യഫ് ആണെന്ന് കരുതുന്നു.[4]
താലിബാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും സയ്യഫിന്റെ കക്ഷി, താലിബാന്റെ എതിരാളികളായ വടക്കൻ സഖ്യത്തിൽ അംഗമായിരുന്നു. വടക്കൻ സഖ്യത്തിന്റെ സൈനികനേതാവായിരുന്ന അഹ്മദ് ഷാ മസൂദിന്റെ കൊലപാതകികൾക്ക് സഹായം നൽകി, വടക്കൻ സഖ്യത്തെ വഞ്ചിച്ചെന്നും സയ്യഫിനെതിരെ ആരോപണമുണ്ട്.[1][5] 2005-ൽ സയ്യഫിന്റെ നേതൃത്വത്തിലുള്ള ഇത്തിഹാദി ഇസ്ലാമി കക്ഷി, ഇസ്ലാമിക് ദാവാ ഓർഗനൈസേഷൻ ഓഫ് അഫ്ഗാനിസ്താൻ എന്ന ഒരു രാഷ്ട്രീയകക്ഷിയായി പുനഃസംഘടിപ്പിച്ചു.
ജീവിതരേഖ
തിരുത്തുക1946-ൽ കാബൂളിന് പടിഞ്ഞാറുള്ള പാഗ്മാനിൽ ജനിച്ച അബ്ദുൾ റസൂൽ സയ്യഫ്, കെയ്രോയിലെ അൽ-അസർ സർവകലാശാലയിലാണ് പഠനം നടത്തിയത്. പിൽക്കാലത്ത് കാബൂളിൽ ഒരു അദ്ധ്യാപകനായി. മുഹമ്മദ് ദാവൂദ് ഖാന്റെ ഭരണകാലത്ത്, ഇസ്ലാമികവാദികളെ അടിച്ചമർത്തുന്ന നടപടിയുടെ ഭാഗമായി, 1975-ൽ സയ്യഫ് അറസ്റ്റ് ചെയ്യപ്പെട്ടു. ജോർജ് വാഷിങ്ടൻ സർവകലാശാലയിൽ നിയമപഠനത്തിന് പോകാനായി വിമാനത്തിൽ കയാറാൻ തുടങ്ങുമ്പോഴായിരുന്നു ഈ അറസ്റ്റ്. തുടർന്ന് തടവിലായിരുന്ന ഇദ്ദേഹം, പിൽക്കാല കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായ ഹഫീസ് അള്ളാ അമീനുമായുള്ള ബന്ധുത്വം മൂലം 1979-ലെ ജയിൽ കൂട്ടക്കുരുതിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു.
1980-ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ സയ്യഫ് പെഷവാറിലെത്തുകയും അവിടെ, പ്രതിരോധകക്ഷികളുടെ സംയുക്തസഖ്യമായിരുന്ന ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താന്റെ വക്താവായി. രണ്ടുവർഷത്തെ കാലാവധിക്കു ശേഷം, ഈ സ്ഥാനമൊഴിയാൻ വിസമ്മതിച്ച റസൂൽ സയ്യഫിനെ നിർബന്ധപൂർവ്വം സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു. ഇതോടെ അബ്ദുൾ റസൂൽ സയ്യഫ് പുതിയ സംഘടന ആരംഭിച്ചു. മാത്രമല്ല ഈ സംഘടനക്ക് സംയുക്തസഖ്യത്തിന്റെ അതേ പേരും (ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ) ഉപയോഗിച്ചു. സംഘടനയിലെ പ്രവർത്തനപരിചയമുപയോഗിച്ച് അറബ് രാജ്യങ്ങളിൽ നിന്നും തുടർന്നും ധാരാളം ധനം സമാഹരിക്കുന്നതിൽ ഇദ്ദേഹം വിജയിച്ചു.
1985-ൽ പ്രതിരോധകക്ഷികൾ, ഇസ്ലാമിക് അലയൻസ് ഓഫ് അഫ്ഗാൻ മുജാഹിദീൻ എന്ന സഖ്യം രൂപീകരിച്ചപ്പോൽ സയ്യഫ് ഇതിന്റെയും അദ്ധ്യക്ഷനായി. സിബ്ഗത്തുള്ള മുജദ്ദിദി ആയിരുന്നു ഈ സഖ്യത്തിന്റെ ഉപാദ്ധ്യകക്ഷൻ.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 John Lee Anderson (2002). The Lion's Grave (November 26, 2002 ed.). Atlantic Books. pp. 224. ISBN 1843541181.
- ↑ 2.0 2.1 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 315–316. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Ustad Abdul Rasul Sayyaf". GlobalSecurity.org. Page last modified: 27-04-2005 17:30:56 Zulu. Retrieved 2008-04-21.
{{cite web}}
: Check date values in:|date=
(help) - ↑ Wright, Lawrence (2006). The Looming Tower. Vintage Books. pp. 116–117.
- ↑ Layden-Stevenson, Justice. "Hassan Almrei and the Minister of Citizenship and Immigration and Solicitor General for Canada", "Reasons for Order and Order", December 5, 2005