അബ്ദുൽ ഹഖ്
പ്രശസ്തനായ ഒരു ഉർദുഗദ്യകാരനായിരുന്നു അബ്ദുൽ ഹഖ്. 1910-ൽ അലഹാബാദിൽ ജനിച്ചു. അലഹബാദ്, ഡൽഹി, ലക്നൌ എന്നീ സർവകലാശാലകളിൽ പഠിച്ച ഇദ്ദേഹം, ഉർദുവിൽ എം.എ. ബിരുദവും, ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. പിൽക്കാലത്ത് ഇദ്ദേഹം പാകിസ്താൻ പൌരത്വം സ്വീകരിച്ച് കറാച്ചിയിൽ താമസമാക്കി.
ഗവേഷകൻ എന്ന നിലയിൽ അബ്ദുൽ ഹഖിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്. ദക്ഖിനി ഉർദു എന്ന പ്രാദേശിക ഭാഷാരൂപത്തെപ്പറ്റി വിശദാധ്യയനം നടത്തുകയും അതിന്റെ ഉദ്ഭവം, വളർച്ച, വികാസം, ഇതര ഭാഷകളോടുള്ള സാദൃശ്യം എന്നിവയെക്കുറിച്ച് അര ഡസനോളം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. ഡൽഹിയിലെ ടക്സാലീ സബാൻ എന്ന ദേശ്യഭാഷയെ ആധാരമാക്കി ഇദ്ദേഹം നടത്തിയ പഠനം ആ ഭാഷയെ സംബന്ധിക്കുന്ന പല നൂതന വസ്തുതകളും വെളിച്ചത്തു കൊണ്ടുവരാൻ സഹായകമായി. ഇദ്ദേഹത്തിന്റെ റിസാല ഉർദു എന്ന ഗവേഷണഗ്രന്ഥം ഭാഷാശാസ്ത്രവിദ്യാർഥികൾക്ക് അനുപേക്ഷണീയമായ ഒരു ആധാര ഗ്രന്ഥമായിത്തീർന്നിട്ടുണ്ട്.
സാഹിത്യ വിമർശകൻ, പ്രബന്ധകാരൻ എന്നീ നിലകളിലും ഹഖ് പ്രസിദ്ധനാണ്. പാശ്ചാത്യ സാഹിത്യ നിരൂപണരീതികൾ ഉർദുവിൽ വളർത്തിയെടുക്കാൻ ശ്രമിച്ച അപൂർവം ഉത്തിഷ്ഠമതികളിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പ്രധാനസാഹിത്യ പ്രബന്ധങ്ങൾ ചന്ദ്തങ്കീദാതേ എന്ന ഗ്രന്ഥത്തിൽ സമാഹരിച്ചിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്ദുൽ ഹഖ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |