അബ്ദുല്ല കുത്തുബ് ഷാ

(അബ്ദുല്ല കുത്തുബ്‌ ഷാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാമിനി വംശത്തിന്റെ പതനത്തെത്തുടർന്ന് സ്വതന്ത്രരാജ്യമായിത്തീർന്ന ഗോൽക്കൊണ്ടയിൽ ഭരണം നടത്തിയ കുത്തുബ് ഷാഹി വംശത്തിലെ രാജാവ്. പതിമൂന്നാമത്തെ വയസ്സിൽ സ്ഥാനാരോഹണം നടത്തി. അലസനും ആഡംബരപ്രിയനുമായ അബ്ദുല്ല കുത്തുബ് ഷാ ഭരണകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നില്ല. ആദ്യം മാതാവും പിന്നീട് ജാമാതാവും ഭരണകാര്യങ്ങൾ നടത്തിവന്നു. മുഗൾചക്രവർത്തിമാരുമായി ഇദ്ദേഹത്തിന് പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. 1636-ൽ ഗോൽക്കൊണ്ട ആക്രമിക്കാൻ പുറപ്പെട്ട ഷാജഹാൻ ചക്രവർത്തിയുടെ മേല്ക്കോയ്മ ഇദ്ദേഹം അംഗീകരിക്കുകയും ചക്രവർത്തിക്ക് കപ്പം കൊടുക്കുകയും ചെയ്തു. അറംഗസീബ് ഡക്കാണിൽ വൈസ്രോയി ആയിരുന്നപ്പോൾ കുത്തുബ് ഷായ്ക്കെതിരെ മീർജുംലയെ (കുത്തുബ്ഷായുടെ പ്രധാനമന്ത്രി) സഹായിക്കുകയും ഗോൽക്കൊണ്ട ആക്രമിക്കുകയും ചെയ്തു. ഗോൽക്കൊണ്ടയെ നിശ്ശേഷം കീഴടക്കണമെന്ന് അറംഗസീബ് ആഗ്രഹിച്ചെങ്കിലും ഷാജഹാന്റെ നിർദ്ദേശപ്രകാരം ഈ ഉദ്യമത്തിൽനിന്നും പിൻവാങ്ങി. ഇക്കാലത്ത് കുത്തുബ്ഷായെ വധിക്കാനുള്ള ഒരു ശ്രമം നടന്നു (1656). പക്ഷേ, ഇദ്ദേഹം രക്ഷപ്പെട്ടു. പിന്നീട് മരണംവരെ തന്റെ കൊട്ടാരത്തിൽ നിന്ന് പുറത്തുപോയില്ല. ഔറംഗസീബ് തന്ത്രപൂർവം തന്റെ മകനെക്കൊണ്ട് കുത്തുബ്ഷായുടെ മകളെ വിവാഹം ചെയ്യിക്കുകയും ഇദ്ദേഹത്തിന്റെ പിൻഗാമിയാക്കുകയും ചെയ്തു. രാജ്യത്തിന്റെ ഫലപുഷ്ടിയും, ഉരുക്ക്, വൈരം നിക്ഷേപങ്ങളും, തുണിവ്യവസായവും, മസൂലിപട്ടണത്തെ വിദേശവ്യാപാരവും കുത്തുബ്ഷായുടെ കാലത്ത് ഗോൽക്കൊണ്ടയെ ഒരു സമ്പന്നരാജ്യമെന്ന നിലയിൽ ഉയർത്തിയിരുന്നു.

അബ്ദുല്ല കുത്തുബ് ഷാ
The Seventh Sultan of Qutb Shahi dynasty
ഭരണകാലം1625—1672
മുൻ‌ഗാമിSultan Muhammad Qutb Shah
പിൻ‌ഗാമിAbul Hasan Qutb Shah
പിതാവ്Sultan Muhammad Qutb Shah
അബ്ദുല്ല കുത്തുബ്‌ ഷായുടെ ശവകുടീരം (ഹൈദരാബാദ്)

ഉർദുവിലും പേർഷ്യനിലും ദക്ഖിനിയിലും കുത്തുബ്ഷാ നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ഉർദുവിലെ ആരംഭകാല കവികളുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന് സമുന്നതമായ സ്ഥാനമാണുള്ളത്. സൂഫീകവികളുടെ നിഗൂഢാത്മകരീതിയിൽ ഇദ്ദേഹം എഴുതിയ ഗാനങ്ങളും കവിതകളും ആശയപുഷ്കലങ്ങളും കലാസുഭഗങ്ങളുമാണ്. കുത്തുബ്ഷായുടെ കൃതികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുല്ല കുത്തുബ് ഷാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുല്ല_കുത്തുബ്_ഷാ&oldid=3918248" എന്ന താളിൽനിന്ന് ശേഖരിച്ചത്