അബുൽ ഹസൻ താനാഷാ
ഉർദു കവിയും ഗോൽക്കൊണ്ടയിലെ അവസാനത്തെ പാദുഷയുമായിരുന്നു അബുൽ ഹസൻ താനാഷാ (1639 - 1704). പേർഷ്യൻ, അറബി, ഉർദു എന്നീ ഭാഷകളിൽ അഗാധപാണ്ഡിത്യം നേടിയിരുന്ന താനാഷാ തന്റെ ദർബാറിൽ നിരവധി കവികൾക്കും പണ്ഡിതന്മാർക്കും സ്ഥാനം നല്കി. അബ്ദുല്ല കുത്ബ് ഷാ എന്ന ചക്രവർത്തി മരിച്ചപ്പോൾ താനാഷാ ഗോൽക്കൊണ്ടയിലെ പാദുഷയായിത്തീർന്നു. ഭരണകാര്യങ്ങളെക്കാൾ സാഹിത്യാദികലകളോടായിരുന്നു ഇദ്ദേഹത്തിന് കൂടുതൽ താത്പര്യം.
ശക്തമായ ശൈലിയിൽ വർണനാത്മകമായ കവിതകളെഴുന്നതിൽ താനാഷാ സമർഥനായിരുന്നു. ദേശീയോത്സവങ്ങൾ, മതസംസ്കാരങ്ങൾ എന്നിവയെപ്പറ്റി ഇദ്ദേഹം രചിച്ചിട്ടുള്ള കവിതകളിൽ സമകാലീനസാംസ്കാരിക കാര്യങ്ങൾ പ്രതിബിംബിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഗസലുകൾ ശൃംഗാരരസസമ്പൂർണമാണ്. പ്രേമവിഹ്വലകളായ നായികമാരെ അവതരിപ്പിക്കുകയും അവരുടെ പ്രേമവിലാസങ്ങളെ വർണിക്കുകയും ചെയ്യുക ഇദ്ദേഹത്തിന്റെ കാവ്യവിനോദമായിരുന്നു. സംസ്കൃതത്തിലെ ക്ളാസിക് രീതിയുടെ സ്വാധീനം താനാഷായുടെ കവിതകളിൽ പ്രകടമായി കാണാം. ഉർദു കവിതയിൽ ആധുനിക രൂപഭാവങ്ങൾ ഉരുത്തിരിയാൻ തുടങ്ങിയ അന്തരാളഘട്ടത്തിലെ പ്രമുഖകവി എന്ന നിലയിൽ താനാഷാ പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. 1704-ൽ ഇദ്ദേഹം നിര്യാതനായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബുൽ ഹസൻ താനാഷാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |