അബൂ സിംബൽ
ഈജിപ്റ്റിലെ അസ്വാൻ പ്രവിശ്യയിൽ (പ്രാചീനകാലത്തെ നൂബിയ) കൊറോസ്കോയ്ക്ക് 90 കി.മീ. തെക്ക് നൈൽനദിയുടെ പടിഞ്ഞാറെക്കരയിൽ ബി.സി. 1250 അടുപ്പിച്ച് റാംസസ് II-ആമൻ (ബി.സി. 1292-1225) പണികഴിപ്പിച്ച മൂന്ന് ദേവാലയങ്ങൾ. ഇപ്സാംബുൽ എന്നും ഇവയ്ക്ക് പേരുണ്ട്. നദിയുടെ വക്കിൽ നിന്ന് കുത്തനെ ഉയർന്നുനില്ക്കുന്ന കൂറ്റൻ പാറക്കെട്ട് കൊത്തിത്തുരന്നാണ് ഈ ക്ഷേത്രങ്ങൾ നിർമിച്ചിരിക്കുന്നത്.
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഈജിപ്റ്റ് ![]() |
Area | 41.7 ha (4,490,000 sq ft) |
മാനദണ്ഡം | i, iii, vi |
അവലംബം | 88 |
നിർദ്ദേശാങ്കം | 22°20′13″N 31°37′32″E / 22.3369°N 31.6256°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
Endangered | – |
നിർമ്മിതിതിരുത്തുക
ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ ഈജിപ്റ്റുകാരുടെ സൌരമൂർത്തികളായ തീബ്സിലെ ആമൺറേയുടേതും ഹെലിയോപ്പൊളിസിലെ റേ-ഹൊരാഹ്തേയുടേതുമാണ്. റേ-ഹോരാഹ്തേയുടെയും മെംഫിസിലെതയുടെയും വിഗ്രഹങ്ങൾക്ക് നടുവിൽ ഇവയുടെയെല്ലാം നിർമാതാവായ റാംസസ് II-ഠാമന്റെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നു. രാജത്വത്തോടുകൂടി ഐശ്വര്യഭാവവും അവകാശപ്പെട്ടിരുന്ന റാംസസിന്റെയും ആമൺ-റേയുടെയും വിഗ്രഹങ്ങളിൽ, രണ്ടു വിശാലമണ്ഡലങ്ങൾ കടന്നുവരുന്ന ഉദയസൂര്യന്റെ ആദ്യകിരണങ്ങൾ പതിയത്തക്കവണ്ണം പൂർവാഭിമുഖമായാണ് ഈ ക്ഷേത്രങ്ങൾ പണിയപ്പെട്ടിട്ടുള്ളത്. വിശാലമായ ശാലകളായി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ദേവാലയത്തിന്റെ അന്തർഭാഗം പാറക്കെട്ടുകളുടെ ഉള്ളിലേക്ക് 56.39 മീറ്റർ തുരന്നാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. നിസ്തുലമായ കലാസുഭഗതനിറഞ്ഞ അവയ്ക്കുള്ളിലെ ശില്പാലങ്കാരങ്ങൾ 20-ആം ശതകത്തിന്റെ മധ്യം കഴിഞ്ഞിട്ടും അന്യൂനമായിത്തന്നെ നിലകൊള്ളുന്നു. മതപരവും രാഷ്ട്രീയവുമായി പ്രാധാന്യമുള്ള രൂപശില്പങ്ങളാണിവ. രാജാവെന്നനിലയിൽ റാംസസ് ദൈവമായ തനിക്കുതന്നെ നിവേദ്യങ്ങൾ അർപ്പിക്കുന്നതാണ് അവയിലൊന്ന്. മറ്റു ചിലതിൽ അദ്ദേഹം സിറിയയിലും ലിബിയയിലും നൂബിയയിലും മറ്റും നേടിയ യുദ്ധവിജയങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.
പ്രധാനക്ഷേത്രംതിരുത്തുക
നദിയിൽനിന്നു കെട്ടിപ്പടുത്തിട്ടുള്ള കൽപ്പടവുകൾ കയറിത്തീരുമ്പോൾ കാണപ്പെടുന്ന റാംസസിന്റെ പ്രധാനപ്രതിമയുടെ ഉയരം 19.18 മീ. ആണ്. പിന്നീട് പ്സാമ്മെറ്റിക്കസ് II-ആമന്റെ ഭരണകാലത്ത് (ബി.സി. 594-89) കൂട്ടിചേർക്കപ്പെട്ട ചില ലിഖിതങ്ങൾ ഇതിന്റെയും മറ്റ് വിഗ്രഹങ്ങളുടെയും പീഠങ്ങളിൽ കാണാനുണ്ട്. കാരിയൻ, ഫിനീഷ്യൻ, ഗ്രീക് എന്നീ ലിപികളിലാണ് ഈ ലിഖിതങ്ങൾ. ഈ ഭാഷകളിൽ കണ്ടെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ലിഖിതങ്ങളാണിവയെന്നതിനു പുറമേ, ഇവയിലെ ലിപിവ്യവസ്ഥകളുടെ ആദ്യകാലവികാസചരിത്രമറിയാനും ഇത് സഹായിക്കുന്നു. രാഷ്ട്രീയ-സൈനിക ചരിത്രഗതികളെ സംബന്ധിക്കുന്ന പല അമൂല്യവിവരങ്ങളും ഇവയിൽനിന്നും ലഭ്യമാണ്. ഈ ക്ഷേത്രങ്ങളിൽ ഒന്നിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള സേനാനികളുടെ പേരുകളിൽനിന്ന് അന്നത്തെ ഈജിപ്തിലെ സൈന്യവ്യൂഹങ്ങളിൽ ഗ്രീക്കുകാരും ഉൾപ്പെട്ടിരുന്നതായി മനസ്സിലാക്കാം.
മറ്റു രണ്ടു ക്ഷേത്രങ്ങൾതിരുത്തുക
ഇതോടു ചേർന്നുള്ള മറ്റു രണ്ടു ക്ഷേത്രങ്ങളും ചെറുതാണ്. പ്രധാന ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇവയിൽ ഒന്ന് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ ഈജിപ്ഷ്യൻ പുരാണങ്ങളിലെ കാമധേനുവായ ഹാഥൊറിനെയും തന്റെ രാജ്ഞിയായ നെഫർറെറ്റിയെയും ആണ് റാംസസ് പ്രതിഷ്ഠിച്ചിട്ടുള്ളത്. പട്ടമഹിഷിയുടെയും സന്താനങ്ങളുടെയും കൂടെ നില്ക്കുന്ന റാംസസ് ഹാഥൊറിനെ ആരാധിക്കുന്ന ചിത്രീകരണവും ഇവിടെ കാണാം. ഏറ്റവും വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഈ ചൈത്യത്തെ പ്രധാന ദേവാലയത്തിൽനിന്ന് വേർതിരിച്ചിരിക്കുന്നത് ചെറിയ ഒരു നീരൊഴുക്കുചാൽ ആണ്.
പ്രധാന ക്ഷേത്രത്തിന്റെ തൊട്ടു തെ.വശത്താണ് മൂന്നാമത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാറ തുരന്നെടുത്ത ഒരൊറ്റ കക്ഷ്യയേ ഇതിൽ കാണാനുള്ളൂ. ചെറിയ ഒരു ഘോഷയാത്രാദൃശ്യമാണ് ഇതിന്റെ മതിലുകളിൽ ചിത്രണം ചെയ്തിരിക്കുന്നത്.
അസ്വാൻ അണക്കെട്ടിന്റെ നിർമ്മാണം ആലോചനയിലിരിക്കുന്ന കാലത്തുതന്നെ അബൂ സിംബൽ മുഴുവൻ ബൃഹത്തായ ജലസംഭരണിയിൽ ഉൾപ്പെട്ടു മുങ്ങിപ്പോകുമെന്ന് അതിന്റെ ആസൂത്രകന്മാർക്ക് അറിയാമായിരുന്നു. പുരാവസ്തുശാസ്ത്രപ്രാധാന്യമേറിയ ഇതിലെ അമൂല്യശില്പങ്ങൾ ഇപ്രകാരം നഷ്ടമായിപ്പോകാതിരിക്കാൻവേണ്ടി ഐക്യഅറബിറിപ്പബ്ളിക് യുനെസ്കോയുടെ സഹായം അഭ്യർഥിച്ചു. 1955-ൽ പല രാജ്യങ്ങളിൽനിന്നുമുള്ള പുരാവസ്തുശാസ്ത്രവിദഗ്ദ്ധന്മാരുടെ ഒരു സംഘം ഈ ക്ഷേത്രങ്ങളിലെ ശില്പങ്ങളും ചിത്രീകരണങ്ങളും ലിഖിതങ്ങളും പകർത്തി രേഖപ്പെടുത്താൻ തുടങ്ങി. ഈ പദ്ധതിക്ക് യു.എസ്. 16 ദശലക്ഷം ഡോളറാണ് സംഭാവന ചെയ്തത്. 1966 ആയപ്പോഴേക്കും ഇവിടത്തെ ബൃഹത്പ്രതിമകൾ പലതും ഖണ്ഡംഖണ്ഡമായി വാർന്നുമുറിച്ച് പഴയ നദീതടത്തിൽ നിന്ന് 60.96 മീ. മുകളിലുള്ള ഒരു പാറക്കെട്ടിൽ കൊണ്ടുവന്ന് കൂട്ടിയിണക്കി പുനഃപ്രതിഷ്ഠ നടത്തി. യുനെസ്കോയുടെ കീഴിൽ നടന്ന ഈ പ്രവർത്തനത്തിൽ അമ്പത് രാഷ്ട്രങ്ങൾ സഹകരിച്ചു.
1812-ൽ യൊഹാൻ ലുഡ്വിഗ് ബർക്ഹാർട് (Johan L.Burckhardt) എന്ന ജർമൻ പുരാവസ്തുശാസ്ത്രജ്ഞനാണ് ഈ ക്ഷേത്രസങ്കേതങ്ങൾ ആദ്യമായി കണ്ടെത്തിയത്. ഈ ദൃശ്യങ്ങൾ പൊതുജനപ്രാപ്യമാക്കിത്തീർത്തത് ജി.ബി. ബൽസോണിയ ആണ്.
കാലാവസ്ഥതിരുത്തുക
കോപ്പൻ-ഗെയ്ഗെർ കാലാവസ്ഥ തരംതിരിക്കൽ സംവിധാനം ഈ സ്ഥലത്തെ കാലാവസ്ഥ ചൂടൻ മരുഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്നു.
Abu Simbel പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 23.6 (74.5) |
26 (79) |
30.2 (86.4) |
35.3 (95.5) |
39.1 (102.4) |
40.6 (105.1) |
40.2 (104.4) |
40.2 (104.4) |
38.7 (101.7) |
36 (97) |
29.7 (85.5) |
24.9 (76.8) |
33.71 (92.73) |
പ്രതിദിന മാധ്യം °C (°F) | 16.4 (61.5) |
18.2 (64.8) |
22.1 (71.8) |
27 (81) |
31 (88) |
32.7 (90.9) |
32.7 (90.9) |
32.9 (91.2) |
31.4 (88.5) |
28.8 (83.8) |
22.7 (72.9) |
18.1 (64.6) |
26.17 (79.16) |
ശരാശരി താഴ്ന്ന °C (°F) | 9.2 (48.6) |
10.4 (50.7) |
14.1 (57.4) |
18.8 (65.8) |
23 (73) |
24.8 (76.6) |
25.3 (77.5) |
25.7 (78.3) |
24.2 (75.6) |
21.6 (70.9) |
15.8 (60.4) |
11.4 (52.5) |
18.69 (65.61) |
മഴ/മഞ്ഞ് mm (inches) | 0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
ശരാ. മഴ ദിവസങ്ങൾ | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 10 | 10 | 10 | 10 | 11 | 11 | 11 | 11 | 10 | 10 | 10 | 10 | 10.3 |
Source #1: Climate-Data.org[1] | |||||||||||||
ഉറവിടം#2: Weather to Travel[2] for sunshine and rainy days |
ചിത്രശാലതിരുത്തുക
- റാംസെസ് II ന്റെ ടെമ്പിൾ
- ടെമ്പിൾ ഓഫ് നെഫെർടറി
Earliest photo, 1854 by John Beasley Greene
Earliest photo, 1854 by John Beasley Greene
- RamessesOfferingToPtah crop.jpg
Ramesses offering to seated god Ptah. Frieze inside the Small Temple.
- അബു സിംബൽ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബൂ സിംബൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- ↑ "Climate: Abu Sinbil - Climate graph, Temperature graph, Climate table". Climate-Data.org. ശേഖരിച്ചത് 14 August 2013.
- ↑ "Abu Simbel Climate and Weather Averages, Egypt". Weather to Travel. ശേഖരിച്ചത് 12 July 2013.