ബി.സി. 4-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ യവനചിത്രകാരനായിരുന്നു അപ്പെല്ലസ്‍. അയോണിയയിലെ കൊഫോണിൽ ജനിച്ച ഇദ്ദേഹം മഹാനായ അലക്സാണ്ടറുടെ ആസ്ഥാനചിത്രകാരനായിരുന്നു. യവനചിത്രകലയുടെ സിരാകേന്ദ്രമായിരുന്ന സിസിയോണിൽ പാംഫിലോസിന്റെ കീഴിൽ ചിത്രരചന അഭ്യസിച്ചു. പിന്നീട് മാസിഡോണിയയിലെ ഫിലിപ്പ് രാജാവ് ഇദ്ദേഹത്തെ കൊട്ടാരം ചിത്രകാരനായി നിയമിച്ചു. ഫിലിപ്പിനെ തുടർന്ന് അലക്സാണ്ടർ ചക്രവർത്തിയായിരുന്നപ്പോഴും ഇദ്ദേഹം അരമനശില്പിയായി തുടർന്നു. അലക്സാണ്ടറുടെ ചിത്രം വരയ്ക്കുവാൻ അപ്പെല്ലസിനു മാത്രമേ അനുവാദം നൽകിയിരുന്നുള്ളു. എന്നാൽ ആ ചിത്രങ്ങളിൽ ഒന്നുംതന്നെ ഇന്ന് അവശേഷിച്ചിട്ടില്ല. അതുകൊണ്ട് അവയുടെ പ്രത്യേകത എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ ഇദ്ദേഹത്തെ സംബന്ധിച്ചു നിലനിന്നുവരുന്ന ഐതിഹ്യങ്ങൾ മാത്രമേ ഇന്ന് അവലംബമായിട്ടുള്ളൂ. ഐതിഹ്യങ്ങളിൽനിന്നു മനസ്സിലാക്കാവുന്നത് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ത്രിമാനപ്രതീതി ഉളവാക്കാൻ കഴിയുമായിരുന്നുവെന്നും അവ യാഥാർഥ്യബോധം ജനിപ്പിച്ചിരുന്നുവെന്നുമാണ്. ഇദ്ദേഹത്തിന്റെ ഇടിവാൾ ഏന്തിയ അലക്സാണ്ടർ[1] (Alexander Wielding a Thunderbolt) എന്ന ചിത്രത്തെ പ്ലിനി പ്രശംസിച്ചിട്ടുണ്ട്. ആ ചിത്രത്തിൽ അലക്സാണ്ടറുടെ കൈ ചിത്രതലത്തിൽനിന്നും പുറത്തേക്ക് തള്ളിനിൽക്കുന്നതായി പ്രേക്ഷകർക്ക് അനുഭവപ്പെടുമായിരുന്നുവെന്ന് പറയപ്പെടുന്നു. അതുപോലെ പ്രശസ്തിയാർജിച്ച മറ്റൊരു ചിത്രമാണ് അഫ്രോഡൈറ്റ് അനാഡിയോമിനെ[2] (Aphroite Anadyomene). ഇതിൽ വീനസ് ദേവത സമുദ്രത്തിൽനിന്ന് ഉയർന്നുവന്ന് തലമുടി ഉണക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. എസ്കുലാപിയസ്സിന്റെ ആരാധനാവേദിയിൽ വയ്ക്കുവാൻ വേണ്ടി വരയ്ക്കപ്പെട്ടതാണ് ഈ ചിത്രം. കൊസ് ദ്വീപിൽനിന്നും അഗസ്റ്റസ് ഈ ചിത്രം റോമിലേക്ക് കൊണ്ടുവന്നു എന്നാണ് ഐതിഹ്യം. ചിത്രരചനയെക്കുറിച്ച് അപ്പെല്ലസ് ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. അതും ഇന്ന് ലഭ്യമല്ല. ഇദ്ദേഹത്തിന്റെ ചിത്രരചനാകൌശലത്തെക്കുറിച്ച് ലഭ്യമായിട്ടുള്ള അറിവുകളിൽ ഒന്ന് ഇദ്ദേഹം പ്രധാനമായി വെള്ള, മഞ്ഞ, കറുപ്പ് എന്നീ മൂന്നു നിറങ്ങളാണ് ഉപയോഗിച്ചിരുന്നത് എന്നാണ്. ചിത്രം പൂർത്തിയാക്കിയശേഷം പുറമേ വാർണിഷ് പൂശിയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിന് കേടുസംഭവിക്കാതിരിക്കാൻ ഇതു സഹായിച്ചിരുന്നു.

അപ്പെല്ലസിന്റെ മ്യൂറൽ പെയിന്റിങ് വീനസിന്റെ ചിത്രം
അപ്പെല്ലസിന്റെ പെയിന്റിങ്

പ്രതിഭാശാലിയായ ചിത്രകാരൻ

തിരുത്തുക
 
അപ്പെല്ലസിന്റെ മറ്റൊരു പെയിന്റിങ്

അപ്പെല്ലസ്സിന് മുൻപോ പിൻപോ അതുപോലെ പ്രതിഭാശാലിയായ ഒരു ചിത്രകാരനും ഉണ്ടായിട്ടില്ലെന്നും, മറ്റുള്ള ചിത്രകാരൻമാരുടെ സംഭാവനകളെ മൊത്തം കണക്കിലെടുത്താലും അപ്പെല്ലസ്സിന്റേതിനോട് അടുത്തുവരികയില്ലെന്നുമാണ് പ്ലീനി അഭിപ്രായപ്പെടുന്നത്. അപ്പെല്ലസ്സിന്റെ പ്രധാന പ്രതിദ്വന്ദി പ്രോടോഗെൻസ് എന്ന റോഡിയൻ ചിത്രകാരനായിരുന്നു. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന പ്രോടോഗെൻസിനെ സന്ദർശിക്കുവാനായി ഒരവസരത്തിൽ അപ്പെല്ലസ് പ്രോടോഗെൻസിന്റെ സ്റ്റുഡിയോയിൽ ചെന്നുചേർന്നു. തത്സമയം പ്രോടോഗെൻസ് അവിടെ ഇല്ലായിരുന്നു. സന്ദർശകൻ ആരാണെന്നുള്ള പരിചാരികയുടെ ചോദ്യത്തിന് ബ്രഷ്കൊണ്ട് അവിടെകണ്ട ഒരു പാനലിൽ ഒരു വര വരയ്ക്കുകമാത്രമാണ് അപ്പെല്ലസ് ചെയ്തത്. പ്രോടോഗെൻസ് തിരിച്ചെത്തിയ ഉടനെതന്നെ സന്ദർശകനെ മനസ്സിലാക്കി. കാരണം, ഇത്രയും പൂർണതയുള്ള ഒരു വര മറ്റാർക്കുംതന്നെ രചിക്കുവാൻ കഴിയുമായിരുന്നില്ല. അപ്പെല്ലസ് വരച്ച വരയ്ക്കുള്ളിൽ കുറച്ചുകൂടി മനോഹരമായ ഒരു വര പ്രോടോഗെൻസ് വരച്ചിട്ടു. അപ്പെല്ലസ് വീണ്ടും അവിടെ എത്തിയപ്പോൾ പ്രോടോഗെൻസിന്റെ കഴിവു മനസ്സിലാക്കുകയും വീണ്ടും ഒരു വരകൂടി അതിമനോഹരമായി വരയ്ക്കുകയും ചെയ്തു. ഇതിൽ അത്ഭുതാധീനനായ പ്രോടോഗെൻസ് അപ്പെല്ലസ്സിനെ തന്നിലും പ്രഗല്ഭനായി അംഗീകരിക്കുകയുണ്ടായി. ഈ പാനൽ വർഷങ്ങളോളം ഒരു മാസ്റ്റർ പീസ് എന്ന നിലയിൽ സൂക്ഷിക്കപ്പെട്ടുവന്നു. അലക്സാണ്ടർ ഇത് തന്റെ കൊട്ടാരത്തിൽ കൊണ്ടുപോയി സൂക്ഷിച്ചു എങ്കിലും അവിടെയുണ്ടായ തീപ്പിടുത്തത്തിൽ നശിച്ചുപോയി.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പെല്ലസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പെല്ലസ്&oldid=3623219" എന്ന താളിൽനിന്ന് ശേഖരിച്ചത്