ഏതെങ്കിലും വ്യവഹാരത്തിന്റെ തീർപ്പിന്മേൽ അപ്പീൽ ബോധിപ്പിക്കുന്ന ആളെ അപ്പീൽ വാദി എന്നു പറയുന്നു. ഒരു കോടതിയുടെ ഉത്തരവോ വിധിയോമൂലം കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവരുന്ന ആളുകൾക്കാണ് അപ്പീൽ കൊടുക്കുന്നതിന് അവകാശമുള്ളത്. ഒരു കോടതിയുടേയോ അല്ലെങ്കിൽ നിയമപരമായി രൂപവത്കരിച്ചിട്ടുള്ള ഭരണനിർവഹണ സമിതിയുടേയോ ന്യായവിധികളെ ചോദ്യം ചെയ്തുകൊണ്ട് അവയെ മറ്റൊരുകോടതിയുടേയോ ഉന്നതതരമായ ഒരു സ്ഥാപനത്തിന്റെയോ പുനഃപരിശോധനയ്ക്കായി സമർപ്പിക്കുന്ന നടപടിക്രമത്തെയാണ് അപ്പീൽ എന്നു പറയുന്നത്. അപ്പീൽ അനുവദിക്കുന്നതിനുവേണ്ടി സമർപ്പിക്കപ്പെടുന്ന വസ്തുതകളുടെ വിവരണമാണ് അപ്പീൽ ഹർജി. അപ്പീൽ ഹർജി അപ്പീൽവാദിക്കു നേരിട്ടോ വാദി അധികാരപ്പെടുത്തിയ വക്കീൽ മുഖേനയോ നൽകാം. അപ്പീലധികാരി, അപ്പീൽകേസിന്റെ തീർച്ചയ്ക്കു മുൻപായി അപ്പീൽവാദിയുടെ വാദഗതികൂടി ആരായേണ്ടതാണ്. അപ്പീൽ വാദിക്കു നേരിട്ടോ, അധികാരപ്പെടുത്തിയ വക്കീൽ മുഖേനയോ അപ്പീലധികാരിയുടെ മുൻപാകെ അപ്പീൽകേസ് വാദിക്കാം. അപ്പീൽഹർജിയിൽ ചേർത്തിട്ടില്ലാത്ത തർക്കങ്ങളും വാദഗതികളും ഉന്നയിക്കുന്നതിന് അപ്പീൽവാദിക്ക് അവകാശമില്ല. എന്നാൽ അപ്പീലധികാരിക്ക് യുക്തമെന്നു തോന്നിയാൽ പുതുതായുള്ള തർക്കങ്ങളും വാദഗതികളും ഉന്നയിക്കുന്നതിന് അപ്പീൽവാദിയെ അനുവദിക്കാം.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പീൽ വാദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പീൽ_വാദി&oldid=1081592" എന്ന താളിൽനിന്ന് ശേഖരിച്ചത്