അപ്പീൽ ഹർജി
അപ്പീൽ അനുവദിക്കുന്നതിനുവേണ്ടി സമർപ്പിക്കപ്പെടുന്ന വസ്തുതകളുടെ വിവരണമാണ് അപ്പീൽ ഹർജി. ഒരു കോടതിയുടേയോ അല്ലെങ്കിൽ നിയമപരമായി രൂപവത്കരിച്ചിട്ടുള്ള ഭരണനിർവഹണ സമിതിയുടേയോ ന്യായവിധികളെ ചോദ്യം ചെയ്തുകൊണ്ട് അവയെ ഒരുകോടതിയുടേയോ ഉന്നതതരമായ ഒരു സ്ഥാപനത്തിന്റെയോ പുനഃപരിശോധനയ്ക്കായി സമർപ്പിക്കുന്ന നടപടിക്രമത്തെയാണ് അപ്പീൽ എന്നു പറയുന്നത്. എല്ലാ അപ്പീലുകളും ഹർജിയുടെ രൂപത്തിൽ പ്രത്യേകമായി തയ്യാറാക്കി, അപ്പീൽവാദിയോ, വാദി അധികാരപ്പെടുത്തിയ വക്കീലോ ഒപ്പിട്ട് അപ്പീലധികാരിയുടെ മുൻപിൽ ഹാജരാക്കേണ്ടതാണ്.
ഇന്ത്യയിൽ സിവിൽ - ക്രിമിനൽ നടപടി നിയമങ്ങളും ബന്ധപ്പെട്ട നടപടി ചട്ടങ്ങളും വ്യവസ്ഥ ചെയ്യുന്ന വിധം നിർദ്ദിഷ്ട മാതൃകയിലാണ് മിക്ക അപ്പീലുകളും സമർപ്പിക്കേണ്ടത്. [1] [2]ചില പ്രത്യേക നിയമങ്ങളുടെ പരിധിയിൽ വരുന്ന അപ്പീൽ ഹർജികളിൽ അപ്പീൽവാദി തന്നെ ഒപ്പിടണമെന്നുണ്ട്. ആദായനികുതി, വില്പനനികുതി മുതലായ കേസുകളിൻമേലുള്ള അപ്പീൽ ഹർജികൾ ഇതിൽപ്പെടുന്നു. അപ്പീൽ ഹർജിയോടൊപ്പം അപ്പീലിനാസ്പദമായ അഥവാ അപ്പീൽ മുഖേന ചോദ്യം ചെയ്യുന്ന ഉത്തരവിന്റെയോ വിധിയുടെയോ പകർപ്പുകൂടി ഹാജരാക്കണം. ഈ ഉത്തരവിനെയോ വിധിയെയോ ഖണ്ഡിക്കുന്ന ഓരോ തർക്കവും അതിനാസ്പദമായ വാദമുഖങ്ങളും ഖണ്ഡികയായി വിവരിച്ച് ഓരോ ഖണ്ഡികയും നമ്പരിട്ട് അപ്പീൽഹർജി സമർപ്പിക്കണം. അപ്പീൽ ബോധിപ്പിക്കുന്നതിനു നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ അപ്പീൽ ഹർജി ഹാജരാക്കേണ്ടതാണ്. കീഴ്ക്കോടതിയിലെ വാദമുഖങ്ങളുടെ സംഗ്രഹമല്ലാതെ പൂർണ്ണവിശദാംശങ്ങൾ അപ്പീൽ ഹർജിയിൽ കാണിക്കേണ്ടതില്ല. അപ്പീൽ അനുവദിക്കുന്നതിന് ഉന്നയിക്കുന്ന കാരണങ്ങൾ ഹ്രസ്വവും വ്യക്തവുമായിരിക്കണം. അപ്പീൽഹർജിയിൽ ഉന്നയിച്ചിട്ടില്ലാത്ത വിഷയത്തെപ്പറ്റി അപ്പീലധികാരി വാദം കേൾക്കേണ്ട ആവശ്യമില്ല. എന്നാൽ അവയെക്കുറിച്ചു വാദിക്കുന്നതിന് അപ്പീൽവാദിയെ അനുവദിക്കുന്നതിന് അപ്പീലധികാരിക്ക് അധികാരമുണ്ട്.
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- http://aptel.gov.in/pdf/Form%20no.%20I.pdf
- http://www.wbbb.nic.in/Legislations/Forms/Application_form_of_Memorandum_of_Appeal.pdf Archived 2009-04-10 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പീൽ ഹർജി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |