ഒരു ഇംഗ്ലീഷ് നോവലിസ്റ്റാണ് അന്നാ സിവെൽ (30 മാർച്ച് 1820 – 25 ഏപ്രിൽ 1878).[1] 1877-ൽ പ്രസിദ്ധീകരിച്ച ബ്ലാക്ക് ബ്യൂട്ടി എന്ന നോവലാണ് ഇവരെ ആഗോളപ്രശസ്തയാക്കിയത്.

അന്നാ സിവെൽ
അന്നാ സിവെൽ , 1878
അന്നാ സിവെൽ , 1878
ജനനം(1820-03-30)30 മാർച്ച് 1820
ഗ്രേറ്റ് യാർമൗത്ത്, നോർഫോക്ക്, ഇംഗ്ലണ്ട്[1]
മരണം25 ഏപ്രിൽ 1878(1878-04-25) (പ്രായം 58)[1]
ഓൾഡ് കോട്ടൺ, നോർഫോക്ക്, ഇംഗ്ലണ്ട്[1]
തൊഴിൽനോവലിസ്റ്റ്
ദേശീയതഇംഗ്ലീഷ്
Period19-ആം നൂറ്റാണ്ട്
Genreബാലസാഹിത്യം

ആദ്യകാല ജീവിതം

തിരുത്തുക

1820 മാർച്ച് 30-ന് ഇംഗ്ലണ്ടിലെ നോർഫോക്കിലെ ഗ്രേറ്റ് യാർമൗത്ത് എന്ന സ്ഥലത്താണ് ജനനം. അമ്മ മേരി റൈറ്റ് സിവെൽ (1798–1884) അറിയപ്പെടുന്ന ഒരു ബാലസാഹിത്യകാരിയായിരുന്നു. അച്ഛൻ ഐസക്ക് ഫിലിപ്പ് സിവെൽ (1793–1879). ഫിലിപ്പ് എന്നു പേരായ ഒരു അനുജനുമുണ്ടായിരുന്നു. വിദ്യാഭ്യാസം വീട്ടിൽ തന്നെയായിരുന്നു.

അന്നയ്ക്ക് പന്ത്രണ്ട് വയസ്സായപ്പോൾ കുടുംബം സ്റ്റോക്ക് ന്യൂയിംഗ്ടൺ എന്ന സ്ഥലത്തേക്ക് താമസം മാറി. അവിടെയാണ് അന്ന ആദ്യമായി ഒരു സ്കൂളിൽ ചേർന്ന് പഠിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു ദിവസം സ്കൂളിൽ നിന്ന് മടങ്ങിവരും വഴി തെന്നി വീണ് അന്നയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. 1836-ൽ അന്നയുടെ ആരോഗ്യത്തിന് ചേർന്ന കാലാവസ്ഥ തേടി പിതാവ് ബ്രൈറ്റൺ എന്ന സ്ഥലത്ത് ഒരു ജോലി സ്വീകരിച്ചു. അന്നയ്ക്ക് ജീവിതത്തിൽ പിന്നീടൊരിക്കലും ഊന്നിന്റെ സഹായത്തോടെയല്ലാതെ നിൽക്കാനോ നടക്കാനോ കഴിഞ്ഞിരുന്നില്ല.

എഴുത്തിലേക്ക്

തിരുത്തുക

യാത്ര ചെയ്യുന്നതിനായി പതിവായി കുതിരവണ്ടികൾ ഉപയോഗിച്ചിരുന്ന അന്നയിൽ കുതിരകളോട് സവിശേഷ താല്പര്യവും സ്നേഹവും രൂപപ്പെട്ടു. മനുഷ്യന്റെ അവയോടുള്ള പെരുമാറ്റത്തിലും അവർ ശ്രദ്ധാലുവായി. ഇതേ കാലഘട്ടത്തിൽ മേരി സിവെൽ കുട്ടികൾക്കായുള്ള ഇവാഞ്ചലിക്കൽ പുസ്തകങ്ങളുടെ ഒരു പരമ്പര തന്നെ എഴുതിയിരുന്നു. ഇക്കാര്യത്തിൽ അമ്മയെ സഹായിക്കുവാൻ അന്നയും ഒരു എഡിറ്ററായി പ്രവർത്തിച്ചു.

അന്നാ സിവെലിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഒരേയൊരു കൃതിയാണ് ബ്ലാക്ക് ബ്യൂട്ടി. ഓൾഡ് കാറ്റൺ എന്ന സ്ഥലത്തേക്ക് താമസം മാറിയതിനു ശേഷം 1871-77 കാലഘട്ടത്തിലാന് ഇത് രചിക്കപ്പെട്ടത്. ഈ സമയത്ത് അന്നയുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും എഴുതാൻ പോലും സാധിക്കാതെയായി. 1876-ന് ശേഷം അമ്മയ്ക്ക് പറഞ്ഞുകൊടുത്ത് എഴുതിക്കുകയുമുണ്ടായി. ഇടയ്ക്ക് ചെറിയ തുണ്ടുകളിലായി എഴുതിയ ഭാഗങ്ങൾ മേരി സിവെൽ വീണ്ടും പകർത്തിയെഴുതി.

1877 നവംബർ 24-ന് ഈ കൃതി പ്രസിദ്ധീകരണത്തിനായി കൊടുത്തു. കുതിരകളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മനുഷ്യർക്കായി എഴുതപ്പെട്ട ഈ നോവൽ ഇന്ന് കുട്ടികൾക്കുള്ള ഒരു ക്ലാസ്സിക് കൃതിയായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ബ്ലാക്ക് ബ്യൂട്ടി പ്രസിദ്ധീകരിച്ച് ഏകദേശം അഞ്ച് മാസങ്ങൾക്ക് ശേഷം, 1878 ഏപ്രിൽ 25-ന് അന്നാ സിവെൽ നിര്യാതയായി. തന്റെ പുസ്തകം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടത് അറിഞ്ഞ ശേഷമായിരുന്നു ഇത്. ക്ഷയമോ മഞ്ഞപ്പിത്തമോ മൂലമായിരുന്നു അവരുടെ മരണം. ബക്സ്റ്റണിനടുത്ത് ക്വേക്കർ സെമിത്തേരിയിൽ 1878 ഏപ്രിൽ 30-ന് അടക്കം ചെയ്യപ്പെട്ടു.

  1. 1.0 1.1 1.2 1.3 The Oxford guide to British women writers by Joanne Shattock. p. 385, Oxford University Press. (1993) ISBN 0-19-214176-7

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അന്നാ_സിവെൽ&oldid=2814582" എന്ന താളിൽനിന്ന് ശേഖരിച്ചത്