1877ൽ പുറത്തിറങ്ങിയ അന്ന സെവെലിന്റെ ഒരു ഇംഗ്ലീഷ് നോവലാണ് ബ്ലാക്ക് ബ്യൂട്ടി. വീടിനുള്ളിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന തന്റെ അവസാന നാളുകളിലാണ് അന്ന ഈ നോവൽ രചിച്ചത്. നോവലിന്റെ രചനയ്ക്ക് ശേഷം അഞ്ച് മാസങ്ങൾക്കകം മരണപ്പെട്ടുവെങ്കിലും തന്റെ നോവൽ ഒരു വൻ വിജയമാകുന്നതു കാണാനുള്ള ഭാഗ്യം അന്നയ്ക്കുണ്ടായി. അൻപത് ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ എക്കാലത്തെയും മികച്ച ഒരു ബെസ്റ്റ് സെല്ലർ ആയി കണക്കാക്കപ്പെടുന്നു. മൃഗങ്ങളെ സ്നേഹിക്കേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ മനുഷ്യരോടും എങ്ങനെ ദയാപരമായും സ്നേഹപൂർണമായും പെരുമാറാം എന്നും നോവൽ കാണിച്ചുതരുന്നു.

ബ്ലാക്ക്ബ്യൂട്ടി -പുറംച്ചട്ട

പശ്ചാത്തലം

തിരുത്തുക

ഇംഗ്ലണ്ടിലെ ഗ്രേറ്റ് യാമൗത്തിൽ ജനിച്ചു. പതിനാലാം വയസ്സിൽ സ്കൂളിൽനിന്നുള്ള മടക്കയാത്രക്കിടെ മഴയത്ത് വഴുതി വീഴുകയും കാലിന് പരിക്കേൽക്കുകയും ചെയ്തു. ചികിത്സയിലുണ്ടായ പിഴവ് ജീവിതകാലം മുഴുവൻ അന്നയെ ദീർഘനേരം നിൽക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലെത്തിച്ചു. ഈ അവസ്ഥയാണ് അന്നയെ കുതിരകളുടെ ലോകത്തേക്കെത്തിച്ചത്. തന്റെ പിതാവ് ജോലി ചെയ്തിരുന്ന സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രകളാണ് അന്നയെ കുതിരകളുടെ ഉറ്റതോഴിയാക്കിയത്. തന്റെ അമ്മ മേരി റൈറ്റ് സെവെലിന്റെ രചനകൾ തിരുത്തിക്കൊണ്ടാണ് അന്ന എഴുത്തിന്റെ ലോകത്തേക്കെത്തുന്നത്. ഒരു കുതിരയുടെ ആത്മകഥ പറയുന്നതിലൂടെ സാഹിത്യരംഗത്ത് പുതിയ തലങ്ങൾ സൃഷ്ടിക്കുകയായിരുന്നു അന്ന.

1871 മുതൽ 1877 വരെയുള്ള നീണ്ട കാലയളവിലാണ് അന്ന തന്റെ ഏക കൃതിയായ ബ്ലാക്ക് ബ്യൂട്ടി രചിച്ചത്. ആരോഗ്യപരമായ അവശതകൾമൂലം എഴുന്നേൽക്കാൻ പോലും കഴിയാതിരുന്നതിനാൽ അന്നയുടെ അമ്മ പുസ്തകം ജറോൾഡ് & സൺസ് എന്ന പ്രസാധകനെ ഏൽപ്പിക്കുകയും വിൽപ്പന ചരിത്രം കുറിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 1878 ഏപ്രിൽ 25ന് അന്ന മരണമടഞ്ഞു.

കുട്ടികൾക്ക് വേണ്ടിയുള്ള ഒരു നോവലായിരുന്നില്ല അന്ന രചിച്ചത്. അവർ ഒരിക്കൽ പറയുകയുണ്ടായി "കുതിരകളോടുള്ള നമ്മുടെ സമീപനം മാറ്റുകയാണ് ഞാൻ ചെയ്യുന്നത്".

കഥാതന്തു

തിരുത്തുക

ബ്ലാക്ക് ബ്യൂട്ടി എന്ന കുതിരയുടെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പുകളാണ് നോവലിന്റെ ജീവൻ. അമ്മയോടൊപ്പമുള്ള സ്വാതന്ത്യം നിറഞ്ഞ കുട്ടിക്കാലം മുതൽ ലണ്ടനിലെ തെരുവുകളിലൂടെയുള്ള ജീവിതവും പറഞ്ഞ് സന്തോഷകരമായി കഥ പര്യവസാനിക്കുന്നു. ഇതിനിടയിൽ കാണുന്ന എത്രയെത്ര ജീവിതങ്ങൾ, പല തരക്കാരായ ഉടമസ്ഥർ, ഇടപാടുകാർ, തന്റെ സുഹൃത്തുക്കളായ മറ്റ് കുതിരകൾ, അവരുടെ കഥകൾ, ആഡംബരത്തിന്റെ പൊള്ളത്തരങ്ങൾ, സ്നേഹത്തിന്റെ മധുരങ്ങൾ, ക്രൂരതയുടെ മുഖങ്ങൾ, അവശതയുടെ നാളുകൾ എന്നിങ്ങനെ ഒരു കുതിരയുടെ ജീവിതത്തിലൂടെ, അന്നത്തെ സാഹചര്യങ്ങളിലൂടെയുള്ള സംഭവബഹുമായ ഒരു യാത്രയാണ് ബ്ലാക്ക് ബ്യൂട്ടി.

മലയാളവിവർത്തനം

തിരുത്തുക

പ്രമീളാദേവി, സ്മിതാ മീനാക്ഷി എന്നിവർ ബ്ലാക്ക് ബ്യൂട്ടി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[1] [2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-07-16.
  2. http://www.malayalambookstore.com/book/Black-Beuty/5648/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_ബ്യൂട്ടി&oldid=4111464" എന്ന താളിൽനിന്ന് ശേഖരിച്ചത്