അന്നമനട അച്യുതമാരാർ പ്രസിദ്ധനായ ഒരു പഞ്ചവാദ്യവിദഗ്ദ്ധൻ ആയിരുന്നു‍. തൃശൂർ ജില്ലയിലെ അന്നമനട എന്ന ഗ്രാമത്തിൽ 1901-ൽ ജനിച്ചു. ചെറുപ്പത്തിലേ കുലവിദ്യയായ ക്ഷേത്രവാദ്യപ്രയോഗത്തിൽ പരിശീലനം നേടി.

കേരളത്തിൽ നല്ല പ്രചാരം ലഭിക്കാതിരുന്ന തിമില എന്ന വാദ്യവിശേഷത്തെ പ്രയോഗക്ഷമമാക്കുന്നതിൽ മാരാരുടെ ശ്രദ്ധപതിഞ്ഞു. അതിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു. പഞ്ചവാദ്യം എന്ന കേരളീയമേളം ചിട്ടപ്പെടുത്തുന്നതിനു പരിശ്രമിച്ച തിരുവില്വാമല വെങ്കിച്ചയ്യരുടെ സഹകാരിയായി അച്യുതമാരാർ പ്രവർത്തിച്ചിരുന്നു.

പഞ്ചവാദ്യത്തിലെ പ്രധാന വാദ്യവിശേഷമായ തിമില കൈകാര്യം ചെയ്യുന്നതിൽ അച്യുതമാരാർ വിദഗ്ദ്ധനാണ്. ഉപാത്തമായ ഒരുതാളക്രമത്തെ വികസിപ്പിച്ചുകൊണ്ടുള്ളതാണ് ഏതു താളമേളവും; പഞ്ചവാദ്യവും അത്തരത്തിൽപെടുന്നു. താളക്രമത്തെ നിർണിയിച്ചു നേതൃത്വം നല്കേണ്ടത് തിമിലക്കാരിൽ പ്രമാണിയുടെ ചുമതലയാണ്. ധാരാളം വികസിപ്പിക്കാവുന്നവയും വികസിപ്പിച്ചാൽ കേൾക്കാൻ കൊള്ളാവുന്നവയുമായ താളങ്ങൾ ഇട്ടുകൊടുക്കുന്നതിൽ അച്യുതമാരാർക്കു പ്രത്യേക സാമർഥ്യം ഉണ്ട്. പ്രാമാണികനായ ഒരു തിമിലവാദകൻ മാത്രമല്ല, പഞ്ചവാദ്യമേളത്തിന്റെ ഒരു പ്രമുഖ സംവിധായകൻ കൂടിയാണ് മാരാർ. ഇദ്ദേഹം കേരള സംഗീതനാടകഅക്കാദമി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നമനട അച്യുതമാരാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്നമനട_അച്യുതമാരാർ&oldid=2280106" എന്ന താളിൽനിന്ന് ശേഖരിച്ചത്