അന്തർസമുദ്ര കേബിൾ നിക്ഷേപണം

വൈദ്യുതശക്തിയും ശബ്ദത്തിനു സമാനമായ വൈദ്യുത സംജ്ഞ(electrical signals)കളും ദൂരെ ദിക്കുകളിലേക്ക് പ്രേഷണം (transmission) ചെയ്യുന്നതിനുവേണ്ടി സമുദ്രാന്തർഭാഗത്ത് കേബിളുകൾ നിക്ഷേപിക്കുന്ന പ്രക്രിയയാണ് അന്തർസമുദ്ര കേബിൾ നിക്ഷേപണം.

അന്തർസമുദ്ര കേബിൾ ക്രോസ്‌സെക്ഷൻ 3 ഡി ഇമേജ്
1. Polyethylene.
2. "Mylar" tape.
3. Stranded metal (steel) wires
4. Aluminum water barrier
5. Polycarbonate
6. Copper or aluminum tube
7. Petroleum jelly
8. Optical fibers

ചരിത്രം

തിരുത്തുക

19-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ മാത്യുഫിന്റേയിൻമുറേയും കൂട്ടുകാരും കൂടിയാണ് സമുദ്രത്തിനടിയിൽ കേബിൾ നിരത്തുന്നതിനുവേണ്ടിയുള്ള പ്രയത്നം ആദ്യമായി ആരംഭിച്ചത്. ന്യൂഫൌണ്ടൻഡിനും അയർലൻഡിനും ഇടയ്ക്കുള്ള അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ അടിഭാഗം ചെളികെട്ടിക്കിടക്കുന്നതാണെന്നും നിരപ്പുള്ളതാണെന്നും ഇവർ കണ്ടുപിടിച്ചു. പിന്നീട് 1855-ൽ സൈറസ് ഡബ്ലിയു ഫീൽഡ് ഈ ഭാഗത്ത് കേബിൾ നിക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും അത് ഇടയ്ക്കുവച്ച് മുറിഞ്ഞുപോയതിനാൽ വിജയിച്ചില്ല. 1857-ൽ ഫീൽഡ് വീണ്ടും അറ്റ്ലാന്റിക്ക് സമുദ്രത്തിൽ കേബിൾ നിക്ഷേപണം ആരംഭിച്ചു. ഈ യത്നത്തിൽ രണ്ടു പ്രാവശ്യം ഇദ്ദേഹം പരാജയപ്പെട്ടു. ഒടുവിൽ 1866 ജൂല. 27-ന് ന്യൂഫൌണ്ടെൻഡിനും ഹാർട്സ് കണ്ടന്റും അയർലൻഡിലെ വലന്റിനയും തമ്മിൽ അറ്റ്ലാന്റിക്കിന്നടിയിലൂടെ കേബിളുകൾകൊണ്ട് വിജയകരമായി ബന്ധിക്കപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേബിൾ നിക്ഷേപണം പുരോഗമിച്ചു. 1902-ൽ കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾക്ക് അന്യോന്യം സമ്പർക്കം പുലർത്തുന്നതിന് പെസഫിക് സമുദ്രത്തിൽ ഒരു കേബിൾ ലൈനിന്റെ പണി പൂർണമാക്കി. ഇന്ത്യയെ ആസ്ട്രെലിയയും ആഫ്രിക്കയും തമ്മിൽ കൂട്ടിയിണക്കുന്ന കേബിൾ ലൈനുകൾ ഇന്നുണ്ട്. ഇന്ത്യയിൽ മുംബൈ, മദ്രാസ് എന്നിവിടങ്ങളിൽനിന്നും ഓരോ അന്തർസമുദ്രകേബിൾ ലൈൻ പുറപ്പെടുന്നുണ്ട്.

കേബിളുകളുടെ ഘടന

തിരുത്തുക

സമുദ്രാന്തർഭാഗത്ത് നിരത്തുന്നതിനുള്ള പ്രത്യേക കേബിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, മധ്യത്തിൽ അടക്കം ചെയ്തിട്ടുള്ള കമ്പിയാണ്. ചില കേബിളിൽ രണ്ടു കമ്പികൾ ഉണ്ടാകാം. ഓരോ കമ്പിയും നിർമിച്ചിട്ടുള്ളത് കമ്പിനാരുകൾ പിരിച്ചു ചേർത്താണ്. അതുകൊണ്ട് കേബിളുകൾ ആവശ്യാനുസരണം വളയ്ക്കുന്നതിന് കഴിയുന്നു. ഈ കമ്പികളിൽകൂടിയാണ് വൈദ്യുതശക്തിക്കും വൈദ്യുതസംജ്ഞകൾക്കും സമാനമായ വൈദ്യുതി പ്രവഹിക്കുന്നത്. കേബിളുകൾ രോധിതമായിരിക്കും. അവയെ പൊതിഞ്ഞുകൊണ്ട് വൃത്താകൃതിയിൽ ക്രമപ്പെടുത്തിയ കമ്പികളുടെ സംരക്ഷണകവചം ഉണ്ട്. കാലാവസ്ഥയേയും സമുദ്രജലത്തിന്റെ രാസപ്രവർത്തനപ്രവണതയേയും നിശ്ശേഷം ചെറുത്തുനില്ക്കുന്നതിനു കരുത്തുറ്റ ആവരണം കൊണ്ട് പൊതിഞ്ഞ് കവചിത കമ്പിയെ പരിരക്ഷിക്കുന്നു. നിക്ഷേപണപ്രവർത്തനത്തിനിടയ്ക്ക് കേബിളുകളിൽ പ്രയോഗിച്ചേക്കാവുന്ന വലിവ് ബലത്തേയും അമർച്ചയേയും ചെറുത്തുനിൽക്കാൻ കവചിതകമ്പികൾക്കും ബാഹ്യാവരണത്തിനും കരുത്ത് ആവശ്യമാണ്. 1920-നുശേഷം പോളിത്തീനും റബറും ഗുട്ടാപെർച്ചയും കേബിളുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ടു.

കേബിൾ നിരത്തുന്നരീതി

തിരുത്തുക
 
അന്തർസമുദ്ര കേബിൾ നിക്ഷേപം ചെയ്യുന്ന കപ്പൽ

ഒരു കേബിൾ ലൈൻ സംവിധാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട സംഗതികൾ താഴെപ്പറയുന്നവയാണ്:

  1. സമുദ്രാന്തർഭാഗത്തുകൂടിയുള്ള ഏറ്റവും ഹ്രസ്വമായ മാർഗ്ഗത്തിൽകൂടിയാണ് കേബിൾ നിരത്തേണ്ടത്. ചെലവ് കുറയ്ക്കുന്നതിനാണ് ഈ മുൻകരുതൽ.
  2. കേബിൾ ലൈൻ നിക്ഷേപിച്ചശേഷം അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് വിഷമമുണ്ടാകരുത്.
  3. കേബിളുകളുടെ നിക്ഷേപണം ലൈനിന്റെ പരിസരത്തുള്ള നഗരങ്ങൾക്കോ മറ്റു പ്രദേശങ്ങൾക്കോ അസൌകര്യം സൃഷ്ടിക്കരുത്.
  4. തുറമുഖ പരിസരങ്ങളിൽകൂടിയും മീൻപിടിത്തകേന്ദ്രങ്ങളിൽകൂടിയും കേബിൾലൈൻ കടന്നുപോകാൻ പാടില്ല.
  5. കേബിൾലൈൻ കടന്നുപോകുന്ന സമുദ്രാന്തർഭാഗത്തെപ്പറ്റിയും അവിടത്തെ കലുഷമായ ജലപ്രവാഹങ്ങളെപ്പറ്റിയും വ്യക്തമായ അറിവുണ്ടായിരിക്കണം.

സമുദ്രത്തിനടിയിൽ 25 മുതൽ 30 കി.മീ. വരെ അകലത്തിലാണ് കേബിൾലൈനുകൾ ക്രമപ്പെടുത്തുന്നത്. അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് ലൈനുകൾക്ക് തമ്മിൽ ഇത്രയും അകലം. വൈദ്യുത യന്ത്രങ്ങളും യാന്ത്രികോപകരണങ്ങളും സാമഗ്രികളും അടക്കം ചെയ്തിട്ടുള്ള ഒരു കപ്പലിന്റെ സഹായത്തോടെയാണ് കേബിളുകൾ നിരത്തുന്നത്. കപ്പലിൽ ഉയർന്ന് മുന്നോട്ട് ഉന്തിനില്ക്കുന്ന കഴയും അതിൻമേൽ കേബിൾ ചുറ്റിയിട്ടുള്ള ചക്രങ്ങളും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഒരു ചക്രത്തിൽ നിന്നാണ് കേബിൾ ആവശ്യാനുസരണം പുറമേക്ക് അഴിഞ്ഞഴിഞ്ഞുപോകുന്നത്. ഇവയ്ക്ക് പുറമേ കേബിൾ നിക്ഷേപിക്കുന്നതിനുള്ള കേബിൾ എഞ്ചിനുകളും അവയെ പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതമോട്ടോറുകളും കേബിളിന്റെ വലിവ് നിർണയിക്കുന്നതിനുള്ള ഡൈനാമോമീറ്ററുകളും കപ്പലിൽ ഉണ്ടായിരിക്കും. നീളംകൂടിയ കേബിൾലൈനുകളിൽ ഉണ്ടാകുന്ന വൈദ്യുതസംജ്ഞ(electrical signal)കളുടെ മൂല്യക്ഷയനിവൃത്തിക്കായി പ്രവർധകങ്ങൾ (amplifiers) അടക്കം ചെയ്തിട്ടുള്ള ആവർത്തിനി (repeater), ലൈനിനോട് ചേർത്ത് ക്രമപ്പെടുത്തിയിരിക്കും. ഇവ ജലം പ്രവേശിക്കാത്ത കൂടുകളിൽ അടക്കം ചെയ്ത് കേബിളുകളുടെ അഗ്രങ്ങളിൽ സംയോജിപ്പിക്കുന്നു.

കേബിൾലൈനുകളുടെ അറ്റകുറ്റപ്പണികൾ

തിരുത്തുക

ലൈനുകളിൽ സംഭവിക്കാറുള്ള ഭൂദോഷം (earth fault) ഏതുസ്ഥാനത്താണെന്ന് കരയിലിരുന്നു നിർണയിക്കുന്നതിന് ഒരു വൈദ്യുതമാപന ഉപകരണമായ ബ്രിഡ്ജ് ഉപയോഗിക്കുന്നു. സ്ഥാനം നിർണയിച്ചുകഴിഞ്ഞാൽ അറ്റകുറ്റപ്പണിക്കായി ആ സ്ഥാനത്തേക്ക് കപ്പൽ നീങ്ങുന്നു. നിശ്ചിത സ്ഥാനത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ച് സമുദ്രാന്തർഭാഗത്തുനിന്ന് കേബിൾ പൊക്കി എടുത്താണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തർസമുദ്ര കേബിൾ നിക്ഷേപണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.