അന്താരാഷ്ട്ര ഭൂപടശാസ്ത്ര സംഘടന
ഭൂപടശാസ്ത്രജ്ഞൻമാരുടെ (Cartographers)[1] അന്താരാഷ്ട്ര സംഘടനയാണ് അന്താരാഷ്ട്ര ഭൂപടശാസ്ത്ര സംഘടന (ഐ.സി.എ). 1959 ജൂൺ 9ന് സ്വിറ്റ്സർലാന്റിലെ ബേണിൽ വച്ച് രൂപം കൊണ്ടെങ്കിലും ആദ്യ ഔദ്യോഗിക സമ്മേളനം നടത്തിയത് 1961-ൽ പാരിസിൽ ആയിരുന്നു. ഈ സംഘടനയിൽ സ്ഥാപകാംഗങ്ങളായി 13 രാഷ്ട്രങ്ങളുണ്ടായിരുന്നു; പിന്നീട് 12 രാഷ്ട്രങ്ങളെക്കൂടി അംഗങ്ങളായി തിരഞ്ഞെടുക്കുകയുണ്ടായി. ഭൂപടങ്ങളുടെ നിർമ്മാണത്തിനാവശ്യമായ സ്ഥിതി വിവരങ്ങൾ അന്താരാഷ്ട്ര തലത്തിൽ കൈമാറുവാനും അതിനു യുനെസ്കോയുടെ സഹായം ലഭിക്കാനും വ്യവസ്ഥ ചെയ്യപ്പെട്ടു. അന്താരാഷ്ട്ര ഭൂപട (International map)[2] നിർമ്മാണത്തെ സംബന്ധിച്ച വിശദ വിവരങ്ങൾ ചർച്ച ചെയ്യുവാൻ 1962-ൽ വിവിധ രാജ്യങ്ങളിലെ ഭൂപടശാസ്ത്രജ്ഞൻമാർ സമ്മേളിക്കുകയുണ്ടായി.
പ്രമാണം:Logo of the International Cartographic Association.gif | |
ചുരുക്കപ്പേര് | ICA |
---|---|
രൂപീകരണം | 1959 |
തരം | INGO |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Worldwide |
ഔദ്യോഗിക ഭാഷ | English, French |
President | Tim Trainor |
മാതൃസംഘടന | International Council for Science |
വെബ്സൈറ്റ് | ICA Official website |
അദ്ധ്യക്ഷന്മാർ
തിരുത്തുകഐ.സി.എ. യുടെ ആദ്യ അദ്ധ്യക്ഷൻ പ്രൊഫസർ എഡ്വേർഡ് ഇംഹോഫ്, സ്വിറ്റ്സർലാന്റ് (1961-1964) ആയിരുന്നു. തുടർന്ന് ബ്രിഗ് ഡെന്നിസ് താക്വെൽ, ഇംഗ്ലണ്ട് (1964-1968), പ്രൊഫസർ കോൺസ്റ്റന്റാറ്റിൻ സാലിച്ച്ചേവ്, റഷ്യ (1968-1972), പ്രൊഫസർ ആർതർ എച്. റോബിൻസൺ, വടക്കേ അമേരിക്ക (1972-1976), പ്രൊഫസർ ഫെർഡിനാന്റ് ഒർമലിങ്, ഹോളണ്ട് (1976-1984), പ്രൊഫസർ ജോയൽ മോറിസൺ, വടക്കേ അമേരിക്ക (1984-1987), പ്രൊഫസർ ഫ്രേസർ ടെയ്ലർ, കാനഡ (1987-1995), ഡോക്ടർ മൈക്കിൾ വുഡ് ഓബിഇ, ഇംഗ്ലണ്ട് (1995-1999), പ്രൊഫസർ ബെങ്ത് റൈസ്റ്റെഡ്, സ്വീഡൻ (1999-2003), പ്രൊഫസർ മിലാൻ കൊണൻസി, ചെക്ക് റിപ്പബ്ലിക് (2003-2007), പ്രൊഫസർ വില്യം കാർട്ട് റൈറ്റ്, ആസ്ത്രേലിയ (2007-2011) എന്നിവർ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. ഇപ്പോഴത്തെ അദ്ധ്യക്ഷൻ ആസ്ത്രിയയിൽ നിന്നുമുള്ള പ്രൊഫസർ ജോർജ് ഗാർട്ണർ ആണ്.
രണ്ടാം ഔദ്യോഗിക സമ്മേളനം
തിരുത്തുകഈ സംഘടനയുടെ രണ്ടാമത്തെ ഔദ്യോഗിക സമ്മേളനം നടന്നത് ലണ്ടനിലായിരുന്നു (1964). മൂന്നു കാര്യങ്ങളാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്:-
- മാനചിത്രകാരൻമാരുടെ വിദഗ്ദ്ധ പരിശീലനത്തിനായുള്ള അന്താരാഷ്ട്ര കൈമാറ്റ പദ്ധതി
- മാനചിത്രങ്ങളിൽ ഉപയോഗിക്കേണ്ട ചിഹ്നങ്ങളുടെയും പദാവലിയുടെയും നിർവചനം, വർഗീകരണം, അന്താരാഷ്ട്ര സമീകരണം എന്നിവ;
- ഭൂപടശാസ്ത്രത്തിലെ ആട്ടൊമേഷൻ (automation).[3] ഇവയ്ക്കായി പ്രത്യേകം പ്രത്യേകം കമ്മിഷനുകൾ ഉണ്ടാക്കി. ആറു പുതിയ രാഷ്ട്രങ്ങൾ കൂടി ചേർന്നു മൊത്തം അംഗസംഖ്യ 31 ആയി.
മൂന്നാം സമ്മേളനം
തിരുത്തുകഈ സംഘടന മൂന്നാമതു സമ്മേളിച്ചത് ഡൽഹിയിലാണ് (1968). ഏഴു രാഷ്ട്രങ്ങൾ കൂടിച്ചേർന്നതോടെ അംഗ സംഖ്യ 38 ആയി ഉയർന്നു. നാനൂറോളം പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. വസ്തുവിവരണ ഭൂപടശാസ്ത്രത്തെ (Thematic Cartography)[4] അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സംഘടനയും അന്താരാഷ്ട്ര ഭൂമിശാസ്ത്ര യൂണിയനു (International Geographical Union) മായുള്ള[5] പരസ്പര ബന്ധം, അന്താരാഷ്ട്ര സഹകരണം എന്നിവയാണ് ചർച്ച ചെയ്യപ്പെട്ടത്. വസ്തു വിവരണ ഭൂപടശാസ്ത്രത്തെ സംബന്ധിച്ച പഠനത്തിനായി ഒരു കമ്മിഷൻ രൂപവത്കരിക്കപ്പെട്ടു. അന്താരാഷ്ട്ര ഭൂപടപദ്ധതി കൂടുതൽ പ്രാവർത്തികമാക്കാനും ഭൂമ്യാലേഖം സംബന്ധിച്ച വിവരങ്ങൾ സംഗ്രഹിച്ചു പ്രസിദ്ധീകരിക്കാനും ഈ സംഘടന ഗണ്യമായ ശ്രമം നടത്തുന്നു.
കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സമകാലിക പ്രശ്നങ്ങൾ അപഗ്രഥിക്കുവാനും പരിഹരിക്കുവാനുമുള്ള ഒരു ഉപാധിയാകാൻ ഭൂപട നിർമ്മാണ ശാസ്ത്രത്തെ സജ്ജമാക്കുക എന്നതും ഈ സംഘടനയുടെ ലക്ഷ്യമാണ്. മൂന്നാം സമ്മേളന കാലത്തേതിൽ നിന്ന് അംഗ സംഖ്യ അഞ്ചിരട്ടിയോളം വർധിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ http://www.incaindia.org/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-23. Retrieved 2011-08-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-02. Retrieved 2011-08-11.
- ↑ http://www.amazon.com/Thematic-Cartography-Geovisualization-Terry-Slocum/dp/0132298341
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-20. Retrieved 2011-08-11.
പുറംകണ്ണികൾ
തിരുത്തുക- http://www.google.co.in/search?q=international+map&hl=en&client=firefox-a&hs=iRt&rls=org.mozilla:en-US:official&prmd=ivnscm&tbm=isch&tbo=u&source=univ&sa=X&ei=of5DTtLoB47krAeK6eTLBw&ved=0CEAQsAQ&biw=1024&bih=574 Images for international map
- http://icaci.org/
- http://icaci.org/mission
- http://earthdirectory.net/gcartography Archived 2016-03-11 at the Wayback Machine.
- http://www.facebook.com/pages/International-Cartographic-Association/104100506292976
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര ഭൂപടശാസ്ത്ര സംഘടന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |