അധിസിലികശില
ആഗ്നേയശിലയുടെ ഒരു വകഭേദമാണ് അധിസിലികശില. ധാതുപരമായ ചേരുവ അടിസ്ഥാനമാക്കി ആഗ്നേയശിലകളെ അധിസിലികം (Acidic), അല്പസിലികം (Basic) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. സിലിക്കയുടെ അളവിനെ ആശ്രയിച്ചുള്ളതായിരുന്നു ഈ വിഭജനം. 66 ശതമാനത്തിൽ കൂടുതൽ സിലികാംശമുള്ളവ അധിസിലികശിലകളായി വിവക്ഷിക്കപ്പെട്ടു. സിലിക്കേറ്റ് ധാതുക്കൾ വിവിധ സിലിസിക് അമ്ളങ്ങളുടെ ലവണങ്ങളാണെന്ന് വിശ്വസിച്ചിരുന്ന കാലത്താണ് ഈ സംജ്ഞ പ്രചാരത്തിലായത്. അസിഡിക് (Acidic) എന്ന വിശേഷണം ആദ്യമായി നല്കിയത് കെംപ് ആയിരുന്നു. അസിഡൈറ്റ്സ് (Acidites) എന്നും പെർസിലിസിക് (Persillic) എന്നുമുള്ള പ്രയോഗങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. അനിവാര്യഘടകമെന്ന നിലയിൽ 10 ശതമാനത്തിൽ കൂടുതൽ ക്വാർട്ട്സ് അടങ്ങിക്കാണുന്ന ശിലകളെ സൂചിപ്പിക്കുവാനാണ് അധിസിലികം എന്ന പദം ഇപ്പോൾ ഉപയോഗിക്കുന്നത്. സിലിക്കാംശത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം ഈ നിർവചനം അനുസരിച്ച് സാധ്യമല്ല.
അധിസിലിക ശിലയിൽ ക്വാർട്ട്സ് കഴിഞ്ഞുള്ള പ്രമുഖഘടകം ഫെൽസ്പാർ (Felspar) ആണ്. ഫെൽസ്പാറിന്റെ ഏറ്റക്കുറച്ചിലിനെ അടിസ്ഥാനമാക്കി അധിസിലികശിലകളെ ഉപഗണങ്ങളായി തരംതിരിച്ചിട്ടുണ്ട്.
ഗ്രാനൈറ്റ്, റയോലൈറ്റ്, ഗ്രാനോഡയൊറൈറ്റ്, പെഗ്മറ്റൈറ്റ്, അപ്പലൈറ്റ്, ഒബ്സീഡിയൻ, പിച്ചേഴ്സാൺ, ഡാസൈറ്റ്, ആസിഡ് ചാർണക്കൈറ്റ് എന്നിവ അധിസിലികശിലകൾക്ക് ഉത്തമോദാഹരണങ്ങളാണ്. ഗ്രാനിറ്റിക് ശിലകളിൽ സാധാരണയായി ക്വാർട്ട്സിന്റെയും ഫെൽസ്പാറിന്റെയും അംശങ്ങൾ ഏകദേശം തുല്യമായിരിക്കും; ഫെറോമഗ്നീഷ്യം ധാതുക്കളുടെ അംശം തുലോം കുറവും. ഗ്രാനോഡയൊറൈറ്റ്, ഡാസെറ്റ് എന്നിവയിൽ ക്വാർട്ട്സിനും പ്ലാജിയോക്ലേസിനും ഒപ്പം അഭ്രവും ഒരു അനിവാര്യഘടകമാണ്. ഗ്രാനിറ്റിക് ശിലകളിൽ അഭ്രത്തിന്റെ അംശം ഉണ്ടായിക്കൊള്ളണമെന്നില്ല. സിലിക്കാംശം തീരെ കുറവായുള്ള ഒലിവിൻ, ഫെൽസ്പതോയ്ഡുകൾ തുടങ്ങിയ ധാതുക്കൾ സാധാരണയായി അധിസിലികശിലകളിൽ കാണാറില്ല.
പുറംകണ്ണി
തിരുത്തുക- അധിസിലികശില (Acidic rock) Archived 2008-07-26 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധിസിലിക_ശില എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |