അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം

ഒരു വിദ്യാലയത്തിലെ അധ്യാപകരുടെ ആകെ എണ്ണവും വിദ്യാർഥികളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തെ അധ്യാപക-വിദ്യാർഥി അനുപാതം എന്നു പറയുന്നു. ഇതാണ് വിവക്ഷയെങ്കിലും സാമാന്യേന ഒരു ക്ലാസ്സിലെ കുട്ടികളുടെ എണ്ണം അഥവാ ഒരധ്യാപകന്റെ ചുമതലയിലുള്ള കുട്ടികളുടെ എണ്ണം ആണ് അനുപാതമായി കണക്കാക്കുന്നത്. ക്ലാസ്സധ്യാപകർക്കു പുറമേ ക്രാഫ്റ്റ്, ഡ്രായിങ്, ഡ്രിൽ തുടങ്ങിയവയ്ക്കുള്ള അധ്യാപകരെയും ഒന്നിച്ചുചേർത്ത് ആകെ വിദ്യാർഥികളുടെ എണ്ണത്തെ ഹരിക്കുന്നതുകൊണ്ടാണ് അധ്യാപക വിദ്യാർഥി അനുപാതവും ക്ലാസ്സിലെ കുട്ടികളുടെ എണ്ണവും പൊരുത്തപ്പെടാത്തത്. ക്ലാസ്സിലെ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് അധ്യാപകരും വിദ്യാഭ്യാസചിന്തകരും ആവശ്യപ്പെടുന്നത്. വ്യക്തിപരമായ ബോധനം കൂടുതൽ സാധ്യമാക്കാനും ആന്തരികമൂല്യനിർണയനത്തിനും അധ്യേതാക്കളുടെ എണ്ണം കുറഞ്ഞിരിക്കുന്നതാണ് നല്ലത്. ജനസംഖ്യാവർധനവിന് ആനുപാതികമായി വിദ്യാലയങ്ങളുടെ എണ്ണം വർധിക്കാത്തതിനാൽ വളരെയേറെ കുട്ടികളെ ഓരോ ക്ലാസ്സിലും ഉൾപ്പെടുത്തേണ്ടിവരുന്നു.

കമ്മിഷൻ റിപ്പോർട്ടുകൾ തിരുത്തുക

1953-ലെ മുതലിയാർ കമ്മിഷൻ റിപ്പോർട്ടിൽ, അധ്യാപകരും വിദ്യാർഥിയും തമ്മിൽ വ്യക്തിപരമായ ബന്ധം പുലർത്തുന്നതിനും അധ്യേതാവിൽ പൂർണമായ ശ്രദ്ധ പതിപ്പിക്കുന്നതിനും ഉതകുമാറ് ഓരോ ക്ലാസ്സിലെയും കുട്ടികളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. അതിൽ 20 മുതൽ 30 വരെ കുട്ടികളേ ഒരു ക്ലാസ്സിൽ ഉണ്ടാകാവു എന്നാണെങ്കിലും പ്രായോഗികതയെ ആധാരമാക്കി 30 മുതൽ 40 വരെ ആകാമെന്ന് സമ്മതിച്ചിട്ടുണ്ട്.

1966-ൽ കോത്താരി കമ്മിഷൻ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളിൽ ഒരു ക്ലാസ്സ് ഡിവിഷനിലെ കുട്ടികളുടെ എണ്ണം യഥാക്രമം 50, 45, 40-ൽ അധികമാകാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ദേശീയ വികസനം മുഖ്യലക്ഷ്യമാക്കിയതുകൊണ്ടാകാം കോത്താരി കമ്മിഷൻ ക്ലാസ്സിലെ പരമാവധി സംഖ്യ ഉയർത്തി പറഞ്ഞിരിക്കുന്നത്. 6 മുതൽ 10 വരെ സ്റ്റാൻഡേർഡുകളിൽ യഥാക്രമം 13.2 ശ.മാ., 10.2 ശ.മാ., 19.3 ശ.മാ., 24.1 ശ.മാ., 19.8 ശ.മാ. അധ്യാപകർ 50-ലധികം കുട്ടികളുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നവരാണെന്ന് കോത്താരി കമ്മിഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസപ്രശ്നങ്ങൾ അപഗ്രഥിച്ചിട്ടുള്ള കമ്മിഷനുകളെല്ലാം തന്നെ അധ്യാപകവിദ്യാർഥി അനുപാതം ലഘുവാക്കണമെന്നും ക്ലാസ്സിലിരിക്കുന്ന കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ലണ്ടനിലെ പ്രസിദ്ധമായ റോബിൻസ് റിപ്പോർട്ടിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ അനുപാതം പോസ്റ്റ് ഗ്രാഡ്വേറ്റ് ലവലിൽ 1:5-ഉം ഗ്രാഡ്വേറ്റ് ലവലിൽ 1:10-ഉം ആയി നിർദ്ദേശിച്ചിട്ടുണ്ട്. 1970-ൽ കേരളത്തിൽ പ്രൈമറി, സെക്കണ്ടറി തലങ്ങളിലെ അനുപാതം 1:30 അഥവാ 1:35 ആയി കുറയ്ക്കണമെന്ന് കേരളത്തിലെ അധ്യാപകരുടെ അധ്വാനഭാരത്തെക്കുറിച്ച് പഠിച്ച ദേവഗൗഡാ കമ്മിഷനും നിർദ്ദേശിച്ചിട്ടുണ്ട്.

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധ്യാപക_വിദ്യാർഥി_അനുപാതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.