അതിവർണാശ്രമി
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ ആശ്രമങ്ങളുടെയും വർണങ്ങളുടെയും വ്യവസ്ഥകൾക്ക് അതീതനായവനാണ് അതിവർണാശ്രമി സന്ന്യാസത്തിന്റെ അന്ത്യഘട്ടമായ ഹംസസന്ന്യാസത്തിന് അപ്പുറമെത്തിയവരാണ് അതിവർണാശ്രമികൾ അഥവാ പരമഹംസൻമാർ.
രാമകൃഷ്ണദേവൻ പരമഹംസനായി കരുതപ്പെടുന്നു. പരമഹംസനായ ദത്താത്രേയനെപ്പറ്റി പുരാണത്തിൽ വ്യവഹരിക്കുന്നുണ്ട്. ഭാഗവതത്തിൽ വർണിക്കുന്ന ഋഷഭയോഗിയുടെ സർവസംഗപരിത്യാഗത്തിനുശേഷമുള്ള ചര്യാപ്രകാരങ്ങൾ അതിവർണാശ്രമി(അവധൂതൻമാർ)കളുടെ സംപൂർണചര്യകളായി കണക്കാക്കപ്പെടുന്നു. ശുകബ്രഹ്മർഷിയും അതിവർണാശ്രമിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. അതിവർണാശ്രമികൾ വർണാശ്രമവ്യവസ്ഥകളൊന്നും പാലിക്കാറില്ല. ഹംസസ്സോഹം, സോഹം ഹംസഃ, എന്ന മന്ത്രത്തിനേക്കാൾ കേവലം പ്രണവ (ഓം)ത്തിനാണ് ഇവർ പ്രാമുഖ്യം കല്പിക്കുന്നത്. ഉദ്ദണ്ഡനെ പരാജയപ്പെടുത്തിയ കാക്കശ്ശേരിഭട്ടതിരി വാർധക്യത്തിൽ അതിവർണാശ്രമിയായിത്തീർന്നതായി ഐതിഹ്യമുണ്ട്. സന്ധ്യാവന്ദനംപോലും ചെയ്യാതിരുന്ന കാക്കശ്ശേരിയോട് കാരണം ചോദിച്ചപ്പോൾ ലഭിച്ച ഉത്തരം അതിവർണാശ്രമികളുടെ മാനസികാവസ്ഥയെ തുറന്നുകാട്ടുന്നതായിരുന്നു: ഹൃദയാകാശത്തിൽ ജ്ഞാനാനന്ദസ്വരൂപനായ ശ്രീഹരി (സൂര്യൻ) എപ്പോഴും ശോഭിച്ചുകൊണ്ടിരിക്കുന്നു. ആ ഹരിക്ക് ഉദയവുമില്ല അസ്തമയവുമില്ല. അപ്പോൾ എങ്ങനെയാണ് സന്ധ്യയെ ഉപാസിക്കുക?
ഓരോ നിമിഷവും ഈശ്വരസമ്പർക്കം പുലർത്തിക്കൊണ്ട് ബ്രഹ്മഭാവത്തിൽ മുഴുകിയിരിക്കുന്നവരാണ് ജീവൻ മുക്തരായ അതിവർണാശ്രമികൾ. ഇവർ വർണാശ്രമവ്യവസ്ഥകൾ അനുഷ്ഠിക്കുന്നവർക്ക് അനുകരണീയരല്ല. ഋഷഭയോഗിയെ അനുകരിച്ചുണ്ടായ പല പാഷണ്ഡൻമാരെയും നിന്ദിതരായി ഭാഗവതത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അതിവർണാശ്രമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |