മിനിട്ടിൽ 70 എന്ന സാധാരണതോതിൽ നിന്നും ഭിന്നമായി ഹൃദയസ്പന്ദങ്ങളുണ്ടാകുന്ന അവസ്ഥയാണ് അതാളത (Cardiac dysrhythmia) എന്ന് പറയുന്നത്. ഹൃദയസ്പന്ദങ്ങളുടെ പ്രഭവസ്ഥാനമായ സിനു-ഓറിക്കുലാർ നോഡിൽ നിന്നും 70-ഉം ഓറിക്കിളും വെൻട്രിക്കിളും സംയോജിക്കുന്നിടത്തു നിന്ന് 60-ഉം വെൻട്രിക്കിളിൽനിന്ന് 40-ഉം വീതമാണ് ഇടിപ്പ് ഉണ്ടാകുന്നതെങ്കിലും സിനു-ഓറിക്കുലാർ നോഡ് മറ്റു രണ്ടിനങ്ങളെയും അതിക്രമിക്കുന്നതിനാലാണ് മിനിട്ടിൽ 70 സ്പന്ദങ്ങൾ ഉണ്ടാകുന്നത്. ചേതനാ - അനുചേതനാ നാഡീവ്യൂഹങ്ങൾ ഹൃദയമിടിപ്പിനെ സന്തുലിതാവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു. ഈ പദ്ധതിയിലെ ക്രമക്കേടാണ് അതാളത.

അതാളത
സ്പെഷ്യാലിറ്റികാർഡിയോളജി, rhythmology Edit this on Wikidata

രോഗകാരണങ്ങൾതിരുത്തുക

കഠിനാധ്വാനം, വികാരാധീനത, ചായ, കാപ്പി മുതലായവയുടെ അമിതമായ ഉപയോഗം, ദഹനക്കേട്, ഹൃദയവീക്കം തുടങ്ങിയ ഹൃദ്രോഗങ്ങൾ, അനീമിയ, തൈറോടോക്സിക്കോസിസ് തുടങ്ങിയ രോഗങ്ങൾ എന്നിവ അതാളതയുടെ മുഖ്യകാരണങ്ങളാണ്.

വിവിധ തരം അതാളതകൾതിരുത്തുക

ഹൃദയസ്പന്ദങ്ങളുടെ നിരക്കും അവ ആരംഭിക്കുന്ന സ്ഥാനവും അനുസരിച്ച് അതാളതകൾ വിവിധതരത്തിലുണ്ട്. സൈനസ്ബ്രാഡികാർഡിയ എന്ന ഇനത്തിൽ 70-നും 45-നും ഇടയിൽ ഹൃദയമിടിപ്പുണ്ടാകുന്നു. ഇത് പ്രമേഹം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ മൂർധന്യാവസ്ഥ വിട്ടു ഭേദമാകുമ്പോഴും ഹൈപോതൈറോയിഡിസം എന്ന രോഗം ബാധിക്കുമ്പോഴും സാധാരണയാണ്. കൂടാതെ ആരോഗ്യമുള്ള ചില കായികാഭ്യാസികളിലും ഇതുണ്ടാകുന്നു. സൈനസ് ടാക്കികാർഡിയയിൽ 70-നും 150-നുംഇടയ്ക്കു സ്പന്ദനം അനുഭവപ്പെടും. ഓറിക്കിളിലോ വെൻട്രിക്കിളിലോ ഓറിക്കുലോ-വെൻട്രിക്കുലാർ നോഡിലോ ആദ്യമായി അകാലമിടിപ്പുകൾ ഉണ്ടാകുന്നതാണ് എക്സ്ട്രാ ഡിസ്റ്റോലികൾ. മറ്റൊരിനമായ ഓറിക്കുലാർ ടാക്കികാർഡിയ, ഓറിക്കിളിലെവിടെയെങ്കിലും തുടങ്ങി 150-നും 250-നുമിടയ്ക്ക് ഇടിപ്പുകളുണ്ടാക്കുന്ന അവസ്ഥയാണ്. ഓറിക്കുലാർ ഫിബ്രില്ലേഷൻ എന്നയിനത്തിൽ 400-നും 600-നുമിടയ്ക്ക് ഓറിക്കിളിൽകൂടി കടന്നുപോകുന്ന സ്പന്ദങ്ങൾ ഉണ്ടാകുന്നു. വെൻട്രിക്കിളിൽനിന്നും 150-നും 300-നും ഇടയ്ക്ക് സ്പന്ദങ്ങളുണ്ടാകുന്ന അവസ്ഥയാണ് വെൻട്രിക്കുലാർ ടാക്കികാർഡിയ. ഓറിക്കിളിൽ തുടങ്ങുന്ന ഇടിപ്പുകൾ വെൻട്രിക്കിളിലേക്കു പകരാതിരിക്കുന്ന അവസ്ഥയ്ക്ക് [[ഓറിക്കുലോ-വെൻട്രിക്കുലാർ ബ്ലോക്ക്] എന്നു പറയുന്നു.

ഓറിക്കുലാർ ടാക്കികാർഡിയ സ്ത്രീ പുരുഷഭേദമെന്യേ, ഏതു പ്രായത്തിലും പ്രത്യേകിച്ച് ഹൃദ്രോഗമുള്ളവർക്ക് ഉണ്ടാകാം. ഹൃദയമിടിപ്പിന്റെ ശക്തി കാരണം കിടക്കകൂടി ചലിക്കുന്നതായി രോഗിക്കു തോന്നാം.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതാളത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതാളത&oldid=2828153" എന്ന താളിൽനിന്ന് ശേഖരിച്ചത്