അടിയായ്മ
ഒരാൾ, ഏതെങ്കിലും നാടുവാഴിയുടെയോ ജൻമിയുടെയോ ഭൂമിയിൽ താമസിച്ച് പണിചെയ്ത് ജീവസന്ധാരണം നടത്തുകയും, പകരം യജമാനന് പലതരത്തിലുള്ള ഭോഗങ്ങളും സേവനങ്ങളും നല്കി അതിനുള്ള അവകാശം നിലനിർത്തുകയും ചെയ്യുന്ന സമ്പ്രദായമാണ് അടിയായ്മ. ഈ സമ്പ്രദായം മിക്കരാജ്യങ്ങളിലും നിലനിന്നിരുന്നു. ചരിത്രപരമായ കാരണങ്ങൾ കൊണ്ട് ഓരോ രാജ്യത്തിലും ഇതിന്റെ ഉദ്ഭവവും വ്യവസ്ഥകളും വ്യത്യസ്തങ്ങളായിരുന്നു എന്നുമാത്രം. കൃഷിയോടും ഭൂമിയോടും ബന്ധപ്പെട്ടതായതുകൊണ്ടും, കാർഷികസമ്പദ്ഘടന മിക്കവാറും എല്ലാരാജ്യങ്ങളിലും അനേകശതാബ്ദങ്ങൾ നിലനിന്നിരുന്നതുകൊണ്ടും അടിയായ്മ പല രാജ്യങ്ങളിലും ദീർഘകാലം തുടരാൻ ഇടയായി.
ഉദ്ഭവം
തിരുത്തുകആക്രമണങ്ങളിൽ തോല്പിക്കപ്പെട്ടവരാണ് കാലക്രമത്തിൽ പല രാജ്യങ്ങളിലും അടിയാൻമാരായിത്തീർന്നത്. ആര്യൻമാർ ഗ്രീസ് പിടിച്ചടക്കിയപ്പോൾ പരാജിതരെ പൂർണമായി നശിപ്പിക്കുന്നതിനുപകരം അടിയാൻമാരാക്കുകയാണുണ്ടായത്. ഭരണകാര്യങ്ങളിലും, സൈനികപ്രവർത്തനങ്ങളിലും മാത്രം ഏർപ്പെട്ടിരുന്ന സ്പാർട്ടയിലെ കുബേരകുടുംബങ്ങളുടെയും സാധാരണ പൗരൻമാരുടെയും ഭൂമി അടിയാൻമാരാണ് കൃഷി ചെയ്തിരുന്നത്.
റോമിൽ മറ്റൊരുവിധത്തിലും അടിയായ്മ വളർന്നുവന്നു. റോമൻ റിപ്പബ്ളിക്കിന്റെ ആദ്യ ശതാബ്ദങ്ങളിൽ റോമൻപൗരൻമാർ തന്നെയാണ് ഭൂമി കൃഷിചെയ്തിരുന്നത്. റോം വിദേശരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്താനാരംഭിച്ചതോടെ ഇവരിൽ ഒരു നല്ലവിഭാഗത്തിന് യോദ്ധാക്കളായി വിദേശങ്ങളിൽ പോകേണ്ടിവന്നു. അപ്പോൾ ഇവരുടെ ഭൂമി വാങ്ങിയ ധനികൻമാർ അവരുടെ വിസ്തൃതമായ കൃഷി സ്ഥലങ്ങൾ അടിമകളെക്കൊണ്ട് കൃഷിചെയ്യിച്ചു. കാലാന്തരത്തിൽ അടിമകൾക്ക് ദൗർലഭ്യമുണ്ടാകുകയും, കിട്ടാവുന്ന അടിമകളുടെ വില ക്രമാധികം വർധിക്കുകയും ചെയ്തു. തത്ഫലമായി കുബേരൻമാർ അടിമകളെക്കൊണ്ട് കൃഷിചെയ്യിക്കുന്ന സമ്പ്രദായം ക്രമേണ ഉപേക്ഷിച്ചു. പകരം, വസ്തുവിൽ താമസിച്ച് കൃഷിചെയ്യാൻ നിർധനരായ പൌരൻമാരെ അനുവദിക്കുകയും, പ്രതിഫലമായി അവരിൽനിന്ന് നികുതിയും സേവനങ്ങളും നേടുകയും ചെയ്തു. ഇവരാണ് സാമ്രാജ്യകാലത്ത് അടിയാൻമാരായിത്തീർന്നത്. അടിയാന്റെ സ്ഥിതി അടിമയുടേതിനെക്കാൾ ഭേദമാണ്. അടിയാനെ യഥേഷ്ടം വില്ക്കാനും വാങ്ങാനുമുള്ള അധികാരം നാടുവാഴിക്കോ ജൻമിക്കോ ഇല്ല. എന്നാൽ അടിയാനുമായി ബന്ധപ്പെട്ട ഭൂമിയോടൊത്ത് അയാളെ കൈമാറ്റം ചെയ്യാം. കൃഷിചെയ്യാനുള്ള അവകാശത്തിനുപുറമേ ശത്രുക്കളിൽ നിന്നുള്ള സംരക്ഷണവും അടിയാന് യജമാനനിൽ നിന്നു ലഭിക്കുന്നു. പകരം പണമോ സാധനങ്ങളോ അധ്വാനമോ നല്കാൻ അടിയാൻ ബാധ്യസ്ഥനാണ്.
അടിയാന്റെ അവകാശങ്ങളും കടമകളും ഓരോ രാജ്യത്തും ഓരോ തരത്തിലായിരുന്നു. 11-ഉം 12-ഉം ശതകങ്ങളിൽ യൂറോപ്പിൽ പൊതുവിലും, ഇംഗ്ലണ്ടിലും ഫ്രാൻസിലും പ്രത്യേകിച്ചും നിലവിലിരുന്ന വ്യവസ്ഥകളിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു:
- ആൾക്കരം, ഭൂനികുതി, ജൻമിക്കരം എന്നീ മൂന്നിനം നികുതികൾ പ്രതിവർഷം അടിയാൻ കൊടുക്കേണ്ടിയിരുന്നു.
- ആഴ്ചയിൽ മൂന്നു മുതൽ അഞ്ചുവരെ ദിവസങ്ങൾ കൂലിയില്ലാതെ വേലചെയ്തുകൊടുക്കുന്നതിനു പുറമേ കാർഷികവിഭവങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും ഒരു പങ്ക് അയാൾ പ്രഭുവിനു നല്കേണ്ടിയിരുന്നു.
- ധാന്യങ്ങൾ പൊടിക്കുക, റൊട്ടിയുണ്ടാക്കുക, മുന്തിരിപ്പഴം പിഴിഞ്ഞെടുക്കുക, തുടങ്ങി അടിയാന്റെ സ്വന്തം ആവശ്യങ്ങൾ നിർവഹിക്കുവാൻ പ്രഭുവിന്റെ സ്ഥാപനങ്ങളെ തന്നെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന് പ്രത്യേക കൂലിയും പ്രഭുവിന് കൊടുക്കേണ്ടതുണ്ടായിരുന്നു.
- യുദ്ധകാലത്ത് പ്രഭുവിന് സൈനികസേവനം നല്കാനും പ്രഭു തടവുകാരനാക്കപ്പെട്ടാൽ വിടുതൽപണം നല്കാനും അടിയാൻ ബാധ്യസ്ഥനായിരുന്നു.
- തന്റെ മകനെ ഉപരിവിദ്യാഭ്യാസത്തിനോ പൗരോഹിത്യത്തിനോ അയയ്ക്കുന്ന അടിയാൻ പ്രഭുവിന് പിഴ കൊടുക്കാൻ നിർബന്ധിതനായിരുന്നു.
- പ്രഭുവിന്റെ കുളത്തിൽനിന്നും മീൻപിടിക്കുക, പുൽത്തകിടിയിൽ കാലികളെ തീറ്റുക, വനങ്ങളിൽ വേട്ടയാടുക, എന്നിവയ്ക്ക് പ്രഭുവിന് കരം കൊടുക്കേണ്ടിയിരുന്നു.
- ഒരു പ്രഭുവിന്റെ അടിയാൻമാർ മറ്റൊരു പ്രഭുവിന്റെ അടിയാൻമാരുമായി വിവാഹബന്ധത്തിൽ ഏർപ്പെടുമ്പോൾ പ്രഭുവിന് നികുതി നല്കേണ്ടിയിരുന്നു. ചില സ്ഥലങ്ങളിൽ അടിയാന്റെ വധു പ്രഥമരാത്രി പ്രഭുവിന്റെകൂടെ കഴിയണമെന്നുണ്ടായിരുന്നു. എന്നാൽ, മിക്കയിടങ്ങളിലും, വരൻ പ്രഭുവിന് ഒരു തുക നല്കുന്നപക്ഷം വധുവിനെ ഈ ബാദ്ധ്യതയിൽനിന്നും മോചിപ്പിക്കാൻ കഴിഞ്ഞിരുന്നു.
വളർച്ച
തിരുത്തുകറോമാസാമ്രാജ്യത്തിന്റെ തകർച്ചയോടുകൂടി ഓരോ പ്രദേശത്തെയും ധനികരും ശക്തരുമായ ആളുകൾ അതതു പ്രദേശങ്ങളിലെ നാടുവാഴികളായിത്തീർന്നു. നിയമസമാധാനങ്ങൾ പാലിക്കാൻ ശക്തമായ ഒരു കേന്ദ്രഭരണകൂടം ഇല്ലാതിരുന്നതുമൂലം സമാധാനജീവിതത്തിനും, അന്യരുടെ ആക്രമണത്തിൽ നിന്നുള്ള രക്ഷയ്ക്കും വേണ്ടി കൃഷിക്കാർ പ്രഭുക്കൻമാരുടെ അടിയാൻമാരായി കഴിയേണ്ടിവന്നു. ഇങ്ങനെയാണ് മധ്യയുഗങ്ങളിൽ യൂറോപ്പിൽ ഫ്യൂഡൽ സമ്പ്രദായം നിലവിൽ വന്നത്.
റഷ്യയിലെ സ്ഥിതി ഇതിൽനിന്ന് വിഭിന്നമായിരുന്നു. ഇവിടെ സ്വതന്ത്രരായ കർഷകരാണ് അടിയാൻമാരായിത്തീർന്നത്. കേന്ദ്രഭരണത്തിന്റെയും, വൈദികസ്ഥാപനങ്ങളുടെയും, പ്രഭുക്കൻമാരുടെയും ശക്തി വർധിച്ചതോടെ കർഷകരുടെ സ്ഥിതി മോശമായി. ഓരോ പ്രഭുവിന്റെ കീഴിലായിത്തീർന്ന കർഷകർ അവരവരുടെ ഭൂമിയുടെ ഉടമസ്ഥൻമാരായിത്തന്നെ കരുതപ്പെട്ടിരുന്നു; എങ്കിലും അവർ പ്രഭുവിനു കരം നല്കേണ്ടിയിരുന്നു. കുടിശ്ശിക തീർ ത്തെങ്കിലേ ഒരു പ്രഭുവിന്റെ കീഴിലുള്ള വസ്തുവിൽനിന്നും മറ്റൊരിടത്തേക്ക് ഒഴിഞ്ഞുപോകാവൂ എന്ന സ്ഥിതിയുണ്ടായി. ഇതോടൊപ്പം സർക്കാർ നികുതി വർധിപ്പിക്കുകയും അതു നിർബന്ധമായി പിരിച്ചെടുക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടി, കർഷകർ ഭൂമി വിട്ടുപോകാൻ പാടില്ലെന്ന നിയമം നടപ്പിലാക്കുകയും ചെയ്തു. പീറ്റർ ചക്രവർത്തിയുടെ കാലമായപ്പോഴേക്കും അടിയാൻമാരുടെ സ്ഥിതി അടിമകളുടേതിന് തുല്യമായിത്തീർന്നു. ഈ ദുഃസ്ഥിതി 19-ആം ശതകംവരെ തുടർന്നു. ഇതിനിടയിൽ ഇവരെ സാമ്പത്തികാടിമത്തത്തിൽനിന്നും മോചിപ്പിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇത് ഫലപ്രാപ്തിയിൽ എത്തിയത് 1861-ലെ വിമോചനനിയമത്തോടുകൂടിയാണ്. ഇതനുസരിച്ച് ഒന്നരക്കോടിയോളം കർഷകർക്ക് അവരുടെ കൃഷിഭൂമിയുടെ നിശ്ചിതാനുപാതികമായ ഒരു ഭാഗം സ്വന്തമായി ലഭിച്ചു.
അടിയായ്മ, ഇന്ത്യയിൽ
തിരുത്തുകഇന്ത്യയിൽ അടിയായ്മ സമ്പ്രദായം ആരംഭിച്ചത് ആര്യൻമാരുടെ ആക്രമണത്തോടും, ചാതുർവർണ്യത്തിന്റെ ഉദ്ഭവത്തോടും ബന്ധപ്പെട്ടുകൊണ്ടാണ്. മറ്റു രാജ്യങ്ങളിൽ അടിയാനുണ്ടായിരുന്ന സ്ഥിതിയാണ് ഇന്ത്യയിൽ ശൂദ്രർക്കുണ്ടായിരുന്നത്. കാലക്രമത്തിൽ ശൂദ്രരുടെയിടയിലും പല ഉപജാതികൾ ഉണ്ടായി. എങ്കിലും അടിയാൻമാർ ഇവരിൽപ്പെട്ട കീഴ്ജാതിക്കാരും, അസ്പൃശ്യരുമൊക്കെത്തന്നെയായിരുന്നു. മറ്റു രാജ്യങ്ങളിലെ അടിയാൻമാരെ അപേക്ഷിച്ച് ജാതിജന്യമായ പരാധീനതകൾ കൂടി ഇന്ത്യയിലെ അടിയാൻമാർക്കുണ്ടായിരുന്നു. അടുത്തകാലത്തുമാത്രമാണ് ഇവരുടെ നില മെച്ചപ്പെട്ടുതുടങ്ങിയത്.
യൂറോപ്യൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന അടിയായ്മ അതേരീതിയിൽ കേരളത്തിലുണ്ടായിരുന്നില്ല. ഏതാണ്ട് അതുപോലുള്ള ഒരു കുടിയായ്മസമ്പ്രദായം കേരളത്തിൽ നിലനിന്നിരുന്നു. കുടിയാൻമാരിൽനിന്നും, അടിമകളിൽ നിന്നുമായി അടിയായ്മകൊണ്ടു ലഭിക്കേണ്ട സാമ്പത്തികവും സാമൂഹികവുമായ പ്രയോജനങ്ങൾ ജൻമിമാർക്കു ലഭിച്ചിരുന്നു. കേവലം ആചാരപരമായ ഒരുതരം അടിയായ്മയും കേരളത്തിൽ നിലനിന്നിരുന്നു. ശൂദ്രർ മുതലായ കീഴ്ജാതിക്കാർ ജൻമിമാരായ നമ്പൂതിരിമാർക്ക് കാഴ്ചകൾവച്ച് അടിയായ്മ സ്വീകരിക്കുകയായിരുന്നു ഈ സമ്പ്രദായം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അടിയായ്മ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |