വേഗത്തിൽ നിർവഹിക്കേണ്ടകാര്യങ്ങൾ; മുടക്കാൻ പാടില്ലാത്ത കർമങ്ങൾ എന്നിങ്ങനെയാണു (നാമവിശേഷണങ്ങളായി) നിഘണ്ടുക്കളിൽ പ്രധാനമായും അർഥം നൽകപ്പെട്ടിട്ടുള്ളതെങ്കിലും സാധാരണ നാമരൂപത്തിൽ പ്രയോഗിക്കുമ്പോൾ സദ്യവട്ടങ്ങളോടുകൂടിയ ഗാർഹികാഘോഷങ്ങൾ എന്ന അർഥമാണ് ഈ പദത്തിനുള്ളത്.

അടിയന്തരങ്ങളും ഉത്സവങ്ങളും തിരുത്തുക

ഓരോരോ രാഷ്ട്രത്തിനും ജനസമുദായത്തിനും മതവിഭാഗത്തിനും വർഗത്തിനും ഗോത്രത്തിനും പ്രദേശത്തിനും എല്ലാം അതതിന്റേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഇവ പലപ്പോഴും പരമ്പരാഗതവുമാണ്. വിവിധകർമങ്ങളുടെ ഒരു അംഗീകൃതക്രമം ഏതൊരു അടിയന്തരത്തിനും ഉണ്ടായിരിക്കും. അടിയന്തരങ്ങളുടെ അടിസ്ഥാനതത്ത്വങ്ങളെ അപഗ്രഥിച്ച് വർഗീകരിക്കുക എന്നത് സാമൂഹികമാനവവിജ്ഞാനീയത്തിൽ (Social Anthropology) വളരെ പ്രാധാന്യം അർഹിക്കുന്ന പ്രക്രിയയാണ്. അടിയന്തരങ്ങൾ മതപരമോ സാമൂഹികമോ ആകാം. രണ്ടായാലും അവ പ്രധാനമായും വ്യക്തികളെ സംബന്ധിക്കുന്നവയാണ്. ഇന്നു സർവസാധാരണമായ പല ഗാർഹിക സംഭവങ്ങളും അടിയന്തരങ്ങളായി ആഘോഷിക്കാറുണ്ട്. ഇക്കൂട്ടത്തിൽ പെട്ടതാണ് ജനനം, ഉപനയനം, ആർത്തവം, വിവാഹം, മരണം തുടങ്ങി മനുഷ്യജീവിതത്തിൽ കടന്നുപോകേണ്ട വിവിധഘട്ടങ്ങളോടു ബന്ധപ്പെട്ട അടിയന്തരങ്ങൾ. ക്ഷേത്രോത്സവങ്ങൾ, പെരുന്നാളുകൾ, മതപരമായ ചടങ്ങുകൾ എന്നീ സാമൂഹികാഘോഷങ്ങൾ, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം തുടങ്ങിയ ദേശീയാഘോഷങ്ങൾ, രാഷ്ട്രനായകൻമാരുടെയും സമുദായനേതാക്കളുടെയും ജനന മരണദിനവാർഷികങ്ങൾ, വിശിഷ്ടവ്യക്തികളുടെ ജയന്തികൾ, സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും സംഘടനകളുടെയും അതിപ്രധാനസംഭവങ്ങളുടെയും മറ്റും ജൂബിലികൾ തുടങ്ങിയവയും അടിയന്തരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൂടേ എന്നു സന്ദേഹിക്കുന്നവരുണ്ട്. എന്നാൽ ഉത്സവങ്ങളെയും അടിയന്തരങ്ങളെയും ഒരു പരിധിക്കപ്പുറം രണ്ടായി തന്നെ കാണേണ്ടിയിരിക്കുന്നു. പല ഉത്സവങ്ങളോടും ചേർന്ന് അടിയന്തരങ്ങൾ കാണുമെങ്കിലും അടിയന്തരങ്ങളോടെല്ലാം ചേർന്ന് ഉത്സവങ്ങൾ കാണണമെന്നില്ല. ഉത്സവങ്ങൾ പ്രായേണ സാമൂഹികമാണ്. അടിയന്തരങ്ങൾ മിക്കപ്പോഴും ഗാർഹികം മാത്രമായിരിക്കും. ആഘോഷത്തിന്റെ അന്തരീക്ഷമാണ് രണ്ടിലും മുന്നിട്ടു നില്ക്കുന്ന സമാനഭാവം. സാധാരണഗതിയിൽ ഉത്സവങ്ങളെ ദേശീയം, സാമൂഹികം, മതപരം ഇങ്ങനെ പ്രധാനമായി മൂന്ന് ഇനങ്ങളായി തിരിക്കാം. അടിയന്തരങ്ങൾ പ്രായേണ എല്ലാംതന്നെ വൈയക്തികവും ഗാർഹികവുമാണ്. അവതന്നെ മതപരമോ ചില കീഴ്വഴക്കങ്ങളുടെ സമ്മർദങ്ങൾക്കു വിധേയമായതോ ആകാം.

വിവിധതരം അടിയന്തരങ്ങൾ തിരുത്തുക

ജനനം, നാമകരണം, ചോറൂണ്, പിറന്നാൾ, കാതുകുത്ത്, താലികെട്ട്, തിരണ്ടുകുളി, വിവാഹം, പുളികുടി, ഷഷ്ടിപൂർത്തി, സപ്തതി, ശതാഭിഷേകം, നവതി, മരണം, സപിണ്ഡി, തളിച്ചുകുളി, നാല്പതടിയന്തിരം, ശ്രാദ്ധം എന്നിവ വൈയക്തികപ്രാധാന്യമുള്ള അടിയന്തരങ്ങളാണെങ്കിലും, ഇവയിൽ പലതിനും മതപരവും സാമൂഹികവുമായ കീഴ്വഴക്കങ്ങളുടെ സമ്മർദമുണ്ടായിരിക്കും. അതുപോലെ സാമൂഹികസമ്മർദം നിലനിർത്തിപ്പോന്ന അടിയന്തരങ്ങളാണ് ശിലാസ്ഥാപനം, വാസ്തുബലി, പുന്നെല്ലടിയന്തിരം തുടങ്ങിയവ. കേരളത്തിൽ ഇവയെല്ലാംതന്നെ സർവസാധാരണമായിരുന്ന അടിയന്തരങ്ങളാണ്. ഇന്ന് ഇവയിൽ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ഒരു കേരളബ്രാഹ്മണൻ (നമ്പൂതിരി, പോറ്റി, ഭട്ടതിരി തുടങ്ങിയവർ) സ്വജീവിതത്തിലും അത് ആരംഭിക്കുന്നതിന് മുമ്പും അവസാനിച്ച ശേഷവും പതിനാറ് പ്രധാന അടിയന്തരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷോഡശ സംസ്കാരങ്ങൾ എന്നു പറയപ്പെടുന്ന ഈ കർമങ്ങൾ ഗർഭാധാനം, പുംസവനം, സീമന്തം, ജാതകർമം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകരണം, കർണവേധം, ഉപനയനം, വേദാധ്യയനം, കേശാന്തം, സ്നാനം, വിവാഹം, വൈവാഹികാഗ്നിചയനം, ആനാഗ്നിചയനം എന്നിവയാണ്. ഇവയ്ക്കു പുറമേ ശവസംസ്കാരം, സപിണ്ഡി, ശ്രാദ്ധം തുടങ്ങിയ പരേതക്രിയകളും അനുഷ്ഠിക്കപ്പെടേണ്ടതായിട്ടുണ്ട്. ഇവയെല്ലാം അപരിത്യാജ്യങ്ങളും ആഘോഷസമേതം ആചരിക്കപ്പെടേണ്ടവയും ആയ അടിയന്തരങ്ങളാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇവയിൽ പലതും പ്രായേണ ഉപേക്ഷിക്കപ്പെട്ടുവരികയാണ്.

മേൽപ്പറഞ്ഞ മിക്ക അടിയന്തരങ്ങൾക്കും സമാനമായ ആഘോഷകർമങ്ങൾ മറ്റു മതാനുയായികൾക്കും ഉണ്ടായിരുന്നു. ആർത്തവസ്നാനം തുടങ്ങിയ വൈയക്തിക-ഗാർഹിക ചടങ്ങുകൾ വിവിധ ജനസമുദായങ്ങൾക്കിടയിൽ രസകരങ്ങളായ പല വൈവിധ്യങ്ങളോടും വൈചിത്ര്യങ്ങളോടുമാണ് നടത്തപ്പെട്ടിരുന്നത്. ഇന്ന് ഇവ പല പരിഷ്കൃത ജനവിഭാഗങ്ങൾക്കിടയിലും ആഘോഷിക്കപ്പെടാറില്ല. എന്നാൽ അപൂർവം ചില പാശ്ചാത്യജനസമൂഹങ്ങൾ യുവതികൾ പ്രായപൂർത്തിയാകുമ്പോൾ പുറത്തേക്കുവരിക (coming out) എന്ന ചടങ്ങ് വിവാഹത്തിലും കവിഞ്ഞ പ്രാധാന്യത്തോടെ അത്യാഘോഷപൂർവം ആചരിക്കുന്നുണ്ട്.

അടിയന്തരങ്ങൾ മതഭേദമനുസരിച്ച് തിരുത്തുക

മതപരമായ അടിയന്തരങ്ങളിൽ മതഭേദമനുസരിച്ചുള്ള വൈവിധ്യങ്ങൾ കാണാം. കേരളത്തിലെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഷോഡശസംസ്കാരങ്ങളിൽ ബ്രാഹ്മണ്യത്തിനടുത്തവ ഒഴിച്ചുള്ളവയും പിറന്നാൾ, ഷഷ്ടിപൂർത്തി, സപ്തതി തുടങ്ങിയയും സർവസാധാരണമാണ്. മുസ്ലീങ്ങളുടെ അടിയന്തരങ്ങളിൽ പ്രാധാന്യം അർഹിക്കുന്ന, ജനനത്തെ തുടർന്ന് 6-ആം ദിവസം ആഘോഷിക്കുന്ന ഛെട്ടി (ഛേദിൻ), 40-ആം ദിവസം നടത്തുന്ന ഛില്ല (ഛൽസിന), നാമകരണം, ചേലാകർമം (സുന്നത്ത്), വിവാഹം, മരണം, മരണത്തിന്റെ മൂന്നാംദിവസം പ്രാതൽസദ്യ (സിയാറന്ത്), 10-ആം ദിവസം ഉച്ചസദ്യ, 40-ആം ദിവസം അത്താഴസദ്യ, വാർഷികം എന്നിവ വൈയക്തികവിഭാഗത്തിൽപെടുന്നു. റംസാൻ, ബക്രീദ്, മിലാദെഷെരീഫ് എന്നീ പെരുന്നാളുകളുമായി ബന്ധപ്പെട്ട അടിയന്തരങ്ങൾ സാമൂഹിക കീഴ്വഴക്കങ്ങൾക്കു വിധേയമായി രൂപംകൊണ്ടിട്ടുള്ളവയാണ്.

കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പഴയകൂറ്റുപാരമ്പര്യമനുസരിച്ച് ജ്ഞാനസ്നാനം, ആദ്യകുർബാന സ്വീകരണം, വിവാഹനിശ്ചയം, വിവാഹം, മരണം, മരണത്തിനുശേഷം പതിനാറാം ദിവസം, നാല്പതാം ദിവസം, ശ്രാദ്ധം, വാർഷികം എന്നിവ ഏറെക്കുറെ സർവസാധാരണമായ അടിയന്തരങ്ങളാണ്. പുത്തൻകൂറ്റുകാർക്ക് ജ്ഞാനസ്നാനം, വിവാഹനിശ്ചയം, വിവാഹം എന്നിവയാണ് പ്രധാനപ്പെട്ട അടിയന്തരങ്ങൾ. പിറന്നാൾ, ഷഷ്ടിപൂർത്തി, വാസ്തുബലി തുടങ്ങിയവ രണ്ടുകൂട്ടത്തിൽപെട്ടവരും അവരവരുടെ സാമ്പത്തികശേഷിയും സാമൂഹിക വീക്ഷണവും അനുസരിച്ചു നടത്തുന്നുണ്ടെങ്കിലും അവയ്ക്ക് മതപരമായ പ്രാധാന്യമൊന്നുമില്ല.

ആചാരാനുഷ്ഠാനങ്ങൾ തിരുത്തുക

ആയില്യം, തിരുവോണം, ഭരണി, കാർത്തിക തുടങ്ങിയ നക്ഷത്രങ്ങളും ഷഷ്ടി, അഷ്ടമി, ഏകാദശി, വാവ് തുടങ്ങിയ തിഥികളും ഞായർ, തിങ്കൾ, ശനി തുടങ്ങിയ ദിവസങ്ങളും വൈശാഖം, മാഘം തുടങ്ങിയ മാസങ്ങളും പൊതുവേ ഹിന്ദുക്കൾ അനുഷ്ഠാനങ്ങളായി ആചരിക്കുന്നു. ഇവയിൽ പലതിനോടും ചേർന്ന് സദ്യവട്ടങ്ങൾ ഉള്ളതുകൊണ്ട് അവയും അടിയന്തരങ്ങളുടെ പട്ടികയിൽ പെടും. ഇക്കൂട്ടത്തിൽ ചിങ്ങമാസത്തിലെ തിരുവോണം, കേരളീയരെ സംബന്ധിച്ചിടത്തോളം ഒരു ദേശീയോത്സവമായി മാറിയിരിക്കുന്നു.

കേരളത്തിനുപുറത്ത് തിരുത്തുക

ജൂതൻമാർ, പാഴ്സികൾ, സിക്കുകാർ, ബുദ്ധമതക്കാർ തുടങ്ങിയ ഇതര മതാനുയായികൾക്കും അവരുടേതായ അടിയന്തരങ്ങളുണ്ട്. കേരളത്തിനു പുറത്ത് വിവിധജനവിഭാഗങ്ങൾ മതപരവും സാമൂഹികവും വൈയക്തികവുമായ അടിയന്തരങ്ങൾ ആഘോഷിക്കുന്നതിൽ പല സമാനതകളും കണ്ടെത്താവുന്നതാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടിയന്തിരങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടിയന്തിരങ്ങൾ&oldid=2700798" എന്ന താളിൽനിന്ന് ശേഖരിച്ചത്