അടയ്ക്കാപുത്തൂർ കണ്ണാടി
പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരിക്കടുത്ത് അടയ്‌ക്കാപുത്തൂരെന്ന ഗ്രാമത്തിൽ നിന്നും ആറന്മുള കണ്ണാടിക്കൊപ്പം പ്രശസ്തമായ ലോഹകണ്ണാടിയാണ് അടയ്ക്കാപുത്തൂർ കണ്ണാടി. കുന്തിപ്പുഴയുടെ തീരത്തെ കലാഗ്രാമമായ വെള്ളിനേഴിയിലെ അടയ്ക്കാപുത്തൂർ ഗ്രാമത്തിന്റെ തനത് പാരമ്പര്യത്തിൽ നിർമ്മിച്ചെടുക്കുന്ന ലോഹകണ്ണാടിയാണ് ഇത്. 1985 ലാണ് അടയ്‌ക്കാപുത്തൂർ കണ്ണാടി ജന്മമെടുത്തത്. [1]
പശ്ചാത്തലം
തിരുത്തുകപ്രാചീന നെടുങ്ങനാട്ടിലെ അടക്കാപുത്തൂർ ദേശത്തു ബാലൻ മൂശാരി തന്റെ കരവിരുതും വെള്ളോട് നിർമ്മാണത്തിലെ പാരമ്പര്യവും ചേർത്തു നിർമ്മിച്ച കണ്ണാടി പിന്നീട് അടക്കാപുത്തൂർ കണ്ണാടി എന്ന് പ്രസിദ്ധമായി.[2] ബാലൻ മൂശാരിയുടെ മകനായ ഹരിനാരായണൻ ആ പാരമ്പര്യം തുടർന്നു. [3] ഇന്ന് ഇളയ മകനായ കൃഷ്ണകുമാറാണ് കണ്ണാടി നിർമ്മാണം നടത്തുന്നത്.
നിർമ്മാണം
തിരുത്തുകസാങ്കേതികജ്ഞാനവും സൗന്ദര്യബോധവും സമന്വയിപ്പിച്ചാണ് അടയ്ക്കാപുത്തുർ കണ്ണാടിയുടെ നിർമ്മാണം. വെളേളാട് മിനുക്കിയാണ് വാൽക്കണ്ണാടി നിർമ്മിക്കുന്നത്. ഈയവും ചെമ്പും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്താണ് ലോഹക്കൂട്ട് തയ്യാറാക്കുന്നത്. ഈ അനുപാതമാണ് ലോഹക്കണ്ണാടിയുടെ നിർമ്മാണരഹസ്യം. ആവശ്യമുള്ള വലിപ്പത്തിൽ മെഴുകുകൊണ്ട് രൂപമുണ്ടാക്കി അരച്ചെടുത്ത മണ്ണ് മൂന്നുപാളികളിലായി ഇതിനുപുറത്ത് തേച്ചുപിടിപ്പിച്ച് കരു ഉണ്ടാക്കും. ഒരു വശത്തുമാത്രം മെഴുക് പുറത്തേക്ക് വരാനുള്ള തുളയുണ്ടാക്കും. കരു ഉണക്കിയെടുത്ത് ചൂളയിൽവച്ച് ചൂടാക്കി തുളയിട്ട ഭാഗത്തുകൂടി മെഴുക് ഉരുക്കിക്കളയും. കരുവിന്റെ ഒഴിഞ്ഞ ഭാഗത്ത് ഓട് ഉരുക്കിയൊഴിക്കും വെളേളാട് തയ്യാറായാൽ ഉരക്കടലാസുകൊണ്ട് പ്രതലം മിനുക്കുന്നു. അതിനുശേഷം മൂശപ്പൊടി കൊണ്ട് മിനുക്കി മെറ്റൽ പോളിഷ് കൂടി പ്രയോഗിച്ചു കഴിഞ്ഞാൽ കണ്ണാടി തയ്യാറാകുന്നു. തുടർന്ന് കരവിരുത് നിറയുന്ന ഫ്രെയിം കൂടിയാവുമ്പോൾ ലക്ഷണമൊത്ത വാൽക്കണ്ണാടിയാവും. [4]
അതീവശ്രദ്ധയും വൈദഗ്‌ദ്ധ്യവും ആവശ്യമുളളതാണിതിന്റെ നിർമ്മാണം. വായുകുമിളകൾ കണ്ണാടി ലോഹത്തിൽ കുടുങ്ങിയാൽ മിനുക്കിക്കഴിയുമ്പോൾ കരിക്കുത്തുകൾ വീഴും. പിന്നെ അത് ഉപയോഗശൂന്യമാണ്. രാകി മിനുക്കുമ്പോൾ ചൂടുകൂടിയാൽ ലോഹം പിളരും. ഇതിനെയെല്ലാം മറികടക്കുന്ന ശ്രദ്ധ വാൽക്കണ്ണാടിയുടെ നിർമ്മാണത്തിനാവശ്യമാണ്. ചെറിയ കണ്ണാടി നിർമ്മിക്കാൻ ആറു ദിവസവും വലിയതിന് 15 മുതൽ 25 ദിവസം വരെയും സമയമെടുക്കും. [5]