ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

അഞ്ജനഗീതം ഒരു മറാഠി ഗാനരൂപമാണ്. കഥാകാലക്ഷേപത്തിൽ തില്ലാന, സുകി, മംഗളം, തോടയം എന്നിവപോലെ ഒരു നിർദിഷ്ടഘട്ടത്തിൽ ആലപിക്കണമെന്നു വിധിക്കപ്പെട്ടിട്ടുള്ളതാണിത്. പഞ്ചപദി എന്ന വന്ദനഗാനം (പരമ്പരാഗതമായ അഞ്ചുഗാനങ്ങൾ) പാടിക്കഴിഞ്ഞാണ് അഞ്ജനഗീതം ആലപിച്ചുവരുന്നത്. അയവുള്ള താള(Rhythm) ത്തിലാണ് ഇതു പാടുക. സംഗീത ചിഹ്നങ്ങൾ ഉപയോഗിച്ച് ഗാനങ്ങൾ എഴുതുന്ന കല വികസിക്കുന്നതിനുമുമ്പ് ചില പ്രത്യേക സംജ്ഞകൾ കൊണ്ടാണ് ഗാനങ്ങളുടെ രാഗത്തെ സൂചിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഒരു രാഗത്തിന്റെ സൂചനാനാമം കൂടിയാണ് അഞ്ജനഗീതം. ഇതിലെ സാഹിത്യം ഒരു പ്രത്യേക കഥാപാത്രത്തിന്റെ ഉറച്ച തീരുമാനം ചിത്രീകരിക്കുന്നവിധത്തിലായിരിക്കും. തപസ്സിനായി വനത്തിലേയ്ക്കു പോകണമെന്ന് ധ്രുവൻ ചെയ്യുന്ന ദൃഢനിശ്ചയം പ്രതിപാദിക്കുന്ന ഭാഗം ഇതിന് ഒരു ഉദാഹരണമാണ്. ഈ ഗീതത്തിന്റെ രാഗത്തിന് മധ്യമം മുതൽ നിഷാദംവരെ അഞ്ചുസ്വരങ്ങളിലായി ക്ലുപ്തപരിധികൾ നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ അഞ്ജനഗീതം പാടേണ്ടത് താഴ്ന്നലയത്തിലായിരിക്കണമെന്നും നിബന്ധനയുണ്ട്. അതുകൊണ്ട് ഇത് മധ്യമശ്രുതിയിലാണ് പാടുന്നത്. ഝൻഝോടി (ചെഞ്ചുരുട്ടി), കാകളി, നിഷാദം എന്നിവയുടെ സ്വരഘടനയുമായി ഇതിന്റെ സ്വരഘടനയ്ക്ക് സാമ്യം ഉണ്ട്. സെന്ദിൽമനഗർ എന്നാരംഭിക്കുന്ന കാവടിച്ചിന്തിന്റെ രാഗവുമായി അഞ്ജനഗീതത്തിന് സാദൃശ്യമുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഞ്ജനഗീതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഞ്ജനഗീതം&oldid=2306803" എന്ന താളിൽനിന്ന് ശേഖരിച്ചത്