അഞ്ചടി

(അഞ്ചടികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൻമാർഗപ്രതിപാദകങ്ങളായി ഉത്തരകേരളത്തിൽ പ്രചാരത്തിലിരുന്ന ഒരു തരം ചെറിയ പാട്ടുകളാണ് അഞ്ചടികൾ. പഴയ നാടോടിപ്പാട്ടുകളുടേയും ആമുഖം ഇതാണ്. [1] പല പ്രമുഖഗൃഹങ്ങളിലും കുടിയിരുത്തി പൂജിക്കുന്ന ദേവതകളെക്കുറിച്ചുള്ള ഗാനങ്ങളാണ് ഇവ. കാഞ്ഞിരങ്ങാട്ടഞ്ചടി, ചെല്ലൂർ അഞ്ചടി, തിരൂർ അഞ്ചടി, കണ്ണിപ്പറമ്പഞ്ചടി ഇങ്ങനെ അനേകം അഞ്ചടികൾ ഗുണ്ടർട്ടിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നതായിക്കാണുന്നു.[2]

പേരിനുപിന്നിൽ

തിരുത്തുക

'അഞ്ചടി' എന്ന പേരിന്റെ ആഗമം എന്തെന്ന് തീർത്തുപറയാൻ നിർവാഹമില്ല.തത്ത-തത്തത്ത എന്ന് അഞ്ച് അടീകളുള്ള താളവട്ടങ്ങളിൽ അവസാനിക്കുന്നതിനാലാണ് ഈ പേരു വന്നത് എന്ന് വാദമുണ്ട്[1]. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണ് അഞ്ചടികൾ തമിഴിൽ കുറൾ, ചിന്ത്, അളവ്, നെടിൽ, കളിനെടിൽ എന്നിങ്ങനെ അഞ്ചുതരം അടികളുള്ളതിൽ ഏതെങ്കിലുമൊന്ന് അനുസരിച്ച് പാട്ട് എഴുതിയാൽ അത് അഞ്ചടിയാകും എന്ന് ഉള്ളൂർ അഭ്യൂഹിക്കുന്നു. അഞ്ചു പാദങ്ങളോടുകൂടിയ ഗാനങ്ങളാണ് അഞ്ചടികൾ എന്നാണ് ആർ. നാരായണപ്പണിക്കരുടെ അഭിപ്രായം.

അനുഷ്ഠാനാംശം

തിരുത്തുക

ഗൃഹദേവതകളെ പുരസ്കരിച്ച് നടത്തുന്ന വെള്ളാട്ട്, തിറ, വെള്ളകെട്ട് മുതലായ കെട്ടിയാട്ടങ്ങൾക്ക് അഞ്ചടികൾ പാടുക പതിവാണ്. അതിന്റെ ഓരോ ഈരടി കഴിയുമ്പോഴും മുഴക്കുന്ന വാദ്യം, കുറേക്കഴിഞ്ഞ് കെട്ടിയാട്ടക്കാരൻ ഉറഞ്ഞുതുടങ്ങുമ്പോൾ മുറുകും; പിന്നെ പാട്ടുണ്ടാവില്ല. ഇത്തരം അഞ്ചടികളിൽ അതതു ദൈവത്തിന്റെയും ദൈവമിരിക്കുന്ന സ്ഥലത്തിന്റെയും പേരുകൾ ചേർത്തു ചൊല്ലും. ഒരേ അഞ്ചടി തന്നെ യഥോചിതം ദൈവനാമവും സ്ഥലനാമവും മാറ്റിച്ചൊല്ലുന്ന സമ്പ്രദായവും ഉണ്ട്. കെട്ടിയാട്ടക്കാരല്ലാത്ത ചിലരും ഉത്സവസ്ഥലത്ത് അഞ്ചടിചൊല്ലും. ചിലപ്പോൾ അത് പൂരപ്പാട്ടിലെപ്പോലെ ചോദ്യോത്തരരൂപത്തിലുള്ള മത്സരപ്പാട്ടുകളായിട്ടായിരിക്കും. ചില അഞ്ചടികളിൽ ബന്ധപ്പെട്ട ക്ഷേത്രത്തിന്റെ ഐതിഹ്യം പ്രതിപാദിച്ചിരിക്കും.

കോഴിക്കോട് കല്ലിങ്ങൽ കുടുംബത്തിലെ കുഞ്ഞിക്കോരു മൂപ്പന്റെ അപദാനങ്ങൾ വർണിക്കുന്ന ഒരു അഞ്ചടി ഭാഷാപോഷിണി മാസികയിൽ നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ പ്രസിദ്ധീകരിച്ചിരുന്നതായി (1904) ഉള്ളൂർ സ്മരിക്കുന്നു. തമിഴിലെ സുപ്രസിദ്ധമായ ആചിരിയവിരുത്തത്തിലാണ് അതിന്റെ രചന. മൂപ്പന്റെ സമാധിസ്ഥലത്തെ വണ്ണാൻമാർ ആ പാട്ട് തോറ്റത്തിന്റെ മട്ടിൽപാടിവന്നിരുന്നു.

കണ്ണിപ്പറമ്പത്ത് അഞ്ചടിയിൽനിന്ന് ഉദ്ധരിക്കപ്പെട്ടവയാണ് താഴെക്കൊടുത്തിരിക്കുന്ന വരികൾ:

താളാത്മകമായ പലേ വൃത്തങ്ങളും അഞ്ചടിയുടെ രചനയ്ക്ക് സ്വീകൃതമായിട്ടുണ്ട്. ഉദാ.

(1)
(2)

ഗുണ്ടർട്ട് ശേഖരം

തിരുത്തുക

ട്യൂബിങ്ങൻ സർവകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്ന് ഈ കൃതികൾ ഡോ. സ്കറിയ സക്കറിയ കണ്ടെത്തുകുയും മലയാളം മാനുസ്ക്രിപ്റ്റ് സീരിസിൽ (TULMMS)നാലാം പുസ്തകമായ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

  1. 1.0 1.1 എസ്.കെ., വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ഡു. തിരുവനന്തഒഉരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. p. 15. ISBN 978-81-7638-598-5.
  2. എഡിറ്റർ:ഡോ. സ്കറിയ സക്കറിയ (2000). അഞ്ചടി,ജ്ഞാനപ്പാന,ഓണപ്പാട്ട്. Tuebingen University Library.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഞ്ചടികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഞ്ചടി&oldid=3309869" എന്ന താളിൽനിന്ന് ശേഖരിച്ചത്