വെയ്റ്റിങ്ങ് ഫോർ ഗോദോ

(Waiting for Godot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാമുവൽ ബെക്കറ്റ് എഴുതിയ 'അസംബന്ധ'-നാടകമാണ് വെയ്റ്റിങ്ങ് ഫോർ ഗോദോ (Waiting for Godot - ഗോദോയെ കാത്ത്). ആരെന്നറിയാത്ത ഗോദോ എന്നയാൾക്കു വേണ്ടി സുഹൃത്തുക്കളായ വ്ലാദിമിർ, എസ്ട്രാഗൻ എന്നിവരുടെ അനന്തവും ഫലശൂന്യവുമായ കാത്തിരിപ്പാണ് ഇതിൽ ചിത്രീകരിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ഇംഗ്ലീഷ് ഭാഷാ നാടകമായി ഇതു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വെയ്റ്റിങ്ങ് ഫോർ ഗോദോ
ഒന്നാം ആംഗലേയ പതിപ്പ് (ഗ്രൂവ് പ്രസ്) രചയിതാവ് വിവർത്തനം ചെയ്തത്
രചനസാമുവൽ ബെക്കറ്റ്
Charactersവ്ലാഡിമിർ
ഇസ്ത്രാഗോൺ
പോസോ
ലക്കി
ഒരു ആൺകുട്ടി
Muteഗോദോ
ആദ്യ അവതരണം5 ജനുവരി 1953 (1953-01-05)
സ്ഥലംബാബിലോൺ തിയേറ്റർ, പാരിസ്
മൂലഭാഷഫ്രഞ്ച്
IBDB profile
ഇന്ത്യയിൽ ഡെറാഡൂണിലെ ഡൂൺ സ്കൂളിന്റെ "വെയ്റ്റിങ്ങ് ഫോർ ഗോദോ" അവതരണത്തിൽ, ഗോദോയെ കത്തുനിൽക്കുന്ന വ്ലാദിമിറും, എസ്ട്രാഗണും

ബെക്കെറ്റ് ഫ്രഞ്ചു ഭാഷയിൽ എഴുതിയ മൂലരചനയ്ക്ക് അദ്ദേഹം തന്നെ നിർവഹിച്ച ഇംഗ്ലീഷ് പരിഭാഷയുടെ പേരാണ് "വെയ്റ്റിങ്ങ് ഫോർ ഗോദോ". "രണ്ടംഗങ്ങളുള്ള ഒരു ശുഭ-ദുരന്തനാടകം" (A tragicomedy in two acts) എന്ന ഉപശീർഷകവും അദ്ദേഹം ഇംഗ്ലീഷ് പരിഭാഷയിൽ മാത്രം സ്വീകരിച്ചിട്ടുണ്ട്. ഫ്രെഞ്ചിലെ മൂലരചന 1948 ഒക്ടോബർ 9-നും 1949 ജനുവരി 29-നും ഇടയ്ക്ക് എഴുതിയതാണ്. പാരിസിൽ നടന്ന ആദ്യാവതരണം 1953 ജനുവരി 5-നായിരുന്നു. നാടകത്തിൽ 'പോസോ' എന്ന കഥാപാത്രത്തിന്റെ വേഷമിടുകകൂടി ചെയ്ത റോജർ ബ്ലിൻ ആയിരുന്നു രംഗാവതരണം സൃഷ്ടിച്ചത്.

ഗോദോയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിനെ സംബന്ധിക്കുന്ന ഈ നാടകത്തിൽ ഗോദോയുടെ അസാന്നിദ്ധ്യം ഉൾപ്പെടെ നാടകത്തിന്റെ പല ഘടകങ്ങളും അതിന്റെ കണക്കില്ലാത്ത വ്യാഖ്യാനങ്ങൾക്കു കാരണമായിട്ടുണ്ട്. ഗോദോ ദൈവത്തിന്റെ പ്രതീകമാണെന്നും ഒരിക്കലും വന്നെത്താത്ത ദൈവികരക്ഷയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ചിത്രീകരണമാണ് ഈ നാടകമെന്നും കരുതുന്നവരുണ്ട്.[1] എങ്കിലും ഗോദോ ദൈവത്തെ സൂചിപ്പിക്കുന്നു എന്ന വ്യാഖ്യാനത്തെ ബെക്കറ്റ് സ്വയം തള്ളിപ്പറഞ്ഞിട്ടുണ്ട്. ഗോദോ ദൈവമായിരുന്നെങ്കിൽ താൻ ദൈവം എന്ന പേരു തന്നെ ഉപയോഗിക്കുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.[2]

  1. Books, New York Times on the Web, Brook Atkinson 1956 ഏപ്രിൽ 20-നു എഴുതിയ ലേഖനം "It seems fairly certain that Godot stands for God." Beckett's 'Waiting for Godot'
  2. "Waiting for Godot" ഫേബർ ആൻഡ് ഫേബർ പതിപ്പിന്റെ പിൻപുറംചട്ട. "I told him(Sir Ralph Richardson) that if by Godot I had meant God, I would have said God, and not Godot. This seemed to disappoint him greatly."
"https://ml.wikipedia.org/w/index.php?title=വെയ്റ്റിങ്ങ്_ഫോർ_ഗോദോ&oldid=2697696" എന്ന താളിൽനിന്ന് ശേഖരിച്ചത്