വിർജീനിയ ഡെയർ

(Virginia Dare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിർജീനിയ ഡെയർ (ജനനം : 1587 ആഗസ്റ്റ് 18, മരണം : അജ്ഞാതം) ന്യൂവേൾഡ് എന്നു വിളിക്കപ്പെട്ട അമേരിക്കൻ ഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് കോളനികളിൽ ജനിച്ച ആദ്യ ഇംഗ്ലീഷ് ശിശുവായിരുന്നു. ഇംഗ്ലീഷ് മാതാപിതാക്കളായ അനനിയാസ് ഡെയർ, എലീനർ വൈറ്റ് (എല്ലിനോർ, എലിനൂർ എന്നും പറയുന്നു)[1] എന്നിവർക്കു ജനിച്ച കുട്ടിയ്ക്ക് വിർജീനിയ കോളനിയുടെ പേരിനെ ആസ്പദമാക്കി വിർജീനിയ എന്ന പേരു നൽകപ്പെട്ടു.[2] വിർജീനിയയ്ക്കും കോളനിയിലെ മറ്റു കുടിയേറ്റക്കാർക്കും എന്തുസംഭവിച്ചു എന്ന കാര്യം ഇന്നും ഒരു മിഥ്യയായി അവശേഷിക്കുന്നു. അവരുടെ ജനനത്തെക്കുറിച്ചുള്ള വസ്തുത തിരിച്ചറിയപ്പെട്ടിട്ടുണ്ട്. വിർജീനിയയുടെ മുത്തച്ഛനും കോളനിയുടെ ഗവർണറുമായിരുന്ന ജോൺ വൈറ്റ് പുതിയ കോളനിയ്ക്കു വേണ്ട അവശ്യസാധനങ്ങൾ സംഭരിക്കുവാൻ 1587 ൽ ഇംഗ്ലണ്ടിലേയ്ക്കു തിരിച്ചുപോയിരുന്നു. അത്യാവശ്യസാധനങ്ങളുമായി വൈറ്റ് മൂന്നു വർഷത്തിനുശേഷം കോളനി നിലനിന്നിരുന്ന പ്രദേശത്തു തിരിച്ചെത്തിയപ്പോൾ കോളനിവാസികൾ ദുരൂഹമായി അപ്രത്യക്ഷരായിരുന്നു.

വിർജീനിയ ഡെയർ
വിർജീനിയ ഡെയറിന്റെ ജനനത്തിൻറെ 350-ാം വാർഷികത്തോടനുബന്ധിച്ച് 1937 ൽ പുറത്തിറക്കിയ യു.എസ് പോസ്റ്റൽ സ്റ്റാമ്പ്.
ജനനംAugust 18, 1587
മരണംunknown
unknown

അതിനു ശേഷം കഴിഞ്ഞ നാനൂറു വർഷങ്ങളിലധികമായി വെർജീനിയ കോളനിയും നിവാസികളും അമേരിക്കൻ കെട്ടുകഥകളിലെയും നാടോടിക്കഥകളിലെയും ഒരു പ്രധാനവിഷയമായിരുന്നു. അവരുടെ പേര് വിവിധ ഉപഭോഗവസ്തുക്കളും വാനില ഉൽപ്പന്നങ്ങളും, ശീതള പാനീയങ്ങളും വൈനുകളും മദ്യവും വിറ്റഴിക്കുവാൻ‌ ബ്രാൻഡ് പേരായി ഉപയോഗിച്ചുവരുന്നു. അതുപോലെ അമേരിക്കൻ കവിതകൾ, പുസ്തകങ്ങൾ, കോമിക് ബുക്കുകൾ, ടെലിവിഷൻ പരിപാടികളിലൊക്കെ അവരെ ഒരു പ്രധാന കഥാപാത്രമാക്കിയിരിക്കുന്നു. വടക്കൻ കരോലിനയിലെ അനേകം സ്ഥലങ്ങൾ അവരുടെ ബഹുമാനാർത്ഥം വിർജീനിയ എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

ജീവിതരേഖ

തിരുത്തുക

ഇന്ന് വടക്കൻ കരോലിനയെന്നറിയപ്പെടുന്ന റോണോക്ക് കോളനിയിലാണ് 1587 ആഗസ്റ്റ് മാസത്തിൽ വിർജീനിയ ഡെയർ ജനിച്ചത്. പുതിയ ലോകത്ത് ഇംഗ്ലീഷ് മാതാപിതാക്കൾക്കു ജനിച്ച ആദ്യ ശിശുവായി വിർജീനിയ അറിയപ്പെടുന്നു. കോളനിയുടെ ഗവർണറുടെ മകളായ എലിനോറയുടെയും ഗവർണറുടെ സഹായിയായ അനനയിസ് ഡെയറിൻറെയും മകളായിട്ടാണ് ജനനം.[3] വിർജീനിയയുടെ മാതാപിതാക്കളെക്കുറിച്ച് കൂടുതൽ അറിവുകളൊന്നുംതന്നെയില്ല. അവരുടെ മാതാവ് എലീനർ ഏകദേശം 1563 ൽ ലണ്ടനിൽ ജനിച്ച വനിതയും ദൌർഭ്യാഗം വിധിക്കപ്പെട്ട റോണോക്ക് കോളനിയുടെ ഗവർണ്ണറായിരുന്ന ജോൺ വൈറ്റിൻറെ പുത്രിയുമായിരുന്നു. മാതാവായ എലീനർ, അനനയിസ് ഡെയറിനെ (ജനനം c. 1560 - ?) ലണ്ടനിലെ ഫ്ലീറ്റ് സ്ട്രീറ്റിലുള്ള സെന്റ് ബ്രൈഡ്സ് പള്ളിയിൽവച്ച് വിവാഹം കഴിച്ചു. അനനയിസ് ഡെയറും റോണോക്ക് കോളനി പര്യവേക്ഷണസംഘത്തിൻറെ ഭാഗമായിരുന്നു. 1857 ൽ കോളനിക്കാർക്ക് പുതിയ ഭൂഖണ്ഡത്തിൽ ജനിച്ച് രണ്ടു കുട്ടികളിലൊരാളും ആദ്യ പെൺകുട്ടിയുമായിരുന്നു വിർജീനിയ.

 
വിർജീനിയ ഡെയറിന്റ മാമോദീസാ, 1880 ലെ ശിലാലേഖന ചിത്രം.
 
വിർജീനിയ ഡെയറിന്റെ മാതാപിതാക്കളുടെ വിവാഹം നടന്ന ഫ്ലീറ്റ് തെരുവിലെ സെൻറ് ബ്രൈഡ്സ് ചർച്ച്.

റോണോക്ക് കോളനി നശിച്ചുപോയതിനാൽ വിർജീനിയ ഡെയറൻറെ ജീവിതത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കോളനി സ്ഥാപിച്ചതിനുശേഷം കോളനിയിലേയ്ക്കാവശ്യമായ അവശ്യവസ്തുക്കൾ സംഭരിച്ചു കൊണ്ടുവരുന്നതിനായി 1587 ൻറെ അവസാനത്തിൽ വിർജീനിയയുടെ മുത്തഛൻ ജോൺ വൈറ്റ് ഇംഗ്ലണ്ടിലേയ്ക്കു കപ്പൽയാത്രനടത്തി. ഇംഗ്ലണ്ട് സ്പെയിനുമായി യുദ്ധം ചെയ്യുന്ന കാലമായമായിതിനാൽ, 1590 ആഗസ്റ്റ് 18 വരെ അദ്ദേഹത്തിന് തിരികെ ഇംഗ്ലീഷ് കോളനിയിലേക്ക് എത്തിച്ചേരുവാൻ സാധിച്ചില്ല. സ്പാനീഷ് കപ്പൽപ്പടക്കെതിരെ പൊരുതുന്നതിന് കപ്പലുകൾ ആവശ്യവുമായിരുന്നു. തിരികെയെത്തുന്ന കാലത്ത് കുടിയറ്റ പ്രദേശം വളരെക്കാലമായി ശൂന്യമായിരുന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ എങ്ങും ചിതറിക്കിടന്നിരുന്നു. തൻറെ മകളെയോ പേരക്കുട്ടിയായ വിർജീനിയയോ കൂടെയുണ്ടായിരുന്ന 80 പുരുഷന്മാരും 17 സ്ത്രീകളും 11 കുട്ടികളും എങ്ങോട്ടു പോയി മറഞ്ഞുവെന്നത് അദ്ദേഹത്തിനും മറ്റുള്ളവർക്കും മുന്നിൽ “ലോസ്റ്റ് കോളനി” എന്ന പേരിൽ ഒരു നിഗൂഢതയായി അവശേഷിച്ചു.  

"ലോസ്റ്റ് കോളനി" രഹസ്യം

തിരുത്തുക
 
ഗവർണ്ണർ വൈറ്റിന്റെ "ലോസ്റ്റ് കോളനി"യിലേയ്ക്കുള്ള തിരിച്ചുവരവ്.

വിർജിനിയ ഡെയറിനെക്കുറിച്ചോ കൂടെയുണ്ടായിരുന്ന കുടിയേറ്റക്കാരുടെയും കോളനിയുടെയും വിധി എന്തായിരുന്നുവെന്നതിനെക്കുറിച്ച് യാതൊരു സൂചനകളുമില്ലായിരുന്നു. ഒരു യുദ്ധത്തിൻറെയോ കലാപത്തിൻറെയോ യാതൊരു അടയാളങ്ങളും അവശേഷച്ചിരുന്നില്ല.

കോളനിക്കാരുടെ വിധിയെക്കുറിച്ചുള്ള ഏക സൂചന കോട്ടയുടെ തൂണുകളിലൊന്നിൽ കൊത്തിയിരുന്ന "Croatoan" എന്ന വാക്കായിരുന്നു. സമീപത്തുള്ള ഒരു മരത്തിലും "Cro" എന്ന വാക്ക് കൊത്തിവച്ചിരുന്നു. എല്ലാ വീടുകളും കോട്ടമതിലുകളും അഴിച്ചു മാറ്റിയിരുന്നു. ഇതു വ്യക്തമാക്കിയത് അവരുടെ ഒഴിഞ്ഞുപോക്ക് പെട്ടെന്നുണ്ടായ ഒന്നല്ലായിരുന്നുവെന്നാണ്. സമയമെടുത്താണ് എല്ലാ പ്രവർത്തികളും ചെയ്തിരുന്നത്. ജോൺ വൈറ്റ് ഇംഗ്ലണ്ടിലേയ്ക്കു തിരിച്ചു പോകുന്നതിനു മുമ്പ്, കോളനിയിലുള്ളവർക്ക് ഒഴിവാക്കാനാവാത്ത ബുദ്ധിമുട്ടുകൾ നേരിട്ടാൽ അടുത്ത മരത്തിൽ “ഒരു മാൾട്ടീസ് ക്രോസ്” (1567 മുതൽ ഉപയോഗത്തിലുള്ള 8 മുനകളുള്ളത്) കൊത്തിവയ്ക്കുവാൻ നിഷ്കർഷിച്ചിരുന്നു. ഇതു അവരുടെ ഒഴിഞ്ഞുപോക്ക് നിർബന്ധിതമായിരുന്നുവെന്നുള്ള സൂചന നൽകുവാനായിരുന്നു. അങ്ങനെയുള്ള അടയാളം ഒന്നും തന്നെ കണ്ടെത്തുവാൻ സാധിച്ചതുമില്ല. ഇതിനാൽ ജോൺ വൈറ്റ് വിചാരിച്ചത് അവർ Croatoan ദ്വീപിലേയ്ക്കു (ഇപ്പോൾ ഹാറ്റെറാസ് ദ്വീപ് എന്നറിയപ്പെടുന്നു) പോയിരിക്കാമെന്നാണ്. എന്നാൽ ഒരു തിരച്ചിൽ നടത്തുവാൻ അദ്ദേഹത്തിനു സാധിച്ചതുമില്ല.

കോളനിവാസികളുടെ വിധിയെക്കുറിച്ച് പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. ഏറ്റവും വ്യാപകമായി അംഗീകാരം ലഭിച്ച സിദ്ധാന്തങ്ങളിലൊന്ന് അവർ പ്രാദേശിക ഇന്ത്യൻ ഗോത്രങ്ങളിൽ അഭയം തേടിയിരിക്കാമെന്നതാണ്. അവർ തദ്ദേശീയരുമായി വിവാഹബന്ധങ്ങളിലേർപ്പെടുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്തിരിക്കാം. 1607-ൽ ജോൺ സ്മിത്തും വിജയകരമായ കോളിനിയായ ജയിംസ്ടൌണിലെ മറ്റ് അംഗങ്ങളും റോണോക് കോളനിവാസികളുടെ വിധിയെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾ നടത്തിയിരുന്നു. ഒരു  വൃത്താന്തം സൂചിപ്പിക്കുന്നത് രക്ഷപ്പെട്ടവർ സഹൃദയരായ ചെസാപീക് ഇന്ത്യാക്കാരുടെയടുത്ത് അഭയം തേടിയിരിക്കാമെന്നാണ്. എന്നാൽ ചീഫ് പൗഹാട്ടൻ അവകാശപ്പെട്ടത് അദ്ദേഹത്തിന്റെ ഗോത്രക്കാർ ആ സംഘത്തെ ആക്രമിക്കുകയും കോളനിവാസികളിലധികംപേരേയും വധിക്കുകയും ചെയ്തുവെന്നാണ്. കോളനിവാസികളുമായി ബന്ധപ്പെട്ട ഒരു തൊക്കിൻകുഴൽ, പിച്ചളയിൽതീർത്ത ഉലക്കയും ഉരലും ഉൾപ്പെടെയുള്ള ചില വസ്തുക്കൾ അദ്ദേഹം സ്മിത്തിനെ കാണിച്ചിരുന്നു. എന്നിരുന്നാലും, ഈ വാദത്തിന് ഉപോദ്ബലകമായ പിന്തുണ നൽകുന്ന പുരാവസ്തു തെളിവുകൾ നിലവിലില്ല. ജയിംസ്ടൌൺ കോളനി നിവാസികൾക്ക് ലോസ്റ്റ് കോളനിയുടെ വിധിയെ അതിജീവിച്ച ചിലരുടെ വിവരങ്ങൾ ലഭിക്കുകയും അവർ അന്വേഷണ സംഘത്തെ അയക്കുകയും ചെയ്തിരുന്നുവെങ്കിലും ഇതൊന്നുംതന്നെ ഫലവത്തായില്ല. ഒടുവിൽ റോണോക്ക് കോളനിനിവാസികളെല്ലാവരുംതന്നെ മരണമടഞ്ഞുവെന്ന് അവർ തീരുമാനിച്ചു.

ജയിംസ്ടൌൺ കോളനിയിലെ ഒരു സെക്രട്ടറിയായിരുന്ന വില്യം സ്ട്രാച്ചി, ദ ഹിസ്റ്ററി ഓഫ് ട്രാവൽ ഇൻടു വിർജീനിയ ബ്രിട്ടാനിക്ക എന്ന 1612 ലെ തന്റെ കൃതിയിൽ, പെക്കാരെകാനിക്, ഒക്കാനാഹോയ്ൻ എന്നീ ഇന്ത്യൻ വാസസ്ഥാനങ്ങളിൽ കൽഭിത്തികളോടുകൂടിയ രണ്ടുനിലവീടുകൾ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. റോണോക്ക് കുടിയേറ്റക്കാരിൽനിന്നായിരിക്കാം ഇവ എങ്ങനെ നിർമ്മിക്കാമെന്ന് ഇന്ത്യൻ വർഗ്ഗക്കാർ മനസ്സിലാക്കിയത്. ഇതേ കാലയളവിൽ വിവിധ ഇന്ത്യൻ അധിവാസകേന്ദ്രങ്ങളിൽ  യൂറോപ്യൻ  തടവുകാർ കാണപ്പെട്ടതായി വിവരങ്ങളുണ്ട്.  ഇയാനോക്കോ എന്നറിയപ്പെട്ട ഒരു ചീഫിന്റെ കീഴിൽ റിട്ടാനോക്കിലെ ഇനോ അധിവാസകേന്ദ്രത്തിൽ  നാല് ഇംഗ്ലീഷ് പുരുഷന്മാരും, രണ്ടു കുട്ടികളും ഒരു പരിചാരികയുമടങ്ങിയ സംഘത്തെ കണ്ടതായി സ്ട്രാച്ചി എഴുതിയിരിക്കുന്നു. തടവുകാർ ചെമ്പ് അടിച്ചു പരുവപ്പെടുത്തിയെടുക്കുവാൻ നിർബന്ധിതരായിരുന്നു.  മറ്റ് കോളനിവാസികളുടെ മേലുള്ള ആക്രമണത്തിനിടയിൽ തടവുകാർ രക്ഷപെടുകയും വടക്കൻ കരോലിനയിലെ ബെർറ്റി കൗണ്ടിയിലെ ഇന്നത്തെ ചൊവാൻ നദിയെന്നറിയപ്പെടുന്ന ചാവോനോക്ക് നദീ പ്രദേശത്തേയ്ക്ക് അവർ ഓടിപ്പോകുകയും ചെയ്തതായി അദ്ദേഹം കുറിച്ചിരിക്കുന്നു.

  1. 1.0 1.1 "Virginia Dare". Encyclopædia Britannica. Retrieved November 22, 2014.
  2. Hawks, Francis L. (1857). History of North Carolina: Embracing the period between the first voyage to the colony in 1584, to the last in 1591.
  3. Hawks, Francis L. (1857). History of North Carolina: Embracing the period between the first voyage to the colony in 1584, to the last in 1591.
"https://ml.wikipedia.org/w/index.php?title=വിർജീനിയ_ഡെയർ&oldid=3526585" എന്ന താളിൽനിന്ന് ശേഖരിച്ചത്