മൂത്രചികിത്സ

(Urine therapy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആരോഗ്യപാലനത്തിനും സൗന്ദര്യസംവർദ്ധനത്തിനും മറ്റുമായി മനുഷ്യമൂത്രം ഉപയോഗിക്കുന്ന സമ്പ്രദായമാണ് മൂത്രചികിത്സ. മൂത്രം, അവനവന്റേതുൾപ്പെടെ, കുടിക്കുന്നതും ചർമ്മത്തിൽ പുരട്ടുന്നതും തിരുമ്മലിന് ഉപയോഗിക്കുന്നതും എല്ലാം ഈ ചികിത്സാരീതിയുടെ ഭാഗമാണ്. ഇതിന്റെ പ്രയോജനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

പൗരാണികത

തിരുത്തുക

ചികിത്സക്കും സൗന്ദര്യപാലനത്തിനും വേണ്ടിയുള്ള മൂത്രത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച സൂചനകൾ പല പുരാതനസംസ്കാരങ്ങളും നൽകുന്നുണ്ട്.[അവലംബം ആവശ്യമാണ്] ഈജിപ്തിലും ചൈനയിലും അതു നടപ്പുണ്ടായിരുന്നു[അവലംബം ആവശ്യമാണ്]. മെക്സിക്കോയിലെ ആസ്ടെക്കുകൾ മുറിവുകൾ കഴുകാൻ മൂത്രം ഉപയോഗിച്ചിരുന്നു.[1] ഒന്നാം നൂറ്റാണ്ടിലെ റോമൻ ലേഖകൻ മുതിർന്ന പ്ലിനി, (പ്ലിനി ദ എൽഡർ), വൃണങ്ങൾ, തീപ്പോള്ളൽ, മുറിവുകൾ, തേൾ കുത്തൽ എന്നിവയുടെയൊക്കെ ചികിത്സയ്ക്ക് പുതുമൂത്രത്തിന്റെ ഉപയോഗം നിർദ്ദേശിച്ചിരുന്നു.[2] പുരാതനറോമിലും സ്പെയിനിലും പല്ലുകളുടെ വെളുപ്പു നിലനിർത്താൻ മൂത്രം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ബിസി ഒന്നാം നൂറ്റാണ്ടിലെ ലത്തീൻ കവി കറ്റല്ലസ്, "നിന്റെ പല്ലുകൾ" എന്ന കവിതയിൽ, സ്പെയിൻകാരനായ എഗ്നാത്തിയൂസിന്റെ ചിരിയെ ഇങ്ങനെ പരിഹസിക്കുന്നു:-

മൂത്രചികിത്സയെ ന്യായീകരിക്കാൻ അതിനെ പിന്തുണക്കുന്നവർ ബൈബിൾ പോലുള്ള വേദഗ്രന്ഥങ്ങളും ഉദ്ധരിക്കാറുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ മൂത്രചികിത്സയെ സംബന്ധിച്ച് "ജീവന്റെ ജലം" (Water of Life) എന്ന കൃതി എഴുതിയ ജെ.ഡബ്ലിയൂ. ആംസ്ട്രോങ്ങ്, തന്നെ ഈ ചികിത്സാവിധിയിലേക്ക് ആകർഷിച്ചത് എബ്രായബൈബിളിലെ സുഭാഷിതങ്ങളിൽ ഒന്നാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. "നിന്റെ സ്വന്തം ജലധാരയിൽ നിന്നു കുടിക്കുക; സ്വന്തം അരുവിയിൽ നിന്ന് ഒഴുകുന്ന വെള്ളം കുടിക്കുക"[4] എന്ന സുഭാഷിതത്തെ അദ്ദേഹം മൂത്രപാനത്തിനുള്ള ആഹ്വാനമായി കണ്ടു.[5] എന്നാൽ ദാമ്പത്യത്തിലെ വിശ്വസ്തതയെ സംബന്ധിച്ച സുഭാഷിതത്തിന്റെ സന്ദർഭം വിസ്മരിച്ചുള്ള വ്യാഖ്യാനമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[6]

താന്ത്രികപാരമ്പര്യത്തിൽ പെട്ട 'ദമരതന്ത്രം' എന്ന സംസ്കൃതരചനയിലെ ഒരു ഖണ്ഡം മൂത്രപാനത്തിന്റെ പ്രയോജനങ്ങൾ പുകഴ്ത്തുന്നതാണ്. ശിവൻ പാർവതിക്കു നൽകുന്ന ഉപദേശത്തിന്റെ രൂപത്തിൽ എഴുതപ്പെട്ട 107 ശ്ലോകങ്ങൾ അടങ്ങുന്ന ഈ ഖണ്ഡം മൂത്രചികിത്സയിൽ പിന്തുടരേണ്ട രീതിനിഷ്ഠകളേയും അതിന്റെ പ്രയോജനത്തേയും വിവരിക്കുന്നു. രാത്രി മൂന്നു യാമം പിന്നിട്ടിരിക്കെ ഉറക്കമുണർന്ന്, പൂർവദിക്കു നോക്കി നിന്ന്, സ്വർണ്ണം, വെള്ളി, ചെമ്പ്, ഓട്, പിത്തള, ഇരുമ്പ്, മണ്ണ്, ദന്തം, തോൽ, തടി എന്നിവയിൽ ഏതെങ്കിലും കൊണ്ടുള്ള പാത്രത്തിൽ മൂത്രം ശേഖരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈവിധം ശേഖരിച്ച മൂത്രം പത്തു വർഷം നിഷ്ഠാപൂർവം പാനം ചെയ്താൽ വായുവിൽ അയത്നം പറക്കാനാകുമെന്നും പന്ത്രണ്ടു വർഷം അതു തുടരുന്നവർ ആചന്ദ്രതാരം ജീവിക്കുമെന്നും മറ്റുമുള്ള അവകാശവാദവും ഇതിലുണ്ട്.[7]

ആധുനികകാലം

തിരുത്തുക
 
മൊറാർജി ദേശായ്

മൂത്രചികിത്സ പിന്തുടരുകയും അതിനെ പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികൾ ലോകമെമ്പാടുമുണ്ട്[അവലംബം ആവശ്യമാണ്]. ഈ സമ്പ്രദായത്തിന്റെ പ്രചാരകർ മൂത്രത്തെ സർവരോഗസംഹാരിയായി തന്നെ ചിത്രീകരിക്കാറുണ്ട്.[8][6] ഇന്ത്യയുടെ മുൻപ്രധാനമന്ത്രി മൊറാർജി ദേശായ് ഉൾപ്പെടെ പല പ്രമുഖരും, ആധുനികകാലത്ത് ഇതിനെ പിന്തുണക്കുകയും പിന്തുടരുകയും ചെയ്തവരിൽ പെടുന്നു. ഈ ചികിത്സാവിധിയുടെ പ്രയോക്താക്കളും പ്രചാരകരും കേരളത്തിലുമുണ്ട്.[9] ജെ.ഡബ്ലൂ. ആംസ്ട്രോങ്ങ് എഴുതിയ മൂത്രചികിത്സയിലെ ആധുനിക ക്ലാസ്സിക് വാട്ടർ ഓഫ് ലൈഫ്, "യൂറിൻ തെറാപ്പി" എന്ന പേരിൽ ടി.നാരായണൻ വട്ടോളി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.[10]

മൂത്രചികിത്സ രോഗശമനം വരുത്തുമെന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ലഭ്യമല്ല.[11][12][13][14][15]

വിമർശനം

തിരുത്തുക

ഈ ചികിത്സാവിധിയെ സംബന്ധിച്ച അവകാശവാദങ്ങൾ നിലനിൽക്കുന്നെങ്കിലും ഇതിന്റെ ഫലസിദ്ധി ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. വെള്ളം കിട്ടാനില്ലാതെ ദീർഘകാലം ഒറ്റപ്പെട്ടു പോകുന്ന അവസരങ്ങളിൽ മനുഷ്യർ മൂത്രപാനം വഴി ജീവൻ നിലനിർത്തിയ സംഭവങ്ങൾ ഉണ്ടാകാമെങ്കിലും അത്തരം സാഹചര്യങ്ങളിൽ പോലും മൂത്രത്തിന്റെ ഉപയോഗത്തിൽ അപകടങ്ങൾ ഏറെയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മൂത്രത്തിൽ കൂടിയ തോതിലുള്ള സോഡിയം പോലുള്ള ധാതുക്കളുടെ വിസർജ്ജനത്തിന് കൂടുതൽ വെള്ളം വേണ്ടി വരുമെന്നതിനാൽ, മൂത്രപാനം ശരീരത്തെ നിർജ്ജലീകരിക്കാൻ വഴിയുണ്ട്. കുടിക്കുന്ന മൂത്രം ഒന്നിനൊന്നു സാന്ദ്രമായി വിസർജ്ജിക്കപ്പെടുമെന്നതിനാൽ, തുടർച്ചയായ മൂത്രപാനം കുടലുകളെ അപകടപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും പറയപ്പെടുന്നു.[1]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "Urine: The body's own health drink?" Archived 2015-09-25 at the Wayback Machine., ബ്രിട്ടണിലെ "ദ ഇൻഡിപെൻഡന്റ്" ദിനപത്രത്തിൽ 2006 ഫെബ്രുവരി 21-നു മാക്സൈൻ ഫ്രിത്ത് എഴുതിയ ലേഖനം
  2. The unusual uses of urine, Richard Sugg 2011 മാർച്ച് 10-ലെ "ദ ഗാർഡിയൻ" ദിനപത്രത്തിൽ എഴുതിയ ലേഖനം
  3. Your Teeth! : to Egnatius കറ്റല്ലസിന്റെ കവിത
  4. ബൈബിൾ, സുഭാഷിതങ്ങൾ 5:15
  5. The Water of Life, A Treatise on Urine Therapy, J.W. Armstrong, Amazon.com
  6. 6.0 6.1 The Skeptic's Dictionary-യിൽ മൂത്രചികിത്സയെക്കുറിച്ചുള്ള ലേഖനം
  7. HPS.Online, ദമരതന്ത്രശ്ലോകങ്ങളിൽ ചിലതിന്റെ ഇംഗ്ലീഷ് പരിഭാഷ Archived 2013-01-21 at the Wayback Machine.
  8. Urine Therapy Archived 2013-01-11 at the Wayback Machine., Universal-tao.com
  9. Narayanan Master, Urine Therapy,എന്റെ വാർത്ത, Amrita TV
  10. Indulekhabiz, ജെ.ഡബ്ലിയൂ ആംസ്ട്രോങ്ങ്, "യൂറിൻ തെറാപ്പി", പരിഭാഷകൻ, ടി.നാരായണൻ വട്ടോളി Archived 2013-05-11 at the Wayback Machine. പ്രസാധകർ: മാതൃഭൂമി പബ്ലിക്കേഷൻസ്
  11. Gardner, Martin (2001). Did Adam and Eve Have Navels?: Debunking Pseudoscience. New York: W.W. Norton & Company. pp. 92–101. ISBN 0-393-32238-6.
  12. Robert Todd Carroll (September 12, 2014). "Urine Therapy". The skeptic's dictionary: a collection of strange beliefs, amusing deceptions, and dangerous delusions. Retrieved April 5, 2015.
  13. Christopher Middleton (2003-02-24). "A wee drop of amber nectar". The Daily Telegraph. London. Archived from the original on 2012-12-23. Retrieved 2021-08-17.
  14. Why You Definitely Shouldn't Drink Your Own Pee, Gizmodo, 22 Oct 2014
  15. Maxine Frith (21 February 2006). "Urine: The body's own health drink?". The Independent. Retrieved 2016-09-26.
"https://ml.wikipedia.org/w/index.php?title=മൂത്രചികിത്സ&oldid=3910115" എന്ന താളിൽനിന്ന് ശേഖരിച്ചത്