അൺമാൻഡ് ഏരിയൽ വെഹിക്കിൾ

മനുഷ്യ പൈലറ്റില്ലാത്ത വിമാനം
(Unmanned aerial vehicle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യസാന്നിധ്യമില്ലാതെ സ്വയം നിയന്ത്രിതമായി പറപ്പിക്കാവുന്ന വിമാനമാണ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ അഥവാ ഡ്രോൺ. റേഡിയോ സിഗ്നലുകൾ തുടങ്ങിയവ ഉപയോഗിച്ച് നിയന്ത്രിക്കപ്പെടുന്ന ഈയിനം വിമാനങ്ങൾ വിനാശ ലക്ഷ്യമില്ലാത്ത സൈനികാവശ്യങ്ങൾക്കാണ് പൊതുവേ ഉപയോഗിക്കപ്പെടുന്നത്.

MQ-9 റീപ്പർ

ഡ്രോൺ ഇനങ്ങൾ

തിരുത്തുക
  1. പ്രീപ്രോഗ്രാമ്ഡ് ഡ്രോൺ
  2. സ്മാർട്ട് ഡ്രോൺ
  3. റിമോട്ട് പൈലറ്റഡ് ഡ്രോൺ
     
    ഡ്രോണിന്റെ ഏരിയൽ ഡിമോൺസ്ട്രേഷൻ

എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഡ്രോൺ നിലവിലുണ്ട്.

 
UAV launch from an air-powered catapult

പ്രീപ്രോഗ്രാമ്ഡ് ഡ്രോൺ

തിരുത്തുക

വിമാനത്തിനുള്ളിലെ ഓൺ-ബോർഡ് ടൈമർ (ഷെഡ്യൂളർ) നിർദ്ദേശിക്കുന്ന പ്രകാരം അതിലെ ഓട്ടോപൈലറ്റ് നിയന്ത്രിക്കുന്ന ഇനമാണ് പ്രീപ്രോഗ്രാമ്ഡ് ഡ്രോൺ. ഗ്രൌണ്ട് കൺട്രോളുമായി യാതൊരു ബന്ധവുമില്ലാത്ത ഇതിൽ മറ്റു സെൻസറുകളും ഉണ്ടാകില്ല. ഉദ്ദിഷ്ട ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാൽ ഇത്തരം ഡ്രോണിനെ പാരച്യൂട് ഉപയോഗിച്ച് സുരക്ഷിതമായി നിലത്തിറക്കാൻ കഴിയും.

സ്മാർട്ട് ഡ്രോൺ

തിരുത്തുക

വിവിധയിനം സെൻസറുകളും അവയുടെ നിർദ്ദേശാനുസരണം വിമാനത്തെ നിയന്ത്രിക്കുന്ന ഒരു ഓൺ-ബോർഡ് കംപ്യൂട്ടറും ഉൾക്കൊള്ളുന്നതാണ് സ്മാർട്ട് ഡ്രോൺ. കംപ്യൂട്ടർ, സെൻസർ എന്നിവയുടെ ഗുണമേന്മയെ ആശ്രയിച്ചിരിക്കും ഇവയുടെ പ്രവർത്തന ക്ഷമത. ഒരു ആക്രമണത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ സഞ്ചാരപഥത്തിൽ സ്വയം മാറ്റം വരുത്തി രക്ഷനേടുക, പ്രതികൂല കാലാവസ്ഥ അഭിമുഖീകരിക്കേണ്ട സന്ദർഭങ്ങളിൽ ഏറ്റവും അടുത്തുള്ള താവളത്തിൽ സുരക്ഷിതമായി ഇറങ്ങുക തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും കംപ്യൂട്ടർ പ്രാവർത്തികമാക്കുന്നു.

റിമോട്ട് പൈലറ്റഡ് ഡ്രോൺ

തിരുത്തുക

ഏതെങ്കിലും ഓപ്പറേറ്റർ (പൈലറ്റ്) ഭൂതലത്തിലെ താവളത്തിൽ നിന്ന് റേഡിയോ സിഗ്നലുകളിലൂടെ ഗതി നിയന്ത്രിക്കുന്നയിനം ഡ്രോണുകളെയാണ് റിമോട്ട് പൈലറ്റഡ് എന്നു വിശേഷിപ്പിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിലും, വിയറ്റ്നാം യുദ്ധത്തിലും ധാരാളമായി പ്രയോഗത്തിലുണ്ടായിരുന്ന ഇവയ്ക്ക് പറന്നുയരാനും സുരക്ഷിതമായി നിലത്തിറങ്ങാനും പ്രത്യേക ക്രമീകരണങ്ങൾ ആവശ്യമാണ്.

 
ഒരു DJI ഫാന്റം 2 വിഷൻ + V3.0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്രോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.