മെസ്സിയർ 33
ത്രിഭുജം രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു സർപ്പിളതാരാപഥമാണ് മെസ്സിയർ 33 (M33) അഥവാ ട്രയാംഗുലം ഗാലക്സി. SA(s)cd വിഭാഗത്തിൽപ്പെടുന്ന ഈ താരാപഥം ആകാശഗംഗ ഉൾപ്പെടുന്ന ലോക്കൽ ഗ്രൂപ്പിന്റെ ഭാഗമാണ്. സൗരയൂഥത്തിൽ നിന്ന് ഈ താരാപഥത്തിലേക്കുള്ള ദൂരം 24 ലക്ഷം പ്രകാശവർഷത്തിനും (730 കിലോപാർസെക്) 31 ലക്ഷം പ്രകാശവർഷത്തിനും (960 കിലോപാർസെക്) ഇടയിലായാണ് കണക്കാക്കപ്പെടുന്നത്.
ആൻഡ്രോമിഡ താരാപഥം, ആകാശഗംഗ എന്നിവ കഴിഞ്ഞാൽ ലോക്കൽ ഗ്രൂപ്പിലെ ഏറ്റവും വലിയ താരാപഥമാണ് M33. സൂര്യന്റെ 6×1010 മടങ്ങാണ് പിണ്ഡം കണക്കാക്കുന്നത്, ആൻഡ്രോമിഡ താരാപഥത്തിന്റെ 5 ശതമാനം മാത്രമാണിത്. ഈ താരാപഥത്തിന്റെ പിണ്ഡത്തിന്റെ 85 ശതമാനത്തോളം തമോദ്രവ്യത്തിന്റെ സംഭാവനയാണ്.
ചാൾസ് മെസ്സിയറാണ് 1764-ൽ ട്രയാംഗുലം ഗാലക്സിയെ ആദ്യമായി പട്ടികപ്പെടുത്തിയത്. എങ്കിലും തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ നിരീക്ഷണയോഗ്യമായ ഒരു വസ്തുവാണിത് എന്നതിനാൽ മെസ്സിയർക്കു മുമ്പേ ഇതിനെ നിരീക്ഷിച്ചവരുണ്ടാകാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം വരെയെങ്കിലും M33നെക്കുറിച്ചുള്ള ജ്യോതിശാസ്ത്രപഠനങ്ങൾ തുടർന്നു. 1850-ൽ വില്യം പാർസൺസ് (റോസെ പ്രഭു) ആണ് ഈ താരാപഥത്തിന് സർപ്പിളാകൃതിയാണെന്ന് ആദ്യമായി അനുമാനിച്ചത്.