ട്രാം
റെയിൽ പാളത്തിലൂടെ സഞ്ചരിക്കുന്ന ചെറു തീവണ്ടിയാണ് ട്രാം. ട്രാംകാർ, സ്ട്രീറ്റ് കാർ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. ഒരു നഗരത്തിനുള്ളിലെ വിവിധ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. തിരക്കേറിയ നഗരങ്ങളിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിൽ ഇവ മുഖ്യപങ്ക് വഹിക്കുന്നു. സാധാരണയായി രണ്ടോ മൂന്നോ ബോഗികളാണ് ട്രാമുകൾക്ക് ഉണ്ടാകാറുള്ളത്. സാധാരണ തീവണ്ടികളെ അപേക്ഷിച്ച് ഇവക്ക് വേഗം കുറവായിരിക്കും.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ബ്രിട്ടനിലാണ് ട്രാമുകൾ ഉപയോഗത്തിൽ വന്നു തുടങ്ങിയത്. ആദ്യകാലത്ത് കുതിരകൾ വലിച്ചിരുന്ന ട്രാമുകളാണ് ഉണ്ടായിരുന്നത്. പിന്നീട് യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാമുകൾ നിലവിൽ വന്നു. ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ട്രാം ഗതാഗതം നിലവിലുണ്ടായിരുന്നു. നിർമ്മാണത്തിനും അറ്റകുറ്റപണികൾക്കുമായി വരുന്ന തുക വൻ തോതിൽ വർദ്ധിച്ചതും മെട്രോ റെയിൽ, മോണോ റെയിൽ മുതലായ വേഗം കൂടിയ പുതിയ നഗര ഗതാഗത സംവിധാനങ്ങളുടെ ആവിർഭാവവും മൂലം പലയിടത്തും ട്രാം ഗതാഗതം എന്നെന്നേക്കുമായി അവസാനിച്ചു.
ഇന്ന് ഏറ്റവും വലിയ ട്രാം സംവിധാനം ഉള്ളത് ഓസ്ട്രേലിയ, ബെൽജിയം, ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലാണ്. ഇന്ന് ഇന്ത്യയിൽ ട്രാം ഗതാഗതം നിലവിലുള്ള ഏക നഗരം കൊൽക്കത്തയാണ്. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ട്രാം സംവിധാനമാണ് കൊൽക്കത്തയിലുള്ളത്. ഡെൽഹി, മുംബൈ, ചെന്നൈ, കാൺപൂർ, പാറ്റ്ന എന്നീ നഗരങ്ങളിൽ ട്രാം ഗതാഗതം നിലവിലുണ്ടായിരുന്നു.