ടൂക്കൻ

(Toucan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പിസിഫോമിസ് (Piciformes) പക്ഷിഗോത്രത്തിലെ റാംഫാസ്റ്റിഡേ (Ramphastidae) കുടുംബത്തിൽപ്പെട്ട ഒരിനം പക്ഷിയാണ് ടൂക്കൻ. അഞ്ചു ജീനസ്സുകളിലായി മുപ്പത്തിയേഴോളം സ്പീഷീസ് ടൂക്കൻ പക്ഷികളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന വൃക്ഷവാസിയായ പക്ഷിയാണിത്. തെക്കൻ മെക്സിക്കോ മുതൽ വടക്കൻ ആർജന്റീന വരെ ഇവ കാണപ്പെടുന്നു. വലിയ ഇനങ്ങൾ മഴക്കാടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും ചെറിയ ഇനങ്ങൾ 3300 മീ. വരെ ഉയരമുള്ള വനങ്ങളിലും കണ്ടുവരുന്നു.

ടൂക്കൻ
Collared Aracari (Pteroglossus torquatus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Ramphastidae

Vigors, 1825
Genera

Andigena
Aulacorhynchus
Pteroglossus
Ramphastos
Selenidera

ശരീരഘടന

തിരുത്തുക

ഏതാണ്ട് ശരീരത്തിനോളംതന്നെ വലിപ്പമുള്ളതും അറ്റം കൂർത്തുവളഞ്ഞതുമായ കൊക്കാണ് ഈ പക്ഷിയുടെ എടുത്തുപറയേണ്ട സവിശേഷത. കൊക്ക് ബലമേറിയതാണെങ്കിലും ഭാരം കുറഞ്ഞതാണ്. തേനീച്ചക്കൂടിന്റെ രൂപത്തിൽ തന്തുക്കളോടുകൂടിയ കൊക്കിന് കടുപ്പമേറിയ ഒരു ആവരണമുണ്ട്. വേഴാമ്പലിനോട് സാദൃശ്യമുള്ള ഈ പക്ഷിയുടെ ശരീരത്തിന് 30 - 60 സെ.മീ. നീളം വരും. ചിറകുകൾ ചെറുതും വൃത്താകാരത്തിലുള്ളവയുമാണ്. വാൽ നീണ്ടതാണ്. പ്രത്യേക ഘടനയോടുകൂടിയ നീണ്ട നാക്ക് ഇവയ്ക്കുണ്ട്. കൊക്കും തൂവലുകളും വർണ്ണഭംഗിയേറിയവയാണ്. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, നീല, കറുപ്പ് എന്നീ നിറങ്ങളുടെ വ്യത്യസ്ത വിതാനങ്ങളാണ് ഈ വർണഭംഗിക്ക് നിദാനം. ആൺ - പെൺ പക്ഷികൾക്ക് ഏതാണ്ട് ഒരേ നിറമാണുള്ളത്.

ജീവിതരീതി

തിരുത്തുക

കൂട്ടം ചേർന്നാണിവ കാണപ്പെടുക. മരക്കൊമ്പുകളിൽ ഇവ സംഘമായി ചാടിത്തുള്ളിക്കളിക്കുകയും പ്രത്യേകതരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. പഴങ്ങളും കായ്കനികളുമാണിവയുടെ പ്രധാന ഭക്ഷണമെങ്കിലും കീടങ്ങൾ, ചെറിയ ഇഴജന്തുക്കൾ, പക്ഷിമുട്ടകൾ എന്നിവയും ഇവ ഭക്ഷിക്കാറുണ്ട്. മരങ്ങളുടെ പോടുകളിലോ മരംകൊത്തികൾ കൊത്തിയുണ്ടാക്കുന്ന ആവാസസ്ഥാനങ്ങളിലോ ആണ് ടൂക്കൻ കൂട് കെട്ടാറുള്ളത്. ഒരു പ്രജനനഘട്ടത്തിൽ രണ്ടുമുതൽ നാലുവരെ മുട്ടകളിടും. ആൺപെൺ പക്ഷികൾ മാറിമാറി അടയിരിക്കുന്നു. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ കണ്ണുകൾ തുറക്കാൻ മൂന്നുനാലു ആഴ്ചകൾ വേണ്ടിവരും.

പുറംകണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൂക്കൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൂക്കൻ&oldid=3804755" എന്ന താളിൽനിന്ന് ശേഖരിച്ചത്