ദൈവമാതാവ്
യേശുവിന്റെ അമ്മ മറിയത്തിന് കത്തോലിക്കാ, പൗരസ്ത്യ ഓർത്തഡോക്സ്, ഓറിയന്റൽ ഓർത്തഡോക്സ് ഉൾപ്പെടെയുള്ള ചില ക്രിസ്തീയവിഭാഗങ്ങൾ കല്പിക്കുന്ന ഒരു പദവിയാണ് ദൈവമാതാവ്. ഗ്രീക്ക് ഭാഷയിൽ 'ദൈവസംവാഹക' എന്നർത്ഥമുള്ള 'തിയോടോക്കോസ്' എന്ന വാക്കാണ് ഈ പദവി സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. പൊതുവർഷം 431-ൽ എഫേസോസിൽ നടന്ന ഒന്നാം സൂനഹദോസ്, യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തു ചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം 'ദൈവജനനി' അല്ലെങ്കിൽ 'ദൈവസംവാഹക' (Theotokos) ആണെന്നു തീർപ്പുകല്പിച്ചിരുന്നു. അതേസമയം അന്ത്യോഖ്യൻ ക്രിസ്തുവിജ്ഞാനീയം അനുസരിച്ച് മറിയത്തെ ക്രിസ്തുവിന്റെ വാഹക എന്നർത്ഥമുള്ള ക്രിസ്തോടോക്കോസ് എന്ന് വിളിക്കുന്നു.
ചരിത്രപരമായി എഫേസൂസ് സൂനഹദോസിനെ അംഗീകരിക്കാത്ത കിഴക്കിന്റെ സഭ മറിയത്തെ "ദൈവവും രക്ഷകനുമായ ക്രിസ്തുവിന്റെ അമ്മ" എന്ന് അഭിസംബോധന ചെയ്യുന്നു.
മറിയത്തിനു കല്പിക്കപ്പെടുന്ന ഈ ബഹുമതിയ്ക്കു പിന്നിൽ അഞ്ചാം നൂറ്റാണ്ടിലെ മേല്പറഞ്ഞ തീരുമാനമാണ്.[1] എന്നാൽ, ഈ പദവിയെ ബഹുഭൂരിപക്ഷം പ്രൊട്ടസ്റ്റന്റ് സഭകളും അംഗീകരിക്കുന്നില്ല.