ദ് ഗ്രേറ്റ് ഗെയിം

(The Great Game എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തൊമ്പതാം നൂറ്റാണ്ടിൽ, മദ്ധ്യേഷ്യയിലെ ആധിപത്യത്തിനായി, ബ്രിട്ടീഷ് സാമ്രാജ്യവും റഷ്യൻ സാമ്രാജ്യവും തമ്മിൽ നിലനിന്നിരുന്ന പരസ്പരമത്സരങ്ങളാണ് വൻ‌കളി (ദ് ഗ്രേറ്റ് ഗെയിം) (Russian: Большая игра, Bol'sháya igrá) എന്നറിയപ്പെടുന്നത്. 1813-ൽ റഷ്യക്കാരും പേർഷ്യക്കാരും തമ്മിൽ ഒപ്പുവക്കപ്പെട്ടഗുലിസ്താൻ കരാർ മുതൽ 1907-ലെ ആംഗ്ലോ-റഷ്യൻ കൺ‌വെൻഷൻ വരെയുള്ള കാലഘട്ടമാണ് വൻ‌കളിയുടെ പ്രധാനഘട്ടമായി പൊതുവേ വിലയിരുത്തപ്പെടുന്നത്. 1917-ലെ ബോൾഷെവിക് വിപ്ലവത്തിന്‌ ശേഷമുള്ള കാലത്തെ വൻ‌കളിയുടെ തീവ്രത കുറഞ്ഞ രണ്ടാംഘട്ടമായി കണക്കാക്കപ്പെടുന്നു.

അഫ്ഗാൻ അമീർ, ഷേർ അലിയും സുഹൃത്തുക്കളും (റഷ്യൻ കരടിയും ബ്രിട്ടീഷ് സിംഹവും) - വൻ‌കളിയെ സൂചിപ്പിക്കുന്ന 1878-ലെ രാഷ്ട്രീയകാർട്ടൂൺ
റുദ്യാർദ് കിപ്ലിങ്

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആറാം ബംഗാൾ ലൈറ്റ് കാവൽറി വിഭാഗത്തിലെ ഒരു രഹസ്യാന്വേഷണോദ്യോഗസ്ഥനായിരുന്ന ആർതർ കൊണോലിയാണ് (1807–1842) വൻ‌കളി എന്ന പദം ആദ്യമായി ഉപയോഗിച്ചത്.[1] വിഖ്യാത ഇംഗ്ലീഷ് നോവലെഴുത്തുകാരനായ റുദ്യാർദ് കിപ്ലിങ്ങിന്റെ 1901-ൽ പ്രസിദ്ധീകരിക്കപ്പെട്ട കിം എന്ന നോവലിലൂടെ ഈ പദം പൊതുധാരയിലെത്തി.

വൻകളിയുടെ പുരോഗമനവേളയിൽ ബംഗാളിൽ നിന്ന് വികസിക്കാൻ തുടങ്ങിയ ബ്രിട്ടീഷ് സാമ്രാജ്യം, ഇന്ത്യ മുഴുവൻ അധീനതയിലാക്കുകയും വടക്കോട്ട് അഫ്ഗാനിസ്താൻ വരെ എത്തിച്ചേരുകയും ചെയ്തു. ഇതേ സമയം റഷ്യൻ സാമ്രാജ്യം മദ്ധ്യേഷ്യ മുഴുവൻ കൈക്കലാക്കി അഫ്ഗാനിസ്താന്റെ വടക്കൻ അതിർത്തിയിലുമെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ഇരു ശക്തികളും കരാറിലെത്തുകയും അഫ്ഗാനിസ്താനെ, തങ്ങൾക്കിടയിലുള്ള ഒരു നിഷ്പക്ഷപ്രദേശമായി അംഗീകരിക്കുകയും ചെയ്തു. ഇരു സാമ്രാജ്യങ്ങൾക്കുമിടയിൽ നേരിട്ട് അതിർത്തി ഒഴിവാക്കുന്നതിന് 1873-ൽ അഫ്ഗാനിസ്താന്റെ കിഴക്കുഭാഗത്ത് വഖാൻ ഇടനാഴി എന്ന ഒരു ഭാഗം കൂട്ടിച്ചേർക്കുകയും ചെയ്തു.

വൻകളിയുടെ തുടക്കത്തിൽ ഇരുശക്തികളുടേയും അതിർത്തികൾ തമ്മിലുള്ള അകലം 1500 കിലോമീറ്റർ ആയിരുന്നത് അതിന്റെ അവസാനമായപ്പോൾ വെറും 25 കിലോമീറ്ററായി ചുരുങ്ങി. ഇതിലൂടെ ചൈന അഫ്ഗാനിസ്താന്റെ അയൽരാജ്യമാകുകയും ചെയ്തു.[2]

1801-ലെ ആംഗ്ലോ പേർഷ്യൻ ഉടമ്പടി

തിരുത്തുക
 
1848 കാലഘട്ടത്തിലെ മദ്ധ്യേഷ്യയുടെ ഭൂപടം.

1798-ൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആയിരുന്ന മാർക്വെസ് വെല്ലസ്ലിക്ക് അഫ്ഗാനിസ്താനിലെ ദുറാനി ചക്രവർത്തിയായിരുന്ന സമാൻ ഷായിൽ നിന്നും ഒരു കത്ത് ലഭിച്ചു. ഇന്ത്യയിലേക്ക് ഒരു ആക്രമണം നടത്തുവാൻ ഉദ്ദേശിക്കുന്നെന്നും മറാഠരെ തുരത്തുന്നതിന് ബ്രിട്ടീഷുകാരുടെ സഹായം വേണമെന്നുമായിരുന്നു ഇതിലെ ഉള്ളടക്കം. അഹ്മദ് ഷാ ദുറാനിയുടെ ഇന്ത്യൻ ആക്രമണങ്ങൾ കെട്ടടങ്ങിയ ഒരു ശാന്തതയുടെ കാലത്ത്, വീണ്ടൂം ഒരു അഫ്ഗാൻ ആക്രമണം, വെല്ലസ്ലിക്ക് താല്പര്യമുണ്ടായിരുന്നില്ല. സമാൻ ഷായുടെ ഈ നീക്കത്തിന് കടിഞ്ഞാണിടാൻ, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഒരു പ്രതിനിധി (ജോൺ മാൽക്കം[3]) മുഖാന്തരം, വെല്ലസ്ലി പ്രഭു പേർഷ്യൻ സർക്കാരിനെ സമീപിക്കുകയും സമാൻ ഷാ ഇന്ത്യൻ ആക്രമണത്തിന് മുതിർന്നാൽ, അതിൽ നിന്നും പിന്തിരിയാനുള്ള നടപടിയെടുക്കണമെന്നും അഭ്യർത്ഥിച്ചു. [4]

മൂന്നു വർഷങ്ങൾക്കു ശേഷം (1801-ൽ) ബ്രിട്ടീഷ് ഇന്ത്യ സർക്കാർ പേർഷ്യയുമായുള്ള ബന്ധം പുതുക്കി. ഇത്തവണ അഫ്ഗാൻ മുന്നേറ്റം മാത്രമായിരുന്നില്ല പ്രശ്നം. അതിനുപുറമേ നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുകാരും പ്രധാന വിഷയമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നെപ്പോളിയന്റെ ശക്തി, അതിന്റെ പരമോന്നതിയിലായിരുന്നു. നെപ്പോളിയൻ പേർഷ്യ വഴി, ഇന്ത്യയിലേക്ക് കരമാർഗ്ഗമുള്ള ഒരു യുദ്ധത്തിന്‌മുതിർന്നാലോ എന്ന ഭയം ബ്രിട്ടീഷുകാർക്കുണ്ടായിരുന്നു. പേർഷ്യൻ ഷാ ആയിരുന്ന ഫത് അലി ഷായും ബ്രിട്ടീഷുകാരും ഒരു പരസ്പരസഹകരണ കരാറിലേർപ്പെട്ടു. ഇത് ആംഗ്ലോ-പേർഷ്യൻ ഉടമ്പടി എന്നറിയപ്പെടുന്നു. അഫ്ഗാനികളെ മാത്രമല്ല ഫ്രഞ്ചുകാരേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുക എന്നതായിരുന്നു ഈ കരാറിന്റെ ലക്ഷ്യം. ഇതിനു പകരമായി പേർഷ്യൻ സൈന്യത്തിന് സൈനികസഹായം നൽകാമെന്ന് ബ്രിട്ടീഷുകാർ ഉറപ്പുനൽകി.

എന്നാൽ ഫ്രഞ്ചുകാർ ഏഷ്യയിലേക്ക് കടന്നില്ല എന്നതുകൊണ്ടൂം, അഫ്ഗാനികൾ ആഭ്യന്തരപ്രശ്നങ്ങൾ മൂലം തകർന്നടിഞ്ഞതും മൂലം ഈ ഉടമ്പടിയനുസരിച്ചുള്ള നടപടികൾ എടുക്കേണ്ടിവന്നില്ല.[4]

റഷ്യയുടെ മുന്നേറ്റങ്ങൾ

തിരുത്തുക

1807-ലെ ടിൽസിറ്റ് സമാധാനസന്ധിയോടെ നെപ്പോളിയനും റഷ്യയിലെ സാർ അലക്സാണ്ടറും ഒന്നു ചേരുകയും പേർഷ്യ വഴി ഇന്ത്യയിലേക്ക് ഒരു സംയുക്താക്രമണത്തിന് തയ്യാറെടുക്കുകയും ചെയ്തിരുന്നു. ഇതോടെ പേർഷ്യയുമായുള്ള ബന്ധം പുതുക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് സർക്കാർ ആരംഭിക്കുകയും പ്രതിരോധത്തിനുള്ള മുന്നൊരുക്കമായി എൽഫിൻസ്റ്റോണിനേയും മെറ്റ്കാഫിനേയും യഥാക്രമം അഫ്ഗാൻ സിഖ് സഭകളിലേക്കയക്കുകയും ചെയ്തു.

തങ്ങളുടെ വടക്കൻ അതിർത്തിയിൽ നിന്നുള്ള റഷ്യൻ ഭീഷണീയെപ്പേടിച്ച് പേർഷ്യക്കാർ ആദ്യം ഫ്രാൻസിനോടൂം തുടർന്ന് ബ്രിട്ടണോടൂം സഹായമഭ്യർത്ഥിച്ചു. തുടക്കം വലിയ താൽപര്യം കാണിക്കാതിരുന്ന ബ്രിട്ടീഷുകാർ 1812-ൽ ആംഗ്ലോ-പേർഷ്യൻ ഉടമ്പടിയിൽ ഒപ്പുവച്ചു. ഏതെങ്കിലും യൂറോപ്യൻ ശക്തി, പേർഷ്യയെ ആക്രമിച്ചാൽ ബ്രിട്ടീഷുകാർ സൈനികമായോ അല്ലെങ്കിൽ 2 ലക്ഷം തോമൻ (Tomans) വാർഷികധനസഹായം നൽകിയോ സഹായിക്കാം എന്നതായിരുന്നു വ്യവസ്ഥ.

എന്നാൽ ഈ കരാർ നിലവിൽ വരുന്നതിനു മുൻപേ പേർഷ്യക്കാർക്ക് റഷ്യയിൽ നിന്ന് വൻപരാജയങ്ങളേറ്റുവാങ്ങേണ്ടീവന്നിരുന്നു. ഇതിനോടൊപ്പം റഷ്യയുമായി 1813-ൽ ഗുലിസ്താൻ കരാറിലൊപ്പുവക്കാൻ നിർബന്ധിമാകുകയും ചെയ്തു. ഗുലിസ്താൻ കരാറനുസരിച്ച് ജോർജ്ജിയയടക്കമുള്ള കോക്കസസിന്റെ മിക്ക ഭാഗങ്ങളും റഷ്യയുടെ നിയന്ത്രണത്തിലായി. മാത്രമല്ല, കാസ്പിയൻ കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നതിൽ നിന്നും പേർഷ്യയെ ഈ കരാർ വിലക്കുകയും ചെയ്തു. 1921 വരെ നിലനിന്ന ഈ വിലക്ക്, തുർക്ക്മെൻ ജനതക്കെതിരെയുള്ള റഷ്യയുടെ പിൽക്കാലനടപടികൾക്ക് വളരെ സഹായകരമായി.

1828-ൽ റഷ്യുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട് ഭീഷണീക്ക് വഴങ്ങി പേർഷ്യക്ക് തുർക്ക്മാൻചായ് കരാറിലൊപ്പുവെക്കേണ്ടിവന്നു. ഇതോടെ റഷ്യക്കാർ പേർഷ്യക്കു മേൽ കൂടുതൽ നിബന്ധനകൾ അടിച്ചേൽപ്പിക്കുകയും കോക്കസസിന് തെക്കോട്ട് അവരുടെ ശക്തി വ്യാപിപ്പിക്കുകയും ചെയ്തു.[4] ഗുലിസ്താൻ, തുർക്ക്മാൻചായ് കരാറുകൾ തങ്ങൾക്ക് നേരിടേണ്ടീവന്ന ഏറ്റവും വലിയ നാണക്കേടൂകളായി ഇറാനിയർ ഇപ്പോഴും കരുതുന്നു.

ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം

തിരുത്തുക

റഷ്യയുടെ മദ്ധ്യേഷ്യയിലേക്കുള്ള കടന്നുവരവിനെ ഭീഷണിയായിക്കണ്ട ഇന്ത്യയിലെ ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ തങ്ങൾക്കു സ്വാധീനമുള്ള ഒരു ഭരണകൂടം ഉണ്ടാക്കണമെന്നും അതുവഴി ബ്രിട്ടീഷ് ഇന്ത്യൻ ഭരണപ്രദേശങ്ങളിലേക്ക് കടക്കാനിടയുള്ള റഷ്യക്കാരെ അവിടെവച്ച് തടയാമെന്നും കണക്കുകൂട്ടി. എന്നാൽ അഫ്ഗാനിസ്താനിൽ നിലവിൽ ഭരണത്തിലിരുന്ന ദോസ്ത് മുഹമ്മദ് ഖാനെ പുറത്താക്കി മുൻ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷൂജയെ ഭരണത്തിലവരോധിക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമം തുടക്കത്തിൽ വിജയമായിരുന്നെങ്കിലും 1841- 42 കാലയളവിൽ വൻപരാജയമേറ്റുവാങ്ങി അവർക്ക് അഫ്ഗാനിസ്താനിൽനിന്നും പിൻവാങ്ങേണ്ടിവന്നു.

കരുതിക്കൂട്ടിയുള്ള നിഷ്ക്രിയത്വം

തിരുത്തുക

അഫ്ഗാനിസ്താനിൽ ദോസ്ത് മുഹമ്മദ് ഖാന്റെ പിൻഗാമിയായി അധികാരത്തിലെത്തിയ അമീർ ഷേർ അലിയുടെ ഭരണകാലത്ത്, റഷ്യക്കാർ‍, ദക്ഷിണമദ്ധ്യേഷ്യയിലേക്ക് പിടിമുറിക്കിക്കൊണ്ടിരിക്കുകയായിരുന്നു. 1865-ൽ താഷ്കണ്ടും 1868-ൽ സമർഖണ്ഡും റഷ്യക്കാർ പിടിച്ചടക്കി. 1869-ൽ ബുഖാറയെ പിടിച്ചടക്കി ഒരു റഷ്യൻ സാമന്തദേശമാക്കി. റഷ്യക്കാരുടെ മുന്നേറ്റം ഭയന്ന് ഷേർ അലി, ബ്രിട്ടീഷുകാരോട് സഹായമഭ്യർത്ഥിച്ചു. ഇതിനെത്തുടർന്ന് 1869 മാർച്ചിൽ അമ്പാലയിൽ വച്ച് പുതിയ ബ്രിട്ടീഷ് ഗവർണർ ജനറൽ മേയോ പ്രഭുവുമായി ഒരു ചർച്ചയും നടന്നു. റഷ്യൻ ആക്രമണമുണ്ടാകുകയാണെങ്കിൽ സഹായിക്കുക, തന്റെ മകൻ അബ്ദ് അള്ളാ ജാനെ പി‌ൻ‌ഗാമിയാക്കുന്നതിൽ പിന്തുണക്കുക തുടങ്ങിയവയായിരുന്നു ഷേർ അലിയുടെ ആവശ്യങ്ങൾ.[5]

ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലെ കനത്ത തിരിച്ചടിയും 1857-ലെ ഇന്ത്യൻ ലഹളയും മൂലം അഫ്ഗാനിസ്താനിലെ രാഷ്ട്രീയകാര്യങ്ങളിലിടപെടാനോ, അതിനുവടക്ക് റഷ്യ നടത്തിക്കൊണ്ടിരുന്ന മുന്നേറ്റങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാനോ ഇന്ത്യയിലെ ബ്രിട്ടീഷുകാർ മുതിർന്നില്ല. അഫ്ഗാനിസ്താനിൽ സൈനികവിന്യാസം നടത്തി റഷ്യയുടെ മുന്നേറ്റങ്ങൾക്ക് തടയിടണമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷുകാരിൽ ഒരു വിഭാഗം ആവശ്യമുയർത്തിയിരുന്നെങ്കിലും 1864-ൽ ഗവർണർ ജനറലായി വന്ന ജോൺ ലോറൻസ് ഇതിനെ എതിർക്കുകയും അഫ്ഗാനിസ്താനിലേക്കുള്ള ഏതൊരു സൈനികനീക്കവും പരാജയത്തിലേ കലാശിക്കൂ എന്നും ബ്രിട്ടീഷുകാർ സിന്ധൂനദീതീരത്താണ് റഷ്യയെ നേരിടേണ്ടതെന്ന തീരുമാനം എടുക്കുകയും ചെയ്തു. കരുതിക്കൂട്ടിയുള്ള നിഷ്ക്രിയത്വം (മാസ്റ്റേർലി ഇനാക്റ്റിവിറ്റി - Masterly inactivity) എന്നാണ് ഈ നയത്തെ വിളിക്കുന്നത്. തുടർന്ന് 1878 വരെ ഇതേ നയമാണ് പിന്തുടർന്നിരുന്നത്.[6] അതുകൊണ്ട് ഷേർ അലിയുടെ അഭ്യർത്ഥനകൾക്കുമേൽ വലിയ ഉറപ്പുകൾ നൽകാനോ അഫ്ഗാനിസ്താനിലെ കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നതിനും വിസമ്മതിച്ചു. എങ്കിലും സാമ്പത്തികസൈനികസഹായങ്ങൾ അവർ അഫ്ഗാനികൾക്ക് വാഗ്ദാനം ചെയ്തു.

1873-ൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ റഷ്യയുമായി ഒരു അതിർത്തിക്കരാറീലെത്താൻ അഫ്ഗാനികൾക്ക് സാധിച്ചു. ഗ്രാൻ‌വില്ലെ-ഗോർച്ചാക്കോവ് സന്ധി എന്നറിയപ്പെടുന്ന ഈ കരാറനുസരിച്ച് അമു ദര്യ, അഫ്ഗാനിസ്താന്റെ വടക്കൻ അതിർത്തിയയി ഇരുകൂട്ടരും അംഗീകരിച്ചു. എന്നാൽ ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ഒരു അതിർത്തിപ്രശ്നത്തിൽ മാദ്ധ്യസ്ഥം വഹിച്ച ബ്രിട്ടീഷുകാർ, ഹിൽമന്ദ് നദിയെ അതിർത്തിയായി നിശ്ചയിച്ചതിലൂടെ സിസ്താന്റെ ഫലഭൂയിഷ്ടമായ ഭൂരിഭാഗം പ്രദേശങ്ങൾ ഇറാനിലേക്ക് പോകുകയും അമീർ ഷേർ അലിയും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം മോശമാകാൻ തുടങ്ങുകയും ചെയ്തു.[5]

രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം

തിരുത്തുക

മദ്ധ്യേഷ്യയിലെ റഷ്യൻ ആധിപത്യം വർദ്ധിക്കുന്നതിൽ ആശങ്കപൂണ്ടും, അഫ്ഗാൻ അമീർ ഷേർ അലി റഷ്യക്കാരുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ പേരിലും, ഡിസ്രയേലിയുടെ നേതൃത്വത്തിൽ 1874-ൽ നിലവിൽവന്ന ബ്രിട്ടീഷ് സർക്കാർ നിഷ്ക്രിയത്വം അവസാനിപ്പിക്കുകയും അഫ്ഗാനിസ്താനിൽ ബ്രിട്ടീഷ് സാന്നിദ്ധ്യം അനിവാര്യമാണെന്ന് വിലയിരുത്തുകയും ചെയ്തു. ഇന്ത്യയിലെ അന്നത്തെ വൈസ്രോയിയായിരുന്ന നോർത്ത്ബ്രൂക്ക് പ്രഭു നിഷ്ക്രിയത്വത്തിന്റെ വക്താവായിരുന്നു. എന്നാൽ അഫ്ഗാനിസ്താനിൽ ഇടപെടാനായും അവിടെ ബ്രിട്ടീഷ് പ്രതിനിധികളെ നിയമിക്കാനുമായി ബ്രിട്ടണിൽനിന്നുള്ള സമ്മർദ്ധം മൂലം അദ്ദേഹം 1876-ൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചതെങ്കിലും ഈ സമ്മർദ്ധമാണ് കാരണമായിരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. പകരമായെത്തിയ ലിട്ടൺ പ്രഭുവിലൂടെ ബ്രിട്ടീഷുകാർ മുന്നേറ്റനയം നടപ്പിലാക്കി. അഫ്ഗാനിസ്താനിലേക്ക് നയതന്ത്ര-സൈനികസംഘത്തെ അയക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടു.[7] 1876 അവസാനം ബ്രിട്ടീഷുകാർ കന്ദഹാറിന് തെക്ക് ഇന്നത്തെ പാകിസ്താനിലുള്ള ക്വെത്തയിൽ സൈനികത്താവളം സ്ഥാപിച്ചു.[5] ഇക്കാലത്ത് റഷ്യയും തുർക്കിയുമായുള്ള യുദ്ധം ബ്രിട്ടൺ ഉൾപ്പെടുന്ന ഒരു വൻ യുദ്ധത്തിലേക്ക് മാറാൻ സാദ്ധ്യതയുണ്ടായിരുന്നെങ്കിലും 1878-ലെ ബെർലിൻ കോൺഗ്രസിലൂടെ എല്ലാ കക്ഷികളും ഒത്തുതീർപ്പാവുകയും ചെയ്തു. ഏഷ്യയിലെ റഷ്യൻ-ബ്രിട്ടീഷ് അധീനപ്രദേശങ്ങൾക്കിടയിലെ നിഷ്പക്ഷഭൂമിയായി അഫ്ഗാനിസ്താനെ കണക്കാക്കാനും ബെർലിനിൽ തീരുമാനമായിരുന്നു. എന്നാൽ ഈ തീരുമാനങ്ങൾ ഇന്ത്യയിലേക്കെത്തുംമുമ്പേ അഫ്ഗാനിസ്താനുമായുള്ള യുദ്ധത്തിന് ഇന്ത്യയിൽ അരങ്ങൊരുങ്ങിയിരുന്നു.

1878 ജൂലൈയിൽ ഒരു റഷ്യൻ ദൂതൻ അഫ്ഗാനിസ്ഥാനിലെത്തിയതിനെത്തുടർന്ന് ബ്രിട്ടീഷുകാരും ഒരു സംഘത്തെ അഫ്ഗാനിസ്താനിലേക്കയച്ചു. ഈ സംഘത്തിന്റെ കടന്നുവരവിന് ഷേർ അലി ചില വ്യവസ്ഥകളേർപ്പെടുത്തിയത് യുദ്ധത്തിന് കാരണമായി. 1878 നവംബറിൽ ബ്രിട്ടീഷ് സൈന്യം അഫ്ഗാനിസ്താനിൽ കടക്കുകയും 1879 ജനുവരിയിൽ കാബൂൾ പിടിച്ചടക്കുകയും ചെയ്തു. ബ്രിട്ടീഷ് സേനയുടെ വരവിനെത്തുടർന്ന് പലായനം ചെയ്ത ഷേർ അലിക്ക് പകരം അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ് യാക്കൂബ് ഖാനെ ബ്രിട്ടീഷുകാർ അമീറാക്കി വാഴിക്കുകയും അദ്ദേഹത്തെക്കൊണ്ട് ഗന്ധാമാക് സന്ധിയിൽ ഒപ്പുവപ്പിക്കുകയും അതിലൂടെ അഫ്ഗാനിസ്താന്റെ വിദേശനയം ബ്രിട്ടീഷുകാരുടെ ഇംഗിതപ്രകാരമായി മാറുകയും ചെയ്തു. എങ്കിലും തദ്ദേശീയരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് 1880/81-ഓടെ ബ്രിട്ടീഷുകാർക്ക് അഫ്ഗാനിസ്താനിൽ നിന്നും പിൻ‌വാങ്ങേണ്ടിവന്നു. കാബൂളിലെ ഭരണം അബ്ദുർറഹ്മാൻ ഖാനെ ഏൽപ്പിക്കുകയും ചെയ്തു.

  1. Peter Hopkirk, The Great Game: The Struggle for Empire in Central Asia, Kodansha International, 1992, ISBN 4-7700-1703-0, p. 1
  2. Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 26. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. വില്ല്യം ഡാൽറിമ്പിൾ (2002). വൈറ്റ് മുഗൾസ് - ലവ് ആൻഡ് ബിട്രേയൽ ഇൻ എയ്റ്റീൻത്-സെഞ്ച്വറി ഇന്ത്യ (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 227. ISBN 067004930-1. Retrieved 2014 മേയ് 29. {{cite book}}: Check date values in: |accessdate= (help)
  4. 4.0 4.1 4.2 William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, CHapter IV - The 'Great Game' in Central Asia - THe Opening Gambit". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 77-81. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. 5.0 5.1 5.2 Vogelsang, Willem (2002). "16-War with Britain". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 257–260. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "afghans16" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "16 - ലാസ്റ്റ് പോസ്റ്റ്സ്, ഇന്ത്യൻ കൗൺസിൽ ആൻഡ് വൈസ്രോയൽറ്റി (Last Posts, Indian Council and Viceroyalty), 1859 - 1869". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 407–408. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
  7. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "17 - ലാസ്റ്റ് യേഴ്സ് (Last Years), 1869 - 1879". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 413–414. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=ദ്_ഗ്രേറ്റ്_ഗെയിം&oldid=3942803" എന്ന താളിൽനിന്ന് ശേഖരിച്ചത്