ടിയോസിന്റെ
ഗ്രാമിനെ (Graminae) സസ്യകുടുംബത്തിൽപ്പെട്ട തീറ്റപ്പുല്ലിനം. ശാസ്ത്രനാമം: യുക്ലീന മെക്സിക്കാന (Euchlaena mexicana). യുക്ലീന ലക്സ്യൂറിയൻസ് (Euchlaena luxurians) എന്ന സ്പീഷീസും ടിയോസിന്റെ എന്ന പേരിൽ അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശം മെക്സിക്കോ ആണെന്നു കരുതപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് നന്നായി വളരുന്നു. കന്നുകാലികളുടെ തീറ്റയ്ക്കായിട്ടാണ് ഇത് പ്രധാനമായും നട്ടുവളർത്തുന്നത്. 1893-ൽ വിദേശികളാരോ ഇന്ത്യയിൽ കൊണ്ടുവന്നു കൃഷി ചെയ്തതോടെ നല്ലൊരു കാലിത്തീറ്റയായി ഇവിടെ പ്രചാരം സിദ്ധിച്ചു.
ടിയോസിന്റെ | |
---|---|
Two teosintes | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Zea
|
Species: | |
Synonyms | |
Euchlaena Schrad. |
കൃഷി ചെയ്യപ്പെടുന്ന മക്കച്ചോളച്ചെടിയോടു വളരെ സാദൃശ്യമുള്ള ഏകവർഷിയായ ഈ പുൽച്ചെടി നല്ല ഉയരത്തിൽ വളരും. പുൽച്ചെടിയുടെ ചുവട്ടിൽനിന്നും ധാരാളം ശാഖകൾ പൊട്ടിവളർന്ന് ചെറുകൂട്ടങ്ങളായിത്തീരുന്നു. ഇതിന്റെ കുഞ്ചത്തിന്റെ ആകൃതിയിലുള്ള പുൽക്കതിർ (tassels) മക്കച്ചോളത്തിന്റേതുപോലെയാണ്. കതിരിനു പുറത്ത് സിൽക്കുപോലെയുള്ള നീളംകൂടിയ വർത്തിക തൂങ്ങിക്കിടക്കും.
ടിയോസിന്റെ ഉഭയലിംഗാശ്രയികളാണ്. സസ്യത്തിന്റെ അഗ്രഭാഗത്ത് പാനിക്കിൾ പുഷ്പമഞ്ജരിയായിട്ടാണ് ആൺപ്രകീലം (spike) ഉണ്ടാകുക; ഇലയുടെ കക്ഷ്യങ്ങളിൽനിന്ന് പെൺപ്രകീലവും.
വിത്ത് വിതറി വിതച്ചാണ് ടിയോസിന്റെ കൃഷിചെയ്യുന്നത്. കൃഷിസ്ഥലം മൂന്നുനാലു തവണ ഉഴുതോ കിളച്ചോ പാകപ്പെടുത്തിയശേഷം കട്ടകളുടച്ച് കളകൾ മാറ്റുന്നു. ഹെക്ടറിന് 20-30 ടൺഎന്ന തോതിൽ ജൈവവളം ചേർത്തശേഷമാണ് വിത്തുവിതയ്ക്കുന്നത്. വിതച്ച് മൂന്നു മാസമാകുമ്പോഴേക്കും ആദ്യത്തെ വിളവ് അരിഞ്ഞെടുക്കാം. 6-8 ആഴ്ചകൾ ഇടവിട്ട് വീണ്ടും വിളവെടുക്കാനാവും.
100 സെ.മീറ്ററിനു മുകളിൽ മഴ ലഭിക്കുന്ന ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയോടുകൂടിയ പ്രദേശത്ത് ജലസേചനം കൂടാതെ ഇതു വളർത്താം. നല്ല നീർവാർചയും ഫലപുഷ്ടിയുമുള്ള മണ്ണിൽ നന്നായി തഴച്ചു വളരും. സാധാരണ പച്ചപ്പുല്ലാണ് തീറ്റയായിട്ട് ഉപയോഗിക്കുന്നത്. ഇതിന്റെ ഇലകൾ പരുപരുത്തതാണെങ്കിലും കന്നുകാലികൾക്ക് ഇഷ്ടഭക്ഷണമാണ്. ഇതിൽ 5 ശ. മാ. പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഞ്ഞുകാലത്ത് ഉപയോഗിക്കാനായി വായു കടക്കാത്ത കുഴികളിൽ പുല്ല് സൂക്ഷിക്കുന്ന രീതിയും (ensilage) നിലവിലുണ്ട്. ടിയോസിന്റെയും മക്കച്ചോളവും പരിണാമപരമായി ഒരേ പൂർവിക വർഗത്തിൽ നിന്നാണ് വികാസം പ്രാപിച്ചതെന്നു കരുതപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;GRINSpecies
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Genus: Zea L." Germplasm Resources Information Network. United States Department of Agriculture. 2007-02-16. Archived from the original on 2012-10-12. Retrieved 2010-11-06.
അധിക വായനക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Crop Wild Relatives Gap Analysis Portal Archived 2011-04-18 at the Wayback Machine. reliable information source on where and what to conserve ex-situ, regarding Zea genepool
- Tracking the Ancestry of Corn Back 9,000 Years
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിയോസിന്റെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |