തംബുരു

(Tanpura (instrument) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രുതിവാദ്യങ്ങളിലൊന്നാണ് തംബുരു. പ്ലാവിന്റെ തടികൊണ്ടാണ് തംബുരു നിർമ്മിക്കുന്നത്. പ്ലാവിന്റെ തടിയിൽ അകം പൊള്ളയായി അർധഗോളാ കൃതിയിൽ കുഴിച്ചുണ്ടാക്കിയ ഒരടി വലിപ്പമുള്ള കുടവും അതിനോടു ചേർന്ന് ഉദ്ദേശം മൂന്നടി നീളവും നാലിഞ്ചു വണ്ണവുമുള്ള അകം പൊള്ളയായ ഒരു ദണ്ഡും അതിന്മേൽ ഘടിപ്പിച്ചിട്ടുള്ള നാലു ബരഡകളും ഒരു ബ്രിഡ്ജും നാലു മണിക്കായകളുമാണ് തംബുരുവിനുള്ളത്.

തംബുരു

മടിയിൽ വലതുവശത്തായി കുത്തനെ നിർത്തിയശേഷം വലതുകൈവിരലുകൾകൊണ്ട് ഓരോരോ തന്ത്രികളിൽ തട്ടിയാണ് തംബുരു വായിക്കുന്നത്. മീട്ടുമ്പോൾ ഏറ്റവും താഴെ അറ്റത്തായിരിക്കും കുടംപോലുള്ള ഭാഗം. അതിനുമുകളിലായുള്ള ദണ്ഡിന്റെ മറ്റേത്തലയ്ക്കൽ ബരഡകളുണ്ട്. കുടംപോലുള്ള ഭാഗത്തിന്റെ മധ്യത്തിലായാണ് വീതികൂടിയ ബ്രിഡ്ജുള്ളത്. ബരഡകളിൽ നിന്ന് ദണ്ഡിനുമുകളിലൂടെ വരുന്ന തന്ത്രികൾ ബ്രിഡ്ജിനു മുകളിൽക്കൂടി കുടംപോലുള്ള ഭാഗത്തിന്റെ കീഴറ്റത്തേയ്ക്കു ചെല്ലുന്നു. അവിടെയാണ് അത് വലിച്ചുചേർത്ത് ഘടിപ്പിച്ചിട്ടുള്ളത്. ഈ അറ്റത്തിനും ബ്രിഡ്ജിനുമിടയിലായി നാല് മണിക്കായകൾ കോർത്തിട്ടുമുണ്ട്.

തംബുരുവിന് നാല് കമ്പികളാണുള്ളത്. അവയെ മീട്ടുന്ന ക്രമത്തിൽ അതായത് ഇടത്തുനിന്ന് വലത്തോട്ട് ആദ്യത്തെ കമ്പി പഞ്ചമം, രണ്ടാമത്തേത് സാരണ, മൂന്നാമത്തേത് അനുസാരണ, ഒടുവിലത്തേത് മന്ദ്രം. ഇതിൽ ആദ്യത്തെ കമ്പി (പഞ്ചമം) മധ്യസ്ഥായി പഞ്ചമത്തിലും സാരണയും അനുസാരണയും താരസ്ഥായി ഷഡ്ജത്തിലും ഒടുവിലത്തെ കമ്പി (മന്ദ്രം) മധ്യസ്ഥായി ഷഡ്ജത്തിലുമാണ് ശ്രുതി ചേർക്കേണ്ടത്. ബരഡകൾ വേണ്ടതുപോലെ മുറുക്കിയും അയച്ചുമാണ് ശ്രുതി ശരിപ്പെടുത്തുന്നത്. കുടം വലതുവശം വരത്തക്കവിധം തംബുരു വിലങ്ങനെ മലർത്തിക്കിടത്തി ഇടതുകൈ കൊണ്ട് ബരഡകൾ മുറുക്കിയും അയച്ചും വലതു കൈവിരൽ കൊണ്ട് ആദ്യം സാരണയും അനുസാരണയും വെവ്വേറെ മീട്ടി നോക്കിയും ശ്രുതി ശരിപ്പെടുത്തണം. തുടർന്ന് പഞ്ചമത്തെ (ഇരിക്കുന്ന ആളിന്റെ അടുത്തുനിന്ന് നാലാമത്തെ കമ്പി) മധ്യസ്ഥായി പഞ്ചമത്തിലും മന്ദ്രത്തെ (ഇരിക്കുന്ന ആളിന്റെ തൊട്ടടുത്തുള്ള കമ്പി) മധ്യസ്ഥായി ഷഡ്ജത്തിലും ശ്രുതി ചേർക്കണം. ബ്രിഡ്ജിന്റെ മീതെയായി മുറുകി നില്ക്കുന്ന കമ്പികളുടെ ഇടയിൽ സിൽക്കിന്റെയോ പരുത്തിയുടെയോ നൂൽക്കഷണങ്ങൾ ഇട്ടിരിക്കും. ഈ നൂലുകളെ ജീവാളികൾ അഥവാ ജീവ എന്നും പറയാറുണ്ട്. ജീവ പിടിപ്പിക്കുന്നതുമൂലം തംബുരുവിന്റെ നാദത്തിനു ദൈർഘ്യം ലഭിക്കുന്നു. ബരഡകൾ മുറുകി ശരിപ്പെടുത്തിയതിനുശേഷം പിന്നെയും എന്തെങ്കിലും ചില്ലറ ക്രമീകരണങ്ങൾ ആവശ്യമായി വന്നാൽ മണിക്കായകൾ അങ്ങോട്ടുമിങ്ങോട്ടും നീക്കി അതു ശരിപ്പെടുത്താവുന്നതാണ്.

ഹാർമോണിയം, ശ്രുതിപ്പെട്ടി തുടങ്ങിയവയിൽ ഷഡ്ജവും പഞ്ചമവും മേൽ ഷഡ്ജവും ഒരേസമയത്ത് ഒന്നിച്ചു പുറപ്പെടുവിച്ച് അതിനെ ആധാരമാക്കിയാണ് പാടുന്നത്. ശ്രുതിയിടുന്ന ആളിന്റെ ശക്തിക്കനുസരിച്ച് ഈ മൂന്നു സ്വരങ്ങൾക്കും ഒരുമിച്ച് ശബ്ദം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാമെന്നല്ലാതെ ഇടവിട്ട് ഓരോ സ്വരത്തെയും തുടർച്ചയായും മുറിയാതെയും പുറപ്പെടുവിക്കുക സാധ്യമല്ല. ഈ സ്വരങ്ങൾ ഒരുമിച്ചു ശബ്ദിക്കുമ്പോൾ ഒരു ബഹളമാണു സൃഷ്ടിക്കുന്നത്. തംബുരുവിലാകട്ടെ ഓരോന്നിനേയും ഇടവിട്ട് വഴിക്കു വഴിയെ മീട്ടാൻ കഴിയുമെന്നു മാത്രമല്ല ഓരോ കമ്പിയും മീട്ടുമ്പോൾ തുടർച്ചയായി കുറച്ചു നേരത്തോളം മുഴങ്ങുകയും ചെയ്യുന്നു. കൂടാതെ പഞ്ചമം മീട്ടിയാൽ കമ്പനത്തിന്റെ അന്ത്യത്തിൽ തീവ്രഋഷഭവും മന്ദ്രം മീട്ടിയാൽ കമ്പനത്തിന്റെ അന്ത്യത്തിൽ അന്തരഗാന്ധാരവും ധ്വനിക്കുന്നു. അതിനാൽ തംബുരുവിനു കർണാനന്ദകരവും അനുരണനാത്മകവുമായ ശ്രുതി ലഭിക്കുന്നു. ഇതു പാട്ടുകാരന് ശ്രുതിയിൽ ലയിച്ചു പാടാനുള്ള പ്രചോദനം നല്കുന്നു. ശ്രുതിപ്പെട്ടിയിലോ ഹാർമോണിയത്തിലോ ഇത്തരമൊരു പശ്ചാത്തലം സൃഷ്ടിക്കുക സാധ്യമല്ല.

ഹാർമോണിയം ശ്രുതിപ്പെട്ടി എന്നിവയുടെ സ്ഥാനത്ത് ഇപ്പോൾ സംഗീതാഭ്യസനത്തിനും സംഗീത കച്ചേരികൾക്കും തംബുരുവാണ് ഉപയോഗിക്കുന്നത്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തംബുരു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തംബുരു&oldid=3302572" എന്ന താളിൽനിന്ന് ശേഖരിച്ചത്