ടാബർനാകിൾ
വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രാമധ്യേ, യഹൂദർ മരുഭൂമിയിൽ താത്കാലികമായി നിർമിച്ച ആരാധനാകൂടാരമാണ് ടാബർനാകിൾ. മോശെയുടെ നിർദ്ദേശപ്രകാരം ബെസലേൽ എന്ന ശില്പിയാണ് ടാബർനാകിൾ നിർമിച്ചത് എന്ന് പുറ. 36 : 2-ൽ പറയുന്നു. ഈ ആരാധനാലയം സ്ഥിതി ചെയ്തിരുന്നത് മരുഭൂമിയിലെ യഹൂദ പാളയത്തിന്റെ മധ്യത്തിലായിരുന്നു എന്നും (പുറ. 25-31, 35-40), പുറത്തായിരുന്നു എന്നുമുള്ള (പുറ. 33:7) രണ്ടു പരാമർശങ്ങൾ ബൈബിളിൽ കാണുന്നുണ്ട്.
നിർമ്മാണ സവിശേഷത
തിരുത്തുകകരുവേലകത്തടി കൊണ്ടുള്ള ചട്ടക്കൂടും ലിനൻ വിരികളും ഉപയോഗിച്ചാണ് വിശുദ്ധ കൂടാരം നിർമിച്ചിരുന്നത്. ലിനൻ തിരശീലകൾ ഉപയോഗിച്ച് വിശുദ്ധ കൂടാരത്തെ പവിത്രസ്ഥാനം, പരമപവിത്രസ്ഥാനം എന്ന് രണ്ടായി പകുത്തിരുന്നു. പവിത്രസ്ഥാനത്ത് കാഴ്ചയപ്പം വയ്ക്കുന്ന മേശ, ധൂപപീഠം, 'മെനോറ' എന്ന പേരിൽ അറിയപ്പെടുന്ന സുവർണ മെഴുകുതിരിക്കാല് എന്നിവയും പരമപവിത്ര സ്ഥാനത്ത് സാക്ഷ്യപേടകവും (പത്ത് കൽപനകൾ ആലേഖനം ചെയ്ത സാക്ഷ്യപലകകൾ അടങ്ങുന്ന പേടകം) സൂക്ഷിച്ചിരുന്നു. കരുവേലകത്തടി കൊണ്ട് നിർമ്മിച്ച പേടകത്തിനുമുകളിൽ തങ്ക കൃപാസനവുമുണ്ടായിരുന്നു. കൃപാസനത്തിന്റെ രണ്ടറ്റത്തുമായി സ്വർണം കൊണ്ടുള്ള മാലാഖാരൂപങ്ങൾ പ്രതിഷ്ഠിച്ചിരുന്നു. പ്രായശ്ചിത്തദിനമായ യോംകിപ്പൂരിന് മാത്രമാണ് ഉന്നതപുരോഹിതൻ പരമപവിത്രസ്ഥാനത്തു പ്രവേശിച്ചിരുന്നത്. "ഇസ്രായേൽ ജനങ്ങളുടെ യാത്രകളിലെല്ലാം അവരുടെ കൺമുമ്പാകെ, പകൽസമയത്ത് വിശുദ്ധകൂടാരത്തിന്മേൽ യഹോവയുടെ മേഘവും രാത്രിയിൽ വിശുദ്ധകൂടാരത്തിനുമേൽ അഗ്നിയും ഉണ്ടായിരുന്നു" എന്ന് പുറ. 40:38-ൽ പറയുന്നു.
വിവിധഅർഥത്തിൽ
തിരുത്തുകറോമൻ കത്തോലിക്കാ ദേവാലയങ്ങളിൽ നേർച്ചയപ്പം വയ്ക്കുന്ന താലത്തിനും ടാബർനാകിൾ എന്നു പറയാറുണ്ട്. മനുഷ്യശരീരം, കപ്പൽപ്പായ്മരത്തിന്റെ കീഴ്ഭാഗം ഉറപ്പിക്കാനുള്ള കുഴി, താത്ക്കാലിക വാസസ്ഥാനം എന്നീ അർഥങ്ങളിലും ടാബർനാകിൾ എന്ന പദം പ്രയോഗത്തിലുണ്ട്.
പുറംകണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാബർനാകിൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |