സൗന്ദര്യലഹരി

(Soundarya Lahari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

[[Image:Si <ri rന ന C നന ar കുമമേന്മക്കe കcolor.svg|thumb|The Sri Chakra, frequently called the Sri Yantra.]] ശ്രീ ശങ്കരാചാര്യർ എഴുതിയതാണ്‌ സൗന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. ഇത്‌ ശിഖരിണി എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്‌. പാർവതീ ദേവിയുടെ മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനയാണ്‌ നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌. ശങ്കരാചര്യരുടെ സ്തോത്ര നിബന്ധങ്ങളിൽ ഏറ്റവും മഹത്തായതെന്ന് ഉള്ളൂർ പരമേശ്വരയ്യർ ഇതിനെ വിശേഷിപ്പിക്കുന്നു.[1] കർണ്ണാനന്ദകരമായ സ്തോത്രങ്ങൾ ചേർന്ന ഈ കൃതി പ്രചാരത്തിൽ ശങ്കരാചാര്യരുടെ വേദാന്ത വിഷയകങ്ങളായ ഇതര കൃതികളെ അതിലംഘിക്കുന്നതായി ഇതിനെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ കുമാരനാശാനും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.[2]ഇതിന്‌ രണ്ടു പ്രധാന ഭാഗങ്ങളുണ്ട്. ആദ്യത്തെ നാൽപത്തിയൊന്നു ശ്ളോകങ്ങൾ ആനന്ദ ലഹരി എന്ന്‌ അറിയപ്പെടുന്നു. ആനന്ദ ലഹരി ശങ്കരാചാര്യർ എഴുതിയതല്ലെന്നും പറയപ്പെടുന്നുണ്ട്‌.

ശങ്കരാചാര്യർ ശിഷ്യന്മാർക്കൊപ്പം, രാജാ രവിവർമ്മ വരച്ചത്, 1904.

സൗന്ദര്യ ലഹരിയിലെ എഴുപത്തിയഞ്ചാം ശ്ലോകത്തിൽ(തവ സ്തന്യം മന്യേ ധരണിധര കന്യേ..... ) ഒരു ദ്രാവിഡ ശിശുവിന്റെ കരച്ചിൽ കേട്ട്‌ ഓടിയെത്തിയ ശ്രീ പാർവതി കുഞ്ഞിന്റെ കരച്ചിൽ നിർത്തുവാനായി കുഞ്ഞിനു മുല കൊടുത്തുവെന്നും ആ കുഞ്ഞ്‌ അനന്യമായ ഈ ഭാഗ്യം ലഭിക്കുക വഴി പിൽക്കാലത്ത്‌ ഒരു മഹാകവിയായി മാറി എന്നും പറയുന്നുണ്ട്‌. ദ്രാവിഡ കുലത്തിലെ ശങ്കരാചാര്യരായാണ്‌ ഈ ശിശു അറിയപ്പെടുന്നത്‌. ആനന്ദ ലഹരി ഇദ്ദേഹത്തിന്റെ കൃതിയാണെന്നും ഇതിൽ നാൽപ്പത്തിരണ്ടിലുമധികം ശ്ലോകങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഈ ദ്രാവിഡ ശിശു പിന്നീടു കവിയായി മാറി കൈലാസത്തിന്റെ ചുവരുകളിൽ എഴുതിയിരുന്ന വരികളിൽ ചിലത്‌ ശങ്കരാചാര്യർ ഒരു നോക്കിലൂടെ ഹൃദിസ്ഥമാക്കുകയും അവയെ തന്റെ തന്നെ രചനയായ സൗന്ദര്യ ലഹരിയിൽ ചേർത്തു വെയ്ക്കുകയും ചെയ്തു എന്നൊരു വിശ്വാസമുണ്ട്‌.

രണ്ടു പുസ്തകങ്ങളും തമ്മിൽ ഭാവനാപരമായ ഒരു വ്യത്യാസം കാണാനുണ്ട്‌. ആനന്ദലഹരിയിൽ പ്രാമുഖ്യം ശ്രീഭഗവതിയുടെ മഹിമയ്ക്കാണ്‌. സൗന്ദര്യലഹരി അംഗോപാംഗ സൗന്ദര്യത്തെ വർണ്ണിക്കുന്നു. ആനന്ദ ലഹരിയിൽ ഒരു ശ്ളോകവും അതിനടുത്തതും തമ്മിൽ പരസ്പര ബന്ധം കാണുന്നില്ല. അതേ സമയം സൗന്ദര്യ ലഹരി പാർവതീ ദേവിയുടെ കിരീടത്തിൽ നിന്നും തുടങ്ങി പാദം വരെയുള്ള സൗന്ദര്യത്തെ പടിപടിയായി ഭക്തിപുരസ്സരം വർണ്ണിക്കുന്നു. ശങ്കരാചാര്യർ തന്നെ വെവ്വേറെ എഴുതിയ രണ്ടു പുസ്തകങ്ങളെ പിൻഗാമികൾ ചേർത്തു വെച്ചതാകാനും വഴിയുണ്ട്‌.

  1. തേക്കേ അമ്പാടി മീനാക്ഷി അമ്മയുടെ സൗന്ദര്യലഹരീവ്യാഖ്യാനത്തിന് എഴുതിയ അവതാരിക (പ്രസാധകർ ശ്രീരാമകൃഷ്ണമഠം, തൃശൂർ)
  2. കുമാരനാശാന്റെ സമ്പൂർണ്ണപദ്യകൃതികളിൽ, സൗന്ദര്യലഹരീപരിഭാഷയോടു ചേർന്നുള്ള 'അവതരണിക' (പുറം 925)(പ്രസാധകർ, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം)
"https://ml.wikipedia.org/w/index.php?title=സൗന്ദര്യലഹരി&oldid=3950816" എന്ന താളിൽനിന്ന് ശേഖരിച്ചത്