തേൾ
അറ്ത്രോപോട(Arthropoda ) ഫൈലത്തിൽ, അരാക്നിഡ (Arachnida) വർഗത്തിലെ(Class) സ്കോർപിയോനിഡ(Scorpionidea )ഗോത്രത്തിൽപ്പെടുന്ന ഒരു ജീവിയാണ് തേൾ (Scorpion). എട്ട് കാലുകളുള്ള, ചിറകില്ലാത്ത തേളിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്. പരിണാമപ്രക്രിയയിൽ ഏറ്റവും കുറവ് മാറ്റങ്ങൾക്കു വിധേയരായ ഒരു ജീവിവർഗ്ഗമാണ് തേൾ എന്നതിനാൽ ഇവയെ ജീവിക്കുന്ന ഫോസിൽ എന്നു വിളിക്കാറുണ്ട്. തേളുകളുടെ പൂർവ്വികർ ഏതാണ്ട് 45 കോടി വർഷങ്ങൾക്കു മുൻപ് കടലിലാണു ജീവിച്ചിരുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ തേളുകൾ കരയിൽത്തന്നെയാണു ജീവിച്ചിരുന്നതെന്നും ഒഴുക്കിൽപ്പെട്ട് കടലിൽ എത്തിയതാണെന്നുമാണ് മറ്റൊരു വാദം. അന്റാർട്ടിക്ക ഒഴികെ എല്ലായിടത്തും തേളുകളെ കാണാറുണ്ട്. ഉയരമുള്ള പർവ്വതങ്ങളിലും ഒരു കിലോമീറ്റർ ഭൂമിക്കടിയിലുള്ള ഗുഹകളിലും കടൽത്തീരത്തുമെല്ലാം തേളുകളുണ്ട്.[1]
തേൾ Scorpion | |
---|---|
Asian forest scorpion in Khao Yai National Park, Thailand | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Subclass: | |
Order: | Scorpiones C. L. Koch, 1837
|
Superfamilies | |
Buthoidea |
വാസസ്ഥലം
തിരുത്തുകഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് തേളുകളെ സാധാരണ കാണപ്പെടുന്നത്. അതിനാൽ ന്യൂസിലൻഡിലും, അന്റാർട്ടിക്കയിലും മറ്റു ചില ദ്വീപുകളിലും തേളുകളെ കാണുന്നില്ല. പകൽസമയങ്ങളിൽ മണലിനകത്തും കുഴികളിലും മരപ്പൊത്തുകളിലും അവശിഷ്ടങ്ങൾ, ജീർണിച്ച തടികൾ, കല്ലുകൾ എന്നിവയ്ക്കടിയിലും പാറക്കെട്ടുകൾക്കിടയിലും ഇവ ഒളിഞ്ഞിരിക്കുന്നു.
ശരീരപ്രകൃതി
തിരുത്തുക13 മി.മീ. മുതൽ 20 സെ.മീ. വരെ നീളമുള്ള നിരവധി ഇനം തേളുകളുണ്ട്. മൈക്രോബുത്തസ് പസില്ലസിന് (Microbuthus pusillus) 13 മി.മീ. മാത്രം നീളമുള്ളപ്പോൾ പാൻഡിനസ് ഇംപെറേറ്റർ (Pandinus imperator) എന്നയിനത്തിന് 20 സെന്റിമീറ്ററോളം നീളമുണ്ട്. 15 സെ.മീ. നീളമുള്ള പലമ്മിയുസ് സ്വമ്മെർഡാമി ഇനമാണ് ഇന്ത്യയിൽ കാണപ്പെടുന്നതിൽ ഏറ്റവും വലിപ്പം കൂടിയ തേൾ ഇനം. വിവിധ നിറത്തിലുള്ള തേളുകളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലുള്ളവയ്ക്ക് പൊതുവേ തിളക്കമുള്ള കറുപ്പുനിറമാണ്; ഇവയുടെ പൃഷ്ഠഭാഗ(dorsal)ത്തിന് അധരഭാഗത്തെക്കാൾ കറുപ്പ് കൂടുതലായിരിക്കും. മണലിൽ ജീവിക്കുന്നവയ്ക്ക് ഇളം മഞ്ഞനിറമാണ്. തേളുകളുടെ ശരീരം കൈറ്റിൻ എന്ന പദാർഥത്താൽ നിർമിതമായ ബാഹ്യാസ്ഥികൂടം (exoskeleton) കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. തേളിന്റെ മെലിഞ്ഞു നീളംകൂടി ദ്വിപാർശ്വ സമമിതമായി പരന്നിരിക്കുന്ന ശരീരത്തിന് 16 ഖണ്ഡങ്ങളുണ്ട്. തലയും വക്ഷവും കൂടിച്ചേർന്നതാണ് ശിരോവക്ഷം (cephalothorax or prosoma); ഇതിന് നീളം കുറഞ്ഞ ആറ് ഖണ്ഡങ്ങളുണ്ട്. ഇതിനു പിന്നിലാണ് നീളം കൂടിയ അഞ്ച് ഖണ്ഡങ്ങളുള്ള ഉദരം (abdomen or opisthosoma) സ്ഥിതിചെയ്യുന്നത്. ഉദരത്തിനു പിന്നിലുള്ള അഞ്ച് ഖണ്ഡങ്ങൾ (മീസോസോമ) സംയോജിച്ച് വാൽ ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. വാലിന്റെ അവസാന ഖണ്ഡത്തിനു പിന്നിലായി ടെൽസൻ (Telson) എന്നറിയപ്പെടുന്ന മുള്ള് (spine) കാണപ്പെടുന്നു. ഇതിന് ഒരു വീർത്ത ഭാഗവും (ampulla) അതിനുള്ളിലായി രണ്ട് വിഷസഞ്ചികളുമുണ്ട്. വിഷസഞ്ചികളിൽനിന്നുമുള്ള സൂക്ഷ്മനാളികൾ മുള്ളിന്റെ അറ്റത്തുള്ള ചെറിയ സുഷിരത്തിലൂടെയാണ് പുറത്തേക്കു തുറക്കുന്നത്. തേളുകൾ വാൽ ഉയർത്തിപ്പിടിച്ചാണ് സഞ്ചരിക്കുന്നത്.
തേളുകളുടെ അധരഭാഗത്ത് ആറുജോഡി ഉപാംഗങ്ങൾ (appendages) കാണാം. ഇവ ശിരോവക്ഷത്തിലെ ആറ് ഖണ്ഡങ്ങളിൽ നിന്നുള്ളവയാണ്. ശിരോവക്ഷത്തിന്റെ പൃഷ്ഠഭാഗം ഏതാണ്ട് ചതുരാകൃതിയിലുള്ള വലിപ്പം കൂടിയ കാരപേസ് (carapace) അഥവാ സെഫാലോതോറാസിക് ഷീൽഡുകൊണ്ട് ആവരണം ചെയ്തിരിക്കുന്നു. കാരപേസിന്റെ മധ്യഭാഗത്ത് അടുത്തടുത്തായി ഒരു ജോഡി നേത്രങ്ങളും (median eyes) 2-5 ജോഡി ചെറിയ പാർശ്വനേത്രങ്ങളും (lateral eyes) ഉണ്ടായിരിക്കും. സരളഘടനയാണ് നേത്രങ്ങളുടെ പ്രത്യേകത. കാഴ്ചശേഷിയില്ലാത്ത തേൾ ഇനങ്ങളുണ്ട്. കേൾവിശക്തിയില്ലാത്തവയും കാഴ്ചശേഷി കുറഞ്ഞവയുമായതിനാൽ ഇവയ്ക്ക് ശരീരത്തിന്റെ പിൻഭാഗത്ത് സ്പർശനേന്ദ്രിയമായി പ്രത്യേക സ്പർശനാവയവങ്ങൾ (pectines) ഉണ്ടായിരിക്കും. തേളിന്റെ ശ്വസനാവയവങ്ങൾ(നാല് ജോഡി) ബുക്ക്ലങ്സ് (book lungs) അഥവാ പൾമണറി അറകൾ എന്നറിയപ്പെടുന്നു.
ഇരതേടൽ
തിരുത്തുകരാത്രികാലങ്ങളിലാണ് തേളുകൾ ഇരതേടാനിറങ്ങുന്നത്. ചെറു പ്രാണികളും ചിലന്തികളുമാണ് ഇവയുടെ മുഖ്യ ആഹാരം. ഇവ ഉപാംഗങ്ങളായ പാദസ്പർശികൊണ്ട് ഇരയെ പിടിച്ചെടുത്ത് വിഷം കുത്തിവച്ചു കൊന്നശേഷം ദംശികൾകൊണ്ട് ഭദ്രമായി പിടിച്ച് പാദസ്പർശികളുടെ സഹായത്തോടെ കീറി ഇരയുടെ കോശദ്രവം ഊറ്റിക്കുടിക്കുന്നു. ശരീരത്തിന്റെ മുന്നറ്റത്തുള്ള വായ് കീഴ്ഭാഗത്തേക്ക് തുറന്നിരിക്കുന്നു.
പ്രത്യുല്പാദനം
തിരുത്തുകനീണ്ട കുഴലുകൾ പോലെയുള്ള ഒരു ജോഡി വൃഷണങ്ങളാണ് ആൺ തേളിന്റെ പ്രത്യുത്പാദനാവയവങ്ങൾ. പെൺ തേളിന് ഒരു അണ്ഡാശയം (overy) മാത്രമേയുള്ളൂ. ഇതിനുള്ളിലാണ് അണ്ഡം ഉണ്ടാകുന്നത്. ബീജസങ്കലനശേഷം അണ്ഡം വളർച്ച പൂർത്തിയാകുന്നതുവരെ അണ്ഡാശയത്തിന്റെ വശങ്ങളിലുള്ള സഞ്ചികളിൽ സ്ഥിതിചെയ്യുന്നു. മറ്റ് ആർത്രോപോഡുകളിൽനിന്ന് വ്യത്യസ്തമായി പെൺ തേളുകൾ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണു പതിവ് (viviparous). കുഞ്ഞുങ്ങൾക്ക് വെളുത്ത നിറമാണ്. കുഞ്ഞുങ്ങളെ പെൺ തേളുകൾ കുറേനാൾ ചുമലിലേറ്റി നടക്കുന്നു. വളർച്ച പൂർത്തിയാകുന്നതിനുമുമ്പ് കുഞ്ഞുങ്ങൾ പലപ്രാവശ്യം പടം പൊഴിക്കാറുണ്ട് (moulting).
ആക്രമണം
തിരുത്തുകശത്രുക്കളിൽനിന്ന് രക്ഷനേടാനായി മുള്ള് (sting) പ്രയോജനപ്പെടുന്നു. തേൾ കടിക്കുന്ന ഭാഗത്ത് വേദനയും തടിപ്പും നിറം മാറ്റവുമുണ്ടാകും. മരണഹേതുവാകത്തക്ക വിഷമുള്ള തേൾ ഇനങ്ങളുമുണ്ട്.
ചിത്രങ്ങൾ
തിരുത്തുക-
തേൾ
-
തേളിന്റെ വാൽ
-
തേളിന്റെ അടിഭാഗം
ഇതര ലിങ്കുകൾ
തിരുത്തുക- [1]- Sahara Desert wildlife information
- The Scorpion Files- Most comprehensive online resource of scorpion information
- Arachnodata; Information & Consulting Agency for scorpions and arachnids Archived 2009-04-03 at the Wayback Machine.
- EUSCORPIUS, the online research journal of scorpiology — has many important scorpion links
- List of the LD50 value for the venom of various species of scorpion Archived 2008-01-10 at the Wayback Machine.
- Arachnoboards- Online arachnid discussion group
- U.S. state-by-state Scorpiones checklist
- Kari's Scorpion Pages
- Dr. Scott A. Stockwell's Scorpion Emporium Archived 2004-02-04 at the Wayback Machine. (currently down)
- Information on scorpions and other arachnids
- Pepe the two-tailed scorpion Archived 2008-05-16 at the Wayback Machine.
- Scorpion detection using UV LEDs (also movies of scorpions)
- Desert USA: Scorpions
- Photo gallery of several scorpions in captive breeding.
- Scorpion Venom Tested as Brain Cancer Treatment
- Scorpions as pets
- ↑ കൂട് മാസിക, ഏപ്രിൽ 2015, താൾ 34