അഭ്രഷിസ്റ്റ്

(Schist എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഭ്രവും ക്വാർട്ട്സും അവശ്യഘടകങ്ങളായുള്ള ഒരിനം കായാന്തരിത (metamorphosed) ശിലയാണ് അഭ്രഷിസ്റ്റ്. ക്രിസ്റ്റലീയ ഷിസ്റ്റുകളെന്നറിയപ്പെടുന്ന ശിലാവിഭാഗത്തിൽ ധാരാളമായി കാണപ്പെടുന്നതും പ്രാധാന്യമുള്ളതുമായ ഒരിനമാണ് അഭ്രഷിസ്റ്റ്. ആഗ്നേയശിലകളുടെയും അവസാദശിലകളുടെയും ആദ്യന്തമായ കായാന്തരണവും പുനഃക്രിസ്റ്റലനവുമാണ് ഇതിന്റെ രൂപംകൊള്ളലിനു നിദാനം.

അഭ്രഷിസ്റ്റ്

അഭ്രഷിസ്റ്റുകളിൽ മുഖ്യഘടകങ്ങളായ ക്വാർട്ട്സിനും അഭ്രത്തിനും പുറമേ ചിലപ്പോൾ അല്പം ഫെൽസ്പാർ കൂടി കണ്ടേക്കാം. എന്നാൽ ഫെൽസ്പാറിന്റെ അനുപാതം കൂടുകയും ഘടന പരുക്കനാവുകയും ചെയ്താൽ അഭ്രഷിസ്റ്റ് നയിസ്സ് ആയി രൂപാന്തരപ്പെടും. അതുപോലെതന്നെ ക്വാർട്ട്സിന്റെ അനുപാതം കൂടുമ്പോൾ ക്വാർട്ട്സൈറ്റായോ മണൽക്കല്ലായോ പരിണമിക്കാം.

ഗ്രാനെറ്റ് മൈക്ക ഷിറ്റിന്റെ തിൻ സെക്ഷൻ

അഭ്രഷിസ്റ്റിന്റെ സവിശേഷതയ്ക്കു കാരണം അഭ്രം ഉൾക്കൊള്ളുന്നുവെന്നതാണ്. വെള്ളിനിറത്തിലുള്ള മസ്കൊവൈറ്റ് അഭ്രമാണ് സർവസാധാരണമായി കാണാറുള്ളത്. അടുത്ത സ്ഥാനം ഇരുണ്ട നിറമുള്ള ബയൊട്ടൈറ്റിനാണ്. ചിലപ്പോൾ ഈ രണ്ടിനം അഭ്രങ്ങളും ഒരുമിച്ച് ഉണ്ടായെന്നും വരാം. സോഡിയം ഉൾക്കൊള്ളുന്ന പാരഗൊണൈറ്റ് അഭ്രവും അപൂർവമായി കണ്ടുവരുന്നു.

അസാമാന്യമായ വിദളനം അഭ്രഷിസ്റ്റിന്റെ ഒരു സവിശേഷതയാണ്. അഭ്രശല്കങ്ങളുടെ വിദളനം ഷിസ്റ്റാഭതയുടെ വശത്തേക്ക് കിടക്കുന്നതാണ് ഇതിനു കാരണം. ശല്ക്കങ്ങൾ ചിലപ്പോൾ വളഞ്ഞോ പിരിഞ്ഞോ ആകാം; വിദളനതലത്തിന്റെ പരിപൂർണത മൂലം ശിലയുടെ വിഭംഗതലം മുഴുവൻ അഭ്രം പൂശിയതുപോലെ കാണപ്പെടുന്നു.

അന്യധാതുഘടകങ്ങളുടെ കൂട്ടത്തിൽ സാധാരണയായും സാമാന്യവലിപ്പത്തിലുള്ള പരലുകളായും കണ്ടുവരുന്നത് ഗാർണറ്റാണ്. കടും ചുവപ്പുനിറത്തിലുള്ള ഗാർണറ്റ് പരലുകൾ ഈയമണി തൊട്ടു ചെറുനാരങ്ങ വരെ വിവിധ വലിപ്പത്തിൽ കാണപ്പെടുന്നു. സ്റ്റാറൊലൈറ്റ്, കയനൈറ്റ്, എപ്പിഡോട്ട്, സില്ലിമനൈറ്റ് മുതലായ ധാതുക്കളും അഭ്രഷിസ്റ്റുകളിൽ ഉൾക്കൊണ്ടിരിക്കാം. ഗ്രാഫൈറ്റ് ഘടകമായിട്ടുള്ള അഭ്രഷിസ്റ്റ് ഒരു പ്രത്യേക ഇനമായി കരുതപ്പെടുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭ്രഷിസ്റ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭ്രഷിസ്റ്റ്&oldid=2280249" എന്ന താളിൽനിന്ന് ശേഖരിച്ചത്