തണ്ടാനം പുല്ല്

ചെടിയുടെ ഇനം
(Sacciolepis interrupta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരിനം കളയാണ് തണ്ടാനം പുല്ല്. ഏകബീജപത്രികളിലെ പോയേസി സസ്യ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം സാക്കിയോലെപിസ് ഇന്ററെപ്റ്റ എന്നാണ്. പാനിക്കം ഇന്ററെപ്റ്റം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ചിരസ്ഥായിയായ ഓഷധിയാണിത്. വഴിയോരങ്ങളിലും ഈർപ്പമുള്ള പ്രദേശങ്ങളിലും ഇവ നന്നായി വളരും. ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു. 1.52 മീറ്ററോളം ഉയരത്തിൽ തണ്ടാനം പുല്ല് വളരും. ഇതിന്റെ നീളം കൂടിയ വേരുകൾ 20-40 സെന്റിമീറ്റർ വരെ ദൂരത്തിൽ പടർന്നു വളരുന്നു. തണ്ടിന്റെ ചുവടു ഭാഗത്തുനിന്നും വേരുകൾ പുറപ്പെടാറുണ്ട്. നീളം കൂടിയ തണ്ട് തടിച്ചതും മാർദവമുള്ളതുമാണ്. തണ്ടിന്റെ ചുവടുഭാഗത്തുള്ള പർവങ്ങൾ കുറുകിയതാണ്. മുകളിലേക്കു വരുംതോറും നീളം കൂടിയ പർവങ്ങളായിരിക്കും. ഇലകൾക്ക് 15-30 സെന്റിമീറ്റർ നീളം വരും; ചുവടുഭാഗം വീതി കൂടിയതാണ്. ഇലകൾ നേരിയതും ലംബാഗ്രത്തോടു കൂടിയതുമാണ്. പർണഛദം രേഖിതവും ജിഹ്വിക വലിപ്പം കുറഞ്ഞതുമാണ്.

തണ്ടാനം പുല്ല്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
S. interrupta
Binomial name
Sacciolepis interrupta
Synonyms
  • Hymenachne interrupta (Willd.) Buse
  • Panicum interruptum Willd.
  • Panicum inundatum Kunth [Illegitimate]
  • Panicum roxburghianum Schult. [Illegitimate]
  • Panicum turritum Thunb. [Invalid]
  • Panicum uliginosum Roth
  • Sacciolepis mukuku Vanderyst [Invalid]
  • Sacciolepis simaoensis Y.Y.Qian

പര്യായങ്ങൾ theplantlist.org - ൽ നിന്നും

തണ്ടാനം പുല്ലിന് സ്പൈക്ക് പോലെയുള്ള പാനിക്കിൾ പുഷ്പമഞ്ജരിയാണുള്ളത്. 15 മുതൽ 45 സെന്റിമീറ്റർ വരെ നീളമുള്ള പുഷ്പമഞ്ജരി സസ്യത്തിന്റെ ചുവടുഭാഗത്തു നിന്നാണ് പുറപ്പെടുന്നത്. സ്പൈക്ക്ലെറ്റുകൾ കട്ടിയുള്ളതും ഗുഛിതമായി ക്രമീകരിച്ചിരിക്കുന്നതുമാണ്. ഇവയിൽ പല സൈപക്ക്ലെറ്റുകളും അവ്യക്തവും വികലവും ആയി കാണപ്പെടാറുണ്ട്. 2-3 മില്ലിമീറ്റർ നീളമുള്ള സ്പൈക്ക്ലെറ്റുകൾക്ക് ഏതാണ്ട് അണ്ഡാകൃതിയായിരിക്കും. സ്പൈക്ക്ലെറ്റുകൾ രോമിലമാണ്. സ്പൈക്ക്ലെറ്റിന്റെ ഒന്നാമത്തെ ഗ്ലൂം(ഉമി)സ്തരിതവും അഞ്ച് സിരകൾ ഉള്ളതുമായിരിക്കും. രണ്ടാമത്തെ ഗ്ലും നീളം കൂടിയതും ഒമ്പതു സിരകളുള്ളതും സുവ്യക്തവും ആയിരിക്കും. ഒന്നാമത്തെ ലെമ്മ രോമിലമോ അരോമിലമോ കേസരങ്ങളോടു കൂടിയതോ ആയിരിക്കും. രണ്ടാമത്തെ ലെമ്മ ആദ്യത്തേതിനേക്കാൾ വലിപ്പം കൂടിയതും ദ്വിലിംഗി പുഷ്പത്തോടു കൂടിയതുമാണ്. ദ്വിലിംഗി പുഷ്പത്തിന് മൂന്ന് കേസരങ്ങളും രണ്ടായി പിരിഞ്ഞ വർത്തികയും രണ്ട് ലോഡിക്യൂളുകളും ഒരു അണ്ഡാശവുമുണ്ടായിരിക്കും. ഇതിന്റെ വിത്ത് പരന്ന് ദീർഘവൃത്താകൃതിയിലുള്ളതാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തണ്ടാനം പുല്ല് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തണ്ടാനം_പുല്ല്&oldid=2283168" എന്ന താളിൽനിന്ന് ശേഖരിച്ചത്