താരൻ
തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥ. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരൻ ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് സെബോറിയ എന്നുപറയുന്നു. കൺ പോളകളിലെ കോശങ്ങൾ അടരുക, പോളകൾ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നു. ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു കാരണമാകാറുണ്ട്.
താരൻ പ്രത്യക്ഷപ്പെടാനുള്ള പ്രധാന മൂന്ന് കാരണങ്ങൾ
തിരുത്തുക- സാധാരണയായി സെബം അല്ലെങ്കിൽ സെബാസിയൽ സ്രവണം എന്ന് അറിയപ്പെടുന്ന സ്കിൻ ഓയിൽ
- ത്വക്ക് മൈക്രോ-ജീവജാലങ്ങളുടെ ഉപാപചയ രാസവസ്തുക്കൾ (ഏറ്റവും പ്രത്യേകിച്ച് മലസ്സെസിയ യസ്റ്റസ്)
- വ്യക്തിഗത സാദ്ധ്യതയും അലർജിയും .
ആയുർവേദത്തിൽ
തിരുത്തുകകഫ-വാത പ്രധാനമായ ദോഷ കോപം നിമിത്തമാണ് ദാരുണകം (താരൻ) ഉണ്ടാകുന്നതെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ശിരസ്സിൽ ചൊറിച്ചിൽ, കഠിനമായ മുടികൊഴിച്ചിൽ, വെളുത്ത പൊടി ശിരസ്സിൽ നിന്നും ഇളകുക, തരിപ്പ്, തലയോട്ടിയിലെ തൊലിയിൽ ചെറിയ വിള്ളലുകൾ തുടങ്ങിയ ലക്ഷണങ്ങളാണ് താരന്റേത്. നെറ്റിയിലെ സിര വേധിച്ചു രക്തമോക്ഷം ചെയ്യുന്നത് താരന് പരിഹാരമായി നിർദ്ദേശിക്കുന്നുണ്ട്. നിർദിഷ്ടങ്ങളായ അഭ്യംഗ സ്നാന-നസ്യ-ശിരോവസ്ത്യാദികൾ ശീലിക്കുന്നതും ഫലപ്രദമാണ്. തല മുണ്ഡനം ചെയ്ത ശേഷം ചികിത്സ ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം. താരന്റെ ചികിത്സയ്ക്ക് അനേകം ലേപനങ്ങളും തൈലങ്ങളും ആയുർവേദത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
പ്രതിവിധി
തിരുത്തുകസാലിസിലിക് അമ്ലമോ സെലിനിയം സൾഫൈഡോ കലർന്ന ഷാംപൂ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴുകിയാൽ ശമനം ഉണ്ടാകും. കോർട്ടികോസ്റ്റിറോയിഡ് ചേർന്ന ഔഷധം രാത്രിയിൽ തലയിൽ പുരട്ടാൻ നിർദ്ദേശിക്കാറുണ്ട്.ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഗുളികകൾ തലയിലെ താരൻ ഉള്ള ഭാഗത്തു പുരട്ടുന്നതും ഒരു പ്രതിവിധിയായി നിർദ്ദേശിക്കാറുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ താരൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |