പീറ്റർ പോൾ റൂബൻസ്
പീറ്റർ പോൾ റൂബൻസ് പതിനേഴാം നൂറ്റാണ്ടിലെ ഒരു ഡച്ചു ചിത്രകാരനായിരുന്നു. ചടുലതക്കും, വർണ്ണപ്പൊലിമക്കും, ഐന്ദ്രികതക്കും പ്രാധാന്യം കൊടുത്ത തീക്ഷ്ണമായ ബറോക്ക് ശൈലിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. കത്തോലിക്കാ പ്രതിനവീകരണത്തിന്റെ ഭാഗമായ അൾത്താരശില്പങ്ങൾ, ഛായാചിത്രങ്ങൾ, പ്രകൃതിദൃശ്യചിത്രീകരണങ്ങൾ പൗരാണികവും സാങ്കല്പികവും ആയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള "ഇതിഹാസച്ചിത്രങ്ങൾ" എന്നിവയുടെ പേരിലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്.
പീറ്റർ പോൾ റൂബൻസ് | |
ജനനപ്പേര് | പീറ്റർ പോൾ റൂബൻസ് |
ജനനം | ജൂൺ 28, 1577 സീജൻ, വെസ്റ്റ്ഫാലിയ |
മരണം | മേയ് 30, 1640 ആന്റ്‌വെർപ്പ്, തെക്കൻ നെഥർലൻഡ്സ് | (പ്രായം 62)
രംഗം | ചിത്രകല |
പ്രസ്ഥാനം | ബറോക്ക് |
സ്വാധീനിച്ചവർ | മൈക്കെലാഞ്ജലോ, റ്റിഷൻ, ക്യരവാജിയോ, മുതിർന്ന പീറ്റർ ബ്രൂഗൽ |
ഇവരെ സ്വാധീനിച്ചു | Antoine Watteau, യൂജീൻ ഡെലാക്രോയിക്സ് |
ആന്റ്‌വെർപ്പിലെ റൂബൻസിന്റെ പണിശാലയിലെ സൃഷ്ടികൾ യൂറോപ്പിലെ ഉപരിവർഗ്ഗത്തിന്റേയും കലാകുതുകികളുടേയും അംഗീകാരം നേടി. അതിനുപുറമേ ക്ലാസ്സിക്കുകളിൽ പരിജ്ഞാനമുള്ള മാനവീയപണ്ഡിതൻ, കലാപ്രേമി, നയതന്ത്രജ്ഞൻ എന്നീ നിലകളിലും റൂബൻസ് പ്രസിദ്ധനായി. സ്പെയിനിലെ ഫിലിപ്പ് നാലാമൻ രാജാവും ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവും അദ്ദേഹത്തെ മാടമ്പിസ്ഥാനം നൽകി ബഹുമാനിച്ചു.
ജീവചരിത്രം
തിരുത്തുകആദ്യകാലം
തിരുത്തുകജർമ്മനിയിൽ വെസ്റ്റ്ഫാലിയയിലെ സീജൻ നഗരത്തിൽ ജാൻ റൂബൻസിന്റേയും മരിയ പിപ്പെലിങ്ക്സിന്റേയും മകനായാണ് അദ്ദേഹം ജനിച്ചത്. പ്രൊട്ടസ്റ്റന്റ് മതത്തിലെ കാൽവിനിസ്റ്റ് വിശ്വാസങ്ങൾ പിന്തുടർന്നിരുന്ന മാതാപിതാക്കൾ, പ്രൊട്ടസ്റ്റന്റ്കാർക്കെതിരെയുള്ള പീഡനം ഭയന്ന് 1568-ൽ സ്പെയിനിന്റെ നിയന്ത്രണത്തിലുള്ള നെഥർലാൻഡ്സിലെ ആന്റ്‌വെർപ്പിൽ നിന്ന് ജർമ്മനിയിലെ കോളോണിലേക്ക് രക്ഷപെട്ടവരായിരുന്നു. അവിടെ, "നിശ്ശബ്ദനായ വില്യം" എന്നറിയപ്പെടുന്ന ഓറഞ്ചിലെ വില്യം ഒന്നാമന്റെ രണ്ടാം ഭാര്യയായിരുന്ന സാക്സണിയിലെ അന്നയുടെ നിയമോപദേഷ്ടാവായിത്തീർന്ന ജാൻ റൂബൻസ് 1570-ൽ സീജനിലെ അവരുടെ കൊട്ടാരത്തിൽ താമസമാക്കി. അന്നയുമായുള്ള ജാനിന്റെ രഹസ്യബന്ധം കണ്ടുപിടിക്കപ്പെട്ടതോടെ അദ്ദേഹം തടവിലാക്കപ്പെട്ടു. 1577-ൽ പിതാവ് ജയിലിലായിരിക്കേയാണ് പീറ്റർ റൂബൻസ് ജനിച്ചത്. 1587-ൽ ജാൻ റൂബൻസ് മരിച്ചു. രണ്ടുവർഷം കഴിഞ്ഞ് റൂബൻസ് അമ്മയോടൊപ്പം ആന്റ്‌വെർപ്പിലേക്കു പോയി. അവിടെ അദ്ദേഹത്തെ വളർത്തിയത് കത്തോലിക്കാ വിശ്വാസത്തിലാണ്. റൂബൻസിന്റെ സൃഷ്ടികളിലെ ഒരു പ്രധാന പ്രമേയമായിരുന്നു മതം. ചിത്രകലയിലെ കത്തോലിക്കാ പ്രതിനവീകരണത്തിന്റെ മുഖ്യപ്രോക്താക്കളിലൊരാളായിരുന്നു റൂബൻസ്.[1]
ആന്റ്‌വെർപ്പിൽ മാനവികതയിലൂന്നിയ വിദ്യാഭ്യാസമാണ് അദ്ദേഹത്തിന് കിട്ടിയത്. അതിന്റെ ഭാഗമായി അദ്ദേഹം ലത്തീനും ക്ലാസ്സിക്കൽ സാഹിത്യവും പഠിച്ചു. പതിനാലാമത്തെ വയസ്സിൽ തോബിയാസ് വെർഹായെഗ്റ്റിന്റെ കീഴിൽ അദ്ദേഹം കലാപരീശീലനത്തിനു ചേർന്നു. തുടർന്ന് ആന്റ്‌വെർപ്പിലെ രണ്ട് ഒന്നാംകിട മാനറിസ്റ്റ് ചിത്രകാരന്മാരായ ആഡം വാൻ നൂർട്ട്, ഓട്ടോ വാൻ വീൻ എന്നിവരുടെ കീഴിലും അദ്ദേഹം പഠിച്ചു. [2] ആദ്യകാലങ്ങളിൽ പരിശീലനത്തിന്റെ പ്രധനഭാഗം പഴയ കലാസൃഷ്ടികൾ പകർത്തുന്നതായിരുന്നു. 1598-ൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ റൂബൻസ് സ്വതന്ത്രകലാകാരനായി വിശുദ്ധലൂക്കായുടെ ഗിൽഡ് എന്ന കലാസംഘത്തിൽ ചേർന്നു.[3]
ഇറ്റലിയിൽ(1600–1608)
തിരുത്തുക1600-ൽ റൂബൻസ് ഇറ്റലിയിലേക്കു പോയി. വഴിക്ക് വെനീസ് സന്ദർശിച്ച അദ്ദേഹം ടിഷാൻ, വെറോനീസ്, ടിന്റോറെറ്റോ എന്നിവരുടെ ചിത്രങ്ങൾ കണ്ടു. ഒടുവിൽ മാണ്ടുവായിൽ ഗോൺസാഗയിലെ ഒന്നാം വിൻസെൻസോ പ്രഭുവിന്റെ കൊട്ടാരത്തിൽ അദ്ദേഹം താമസമാക്കി. വെറോനീസിന്റേയും ടിന്റോറെറ്റോയുടെ സൃഷ്ടികളിലെ നിറവും ക്രമവും റൂബൻസിനെ ഏറെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ പക്വമായ സൃഷ്ടികളിൽ ടിഷാന്റെ സ്വാധീനവും ഏറെയുണ്ട്.[4] മാണ്ടുവാ പ്രഭുവിന്റെ ധനസഹായത്തോടെ 1601-ൽ റൂബൻസ് ഫ്ലോറൻസ് വഴി റോമിലേക്കു പോയി. അവിടെ അദ്ദേഹം ക്ലാസിക്കൽ ഗ്രെക്കോ-റോമൻ കലയിൽ അവഗാഹം നേടുകയും ഇറ്റാലിയൻ കലാകാരന്മാരുടെ രചനകൾ പകർത്തുകയും ചെയ്തു. "ലാവോക്കൂണും മക്കളും" എന്ന യവനശില്പവും മൈക്കെലാഞ്ജലോ, റഫേൽ, ലിയോനാർഡോ ഡാവിഞ്ചി തുടങ്ങിയവരുടെ സൃഷ്ടികളും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു.[5] സമകാലികനായ ക്യരവാജിയോയുടെ സ്വാഭാവികതയുള്ള ചിത്രങ്ങളും അദ്ദേഹത്തെ ആകർഷിച്ചിരുന്നു. ആ കലാകാരന്റെ "യേശുവിന്റെ ശവസംസ്കാരം" എന്ന ചിത്രം റൂബൻസ് പകർത്തി. ക്യരവാജിയോടെ "മറിയത്തിന്റെ മരണം" വാങ്ങാൻ അദ്ദേഹം തന്റെ രക്ഷാദാതാവായിരുന്ന മാണ്ടുവാ പ്രഭുവിനോട് ശുപാർശ ചെയ്തു.[6] ആന്റ്‌വെർപ്പിലെ ഡൊമിനിക്കൻ പള്ളിക്കുവേണ്ടി ക്യരവാജിയോയുടെ "ജപമാലമാതാവ്" എന്ന ചിത്രം വാങ്ങാൻ ഇടയാക്കിയതും റൂബൻസ് ആണ്. റോമിലെ ഈ താമസക്കാലത്ത് അദ്ദേഹം, അവിടത്തെ "യെരുശലേമിലെ വിശുദ്ധകുരിശിന്റെ" പള്ളിക്കുവേണ്ടി "യേശുവിന്റെ കുരിശിനൊപ്പമുള്ള വിശുദ്ധ ഹെലെനായുടെ" ശില്പം തീർത്തു. റൂബൻസിന്റെ ആദ്യത്തെ അൾത്താരശില്പമായിരുന്നു അത്.
1603-ൽ ഒരു നയതന്ത്രദൗത്യത്തിന്റെ ഭാഗമായി, മാണ്ടുവാ പ്രഭുവിൽ നിന്ന് ഫിലിപ്പ് മൂന്നാമൻ രാജാവിനുള്ള സമ്മാനങ്ങളുമായി റൂബൻസ് സ്പെയിൻ സന്ദർശിച്ചു. അവിടെ ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ ബൃഹദ്ശേഖരത്തിലുണ്ടായിരുന്ന റഫേലിന്റേയും ടിഷാന്റേയും ചിത്രങ്ങൾ അദ്ദേഹം കണ്ടു. [7] മാഡ്രിഡിലെ പാദ്രോയിൽ താമസിക്കുമ്പോൾ ലെർമായിലെ പ്രഭുവിന്റെ ഒരു അശ്വാരൂഢചിത്രവും അദ്ദേഹം വരച്ചു. റ്റിഷൻ വരച്ച ചാൾസ് അഞ്ചാമൻ രാജാവിന്റെ ചിത്രത്തിന്റേയും മറ്റും സ്വാധീനം ഈ രചനയിൽ കാണാം. കലയും നയതന്ത്രവും കൂടിക്കലർന്ന തന്റെ ജീവിതത്തിൽ അദ്ദേഹം നിർവഹിച്ച ഇമ്മാതിരി ദൗത്യങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്.
1604-ൽ ഇറ്റലിയിലേക്കു മടങ്ങിയ റൂബൻസ് മാണ്ടുവയിലും, ജെനോവയിലും, റോമിലുമായി അടുത്ത നാലുവർഷം കഴിച്ചു. ജെനോവയിൽ അദ്ദേഹം അനേകം ഛായാചിത്രങ്ങൾ തീർത്തു. അവയുടെ ശൈലി ആന്തണി വാൻ ഡൈക്, ജോഷ്വാ റെയ്നോൾഡ്സ്, തോമസ് ഗെയിൻസ്ബറോ തുടങ്ങിയ പിൽക്കാല ചിത്രകാരന്മാരെ സ്വാധീനിച്ചിട്ടുണ്ട്.[8] ജെനോയിലെ കൊട്ടാരങ്ങളുടെ ചിത്രങ്ങളടങ്ങിയ ഒരു പുസ്തകവും അദ്ദേഹം തുടങ്ങിവച്ചു. 1606 മുതൽ 1608 വരെ റൂബൻസ് മിക്കവാറും റോമിലായിരുന്നു. അക്കാലത്താണ് അന്നേവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പ്രധാനമായ, സാന്താമരിയ വല്ലിസെല്ല പള്ളിയുടെ അൾത്താരശില്പത്തിന്റെ നിർമ്മാണത്തിനുള്ള നിയുക്തി അദ്ദേഹത്തിനു കിട്ടിയത്.
ഉണ്ണിയേശുവിനെ പുണർന്നുനിൽക്കുന്ന കന്യാമറിയത്തെ മാലാഖാമാരും, വിശുദ്ധ ഗ്രിഗോരിയോസും, പ്രധാനപ്പെട്ട ചില പ്രാദേശിക വിശുദ്ധന്മാരും വണങ്ങുന്നതായി ചിത്രീകരിക്കാനായിരുന്നു നിയോഗം. ഒറ്റ ക്യാൻവാസിൽ വരച്ച ആദ്യചിത്രം മാറ്റി പിന്നീട് മൂന്നു സ്ലേറ്റ് ഫലകങ്ങളിൽ വല്ലിസെല്ലയിലെ വിശുദ്ധമറിയത്തിന്റെ 'അത്ഭുത'ചിത്രം അദ്ദേഹം തീർത്തു. പ്രധാന തിരുനാൾ ദിനങ്ങളിൽ മാത്രം ചിത്രം വിശ്വാസികൾക്ക് പ്രദർശിപ്പിക്കാൻ സാധിക്കുമാറ് ചിത്രത്തിന് ചെമ്പ് കൊണ്ട് ഒരു മൂടിയും നിർമ്മിച്ചു. ആ മൂടിയിലെ ചിത്രപ്പണികളും റൂബൻസ് തന്നെയാണ് നിർവഹിച്ചത്.[9]
ഇറ്റലി റൂബൻസിനെ കാര്യമായി സ്വാധീനിച്ചു. ഇറ്റാലിയൻ കലയുടെ സ്വാധീനത്തിനു പുറമേ അവിടത്തെ ഭാഷയുമായും അദ്ദേഹം പ്രണയത്തിലായിരുന്നു. അവശേഷിച്ചജീവിതകാലം, തന്റെ പ്രധാനപ്പെട്ട കത്തുകളും സന്ദേശങ്ങളും അദ്ദേഹം ഇറ്റാലിയൻ ഭാഷയിൽ എഴുതി. പിയെട്രോ പാവ്ലോ റൂബൻസ് എന്ന് അദ്ദേഹം ആ ഭാഷയിൽ ഒപ്പിടാൻ പോലും തുടങ്ങി. ഇറ്റലിയിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ഗൃഹാതുരതയോടെ പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആ ആഗ്രഹം സഫലമായില്ല.[10]
ആന്റ്‌വെർപ്പിൽ(1609–1621)
തിരുത്തുകഅമ്മ ഗുരുതരമായ രോഗാവസ്ഥയിലാണെന്നറിഞ്ഞ് 1608-ൽ റൂബൻസ് ആന്റ്‌വെർപ്പിലേക്കു മടങ്ങാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹം എത്തുന്നതിനുമുൻപ് അവരുടെ മരണം സംഭവിച്ചു. റൂബൻസ് തിരിച്ചെത്തിയതിനടുത്ത വർഷം നഗരത്തിന് ശാന്തിയുടേയും പുരോഗതിയുടേയും പന്ത്രണ്ടു വർഷങ്ങൾ നേടിക്കൊടുത്ത ആന്റ്‌വെർപ്പ് സമാധാനസന്ധി അംഗീകരിക്കപ്പെട്ടു. ആ വർഷം സെപ്തംബറിൽ നെഥർലാണ്ട്സിന്റെ ഭരണാധികാരികളായിരുന്ന ആസ്ട്രിയയിലെ ആർച്ച് ഡ്യൂക്ക് ആൽബർട്ടും സ്പെയിനിലെ ഇസബെല്ലായും റൂബൻസിലെ രാജകീയ ചിത്രകാരനായി നിയമിച്ചു. അതേസമയം ആന്റ്‌വെർപ്പിലുള്ള സ്വന്തം ചിത്രശാലയിൽ തന്നെ പ്രവർത്തിക്കാനും, മറ്റാവശ്യക്കാർക്കുവേണ്ടിക്കൂടി ജോലിചെയ്യാനുള്ള അനുമതിയും കിട്ടി. ഇസബെല്ലായുമായി അവരുടെ മരണം വരെ അദ്ദേഹം മമതയിൽ കഴിഞ്ഞു. ചിത്രകാരനെന്ന നിലക്കു പുറമേ രാജദൂതനും നയതന്ത്രജ്ഞനെന്ന നിലയിലും അദ്ദേഹത്തിന്റെ സേവനങ്ങൾ അവർ ഉപയോഗിച്ചു. 1609 ഒക്ടോബർ മൂന്നിന് ആന്റ്‌വെർപ്പിലെ പൗരനും മാനവികതാവാദിയുമായ ജാൻ ബ്രാന്റിന്റെ പുത്രി ഇസബെല്ലാ ബ്രാന്റിനെ റൂബൻസ് വിവാഹം കഴിച്ചതോടെ, ആ പട്ടണവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ദൃഢതരമായി.
1610-ൽ പുതിയതായി നിർമ്മിച്ച ഒരു വീട്ടിലേക്ക് റൂബൻസ് താമസം മാറ്റി. ഇപ്പോൾ 'റൂബൻഹൗസ്' മ്യൂസിയം സ്ഥിതിചെയ്യുന്ന ഇറ്റാലിയൻ മാതൃകയിലുള്ള ആ വസതി, ആന്റ്‌വെർപ്പിന്റെ കേന്ദ്രസ്ഥാനത്തായിരുന്നു. റൂബൻസും സഹചരന്മാരും ജോലിചെയ്തിരുന്ന പണിസ്ഥലവും, ആന്റ്‌വെർപ്പിൽ പേരുകേട്ടിരുന്ന അദ്ദേഹത്തിന്റെ കലാവസ്തുക്കളുടേയും ഗ്രന്ഥങ്ങളുടേയും ശേഖരവും എല്ലാം അവിടെയായിരുന്നു. ഒട്ടേറെ ശിഷ്യന്മാരും സഹായികളും പ്രവർത്തിച്ചിരുന്ന ഒരു പണിശാലയും അദ്ദേഹം ഈ സമയത്ത് നിർമ്മിച്ചു. ശിഷ്യന്മാരിൽ പ്രമുഖൻ ആന്തണി വാൻ ഡൈക് എന്ന ചെറുപ്പക്കാരനായിരുന്നു. താമസിയാതെ നെഥർലാൻഡിലെ ഒന്നാംകിട മുഖച്ചിത്രകാരന്മാരിലൊരാളായി മാറിയ വാൻ ഡൈക്, പലപ്പോഴും റൂബൻസുമായി സഹകരിച്ചു പ്രവർത്തിച്ചു. ചിത്രകലയിലെ വ്യത്യസ്ത മേഖലകളിൽ വൈദഗ്ദ്യം പ്രകടിപ്പിക്കുന്നവരായി ആന്റ്‌വെർപ്പിൽ അക്കാലത്തുണ്ടായിരുന്ന മറ്റുള്ളവരുമായും റൂബൻസ് സഹകരിച്ചു. മൃഗങ്ങളെ ചിത്രീകരിക്കുന്നതിൽ വൈദഗ്ദ്ധ്യം കാട്ടിയ സ്നിഡേഴ്സ്, പൂക്കൾ വരച്ചിരുന്ന ജാൻ ബ്രൂഗൽ എന്നിവർ അവരിൽ ചിലരായിരുന്നു. റൂബൻസിന്റെ "ബന്ധനസ്ഥനായ പ്രോമിത്തിയസ് എന്ന ചിത്രത്തിലെ കഴുകനെ വരച്ചത് സ്നിഡേഴ്സാണ്.
മടങ്ങിയെത്തിയ റൂബൻസിന് താമസിയാതെ നെഥാർലാൻഡ്സിലെ ഒന്നാംകിട ചിത്രകാരനായി അംഗീകാരം നേടിക്കൊടുക്കുന്നതിൽ അദ്ദേഹത്തിന്റെ "കുരിശിന്റെ ഉദ്ധാരണം"(1610), "കുരിശവരോഹണം"(1611-14) തുടങ്ങിയ അൾത്താരശില്പങ്ങൾ പ്രധാനപങ്കുവഹിച്ചു. ആന്റ്‌വെർപ്പിലെ മാതാവിന്റെ പള്ളിയ്ക്കുവേണ്ടി രചിക്കപ്പെട്ടവയായിണിവ. കുരിശിന്റെ ഉദ്ധാരണം ടിന്റോറെറ്റോയുടെ "ക്രൂശിക്കൽ" എന്ന ചിത്രത്തിന്റേയും, മൈക്കെലാഞ്ജലോയുടെ ചടുലമായ രൂപങ്ങളുടേയും റൂബൻസിന്റെ തന്നെ ശൈലിയുടേയും ഒത്തുചേരലായിരുന്നു. ബരോക്ക് മതാത്മകകലയുടെ ഏറ്റവും പ്രധാന മാതൃകയായി ഇത് കണക്കാക്കപ്പെടുന്നു.[11]
ഇക്കാലത്ത് പ്രിന്റുകൾ, പുസ്തകങ്ങളുടെ പുറംചട്ടകൾ എന്നിവയുടെ നിർമ്മാണവും യൂറോപ്പിലുടനീളം അദ്ദേഹത്തിന്റെ പ്രശസ്തി പരക്കാൻ കാരണമായി. അദ്ദേഹത്തിന്റെ സുഹൃത്ത് ബൽത്താസർ മോരിറ്റസിന്റെ പ്രസിദ്ധീകരണശാലക്കുവേണ്ടിയായിരുന്നു ഇവയിലേറെയും നിർമ്മിച്ചത്. ഏറെ മികവുകാട്ടിയ ഒന്നുരണ്ട് എച്ചിങ്ങുകൾ ഒഴിച്ചാൽ അദ്ദേഹം പ്രിന്റുകൾക്കുവേണ്ട ചിത്രങ്ങൾ വരക്കുക മാത്രമേ ചെയ്തുള്ളു. പ്രിന്റുകളുടെ നിർമ്മാണം അദ്ദേഹം ലൂക്കാസ് വോർസ്റ്റർമാനെപ്പോലുള്ള വിദഗ്ദ്ധന്മാർക്ക് വിട്ടുകൊടുത്തു.[12] പ്രത്യേകം പരിശീലനം സിദ്ധിച്ച എൻഗ്രേവർമാരെ തെരഞ്ഞെടുത്ത റൂബൻസ് താൻ ആഗ്രഹിച്ച ചലനാത്മകമായ ശൈലിക്ക് വേണ്ടിയ കൂടുതൽ പരിശീലനം അവർക്ക് നൽകി. തന്റെ പ്രിന്റുകൾക്ക് പകർപ്പവകാശവും റൂബൻസ് സ്ഥാപിച്ചെടുത്തു. അദ്ദേഹത്തിന്റെ രചനകളുടെ ഏറെ പകർപ്പുകൾ സൃഷ്ടിക്കപ്പെട്ടിരുന്ന ഹോളണ്ടിൽ ഇതിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഇംഗ്ലണ്ടിലും, ഫ്രാൻസിലും, സ്പെയിനിലും കൂടി അദ്ദേഹം തന്റെ സൃഷ്ടികളുടെ പകർപ്പവകാശം സ്ഥാപിച്ചെടുത്തു.[13]
മേരി മെഡിച്ചി പരമ്പരയും നയതന്ത്രദൗത്യങ്ങളും (1621–1630)
തിരുത്തുക1621-ൽ ഫ്രാൻസിലെ രാജമാതാവ് മെഡിച്ചിയിലെ മേരി തന്റേയും ഭർത്താവ് ഹെൻറി നാലാമന്റേയും ജീവിതത്തെ വിഷയമാക്കി രണ്ട് ചിത്രപരമ്പരകൾ, പാരിസിലെ ലക്സംബർഗ് കൊട്ടാരത്തിനുവേണ്ടി, തീർക്കാൻ നിയോഗിച്ചു. ഇപ്പോൾ പാരിലിസിലെ ലൂവർ മ്യൂസിയത്തിലുള്ള മെഡിച്ചി പരമ്പര 1625-ൽ പൂർത്തിയായെങ്കിലും രണ്ടാമത്തെ പരമ്പര പൂർത്തിയായതേയില്ല.[14] മകൻ ലൂയി പതിനാലാമൻ 1630-ൽ മേരിയെ ജർമ്മനിയിലേക്ക് നാടുകടത്തിയ മേരി റൂബൻസ് ബാല്യം കഴിച്ച കൊളോനിലെ വീട്ടിൽ 1642-ൽ മരിച്ചു.[15]
1621-ൽ ആന്റ്‌വെർപ്പ് ഉടമ്പടിയുടെ ഫലമായുണ്ടായ 'വ്യാഴവട്ടശാന്തി' അവസാനിച്ചപ്പോൾ സ്പെയിനിലെ ഭരണാധികാരികൾ റൂബൻസിനെ പല നയതന്ത്രദൗത്യങ്ങൾക്കും നിയോഗിച്ചു.[16] 1624-ൽ ബ്രസ്സൽസിലെ ഫ്രഞ്ച് സ്ഥാനപതി ഇങ്ങനെ എഴുതി: "പോളണ്ടിലെ രാജകുമാരൻ ബാലനായ വാസയുടെ രൂപം വരക്കാനായി റൂബൻസ് ക്ലാര യൂജീന രാജകുമാരിയുടെ അധിതിയായി ബ്രസ്സൽസിലെത്തിയിട്ടുണ്ട്."[17][18]1627-നും 1630-നും ഇടക്ക് റുബൻസിന്റെ നയതന്ത്രപ്രവർത്തനം തിരക്കുപിടിച്ചതായിരുന്നു. സ്പെയിനിന്റെ കീഴിലുള്ള ഡച്ച് പ്രവിശ്യകളും നെഥർലൻഡ്സുമായി സമാധാനം സ്ഥാപിക്കാനായി അദ്ദേഹം സ്പെയിനിനും ഇംഗ്ലണ്ടിനുമിടയിൽ തിരിക്കിട്ട് യാത്ര ചെയ്തു. ഉത്തരനെഥർലൻഡ്സിലേക്കും, കലാകാരൻ, നയതന്ത്രജ്ഞൻ എന്നീ നിലകളിൽ അദ്ദേഹം പലവട്ടം പോയി. ചിലപ്പോഴൊക്ക്, രാജപരിജനങ്ങൾ കൈത്തൊഴിൽ ചെയ്യുന്നവരായിരിക്കരുതെന്ന മനോഭാവം കൊട്ടാരങ്ങളിൽ റൂബൻസിന് പ്രശ്നമുണ്ടാക്കിയിങ്കിലു, പൊതുവേ, അദ്ദേഹത്തിന് മാന്യസ്വീകരണം ലഭിച്ചു. ഇക്കാലത്താണ് സ്പെയിനും ഇംഗ്ലണ്ടും റൂബൻസിനെ മാടമ്പിസ്ഥാനം നൽകി ബഹുമാനിച്ചത്. ഓക്സ്ഫോർഡ്, കേംബ്രിജ്, ഡബ്ലിൻ സർവകലാശാലകൾ അദ്ദേഹത്തെ കലാവിശാരദനായും ബഹുമാനിച്ചു.[19]
1628-29-ൽ എട്ടുമാസക്കാലം റൂബൻസ് മാഡ്രിഡിലായിരുന്നു. നയതന്ത്രദൗത്യങ്ങൾക്കു പുറമേ, ഫിലിപ്പ് നാലാമൻ രാജാവിനും മറ്റുള്ളവർക്കും വേണ്ടി റൂബൻസ് ഇക്കാലത്ത് അനേകം ചിത്രങ്ങൾ തീർത്തു. ഇക്കാലത്തുതന്നെ അദ്ദേഹം റ്റിഷന്റെ രചനകൾ ഒരിക്കൽ കൂടി പഠിക്കാനും തുടങ്ങി. അതിന്റെ ഭാഗമായി മാഡ്രിഡിലുണ്ടായിരുന്ന "മനുഷ്യന്റെ പതനം" ഉൾപ്പെടെ ആ കലാകാരന്റെ പലചിത്രങ്ങളും അദ്ദേഹം പകർത്തി.[20]സ്പെയിനിലെ ഈ താമസക്കാലത്ത് കൊട്ടാരം ചിത്രകാരനായ വെലാസ്കസുമായി റൂബൻസ് സൗഹൃദത്തിലായി. അവരൊരുമിച്ച് അടുത്ത വർഷം ഇറ്റലി സന്ദർശിക്കാൻ തീരുമാനിച്ചു. എന്നാൽ റൂബൻസ് പിന്നീട് ആന്റ്‌വെർപ്പിലേക്കു മടങ്ങിയതിനാൽ വെലാസ്കസ് ആ സന്ദർശനം ഒറ്റക്കാണ് നടത്തിയത്.[21]
എന്നാൽ റൂബൻസ് ആന്റ്‌വെർപ്പിൽ ഏറെക്കാലം തങ്ങിയില്ല. താമസിയാതെ അദ്ദേഹം ലണ്ടണിലേക്കുപോയി. അവിടെ അദ്ദെഹം 1630 ഏപ്രിൽ മാസം വരെ തങ്ങി. ഇക്കാലത്തെ ഒരു പ്രധാനരചനയാണ് ശാന്തിയുടേയും യുദ്ധത്തിന്റേയും അലിഗറി(1629) ലണ്ടണിലെ ദേശീയ ഗാലറിയിലാണ് ഇപ്പോൾ ഈ ചിത്രം.[22] റൂബൻസിന്റെ സമാധാനത്വര പ്രകടമാക്കിയ ഈ ചിത്രം, ചാൾസ് ഒന്നാമൻ രജാവിന് അദ്ദേഹം സമ്മാനിച്ചു.
രാഷ്ട്രാന്തരരംഗത്ത് കലാപ്രേമികൾക്കും ഉപരിവർഗത്തിനുമിടയിൽ റൂബൻസിന്റെ പ്രശസ്തി വർദ്ധിച്ചുകൊണ്ടിരുന്ന ഇക്കാലത്തുതന്നെ അദ്ദേഹവും ആന്റ്‌വെർപ്പിലെ അദ്ദേഹത്തിന്റെ ചിത്രശാലയും അവിടത്തെ ആവശ്യക്കാർക്കുവേണ്ടി ചിത്രങ്ങൾ വരക്കുന്നത് തുടർന്നു. 1625/26-ൽ ആന്റ്‌വെർപ്പിലെ ഭദ്രാസനപ്പള്ളിക്കുവേണ്ടി വരച്ച "മേരിയുടെ സ്വർഗ്ഗാരോഹണം" ഇത്തരം രചനകൾക്ക് ഒരു പ്രധാന ഉദാഹരണമാണ്.
അന്തിമദശകം (1630–1640)
തിരുത്തുകജീവിതത്തിലെ അവസാനദശകം റൂബൻസ് ചിലവഴിച്ചത് ആന്റ്‌വെർപ്പിലാണ്. വിദേശങ്ങളിലെ ആവശ്യക്കാർക്കുവേണ്ടി പ്രധാനപ്പെട്ട നിയുക്തികൾ ഏറ്റെടുക്കുന്നത് അദ്ദേഹം തുടർന്നു. എന്നാൽ കലയിലെ തന്റെ വ്യക്തിനിഷ്ഠമായ കൗതുകുങ്ങൾ പിന്തുടരാനും അദ്ദേഹം സമയം കണ്ടെത്തി.
1630-ൽ അദ്യഭാര്യ മരിച്ച് നാലുവർഷം കഴിഞ്ഞ്, 53 വയസ്സുള്ള റൂബൻസ് 16 വയസ്സുള്ള ഹെലെൻ ഫോർമെന്റിനെ വിവാഹം കഴിച്ചു. 1630-കളിൽ അദ്ദേഹം വരച്ച "വീനസിന്റെ സദ്യ" "മൂന്നു മുഗ്ധകൾ" "പാരീസിന്റെ വിധി" മുതലായ ചിത്രങ്ങളിലെ മാദകരൂപങ്ങളുടെ പ്രചോദനം ഹെലെൻ ആയിരുന്നു. സ്പെയിനിലെ രാജകുടുംബത്തിനുവേണ്ടി പിന്നീടുവരച്ച ചിത്രങ്ങളിലെ വീനസിനെ ഹെലൻ ആയി കാഴ്ചക്കാർ തിരിച്ചറിഞ്ഞു. രോമപ്പുതപ്പുചുറ്റിയ ഹെലൻ ഫോർമെന്റ് എന്ന ചിത്രത്തിൽ ഹെലനെ റൂബൻസ് ക്ലാസിക്കൽ ശില്പങ്ങളിലെ വീനസിന്റെ മാതൃകയിൽ വരച്ചു.
1635-ൽ റൂബൻസ് ആന്റ്‌വെർപ്പിനുവെളിയിൽ ഒരു വസതി വാങ്ങി അവിടെ ഏറെസമയം ചെലവഴിക്കാൻ തുടങ്ങി. അവിടെ അദ്ദേഹം വരച്ച "സ്റ്റീൻ മാളിക വേട്ടക്കിടയിൽ" മുതലായ ചിത്രങ്ങൾ അദ്ദേഹത്തിന്റെ പിൽക്കാലസൃഷ്ടികളുടെ വ്യക്തിനിഷ്ഠസ്വഭാവം എടുത്തുകാട്ടി.
1640 മേയ് മുപ്പതിന് റൂബൻസ് സന്ധിവാദം പിടിച്ചു മരിച്ചു. ആന്റ്‌വെർപ്പിലെ വിശുദ്ധ യാക്കോബിന്റെ പള്ളിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. ഇസബെല്ലായിൽ ജനിച്ച മൂന്നുമക്കളും ഹെലനിലുണ്ടായ അഞ്ചുപേരും അടക്കം അദ്ദേഹത്തിന് എട്ടു മക്കളുണ്ടായിരുന്നു. ഏറ്റവും ഇളയകുട്ടി ജനിച്ചത് റൂബൻസ് മരിച്ച് എട്ടുമാസം കഴിഞ്ഞാണ്.
റൂബൻസിന്റെ കല
തിരുത്തുകറൂബൻസ് അവശേഷിപ്പിച്ചുപോയ കലാസൃഷ്ടികൾ ഏറെയാണ്. അദ്ദേഹം മറ്റുള്ളവർക്കുവേണ്ടി ഏറ്റെടുത്തു ചെയ്ത സൃഷ്ടികൾ ഏറെയും മതപരമായ വിഷയങ്ങളിലൂന്നിയവയും, പുരാണകഥകളെ ആശ്രയിച്ചുള്ളവയടക്കമുള്ള "ഇതിഹാസ" രചനകളും നായാട്ടുരംഗങ്ങളും മറ്റുമായിരുന്നു. സുഹൃത്തുക്കളുടേയും തന്റെതന്നെയും ഛായാചിത്രങ്ങളും അവസാനകാലത്ത്, പ്രകൃതിദൃശ്യചിതങ്ങളും റൂബൻസ് വരച്ചു. പ്രിന്റുകളും ചിത്രത്തിരശീലകളും തന്റെ തന്നെ വസതിയും അദ്ദേഹം രൂപകല്പന ചെയ്തു.
അദ്ദേഹത്തിന്റെ ചിത്രങ്ങൾ ശക്തിതുളുമ്പുന്നവയാണ്. എന്നാൽ അവയിൽ വിശദാംശങ്ങൾ ഏറെയില്ല; എണ്ണയിൽ രൂപരേഖവരച്ച് രചനകൾക്ക് തയ്യാറാകുന്നത് റൂബൻസിന്റെ രീതിയായിരുന്നു. വളരെ വലിയ ചിത്രങ്ങൾക്കുപോലും താങ്ങുമാധ്യമമായി മരം കൊണ്ടുള്ള പാനൽ പതിവായി ഉപയോഗിച്ച അവസാനത്തെ പ്രധാനകലാകാരന്മാരിൽ ഒരാൾ അദ്ദേഹമായിരുന്നു. എന്നാൽ ചിത്രം ദൂരസ്ഥലത്തേക്ക് അയക്കാനുള്ളതായിരുന്നപ്പോൾ അദ്ദേഹം ക്യാൻവാസ് ഉപയോഗിച്ചു. അൾത്താരശില്പങ്ങളിൽ, പ്രതിഫലനത്തിന്റെ പ്രശ്നം കണക്കിലെടുത്ത് അദ്ദേഹം ചിലപ്പോൾ സ്ലേറ്റ്, മാദ്ധ്യമമായി ഉപയോഗിച്ചു.
മേനിക്കൊഴുപ്പുള്ള സ്ത്രീകളെ വരക്കുന്നതിൽ റൂബൻസ് കാട്ടിയ താത്പര്യത്തിൽ നിന്ന്, അത്തരം സ്ത്രീകളെ സൂചിപ്പിക്കുന്ന 'റൂബൻസിയന്', 'റൂബനെസ്ക്' എന്നീ പദങ്ങൾ തന്നെയുണ്ടായി. ഡച്ച് ഭാഷയിൽ 'റൂബൻസിയാൻസ്' എന്ന വാക്കും അത്തരം സ്ത്രീകളെ സൂചിപ്പിക്കുന്നു.
പണിശാല
തിരുത്തുകറൂബൻസിന്റെ പണിശാലയിൽ നിന്നിറങ്ങിയ ചിത്രങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിക്കാം: റൂബൻസ് തന്നെ വരച്ചവ, അദ്ദേഹം ഭാഗികമായി വരച്ചവ, അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മറ്റുള്ളവർ വരച്ചവ. അക്കാലത്തെ പതിവനുസരിച്ച്, ഒട്ടേറെ ശിഷ്യന്മാരും സഹായികളും ജോലിചെയ്തിരുന്ന ഒരു വലിയ പണിശാലയായിരുന്നു റൂബൻസിന്റേത്. ആന്തണി വാൻ ഡൈക്കിനെപ്പോലുള്ള ചില ശിഷ്യന്മാർ പിന്നീട് സ്വന്തം നിലയിൽ പ്രശസ്തരായി. ചിത്രങ്ങളുടെ ഭാഗമായ മൃഗരൂപങ്ങളും മറ്റും അവയിൽ വിദഗ്ദ്ധന്മാരായിരുന്ന ഫ്രാൻസ് സ്നിഡേഴ്സിനെപ്പോലുള്ളവരെക്കൊണ്ടു ചെയ്യിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു.
റൂബൻസിന്റെ ചിത്രങ്ങളുടെ വില
തിരുത്തുക2002 ജൂലൈ പത്തിന് സോത്തെബിയിൽ നടന്ന ഒരു ലേലത്തിൽ റൂബൻസിന്റെ പുതിയതായി കണ്ടുകിട്ടിയ "കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊല എന്ന ചിത്രം കനേഡിയൻ കലാപ്രേമിയും കോടീശ്വരനുമായ തോംസൺ പ്രഭു വാങ്ങിയത് 762 ലക്ഷം അമേരിക്കൻ ഡോളറിനു തുല്യമായ വിലക്കാണ്. ഒരു പഴയ കലാകാരന്റെ ചിത്രത്തിന് ഇപ്പോഴത്തെ റെക്കോർഡ് ആണത്.
2006-ൽ റൂബൻസിന്റെ "കാലിഡോണിയയിലെ പന്നിവേട്ട" എന്ന ചിത്രം വിറ്റെങ്കിലും ആ അതിനു കിട്ടിയ വില വെളിപ്പെടുത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടുകളിലൊക്കെ റൂബൻസിന്റെ ഒരു ശിഷ്യന്റെ രചനയായാണ് അത് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ അത് റൂബൻസിന്റെ തന്നെ രചനയാണെന്നാണ് ഇപ്പോഴത്തെ വിദഗ്ദ്ധമതം.[23]
റൂബൻസ് വരച്ച ചിത്രങ്ങൾ
തിരുത്തുക-
പുണ്യസ്ത്രീകൾ കല്ലറയിൽ
-
മെലിയാഞ്ജറും അറ്റ്ലാന്റയും കാലിഡോണിയൻ കരടിയുടെ വേട്ടയിൽ
-
ഗോലിയാത്തിനെ വധിക്കുന്ന ദാവീദ്
അവലംബം
തിരുത്തുക- ↑ Belkin (1998): 11–18.
- ↑ Held (1983): 14-35.
- ↑ Belkin (1998): 22–38.
- ↑ Belkin (1998): 42; 57.
- ↑ Belkin (1998): 52–57
- ↑ Belkin (1998): 59.
- ↑ Belkin (1998): 71–73
- ↑ Belkin (1998): 75.
- ↑ Jaffé (1977): 85–99; Belting (1994): 484–90, 554–56.
- ↑ Belkin (1998): 95.
- ↑ Martin (1977): 109.
- ↑ Pauw-De Veen (1977): 243-251.
- ↑ A Hyatt Mayor, Prints and People, Metropolitan Museum of Art/Princeton, 1971, no.427-32, ISBN 0-691-00326-2
- ↑ Belkin (1998): 175; 192; Held (1975): 218–233, esp. pp. 222–225.
- ↑ Belkin (1998): 173-175.
- ↑ Belkin (1998): 199–228.
- ↑ (in English) "Peter Paul Rubens". www.nndb.com. Retrieved 2008-08-27.
- ↑ (in English) "Polonica". www.codart.nl. Archived from the original on 2008-12-20. Retrieved 2008-08-27.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ Belkin (1998): 339–340
- ↑ Belkin (1998): 210–218.
- ↑ Belkin (1998): 217–218.
- ↑ [1].
- ↑ "Lost and found - the Rubens hunt scene that inspired them all - Times Online". Archived from the original on 2008-07-25. Retrieved 2009-08-19.
ഗ്രന്ഥസൂചി
തിരുത്തുക- Belkin, Kristin Lohse (1998). Rubens. Phaidon Press. ISBN 0-7148-3412-2.
- Edmund Jephcott (translator), Hans Belting (1994). Likeness and Presence: A History of the Image before the Era of Art. University of Chicago Press. ISBN 0226042154.
{{cite book}}
:|last=
has generic name (help) - Held, Julius S. (1975) "On the Date and Function of Some Allegorical Sketches by Rubens." In: Journal of the Warburg and Courtauld Institutes. Vol. 38: 218–233.
- Held, Julius S. (1983) "Thoughts on Rubens' Beginnings." In: Ringling Museum of Art Journal: 14–35. ISBN 0-916758-12-5.
- Jaffé, Michael (1977). Rubens and Italy. Cornell University Press. ISBN 0801410649.
- Martin, John Rupert (1977). Baroque. HarperCollins. ISBN 0064300773.
- Mayor, A. Hyatt (1971). Prints and People. Metropolitan Museum of Art/Princeton. ISBN 0691003262.
- Pauw-De Veen, Lydia de. "Rubens and the graphic arts." In: Connoisseur CXCV/786 (Aug 1977): 243–251.